Outside KeralaOVS - Latest News

കരുതലായി മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനം

വാശി/ബോംബെ: ലോകമൊക്കെയും കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമർന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഭദ്രാസന അംഗങ്ങൾക്ക് താങ്ങും തണലുമായി മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 എന്ന മഹാവ്യാധി വ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ബോംബെ, പുണെ എന്നീ പട്ടണങ്ങളും, ഗുജറാത്തിലെ ചില പ്രദേശങ്ങളും, ഇന്ത്യക്ക് വെളിയിൽ ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ബോംബെ ഭദ്രാസനം.

ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിക്ക് നമ്മളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ പകർന്നുനൽകണം എന്ന ആഹ്വാനത്തോടെ മാതൃകാപരമായ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ബോംബെ ഭദ്രാസന നേതൃത്വം. 2020 മെയ് 25 നു കൂടിയ ഭദ്രാസന കൗൺസിൽ യോഗത്തിൽ വച്ച് കൈക്കൊണ്ട തീരുമാനങ്ങൾ ഇടവക മെത്രാപോലിത്ത അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി No . 61 / 2020 കല്പനയിലൂടെ അറിയിച്ചിരിക്കുകയാണ്.

ബോംബെ ഭദ്രാസനത്തിൽപെട്ട ദേവാലയങ്ങളിൽ സാമ്പത്തികമായി ഏറെ പ്രതിസന്ധി അനുഭവിക്കുന്ന  300 കുടുംബങ്ങൾക്ക് ഭദ്രാസനത്തിൽ നിന്നും 5000 രൂപ ധനസഹായമായും , അതോടൊപ്പം ഇന്ത്യയ്ക്ക് വെളിയിലുള്ള ബോംബെഭദ്രാസന ദേവാലയങ്ങളായ ബഹ്‌റൈൻ, ഖത്തർ ഇടവകകളിൽ നിന്നും ഏറെ ക്ലേശം അനുഭവിക്കുന്നവരും, നാടുകളിലേക്ക് പോകുവാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 100 പേർക്ക് (50 പേർ വീതം ഓരോ ദേവാലയത്തിൽ നിന്നും) അവരുടെ വിമാനയാത്ര നിരക്കായി 16000 രൂപ വീതം നൽകുവാനും തീരുമാനം എടുത്തിട്ടുണ്ട്.

ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭദ്രാസന അംഗങ്ങൾക്ക് വലിയൊരു ആശ്വാസമാണ് ഭദ്രാസന നേതൃത്വത്തിന്റെ ഈ തീരുമാനം . അർഹരായവർക്ക് പണം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മേല്പറഞ്ഞ സഹായം ആവശ്യമായി വരുന്നവർ ഇടവക വികാരിയെ സമീപിക്കേണ്ടതും, വികാരിമാർ അർഹരായവരുടെ പേര് വിവരങ്ങൾ ഭദ്രാസന ഓഫീസിൽ അറിയിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

Kalpana No.61-2020

error: Thank you for visiting : www.ovsonline.in