പ്രാർത്ഥനയും പ്രവര്‍ത്തിയും ഒന്നിപ്പിച്ച പ്രവാചകന്‍
ആമുഖം:
മതവും, മനുഷ്യനും അവരവരില്‍ തന്നെ ചുരുങ്ങി അപരനെ വിസ്മരിക്കുന്ന സാമുഹിക ചുറ്റുപാടില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഞാന്‍ മാത്രം ശരി എന്‍റെ മാത്രം സുഖം എനിക്ക് മാത്രം നല്‍കുന്ന സന്തോഷങ്ങള്‍ എന്നി ചിന്തയില്‍ അഭിരമിക്കുന്ന ഈ കാലത്ത് അപരൻ്റെ കണ്ണുനീരിനും വേദനക്കും സന്തോഷത്തിനും അത്രമേല്‍ ഒന്നും വില ആരും കല്‍പ്പിക്കാറില്ല. ആത്മീയ തലത്തിലും ഈ ചിന്തകള്‍ക്ക് ഒട്ടും തന്നെ ഒരു കുറവ് ഇല്ലാ എന്ന് പറയുന്നതില്‍ ഒട്ടും പരിഭവം കാണിക്കണ്ട കാര്യം ഇല്ല. ക്രിസ്തുവിൻ്റെ മഹത്തായ രക്ഷയുടെ സുവിശേഷം പലപ്പോഴും വേണ്ട വിധം മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നുണ്ടോ എന്നുള്ളത് ചിന്തികേണ്ടുന്ന ഒരു കാര്യം ആണ്. എന്നാല്‍ ഓരോ കാലത്തും ഈ അവസ്ഥക്കു എതിരെ സഭയിലും സമുഹത്തിലും അപര ശബ്ദമായി പല മഹാന്മാരും എഴുന്നേൽക്കുന്നതായി കാണാൻ സാധിക്കും. അത്തരത്തില്‍ ഭാരത ക്രൈസ്‌തവ സഭയില്‍ വേറിട്ട ശബ്ദമായി ദൈവം നടത്തിയ മഹിതാചാര്യനാണു മോര്‍ ഒസ്താത്തിയോസ്. പുരാതനമായ മലങ്കര സഭയുടെ ഒരു മെത്രപൊലീത്ത എന്നാ നിലയില്‍ സാമ്പത്തികവും സ്വാധിനവും നല്‍കുന്ന ലോകത്ത് സുഖിമാനായി ജീവിക്കാന്‍ സാധിക്കമായിരുന്നിട്ടും ക്രിസ്തു നല്‍കുന്ന സ്നേഹം എല്ലാവരിലും എത്തപെടണം എന്നും, ദരിദ്രൻ്റെ ലോകത്ത് ധനവാനായിരിക്കുന്നത് പാപം എന്നും, ചിന്തിച്ചു ആ ബോധ്യത്തില്‍ ജീവിതം മുഴവന്‍ പാവപ്പെട്ടവൻ്റെ കൂടെ ചേര്‍ന്ന് ജീവിച്ച ഒരു വ്യക്തിത്വം ആയിരുന്നു മലങ്കര സഭയുടെ രത്നം ആയി പ്രശോഭിച്ച മോര്‍ ഒസ്താത്തിയോസ് തിരുമേനി. പാവപ്പെട്ടവനോടുള്ള കരുതല്‍ മാത്രമായിരുന്നില്ല ഒപ്പം ദൈവ സ്നേഹത്തില്‍ ആണ് എല്ലാവരുടെയും “രക്ഷയും വീണ്ടെടുപ്പും” എന്ന് ഒരു ദൈവ ശാസ്ത്രഞ്ജന്‍ എന്ന നിലയില്‍ അഭി. തിരുമേനിയുടെ മുഖ്യ ചിന്തയും ആയിരുന്നു.
