OVS - ArticlesOVS - Latest News

ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?

ഒരു ഗ്രന്ഥം എഴുതേണ്ട വിഷയമാണിത്. ചുരുക്കം മാത്രം എഴുതുന്നു.

1. വൈദികന്‍ ആരാകുന്നു? ഒരു ക്രൈസ്തവ പുരോഹിതന്‍ സത്യക്രിസ്ത്യാനിയായിരിക്കണം. സത്യക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ അത് അസാദ്ധ്യമാണെന്നു തോന്നാതിരിക്കില്ല. ക്രിസ്തുവിനെ അനുകരിക്കുന്നവനാണ് ക്രിസ്ത്യാനി. ക്രിസ്തു ശിഷ്യന്‍മാര്‍ക്കാണ് ക്രിസ്ത്യാനി എന്ന പേര് ആദ്യമുണ്ടായത് (അ.പ്ര.11:26) ലോകം, ജഡം, സാത്താന്‍ എന്നീ ശക്തികള്‍ പുറകോട്ടും ഇടത്തോട്ടും വലത്തോട്ടും വലിക്കുമ്പോള്‍ ‘മുന്നോട്ടു പോകുക എന്ന ഏക ദൂതാണ് ചെങ്കടല്‍ തീരത്തില്‍ ജനങ്ങളോട് പറയുവാന്‍ ദൈവം മോശയ്ക്കു കൊടുത്തത്’ എന്ന് ഓര്‍ക്കുക. ഒരു ക്രിസ്ത്യാനി ദൈവമനുഷ്യനാണ്, വേദപുസ്തകം വായിക്ക മാത്രമല്ല, നന്നായി പഠിച്ചവനും ആയിരിക്കണം. ദൈവം ഏല്‍പ്പിക്കുന്ന ജനങ്ങളെക്കുറിച്ച് എപ്പോഴും ഇടയഭാരം ഉണ്ടായിരിക്കണം. അവരെ പേരുചൊല്ലി വിളിച്ച നല്ലിടയനും വലിയ ഇടയനും ശ്രേഷ്ഠ ഇടയനുമായ യേശുക്രിസ്തുവാണ് ആത്യന്തികമായ മാതൃക

2. വൈദികന്‍ എന്തായിരിക്കണം: ഓരോരുത്തനും, ദൈവത്തോട് ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യമാണിത്. നിന്റെ ആലോചനയാല്‍ എന്നെ നടത്തും’ എന്ന് സങ്കീ. 73:24 ല്‍ പറയുന്നത് പോലെ ദൈവമേ നിന്റെ ആലോചന എന്താണ് എന്ന് ദൈവത്തോട് ചോദിച്ച്, അതനുസരിച്ചാണ് ഓരോ ദിനവും ജീവിക്കേണ്ടത്. പ്രാര്‍ത്ഥനാജീവിതം എന്നത് കാനോനിക നമസ്‌കാരം തികയ്ക്കുന്നതു മാത്രമല്ല, Morning watch-ഉം Evening watch-ഉം ഉള്ളതാണ്. ഓരോ ദിവസവും ദൈവത്തോട് ചോദിക്കണം, ഇന്ന് ഞാന്‍ എന്താണ് ചെയ്യേണ്ടത്? രോഗികളെ സന്ദര്‍ശിക്കണോ? ദരിദ്രരെ സഹായിക്കണോ? ബൈബിള്‍ ക്ലാസ് നടത്തണോ? ഓരോ ദിവസവും അന്നന്നത്തെ പ്രവൃത്തികള്‍ ഡയറി എഴുതുന്നത് നല്ലതാണ്. മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി കുറേസമയം എന്നും മാറ്റിവയ്ക്കണം. സ്വന്തം വീട്ടുകാര്യം നോക്കുവാനുള്ള ചുമതല ലഘൂകരിച്ചു കാണരുത്. ഇങ്ങനെ അവരവര്‍ കണ്ടുപിടിക്കേണ്ട അനേക കാര്യങ്ങള്‍ ഉണ്ട്.  അതു കണ്ടുപിടിച്ചു ചെയ്യണം.

