ഉപസമതിയോ ഉപായസമതിയോ?
2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിമുതല്‍ മലങ്കര സഭയ്ക്ക് അനുകൂലമായി തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കോടതിവിധികള്‍ നടപ്പിലാക്കുന്നത് ഇന്ന് വഴിമുട്ടി നില്‍ക്കുകയാണ്. ഏതു കോടതിയുടെ ആയാലും വിധി നടപ്പിലാക്കുക എന്ന പ്രക്രിയ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാറിൻ്റെ ഉത്തരവാദിത്വവും ചുമതലയുമാണ്. ഈ ഭരണഘടനാബാദ്ധ്യത കോടതിതന്നെ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും വിശേഷമൊന്നുമുണ്ടായില്ല.
മലങ്കരസഭാ കേസുകളില്‍ വിധിനടത്തിപ്പിനു രണ്ടു വശങ്ങളുണ്ട്. ഒന്നാമതായി, വിധി അവകാശിക്ക് – അതായത് 1934-ലെ സഭാ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിക്ക് – തൻ്റെ ചുമതലകള്‍ നിര്‍വഹിയ്ക്കാനുള്ള അവസരം ഉണ്ടാക്കുക. രണ്ടാമതായി, കോടതി ശാശ്വത നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളും സ്ഥാനികളും അത്തരം സ്ഥലങ്ങളില്‍ പ്രവേശിയ്ക്കുന്നത് തടയുക. ആത്യന്തികമായി ഈ നിയമപ്രക്രിയ തടസപ്പെടുത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കുക. ഭരണകൂടം ചെയ്യേണ്ടത് ഇതാണ്. എന്നാല്‍ ഇന്നു സംഭവിക്കുന്നത് നേരെ മറിച്ചാണ്. യഥാര്‍ത്ഥ വിധിയുടമ വിധി നടപ്പാക്കേണ്ടവരാല്‍ വഴിയില്‍ തടയപ്പെടുന്നു. ശാശ്വത നിരോധനമുള്ളവര്‍ പള്ളിക്കുള്ളിലും പരിസരത്തും അഴിഞ്ഞാടുന്നു. പോലീസും റവന്യൂ അധികാരികളും ഇതു കണ്ട് കൈയ്യും കെട്ടി നില്‍ക്കുന്നു. ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍വേണം ഇ. പി. ജയരാജന്‍ അദ്ധ്യക്ഷനായുള്ള മന്ത്രിസഭാ ഉപസമതിയുടെ നിയമനത്തെ കാണാന്‍.
മലങ്കരസഭാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും മന്ത്രിസഭാ ഉപസമതികള്‍ ഉണ്ടായിട്ടുണ്ട്. ആലുവാ തൃക്കുന്നത്ത് സെമിനാരിയുമായി ബന്ധപ്പെട്ട് 2005 ജൂലൈയില്‍ കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ബാബു ദിവാകരന്‍, ഡോ. എം. കെ. മുനീര്‍ എന്നിവരും 2011 ഒക്‌ടോബറില്‍ കോലഞ്ചേരി പള്ളി വിഷയത്തില്‍ കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡോ. എം. കെ. മുനീര്‍ എന്നിവരും ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമതികളെ നിയമിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.
എന്നാല്‍ മുന്‍ ഉപസമതികളും മുന്‍യാക്കോബായ വിഭാഗത്തിനുവേണ്ടി രൂപീകരിച്ച ഇപ്പോഴത്തെ ജംബോ ഉപസമതിയും തമ്മില്‍ അടിസ്ഥാനപരവും ഗുരുതരവുമായ ഒരു വൈജാത്യമുണ്ട്. 2005, 2011 വര്‍ഷങ്ങളിലെ ഉപസമതികള്‍ രൂപീകരിയ്ക്കപ്പെട്ടത് അതത് കേസുകളില്‍ അന്തിമവിധി വരുന്നതിനു മുമ്പാണ്. ഇടക്കാല സംവിധാനം മാത്രമായിരുന്നു അവരുടെ ചര്‍ച്ചാ വിഷയം.
ഇന്ന് സ്ഥിതി നേരെ മറിച്ചാണ് സുപ്രീം കോടതിയുടെ അന്തിമ വിധി 2017 ജൂലൈ 3-ന് പ്രഖ്യാപിച്ചു. അതിനെ ശരിവയ്ക്കുന്ന പല തുടര്‍വിധികളും വന്നു കഴിഞ്ഞു. ഇടക്കാല സംവിധാനങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. ആത്യന്തികമായ വിധി നടത്തിപ്പ് എന്ന പ്രക്രിയ മാത്രമാണ് ഇനി ശേഷിച്ചിരിക്കുന്നത്. അതിനാകട്ടെ സര്‍ക്കാരിന് ഉഭയകക്ഷി ചര്‍ച്ചകളുടെയൊന്നും ആവശ്യമില്ല. പിന്നെതിനാണൊരു ഉപസമതി?
