ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യം: പരിശുദ്ധ കാതോലിക്കാ ബാവാ
ലോകമൊട്ടാകെയുള്ള നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ലോക നഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു പരി. ബാവാ തിരുമേനി. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്വജീവനെ തൃണവല്‍ഗണിച്ചുകൊണ്ട് രോഗസൗഖ്യത്തിനും മനുഷ്യരാശിയുടെ നിലനില്‍പിനും രക്ഷയ്ക്കും വേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരുടെ, വിശേഷിച്ച് നേഴ്‌സുമാരുടെ ത്യാഗവും സഹനവും അമൂല്യമാണ്. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
കോവിഡ് 19 മഹാമാരി നീങ്ങിപ്പോകുന്നതിനായി ഓരോ വിശ്വാസിയും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും നിശ്ചിത പ്രാര്‍ത്ഥനാസമയങ്ങള്‍ അറിയിക്കുന്നതിനായി സഭയുടെ ദേവാലയങ്ങളില്‍ മണികള്‍ മുഴക്കുന്നത് അഭികാമ്യമായിരിക്കും എന്നും പരി. ബാവാ തിരുമേനി പറഞ്ഞു.