ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം: അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത
മലങ്കര സഭയില്‍ സമാധാനം ആഗ്രഹിക്കുന്നു എന്നുളള അന്ത്യോക്യാ പാത്രിയര്‍ക്കീസിൻ്റെ പ്രസ്താവനയില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഏക സഭയായി ക്രൈസ്തവ സാക്ഷ്യം നിര്‍വ്വഹിക്കുവാനാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. എന്നാല്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഏകപക്ഷീയമായി ഇടപെടുകയും സമാധാന ലംഘനം ഉണ്ടാക്കുകയും ചെയ്യുന്നത് ആരെന്ന് അദ്ദേഹം ആത്മവിമര്‍ശനപരമായി ചിന്തിക്കും എന്ന് വിശ്വസിക്കുന്നു.
ഓര്‍ത്തഡോക്സ് സഭ പളളികളില്‍ നിന്ന് ആരെയും ഇറക്കിവിടുന്നില്ല. ഒരുമിച്ച് നിന്ന് ആരാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആഗ്രഹിക്കുക മാത്രമാണ് ചെയ്തിട്ടുളളത്. ഒരു വശത്ത് വിശ്വാസം വിഭിന്നമാണെന്നും ഓര്‍ത്തഡോക്സ് സഭ മുടക്കപ്പെട്ടവരാണെന്നും പറയുകയും മറുവശത്ത് ഒരുമിച്ച് സമാധാനത്തോടെ പോകേണ്ടവരാണെന്ന് പറയുകയും ചെയ്യുന്നത് വിരോധാഭാസമാണ്. അക്രമത്തിന്റെ പാത ഇതുവരെ ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ല. പല സ്ഥലങ്ങളിലും രാവുംപകലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് യാക്കോബായ വിഭാഗത്തിലെ ആളുകള്‍ തന്നെയാണ്. അവരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചാല്‍ മലങ്കര സഭയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകാതെ സമാധാനത്തോടെ പുരോഗമിക്കാന്‍ സാധിക്കും.
സഭയുടെ സമാധാനത്തിനു വേണ്ടി സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച വിധിയുടെ അന്തഃസത്ത അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പ്രസക്തിയുളളു. സുപ്രീം കോടതി തീര്‍പ്പാക്കിയ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായത്തോട്് ഓര്‍ത്തഡോക്സ് സഭക്ക് യോജിപ്പില്ല. 1958 -ല്‍ സഭയില്‍ സമാധാനം ഉണ്ടായ ശേഷം 1970 വരെ പൂര്‍ണ്ണ സമാധാനത്തില്‍ ഒറ്റ സഭയായി മലങ്കര സഭ നിലനിന്നു. 1970-ല്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ ‘മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് പട്ടത്വമില്ല‘ എന്നു പറയുന്ന 203-ാം നമ്പര്‍ കല്‍പ്പന അയയ്ക്കുകയും തുടര്‍ന്ന് ഏകപക്ഷീയമായി ഇവിടുത്തെ ഭരണത്തില്‍ ഇടപെട്ട് ഒരു സമാന്തര ഭരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്തപ്പോഴാണ് മലങ്കര സഭയില്‍ സമാധാനം ഇല്ലാതായത്. അന്ന് മുതല്‍ ആരംഭിച്ച തര്‍ക്കങ്ങള്‍ ഉഭയ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ നിവൃത്തി ഇല്ലാതെ വന്ന സാഹചര്യത്തിലാണ് ഇരു വിഭാഗവും കോടതിയെ സമീപിച്ചത്. കോടതി എല്ലാ വാദങ്ങളും കേട്ട് ഒന്നിലധികം പ്രാവശ്യം വിധി പ്രസ്താവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2017 ജൂലൈ 3-ാം തീയതി ഉണ്ടായ വിധിയില്‍ സമാധാന ലംഘനം ഉണ്ടായത് എവിടെയാെണന്നും ഇനി സമാധാനത്തിന് എന്ത് ചെയ്യണമെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ വിധിയെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത നിലപാടുളളവരോട് വീണ്ടും ചര്‍ച്ച നടത്തുന്നതു കൊണ്ട് പ്രയോജനമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ കരുതുന്നില്ല. പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം അവ ഒന്നിച്ച് ചര്‍ച്ച ചെയ്ത് തീര്‍ക്കാമെന്ന് പറയുന്നത് ഖേദകരമാണ്. തൻ്റെ ഏകപക്ഷീയമായ ഇടപെടലുകള്‍ മൂലം സഭയില്‍ സമാധാന ലംഘനം ഉണ്ടാക്കിയത് അന്നത്തെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് തന്നെയാണ്. 1970 ന് മുമ്പുളള അവസ്ഥയിലേക്ക് പോകാന്‍ സുപ്രീം കോടതി തന്നെ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും പാത്രിയര്‍ക്കീസ് വിഭാഗം അനുസരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
https://ovsonline.in/articles/church-feud-burials-delayed/