നിരന്തരം സാവകാശം നൽകാനാവില്ല ; ഗവ.ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഹൈക്കോടതി
കൊച്ചി :ഓര്‍ത്തോഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും പള്ളികള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ന്യായമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഇനി നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കില്ലെന്നും കോടതി പറഞ്ഞു. കോടതി നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങും എന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം-പാലക്കാട് ജില്ലകളിലെ ആറു പള്ളികള്‍ ഏറ്റെടുക്കണം എന്നായിരുന്നു സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെട്ടാണ് ഹൈക്കോടതി വിമര്‍ശനം. ഈ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടി തുടങ്ങും എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ജില്ലാ കളക്ടര്‍മാര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി വി.വേണു ഹാജരായില്ല. അദ്ദേഹം കേസില്‍ എതിര്‍ കക്ഷിയാണ്. കൃത്യമായ കാരണം പറഞ്ഞാല്‍ മാത്രമേ വേണുവിനു ഹാജരാകുന്നതില്‍ നിന്നും ഇളവ് അനുവദിക്കാന്‍ കഴിയൂ എന്നാണ് കോടതി വ്യക്തമാക്കിയത്.ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്കകേസില്‍ സുപ്രീംകോടതി വിധി ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്.
സുപ്രീം കോടതി ജസ്റ്റിസ് കേസ് അവോയ്ഡ് ചെയ്തു
ഓർത്തഡോക്‌സ് സഭ – യാക്കോബായ വിഭാഗവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്‌ജിയും മലയാളിയുമായ കെ.വി.വിശ്വനാഥൻ പിന്മാറി. അഭിഭാഷകനായിരുന്ന കാലയളവിൽ സഭാക്കേസുകളിൽ ഹാജരായ സാഹചര്യത്തിലാണ് ബഹു.ജസ്റ്റിസ് കേസ് അവോയ്ഡ് ചെയ്തത് . ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജി ലിസ്റ്റ് ചെയ്‌തിരുന്നത്. ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുന്നതായി ജസ്റ്റിസ് വിശ്വനാഥൻ അറിയിച്ചത്. ഹർജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും.
തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ അതാത് ജില്ലാ കളക്‌ടർമാർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥരും, യാക്കോബായ വിഭാഗവും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.