സുപ്രീം കോടതിവിധി ഭാഗികമായോ പൂര്‍ണ്ണമായോ നടപ്പാക്കരുതെന്ന് ആവശ്യപ്പെടാനോ പ്രഖ്യാപിക്കാനോ ഒരു മന്ത്രിക്കും സാദ്ധ്യമല്ല. അത് ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാകും. അവരുടെ മന്ത്രിപ്പണി പോയിക്കിട്ടും. വിധി നടത്തിപ്പ് ഉപേക്ഷിക്കണമെന്ന് മലങ്കരസഭയെ നിര്‍ബന്ധിക്കാനും സാദ്ധ്യമല്ല. കാരണം സുപ്രീംകോടതി നിരാകരിച്ചിരിക്കുന്ന വിഭജനത്തിനും സമാന്തര ഭരണത്തിനും അത് പരോക്ഷമായി ഇടയാക്കും. സമ്മര്‍ദ്ദം ചെലുത്തിയാണെങ്കിലും അങ്ങിനെ ഏതെങ്കിലും കരാര്‍ ഉണ്ടാക്കിയാല്‍ അതിനെതിരെ ഏതെങ്കിലും ഒരു പൗരന്‍ – സഭാംഗം പോലുമാകണമെന്നില്ല– കോടതിയെ സമീപിച്ചാല്‍ പ്രഥമദൃഷ്ട്യാതന്നെ കരാര്‍ അസാധുവാകും.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ കുന്നാക്കല്‍ പള്ളിയില്‍ വെച്ച് 2017 ഡിസംബര്‍ 31-ന് പ. പിതാവ് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത് മലങ്കര സഭയുടെ നയം തന്നെയാണ്; 1934-ലെ സഭാ ഭരണഘടനയ്ക്കും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമായല്ലാതെ ഒരു നടപടിയും സഭയ്ക്ക് സ്വീകരിയ്ക്കാനാവില്ല. സഭയുടെ നയം വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഇനിയൊരു ഉഭയകക്ഷി ചര്‍ച്ചയ്ക്കു പ്രസക്തിയില്ലാ എന്നതാണ് സത്യം.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
എന്നാല്‍ ഉപസമതിയ്ക്ക് ചെയ്യാവുന്ന ക്രിയാത്മകമായ ചില സംഗതികളുണ്ട്. വിധി നടത്തിപ്പ് അനിവാര്യവും സര്‍ക്കാരിൻ്റെ ഉത്തരവാദിത്വവുമാണന്നും അതിനോട് സഹകരിച്ചില്ലങ്കില്‍ ഉണ്ടാകാവുന്ന ഭവിഷത്തുകളും മുന്‍ യാക്കോബായ വിഭാഗത്തെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുക. അവരോട് സര്‍ക്കാറുമായി സഹകരിക്കാന്‍ ആവശ്യപ്പെടുക. അങ്ങിനെ സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ വിധിനടത്തിപ്പിനുള്ള സാഹചര്യം ഉണ്ടാക്കുക.
മുന്‍ യാക്കോബായ വിഭാഗം അക്രമം വെടിഞ്ഞ് വിധിനടത്തിപ്പുമായി സഹകരിയ്ക്കുന്നപക്ഷം സര്‍ക്കാരിനു ചെയ്യാവുന്ന ഒന്നുണ്ട്. അവര്‍ക്ക് മാതൃസഭയിലേയ്ക്ക് മാന്യമായി മടങ്ങിവരാനുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി മലങ്കരസഭയുമായി ചര്‍ച്ചചെയ്ത് അതിന് സുഗമായ പാതയൊരുക്കുക. പക്ഷേ അതിനു സമാധാനപരമായ വിധിനടത്തിപ്പിനു ശേഷം മാത്രമാണ് പ്രസക്തി.
