OVS - ArticlesOVS - Latest News

പുത്തൻകുരിശ് പള്ളി:- കേസിൻ്റെ നാൾ വഴികൾ

പരി. സഭയിൽ കക്ഷി വഴക്കുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ ദേവാലയത്തിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തന്നെ മാമോദീസ മുക്കുകയും ബല്യകാലം ചിലവഴിക്കുകയും ചെയ്ത പുത്തൻകുരിശ് പള്ളിയിലേക്ക് ഔഗേൻ മാർ തീമോത്തിയോസ് തിരുമേനി എഴുന്നള്ളി വന്നപ്പോൾ ദേവാലയത്തിലേക്ക് കയറ്റാതെ ഇരിക്കുകയും പള്ളിമേടയുടെ പുറത്തു പായ വിരിച്ചു വിശ്രമിക്കേണ്ടി വന്നതും കണ്ണു നീരോടെ ഇടവക ജനങ്ങൾ നോക്കി കണ്ടു. ഈ ദേവാലയത്തെ സംബന്ധിച്ചു ആദ്യം കേസ് നൽകിയത് യാക്കോബായ വിഭാഗം ആയിരുന്നു. അത് 1943-ൽ പറവൂർ കോടതിയിൽ ആയിരുന്നു (OS 39/1118).

തുടർന്നു ആ കേസിൽ ഔഗേൻ മാർ തീമോത്തിയോസ് തിരുമേനി ഹൈകോടതിയെ സമീപിക്കുകയും (കേസ് നമ്പർ AS 251/1952) പ്രസ്തുത കേസിൽ ഈ ദേവാലയം ഓർത്തഡോക്സ്‌ സഭക്ക് മാത്രം അവകാശപെട്ടത് ആണെന്നും 1934-ലെ ഭരണഘടന പ്രകാരം മാത്രം ഭരിക്കപ്പെടേണ്ടതാണെന്നും 21/11/ 1958-ൽ ബഹു കേരള ഹൈക്കോടതി വിധി കല്പിക്കുകയും ചെയ്തു. എന്നാൽ 1958-ൽ സഭയിൽ ആകമാനം സമാധാനം ഉണ്ടായപ്പോൾ ഈ വിധി പൂർണമായും നടപ്പിലാക്കാതെ പിതാക്കന്മാർ ആഗ്രഹിച്ചു പ്രാർഥിച്ചത് പോലെ വിഘടിച്ചു നിന്നവരെ കൂട്ടി ചേർത്ത് എല്ലാവരും ഒന്ന് ചേർന്നു ദേവാലയ കാര്യങ്ങൾ നടത്തി പോന്നു. ആ കാലത്താണ് ഇടവക മക്കൾ ഒന്നടങ്കം പങ്കു ചേർന്നു ദേവാലയം പുനർനിർമിച്ചത്. പുനർ നിർമ്മിച്ച ദേവാലയം കൂദാശ ചെയ്തത് ഔഗേൻ മാർ തീമോത്തിയോസ് മലങ്കര സഭയുടെ നാലാം കാതോലിക്കയായി അവരോധിക്കപ്പെട്ടതിനു ശേഷവും.

കാലത്തിൻ്റെ കാവ്യ നീതി എന്ന് പറയുന്നത് അതാണ്‌. ഒരിക്കൽ തന്നെ തടയുവാൻ മുന്നിട്ട് നിന്നവർ തന്നെ തൻ്റെ കൈകൾ പിടിച്ചു ഒരു മലങ്കര മെത്രപൊലീത്തക്കു ഉചിതമാം വണ്ണം വളരെ ആഘോഷമായി സ്വീകരിച്ചു ഈ ദേവാലയത്തിലേക്ക് ആനയിച്ചു. എന്നാൽ 1975-ൽ സഭയിൽ വീണ്ടും കക്ഷി വഴക്ക് തുടങ്ങുകയും ഈ ഇടവകയെ അതു സാരമായി ബാധിക്കുകയും ചെയ്തു. കക്ഷി വഴക്ക് തുടങ്ങുമ്പോൾ ഓർത്തോഡോക്സ് സഭക്ക് വേണ്ടി വന്ദ്യ മൊതാൽ പത്രോസ് കത്തനാർ ആയിരുന്നു ശുശ്രൂഷകൾ നടത്തിയിരുന്നത്. വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബലി അർപ്പിക്കുവാൻ വയ്യാത്ത സാഹചര്യത്തിൽ പോലും വേറെ ഒരു വൈദികനെ വയ്ക്കുവാൻ അന്നത്തെ പാത്രിയർക്കീസ് കക്ഷികൾ അനുവദിച്ചില്ല. താൻ ശുശ്രൂഷകൾ അർപ്പിച്ച തൻ്റെ ഇടവക പള്ളിയിൽ ആരാധന മുടങ്ങാതെ ഇരിക്കുവാൻ വളരെ യേറെ ത്യാഗങ്ങൾ സഹിച്ച അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു. രണ്ടു പേര് ചേർന്നു താങ്ങി നിർത്തി ആ വന്ദ്യ വൈദികൻ വി. ബലി അർപ്പിച്ചത് ഓർക്കുമ്പോൾ ഇടവകയിലെ മുതിർന്ന തലമുറയുടെ കണ്ണിൽ ഇപ്പോഴും കണ്ണു നീര് പൊടിയുന്നു.