പാവപ്പെട്ടവന് വേണ്ടി എന്നും കലഹിച്ച സാമുഹിക നീതിയുടെ പ്രവാചകന്‍
ജീവിക്കുന്നത് എന്തിനു വേണ്ടിയാണു എന്ന് ഒരു മനുഷ്യന്‍ തിരിച്ചറിയുന്നിടത്താണ് ശരിക്കും ജീവിതം ആരംഭിച്ചു തുടങ്ങുന്നത് ജീവിതത്തിൻ്റെ അര്‍ത്ഥവും പൊരുളും തിരിച്ചറിയുക, അതിനനുസരിച്ചു ജീവിതം പരുവപ്പെടുത്തുക ഏറ്റെടുത്ത ഉത്തരവാദിത്തത്തിന് വേണ്ടി നിരന്തരം പോരാടുക, എന്നിവയൊക്കെയാണ് ഏതൊരു കര്‍മ യോഗിയേയും സാധാ മനുഷ്യനില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. തിരുമേനിയെ സംബന്ധിച്ചു പുരോഹിത ശ്രുശ്രുഷ ആചാര അനുഷ്ടാനങ്ങൾ മാത്രം നടത്തി നിര്‍വൃതി കൊണ്ട്, സമുഹത്തിൻ്റെ പ്രശനങ്ങൾ, സമ സൃഷ്ട്ടിയോടുള്ള ഉത്തരവാദിത്തം എന്നിവ പ്രാര്‍ത്ഥനയില്‍ മാത്രം ഒതുക്കി പരലോകത്ത് കിട്ടുന്ന ആനന്ദത്തിനു വേണ്ടി ജീവിക്കുക എന്നതായിരുന്നില്ല മറിച്ചു സമുഹത്തിൻ്റെ വേദന, പട്ടിണി, അസമത്വം, സര്‍വ സൃഷ്ട്ടിയുടെയും രക്ഷ ഇവയൊക്കെ തന്നെ നിരന്തരം അലട്ടിയിരുന്ന പ്രശനങ്ങൾ ആയിരുന്നു. പാവപെട്ടവനോടുള്ള കരുതല്‍, “ധനവനെ നീ ലാസറിനെ മറക്കരുത്” എന്നുള്ള താക്കിത്, ഒരു മഹാ പുരോഹിതൻ്റെ പ്രവാചക ശബ്ദം ആയിരുന്നു. പാവപ്പെട്ടവൻ്റെ ഈ ലോകത്ത് ധനം കൂട്ടിവെക്കുന്നത് പാപം എന്ന് പറയാന്‍ സാധിക്കുക അത്ര ചെറിയ ഒരു കാര്യം ആയിരുന്നില്ല. നിലവിലെ സാഹചര്യങ്ങളിൽ ഈ കാര്യത്തിന് വേണ്ടി നിരന്തരം കലഹിക്കുവാന്‍ അദേഹത്തിന് സാധിച്ചിരുന്നു. ഒപ്പം അത് ജീവിതത്തില്‍ പകര്‍ത്തുവാനും, എവിടെ ഒക്കെ ആളുകള്‍ പ്രയാസം നേരിട്ടിരുന്നു അവിടെ ഒക്കെ ഇടപെടുവാനും, സർവ്വ ലോകത്തിൻ്റെയും രക്ഷ ആയ ക്രിസ്തുവിൻ്റെ സ്നേഹത്തെ തന്‍റെ പ്രവര്‍ത്തിയിലൂടെ സമുഹത്തിനും സഭക്കും നല്‍കുവാന്‍ അദേഹത്തിന് സാധിച്ചിരുന്നു. ഈ പ്രസ്ഥാനങ്ങൾ സഭക്ക് വരുമാനം ഉണ്ടാക്കി എന്നും നിലനിൽക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നോ എന്നതു സംശയം ആണ്. മറിച്ചു കഷ്ടം അനുഭവിക്കുന്നവന് ജാതിയോ മതമോ നോക്കാതെ അത്താണി ആകാന്‍ കഴിയുക എന്നത് മാത്രം ആയിരുന്നു അദേഹത്തിൻ്റെ ചിന്തയും ബോധ്യവും. അദേഹത്തിൻ്റെ കാല ശേഷം അദേഹത്തിൻ്റെ മിഷന്‍ നിലനിര്‍ത്തി കൊണ്ട് പോകാന്‍ സാധിച്ചില്ല എങ്കില്‍ മോര്‍ ഒസ്താത്തിയോസ് എന്ന മഹാ പുരോഹിതനെ നാം മറക്കുന്നു എന്ന് വേണം കരുതുവാന്‍. അദേഹം കാണിച്ചു തന്ന ആ വഴിയില്‍ നടന്നു കൊണ്ട് പാവപെട്ടവന് വേണ്ടി നിരന്തരം കലഹിക്കുവാനും അവനെ സഹായിക്കുവാനും സാധിക്കുമ്പോള്‍ മാത്രമാണ് മോർ ഒസ്താത്തിയോസിൻ്റെ ഓർമ്മ ഏറ്റവും ശ്രേഷ്ഠ ആയി തീരുന്നത്.
