സർക്കാർ ശ്രമം രാഷ്ട്രീയ മുതലെടുപ്പിന്: പരിശുദ്ധ കാതോലിക്കാ ബാവാ
കോലഞ്ചേരി∙ സഭാ പ്രശ്നത്തിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭ വടക്കൻ മേഖല പ്രതിഷേധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനു രാഷ്ട്രീയ സാധ്യതകളൊന്നുമില്ലാത്ത ജില്ലയിൽ സർക്കാർ യാക്കോബായ സഭയെ സഹായിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ ആർക്കും മനസ്സിലാകും. അടിമത്തം ആസ്വദിക്കാൻ കഴിയില്ല.
വിദേശികൾ വ്യാപാരത്തിനായി രാജ്യത്തു വന്ന് അധികാരം കൈക്കലാക്കിയവരാണ്. കേരളത്തിലെ സഭകൾ ഇനിയും വിദേശ അടിമത്തത്തിൽ തുടരണമെന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. 2 വർഷം കഴിയുമ്പോൾ സർക്കാർ മാറും. താൽക്കാലിക ലാഭം ലക്ഷ്യമിട്ടാണു എൽ.ഡി.എഫിന്റെ പ്രവർത്തനം.
മൃതദേഹങ്ങൾ വച്ചു വിലപേശാൻ അവസരം ഒരുക്കുന്നതും സർക്കാരാണ്. ആക്രമണങ്ങൾക്കു സർക്കാരാണ് ഒത്താശ ചെയ്യുന്നത്. നീതി നടപ്പാക്കാൻ സർക്കാരിനു താൽപര്യമില്ല. നീതിയിലുറച്ചുളള പോരാട്ടം സഭ തുടരും. സഭയുടെ സങ്കടത്തിലും ദുഃഖത്തിലും എന്തും സഹിക്കാൻ തയാറാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഡോ.കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം ലോകത്തിനു മാതൃകയാണെന്നും അതൊരു വിദേശ ശക്തിക്കും അടിയറ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പ്രസ്താവനകൾ നടത്തുകയും പ്രതിഷേധ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, വീണ ജോർജ് എംഎൽഎ, ഫാ.എം.ഒ. ജോൺ, ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ.സി.എം.കുര്യാക്കോസ്, ഫാ.വർഗീസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലിയും നടന്നു.
സംസ്ഥാന സർക്കാരിന് ഓർത്തഡോക്സ് സഭയുടെ രൂക്ഷ വിമർശനം; പ്രമേയം പാസാക്കി
കൊച്ചി∙ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഓർത്തഡോക്സ് സഭയുടെ രൂക്ഷ വിമർശനം. യാക്കോബായ സഭയുടെ ആജ്ഞാനുവർത്തിയായി സർക്കാർ മാറിയെന്നും താൽക്കാലിക മുതലെടുപ്പിനാണ് സർക്കാർ ശ്രമമെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ആരോപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ ആറ് ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ ചേർന്ന പ്രതിഷേധ സംഗമത്തിലാണ് പരിശുദ്ധ കാതോലിക്ക ബാവയുടെ വിമര്‍ശനം.
‘സംസ്ഥാന സർക്കാർ മുതലെടുപ്പ് നടത്തുകയാണ്. ഇക്കാര്യത്തിൽ എന്തോ പന്തികേടുണ്ട്. യാക്കോബായ സഭയെ പിന്തുണയ്ക്കുന്നതിലൂടെ എൽഡിഎഫ് സർക്കാർ യുഡിഎഫിനെ സഹായിക്കുകയാണ്. അക്രമം കാണിക്കാൻ ധൈര്യമുള്ളവരല്ല നസ്രാണികള്‍. അതിനാരെങ്കിലും തയാറുണ്ടെങ്കിൽ കാരണക്കാർ സർക്കാരാണ്. ഉദ്യോഗസ്ഥരുടെ കൈകൾ കൂട്ടികെട്ടിയിരിക്കുകയാണെന്നും കാതോലിക്ക ബാവ ആരോപിച്ചു. നീതി നിഷേധിക്കാൻ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്ന് മുഖ്യപ്രഭാഷകൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.
https://ovsonline.in/latest-news/gregorian-and-didymos-tv-live/