3. വൈദികന് മാതൃക ആര്? ഉത്തമ മാതൃക യേശുക്രിസ്തുവാണെന്നു മുന്‍പു പറഞ്ഞെങ്കിലും അത് വളരെ പ്രയാസമാകയാല്‍ പൗലോസ് ശ്ലീഹാ എഫേസോസിലെ കശീശന്മാരെ മെലീത്താ ദ്വീപിലേക്കു വരുത്തി അവരോടു പറഞ്ഞത് അ.പ്ര. 20:18-35 വരെ വായിച്ച് ആര്‍ക്കും പഠിക്കാവുന്നതാണ്. അതില്‍ ചിലത് കുറിക്കുന്നു.
”ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ മുഴുവനും അറിയിച്ചു.
ആട്ടിന്‍കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍.
ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ എന്റെ കൈകളാല്‍ അദ്ധ്വാനിച്ചു.
ആരുടെയും പൊന്നോ വെള്ളി യോ വസ്ത്രമോ മോഹിച്ചിട്ടില്ല… പ്രയത്‌നം ചെയ്ത് പ്രാപ്തിയില്ലാ ത്തവരെ സഹായിച്ചു. വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് ഭാഗ്യം എന്ന് കര്‍ത്താവായ യേശു പറഞ്ഞ വാക്ക് ഓര്‍ത്തുകൊള്ളണം…. എല്ലാംകൊണ്ട് ഞാന്‍ ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.”

ആധുനിക ഇടയന്മാരായ വൈദികര്‍ക്ക് അതത് സഭയില്‍ തന്നെ മാതൃക ആയ വൈദികര്‍ കാണുമായിരിക്കും. എന്റെ മുന്‍ഗാമി മാതൃകയായിരുന്നോ എന്നു പരിശോധിച്ച് അദ്ദേഹത്തിന്റെ നല്ല മാതൃക പിന്‍പറ്റണം. ഓരോ ദിവസവും പ്രവൃത്തി റിപ്പോര്‍ട്ട് മെത്രാപ്പോലീത്തയ്ക്ക് അയച്ചുകൊടുക്കണം. രണ്ട് ഡയറികളിലാണ് എഴുതേണ്ടത് ഒന്നു വ്യക്തിപരവും മറ്റേത് മെത്രാപ്പോലീത്തയെ കാണിക്കേണ്ടതും.

വേതനം കുറവാണെങ്കിലും അതു കൂട്ടുവാന്‍ അവരവര്‍ തന്നെ പറയാതെ മെത്രാപ്പോലീത്താ അറിഞ്ഞ് ശമ്പളം വര്‍ദ്ധിപ്പിക്കത്തവിധം വേണ്ട നടപടികള്‍ ചെയ്യുവാന്‍ indirect ആയി പ്രവര്‍ത്തിക്കണം. ഏറ്റവും പ്രധാനമായ റോള്‍ മോഡല്‍ ലളിത വസ്ത്രധാരണം, ലളിത ജീവിതശൈലി എന്നിവയായിരിക്കണം. ധനവാന്‍മാരെ കൂടുതല്‍ സ്‌നേഹിക്കാതെ ഏവരെയും സ്വന്ത മക്കളായി കണ്ട് ഭവനസന്ദര്‍ശനം കുറ്റമറ്റതായി നടത്തണം. മേല്‍പ്പട്ടക്കാരുടെ കല്‍പനകള്‍ വായിച്ച് അവ അനുസരിച്ച് ത്യാഗപൂര്‍വം വേണ്ടത് ചെയ്യുകയും വേണം. നല്ല ഇടയന്‍ വരുമ്പോള്‍, 2തിമോ. 4:7-ല്‍ കാണുമ്പോലെ ”ഞാന്‍ നല്ലപോര്‍ പൊരുതി ഓട്ടം തികച്ചു. വിശ്വാസം കാത്തു” എന്നു പറയുവാന്‍ ദൈവത്തിന്റെ ഹിതാനുസരണം ശ്രമിച്ചു പ്രവര്‍ത്തിച്ചുവെന്ന് ഒരു സംതൃപ്തി ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.

ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത

https://ovsonline.in/latest-news/new-testament-priesthood/

error: Thank you for visiting : www.ovsonline.in