സര്‍വ്വരുടെയും രക്ഷ ആഗ്രഹിച്ച ദൈവ ശാസ്ത്രഞ്ജന്‍
എല്ലാം മതങ്ങളുടെയും ഏറ്റവും വലിയ ദാർശനികൻ, ഒന്നാണ് രക്ഷ എന്നുള്ള കാഴ്ചപ്പാട് പ്രത്യേകിച്ചു ക്രിസ്തിയ സഭകളില്‍ ദൈവ ശാസ്ത്ര പ്രകാരം ഓരോ കാലത്തും ഓരോ ദൈവ ശാസ്ത്ര ചിന്തകള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നും, അത് പലപ്പോഴും സഭ കേന്ദ്രികൃതമോ ആചാര കർമ്മങ്ങളുടെ അടിസ്ഥാനത്തിലോ ആയിരുന്നു എന്ന് വേണം പറയാന്‍. എന്നാല്‍ മോര്‍ ഒസ്താത്തിയോസിനെ സംബന്ധിച്ചു സ്നേഹം എല്ലാവരുടെയും രക്ഷക്ക് കാരണം എന്ന് പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തു. നിത്യത ദൈവത്തിനു മാത്രമേ ഉള്ളു എന്നും ആയതിനാല്‍ നിത്യ നരകം എന്ന ഒന്നില്ല എന്നും എല്ലാവരെയും രക്ഷിക്കുന്ന ദൈവ സ്നേഹം ദുഷ്ട്ടനിലും നീതിമാനിലും മഴയും മഞ്ഞും ഒരുപോലെ പൊഴിക്കുന്നു. ആയതിനാല്‍ എല്ലാവരും രക്ഷയിലേക്കു നയിക്കപെടും എന്ന് ഉറച്ച ബോധ്യം അദേഹത്തിന് ഉണ്ടായിരുന്നു ആ രക്ഷയില്‍ വിശ്വാസികള്‍ മാത്രമായിരുന്നില്ല മറിച്ചു ദൈവ നിഷേധികള്‍ക്ക് പോലും ഇടം ഉണ്ടായിരുന്നു എന്നുള്ളതാണ് പ്രത്യേകത. സമ സൃഷ്ട്ടിയെ പറ്റി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവൻ്റെ രക്ഷയും നന്മയും ഒക്കെ കാണുവാന്‍ സാധിക്കു, അതുകൊണ്ട് ത്രിത്വ സ്നേഹത്തെ പങ്കുവെക്കുവാനും പകര്‍ന്നു കൊടുക്കുവാനും തിരുമേനിക്ക് സാധിച്ചു. ഒപ്പം സ്നേഹാതിഷ്ഠിതമായ ഒരു സമുഹത്തെ അദേഹം സ്വപ്‍നം കണ്ടു. അവസാന ന്യായ വിധിയില്‍ വേര്‍തിരിക്കപെടുന്നത് സ്നേഹിച്ചവരും സ്നേഹിക്കാത്തവരും എന്ന രീതിയില്‍ ആയിരിക്കും എന്നാ അദേഹത്തിൻ്റെ ചിന്ത സ്നേഹത്തിനും കരുതലിനും എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്ന് നമ്മൾക്ക് ചിന്തിക്കുവാന്‍ സാധിക്കും. മോര്‍ ഒസ്താത്തിയോസ് എന്ന ദൈവ ശാസ്ത്രഞ്ജന്‍ ഇനിയും ഏറെ പഠിക്കുവാനും അറിയുവാനും ഉള്ള ഒരു പാഠപുസ്തകം ആണ്. ലോകത്തിൻ്റെ വിവിധ ഇടങ്ങളില്‍ അദേഹത്തെ പറ്റി പലരും പഠിക്കുകയും അറിയുകയും അദേഹത്തിൻ്റെ ദൈവശാസ്ത്രത്തെ വളരെ പ്രാധാന്യത്തോടെ കാണുകയും ചെയുന്നു എന്നുള്ളത് മലങ്കര സഭയിലെ ഒരു അംഗം എന്നാ നിലയില്‍ നമ്മുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.
