കാരുണ്യത്തിൻ്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഓർത്തോഡോക്സി
ഒരു വ്യാഴവട്ടക്കാലം പിന്നിട്ട ഓർത്തഡോക്സ് വിശ്വാസ സംരകഷകൻ (OVS) തങ്ങളുടെ അച്ചടക്കമുള്ള സംഘടനാ ശൈലിയിലും, നിസ്വാർത്ഥ സഭ സ്നേഹത്തിലും, സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തോടുള്ള പ്രതിബദ്ധതയിലും, നിശബ്ദത സേവന പാരമ്പര്യത്തിലും നിന്ന് മലങ്കര സഭയിൽ ഉടനീളും നെയ്തെടുത്ത സ്വീകാര്യതയും, വിശ്വാസ്യതയ്ക്കും അപ്പുറം ദൃശ്യവും അദൃശ്യവുമായ ധാരാളം മായ്ക്കാനാകാത്ത നന്മയുള്ള കാൽപാടുകൾ മലങ്കരയിൽ പതിപ്പിച്ചിട്ടുണ്ട്. മലങ്കര സഭയുടെയും, അതിൻ്റെ കാതോലിക്കേറ്റിൻ്റെയും നന്മയ്ക്കായി സമർപ്പിത മനോഭാവത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി മലങ്കര സഭയ്ക്ക് പുറത്തു നിന്നുമുള്ള ശത്രുക്കളുടെ പകയും, ഉപജാപക സംഘങ്ങളുടെ ഇടനാഴികളിൽ നിന്നും സ്ഥിരമായി അകന്ന് നടക്കുന്നതിനാൽ സഭയിലെ ചില ഇരുണ്ട കോണുകളിൽ നിന്നുമുള്ള നീരസവും, അസൂയയും ഒരു പോലെ ഈ സ്വതന്ത്ര പ്രസ്ഥാനം ഇതിനകം സമ്പാദിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം നിഴൽയുദ്ധകളും, ചതിപ്രയോഗങ്ങളും ഒന്നും ഉറച്ച സംഘടന ശൈലിയിൽ, നിലപാടുകൾ കൃത്യമായി ചർച്ച ചെയ്ത, അംഗങ്ങൾ ഒന്നിച്ചു തീരുമാനമെടുത്തു ദൈവാശ്രയത്തിൽ പ്രവർത്തിക്കുന്ന OVS പ്രസ്ഥാനത്തിനെ ഒരു തരത്തിലും ബാധിക്കുന്നതല്ല. ന്യൂസ് വെബ്സൈറ്റ് – സോഷ്യൽ മീഡിയ, സഭയുടെ സത്യവിശ്വാസ പ്രചാരണം, സഭയുടെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇടപെടലുകൾ, സഭയ്‌ക്കുള്ളിലെ വിഷയങ്ങളിലെ സുദൃഡമായ അഭിപ്രായങ്ങൾ തുടങ്ങിയ സഭാ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ എല്ലാകാലത്തും സഭയിലെ നിരാലംബരായ വിശ്വാസികൾക്ക് കഴിയുംവിധം കരുണയുടെ സുവിവേഷം പകരാൻ ശ്രദ്ധിച്ചിരുന്നു. അത്തരത്തിലുള്ള ഏറ്റവും അടുത്തു നടന്ന് ആർദ്രമായ രണ്ടു അനുഭവങ്ങൾ വിശ്വാസികളുടെ അറിവിലേക്കായി പങ്ക് വെയ്ക്കുന്നു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട മുളക്കുളം കർമ്മേൽക്കുന്നു സെന്റ് ജോർജ് ഇടവകയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു കുടുംബത്തിലെ അവിവിവാഹിതനായ ഒരു യുവാവിൻ്റെ കിഡ്‌നി സംബന്ധമായ ചികിത്സയുടെ ആവശ്യം OVS അംഗങ്ങൾ വഴി കേട്ടറിഞ്ഞു പ്രസഥാനം ഒരു സഹായനിധി രൂപികരിച്ചു. സാമ്പത്തികമായും, തൊഴിൽപരമായും അംഗങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന കോവിഡ് – 19 രണ്ടാംഘട്ട ലോക്കഡൗൺ വാരാന്ത്യത്തിൽ എടുത്ത ഇത്തരമൊരു സാഹസ തീരുമാനം OVS അംഗങ്ങൾ നിറഞ്ഞ മനസ്സോടുകൂടി സ്വീകരിച്ചു. തന്മൂലം കേവലം ഒരാഴ്ചയ്ക്കുള്ളിൽ 78,000 രൂപ പിരിഞ്ഞു കിട്ടുകയും, അക്കൗണ്ടിൽ നിക്ഷേപ്പിച്ച തുകയുടെ രസീത് ഇടവക വികാരി റവ. ഫാ. റോബിനൊപ്പം പ്രിയ സഹോദരൻ്റെ കുടുംബത്തിൽ എത്തി നല്കുകയുമുണ്ടായി.
ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ കോവിഡ് വ്യാപനത്തിൻ്റെ കാലത്തിൽ കേരളത്തിലെ വിദ്യഭ്യാസ രീതി ഗതി മാറി സഞ്ചരിക്കുന്നത് മലയാളികളായ നാം ഓരോരുത്തരും അഭിമാനത്തോടെയും ലേശം കൗതുകത്തോടെയും നോക്കി തുടങ്ങിയ ദിവസം തന്നെ, കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ മൂലം തനിക്ക് ലഭിക്കേണ്ട ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുകയില്ല എന്ന ദുഃഖത്താൽ ഒരു കുഞ്ഞു പെങ്ങൾ ജീവനൊടിക്കിയതും നമ്മുടെ നെഞ്ചിൽ നെരിപ്പാടുളവാക്കി. അത്തരമൊരു ചിന്തയിൽ നിന്നും മലങ്കര സഭയിലെ ഒരു കുട്ടിക്കും സാമ്പത്തിക പരാധീനത മൂലം ഓൺലൈൻ വിദ്യാഭ്യാസം നഷ്ട്ടപെടരുത് എന്ന് ബോധ്യം ഞങ്ങൾക്കുണ്ടായി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മാവേലിക്കര ഭദ്രാസനത്തിലെ കരുവാറ്റ നോർത്ത് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ, സാങ്കേതിക സഹായം ഇല്ലാതെ പോയതിനാൽ പഠനം മുടങ്ങിയ ഒരു കുഞ്ഞിൻ്റെ വാർത്ത ഞങ്ങളിലേക്ക് എത്തുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ ആ ഭദ്രാസനത്തിലെ ഓ.വി.എസ് അംഗങ്ങളോട് പറയുമ്പോഴാണ് ജലഗതാഗത സംവിധാനം മാത്രമുള്ള കാരമുട്ട് എന്ന ദ്വീപ് പ്രദേശത്താണ് ഈ കൊച്ചു മിടുക്കൻ്റെ വീട് എന്നറിയുന്നത്. കരുവാറ്റ നോർത്ത് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംസാരിക്കുകയും അവിടെയുള്ള കേബിൾ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് വേണ്ട സാങ്കേതിക ക്രമീകരണങ്ങൾ ഉറപ്പാക്കുകയും ചെയ്തു. OVS അംഗങ്ങളുടെ സഹായത്തോടെ വാങ്ങിയ ടെലിവിഷൻ ജൂൺ 14-നു രാവിലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന് വേണ്ടി വികാരി ഫാ. ജസ്റ്റിൻ അനിയന് ഒപ്പം എല്ലാവരും ചേർന്ന് വീട്ടിൽ എത്തി ആ കുഞ്ഞിന് ഇൻസ്റ്റാൾ ചെയ്തു നൽകി. നാളെ അവൻ പഠിച്ചു വളർന്ന് മലങ്കര സഭയ്ക്കും, സമൂഹത്തിനും അഭിമാനമായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ ക്രമീകരണങ്ങൾക്കും സഹായമായി നിന്ന കരുവാറ്റ നോർത്ത് പള്ളിയിലെ യുവജനപ്രസ്ഥാനം അംഗങ്ങൾക്ക് നന്ദി.
ഇത് പോലെ അനേകർ നമ്മുക്ക് ചുറ്റും ഉണ്ട്. കാരുണ്യത്തിൻ്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഒരു കര സ്പർശം അർഹിക്കുന്നവർ. നമ്മുടെ സഹോദരങ്ങളിൽ വീണുപോയവർക്കായി കൂടെ ഒരു കൈ സഹായം നൽകാം, അവരെ ജീവിതത്തിലേക്ക് കരം പിടിച്ചു കയറ്റാം. അങ്ങനെ കാരുണ്യത്തിൻ്റെയും, മനുഷ്യ സ്നേഹത്തിൻ്റെയും ജീവസ്സുറ്റ ഓർത്തോഡോക്സിയെ സമൂഹത്തിനു കാട്ടി കൊടുക്കാം.