പുതിയ വൈദികനെ നിയമിക്കുവാൻ പാത്രിയര്കീസ് കക്ഷികൾ വിസമ്മതിച്ചപ്പോൾ ഏകദേശം രണ്ടു ആഴ്ചയോളം പള്ളിയിൽ ആരാധന മുടങ്ങപ്പെട്ടു. തുടർന്നു പള്ളിയുടെ അവകാശത്തിനു വേണ്ടി കുഴിവേലിൽ കെ. പി കുര്യാക്കോസ് (ജോയി), കണ്ണേത്ത് കെ വി ഇട്ടൻപിള്ള (snr) എന്നിവർ ചേർന്നു 1977-ൽ OS 147/1976 എന്ന നമ്പറിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസിൽ 1980-ൽ വികാരി നിയമിക്കുവാൻ ഉള്ള അവകാശം കാതോലിക്ക ബാവക്ക് നൽകി. അതിൻ പ്രകാരം വന്ദ്യ മൊതൽ അച്ചന് പകരം വന്ദ്യ വലയിൽ എബ്രഹാം കത്തനാരെ വികാരിയായി നിയമിച്ചു കൊണ്ട് പരിശുദ്ധ ബസേലിയോസ് മാത്യൂസ് പ്രഥമൻ ബാവ കല്പന നൽകി. എന്നാൽ ആ കോടതി ഉത്തരവ് നടപ്പാക്കി വാലയിൽ എബ്രഹാം കത്തനാരെ പള്ളിയിൽ ശുശ്രൂഷകൾ അർപ്പിക്കുവാൻ പാത്രിയർക്കീസ് കക്ഷികൾ അനുവദിച്ചില്ല. എന്നാൽ അന്നത്തെ റവന്യു പോലീസ് ഉദ്യോഗസ്ഥൻ ശക്തമായ നടപടികൾ എടുക്കുകയും 1980 ഡിസംബർ 24 വൈകിട്ട് വന്ദ്യ വാലയിൽ അച്ചൻ ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്തു. തുടർന്നു ഒന്നിടവിട്ട തവണകളിൽ യാക്കോബായ വിഭാഗവും ഓർത്തഡോക്സ്‌ സഭയും ആരാധനകൾ നടത്തി വന്നു. പരിശുദ്ധ സഭയിൽ കക്ഷി വഴക്ക് കലുഷിതം ആകുമ്പോൾ എല്ലാം ഈ ദേവാലയത്തിലും അതു വ്യാപിച്ചു വന്നുകൊണ്ടേ ഇരുന്നു. പലരും ഇരുട്ടിൻ്റെ മറവിൽ ആക്രമണങ്ങൾക്കു ഇരയായി. പലരെയും ഒറ്റപെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. എന്നാൽ അതൊന്നും കൂസാക്കാതെ വന്ദ്യ വാലയിൽ അച്ഛൻ്റെ നേതൃത്വത്തിൽ എല്ലാരും ദൈവാശ്രയത്തിൽ മുന്നോട്ട് നീങ്ങി.

