പാത്രിയര്‍ക്കീസ് വിഭാഗം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു – പരിശുദ്ധ കാതോലിക്കാ ബാവാ
ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ അനീതികള്‍ കണ്ട് സര്‍ക്കാരും ഉദ്യോഗസ്ഥന്മാരും നോക്കി നില്‍ക്കുന്നത് ദുഃഖകരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഈ നാട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ കോടതികള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. കോടതി വിധികള്‍ അനുസരിക്കാതെ അതിനെതിരെ സമരം ചെയ്യുന്നത് അരാജകത്വത്തിലേക്ക് വഴിതെളിക്കും.
പാത്രിയര്‍ക്കീസ് വിഭാഗത്തിന് അനുകൂലമായി കോടതി വിധികള്‍ ഉണ്ടായപ്പോള്‍ അവയെല്ലാം നിമിഷങ്ങള്‍ക്കകം അവര്‍ നടപ്പാക്കി. ഇപ്പോള്‍ വിധികള്‍ എതിരാകുമ്പോള്‍ കോടതികളെ കുറ്റം പറയുന്നത് തികഞ്ഞ അവസരവാദമാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന അനുസരച്ച് 1958 മുതല്‍ ഭരിക്കപ്പെട്ടു കൊണ്ടിരുന്ന പളളികള്‍ പാത്രിയര്‍ക്കീസ് വിഭാഗം കൈയേറി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അപ്രകാരമുളള അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ കോടതികള്‍ വിധിയെഴുതുന്നത്. 1970 മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനവധി കേസുകളില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും വിവിധ ജഡ്ജിമാര്‍ നയിക്കുന്ന ബെഞ്ചുകളില്‍ നിന്നാണ് വിധികള്‍ ഉണ്ടായിരിക്കുന്നത്. അവയെല്ലാം നീതിക്കെതിരാണെന്നു പറയുന്നവര്‍ നിയമവ്യവസ്ഥയെ തന്നെയാണ് നിഷേധിക്കുന്നത്.
പരിചയസമ്പന്നരായ ജഡ്ജിമാരെ നിയമം പഠിപ്പിക്കാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്. ആരുടെയും ആരാധന സ്വാതന്ത്ര്യം ഹനിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയോ കോടതികളോ ആവശ്യപ്പെട്ടിട്ടില്ല. കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ വരുന്ന നിയമാനുസൃത വികാരിയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് ഒരു വിഭാഗത്തെ പുറത്താക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുന്നത്. നിയമാനുസൃത വികാരിയെ തടയാതെ എല്ലാവര്‍ക്കും ഒരുമിച്ച് സമാധാനമായി ആരാധന നടത്താന്‍ സൗകര്യം ഉണ്ടാവണം. നിയമം നടപ്പാക്കാന്‍ ബാധ്യതയുളള അധികാരികളെ അതിന്റെ പേരില്‍ കുറ്റം പറയുകയും ഭീഷണി കത്ത് എഴുതുകയും ചെയ്യുന്നത് ജനാധിപത്യവ്യവസ്ഥയ്ക്കും സംസ്‌ക്കാരമുളള ജനസമൂഹത്തിനും ഭൂഷണമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.