സംഗ്രഹം
മലങ്കര സഭക്ക് ദൈവം തന്ന വിലമതിക്കാന്‍ ആകാത്ത രത്നം ആണ് മോര്‍ ഒസ്താത്തിയോസ്. ആ പിതാവിൻ്റെ സ്മരണ നില നില്‍ക്കേണ്ടത് അദേഹം തുടങ്ങി വെച്ച കാര്യങ്ങള്‍ അതെ അര്‍ത്ഥ തലത്തില്‍ ഭംഗി ആയി മുന്‍പോട്ടു കൊണ്ട് പോകുമ്പോള്‍ മാത്രമാണ്. ഒരു പെരുന്നാളിൽ ഏതാനും ദിവസങ്ങള്‍ മാത്രം ഓര്‍ക്കപെടാന്‍ ഉള്ള ഒരു ചിന്ത ആയി കാണാതെ, ഓരോ ദിവസവും നമ്മുടെ ആത്മിക അപജയത്തിനു നേരെ വിരല്‍ ചൂണ്ടുന്ന പ്രവാചകനും, മനുഷ്യന്‍ കഷ്ടത അനുഭവികുമ്പോൾ ഒസ്താത്തിയോസ് തിരുമേനി ഉണ്ടായിരുന്നു എങ്കില്‍ എന്ത് ചെയുമായിരുന്നു എന്നുള്ള ചിന്ത ഉള്ളിൽ മുഴങ്ങുകയും ആ ചോദ്യത്തിൻ്റെ മറുപടി പ്രവര്‍ത്തിപദത്തില്‍ എത്തിക്കുകയും ചെയുമ്പോള്‍ ആണ് എന്നും മോര്‍ ഒസ്താത്തിയോസ് സ്മരണ നിലനില്‍ക്കുന്നത്. ഒപ്പം അദേഹം പറഞ്ഞു വെച്ച, കുറിച്ചിട്ട ദൈവ ശാസ്ത്രം വളരെ പരിഗണന പൂര്‍വ്വം നാം പഠിക്കുകയും പഠിപ്പിക്കുകയും വേണം. അത് നമ്മുടെ കടമയാണ് ഉത്തരവാദിത്തം ആണ് എന്ന് നാം കരുതണം. പാവപെട്ടവൻ്റെ പക്ഷം ചേർന്നു എല്ലാവരുടെയും രക്ഷ ആഗ്രഹിച്ച മോര്‍ ഒസ്ത്താത്തിയോസിൻ്റെ ഓർമയും മധ്യസ്ഥതയും നമ്മുക്ക് എന്നും കാവലായി തീരട്ടെ എന്ന് പ്രാർത്ഥിക്കാം..
ബ്രദര്‍: ജിജോ നിരണം
https://ovsonline.in/latest-news/his-grace-dr-geevarghese-mar-osthathios/