വർഷങ്ങൾക്ക് ശേഷം 2011 ഒക്ടോബർ മാസം 10 ആം തീയതി സെക്ഷൻ 92 ഇല്ല എന്ന സാംകേതിക കാരണത്തൽ പള്ളിയുടെ കേസ് തള്ളുകയും പുതിയ രീതിയിൽ കേസ് ഫയൽ ചെയ്യണമെന്ന് ബഹു. കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്നു OS 6/2012 എന്നപേരിൽ എറണാകുളം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്ട് കോടതിയിൽ (പള്ളി കോടതി) പുതിയ കേസ് ഫയൽ ചെയ്തു. എന്നാൽ തങ്ങൾ കേസ് ജയിച്ചു എന്നും പള്ളിയിൽ ഓർത്തഡോൿസ്‌ സഭക്ക് യാതൊരു അവകാശവും ഇല്ല എന്ന് പ്രഖ്യാപിച്ചു യാക്കോബായ വിഭാഗം പള്ളിയുടെ പൂർണ നിയന്ത്രണം അക്രമത്തിലൂടെ നേടി എടുത്തു. പള്ളിയിൽ ഓർത്തോഡോക്സ് സഭക്ക് ഉണ്ടായിരുന്ന തവണ നിർത്തലാക്കുകയും പള്ളി കൂദാശ ചെയ്തപ്പോൾ സ്ഥാപിച്ചിരുന്ന പരി ഔഗേൻ ബാവായുടേയും സി എം തോമസ് അച്ഛന്റെയും പേര് വച്ചിരുന്ന ശിലാ ഫലകം നശിപ്പിക്കുകയും ചെയ്തു. 01/12/2011 ലെ ജില്ലാ കളക്ടർ പള്ളിയിൽ ശവസംസ്കാര ശുശ്രൂഷ നടത്തുന്നതിനും സെമിത്തേരിയിൽ ഓർമ്മ പ്രാർത്ഥന (ധൂപ പ്രാർത്ഥന) നടത്തുന്നതിനും അനുവാദം നൽകി. എന്നാൽ സെമിത്തേരിയിൽ ധൂപ പ്രാർത്ഥനക്കു വന്ന വിശ്വാസികളെ പ്രായ ഭേദമെന്യേ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആ കേസ് ഇപ്പോഴും കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നു. അതിനു ശേഷം ബഹു എറണാകുളം ജില്ല കളക്ടർ 20-12-2011-ൽ ഓർത്തഡോക്സ്‌ സഭക്ക് വ്യാഴം ശനി ദിവസങ്ങളിൽ പള്ളിയിൽ വിശുദ്ധ കുർബാന നടത്തുന്നതിനും സെമിത്തേരിയിൽ ധൂപ പ്രാർത്ഥന നടത്തുന്നതിനും അനുവാദം നൽകി. എന്നാൽ യാക്കോബായക്കാർ വ്യാജമായി ഉത്തരവ് നിർമ്മിക്കുകയും നീണ്ട എട്ടു വർഷത്തോളം ഓർത്തഡോക്സ് വിശ്വാസികളെ പള്ളിയിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു.

എന്നാൽ ആര് കൈ വിട്ടാലും സർവ ശക്തനായ ദൈവം കൈവിടില്ല എന്ന വാക്കുകൾ പുത്തൻകുരിശ് ഇടവകയെ സംബന്ധിച്ചോളം ഇന്ന് അർത്ഥവർത്തമായിരിക്കുന്നു. OS 6/2012 കേസിൽ എറണാകുളം ജില്ല കോടതി 2019 ഒക്ടോബർ 1 -നു അന്തിമ വിധി കൽപ്പിക്കുകയും പള്ളിയും അനുബന്ധ പള്ളി സ്വത്തുക്കളും 1934 മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന് തീർപ്പ് കൽപ്പിക്കുകയും ചെയ്തു. 16-10-2019-ൽ ഈ ഉത്തരവ് നമ്മുടെ ദേവാലയത്തിൽ നടപ്പാക്കപ്പെടയുകയും ചെയ്തു.  ഈ കേസുകൾ നടത്തുവാൻ മുന്നിട്ട് ഇറങ്ങിയത് ചെറിയാൻ വർഗീസ് കണ്ണേത്ത്, ഗ്ലാഡ്‌സൺ ചാക്കോ കുഴിവേലിൽ, ജെയ്സൺ പീറ്റർ കുഴിവേലിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ്. ഇടവകയുടെ എല്ലാ തലമുറയും ഇവരോട് കടപ്പെട്ടിരിക്കുന്നു. അവകാശപ്പെട്ട പള്ളിയിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്ന ഒരു ജനതയുടെ നിലവിളി യഹോവ കേൾക്കുകയും ഇറങ്ങി പോരേണ്ടി വന്ന ദിവസം തന്നെ പൂർണ അധികാരത്തോടെ അവകാശത്തോടെ സ്വാതന്ത്ര്യത്തോടെ ദേവാലയത്തിൽ പ്രവേശിച്ചു ആരാധന നടത്തുവാൻ സാധിച്ചു. ഇന്ന് ഈ ദേവാലയത്തെ സംബന്ധിച്ചുള്ള എല്ലാ കേസുകളും അവസാനിക്കുകയും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ഒരു ദേവാലയമായി നില നിൽക്കുകയും ചെയ്യുന്നു.

ഈ ദേവാലയത്തിൽ കക്ഷി വഴക്ക് മൂർദ്ധന്യമായിരുന്ന അവസരങ്ങളിൽ സത്യത്തിനും നീതിക്കും വേണ്ടി ധീരമായി നിലകൊള്ളുകയും പീഡനങ്ങൾ അനവധി ഏൽക്കുകയും ഇടവകയുടെ എല്ലാ കാര്യങ്ങൾക്കും ദൈവാശ്രയത്തോടെ നേതൃത്വം നൽകുകയും ചെയ്ത മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരും ആയ വന്ദ്യ വൈദികർക്കും ഞങ്ങളുടെ പൂർവ പിതാക്കന്മാർക്കും ഇടവകയുടെ ഒരായിരം നന്ദി സ്നേഹത്തോടെ ആ പാദുകങ്ങളിൽ അർപ്പിക്കുന്നു.

https://ovsonline.in/articles/puthenkurich-church-history/

https://ovsonline.in/articles/malankara-church-dispute-3/

error: Thank you for visiting : www.ovsonline.in