ചുരുക്കത്തില്‍ ഒരു ഉഭയകക്ഷിചര്‍ച്ച ഇപ്പോള്‍ നിഷ്പ്രയോജനകരവും നിരര്‍ത്ഥകവുമാണ്. അത് മലങ്കര സഭയുടെ ആവശ്യവുമല്ല. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഒരു മന്ത്രിസഭാ ഉപസമതിയെ പാടെ നിരാകരിക്കുന്നത് ശരിയല്ല. സര്‍ക്കാരിനു മുമ്പില്‍ 1934-ലെ സഭാ ഭരണഘടനയ്ക്കും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമായല്ലാതെ ഒരു നടപടിയും സഭയ്ക്ക് സ്വീകരിയ്ക്കാനാവില്ല എന്ന നയം വ്യക്തമാക്കുക. വേണമെങ്കില്‍ ഈ നയം ചര്‍ച്ചയ്ക്കുള്ള അടിസ്ഥാന നിബന്ധനയായി മുന്‍കൂര്‍ ഉന്നയിയ്ക്കുകയും ചെയ്യാം.
ഇനിയുള്ള പ്രശ്‌നം ആരു ചര്‍ച്ചചെയ്യണം എന്നതാണ്. അതും പ. പിതാവ് കുന്നാക്കലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ സമതികളാണ് പ്രതിനിധി സംഘത്തെ നിശ്ചയിക്കേണ്ടത്. പതിവും അതാണ്. ഉദാഹരണത്തിനു 2005 ജൂലൈ 28-നു ചേര്‍ന്ന പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെയും വര്‍ക്കിംഗ് കമ്മറ്റിയുടേയും സംയുക്ത യോഗമാണ് അന്നത്തെ മന്ത്രിസഭാ ഉപസമതിയുമായി ചര്‍ച്ച ചെയ്യാനുള്ളവരെ നിശ്ചയിച്ചത്. ചര്‍ച്ച അടിയന്തിര ആവശ്യമെങ്കില്‍ തല്‍ക്കാലം പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടേയും വര്‍ക്കിംഗ് കമ്മറ്റിയുടേയും സംയുക്ത യോഗം പ്രതിനിധികളെ നിശ്ചയിക്കാം.
ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. 1934-ലെ സഭാ ഭരണഘടനയ്ക്കും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമല്ലാത്ത ഒരു തീരുമാനവും മലങ്കര സഭയ്ക്ക് സ്വീകാര്യമല്ല. വിഭജനമോ സമാന്തര ഭരണമോ പരോക്ഷമായെങ്കിലും നിലവില്‍ വരുന്ന തീരുമാനങ്ങള്‍ നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്. സഭയുടെ പ്രതിനിധികള്‍ എന്തു തീരുമാനം എടുത്താലും അത് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, മാനേജിംഗ് കമ്മറ്റി, ചില സാഹചര്യങ്ങളില്‍ മലങ്കര അസോസിയേഷന്‍ എന്നിവയുടെ തീരുമാനത്തിനു പൂര്‍ണ്ണമായും വിധേയമായിരിക്കും. (Subject to the approval of the Holy Episcopal Synod, Managing Committee and if necessary, the Malankara Association). 2022 മാര്‍ച്ച് വരെ നിലവിലുള്ള മാനേജിംഗ് കമ്മറ്റി, മലങ്കര അസോസിയേഷന്‍ എന്നിവയ്ക്ക് കാലാവധി ഉള്ളതിനാല്‍ അതത്ര ബുദ്ധിമുട്ടുള്ള സംഗതിയൊന്നുമല്ല. ഈ വസ്തുത സര്‍ക്കാരിനെ മുമ്പുകൂട്ടി അറിയിക്കണം. ഉണ്ടാകാവുന്ന അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കുള്ള സാദ്ധ്യതയ്ക്ക് ഇതു തടയിടും.
മലങ്കര സഭയുടെ പ്രതിനിധികള്‍ ആരായാലും അവര്‍ സഭയുടെ നയമായിരിക്കണം അവതരിപ്പിക്കേണ്ടത് അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല. അതിനു കഴിവും തയാറുമുള്ളവരെ മാത്രം വേണം തിരഞ്ഞെടുത്തയയ്ക്കാന്‍. ചര്‍ച്ചകളുടെ പുരോഗതി അറിയാന്‍ എല്ലാ സഭാംഗങ്ങള്‍ക്കും അവകാശമുണ്ട് എന്ന വസ്തുതയും വിസ്മരിക്കരുത്.
വിധിനടത്തിപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് മന്ത്രസഭാ ഉപസമതി നിയമനം എന്നു പലരും ആരോപിക്കുന്നുണ്ട്. അവര്‍ക്ക് അതിനു ന്യായീകരണവുമുണ്ട്. കാരണം മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരു സമാധാന ആലോചനയും നിലവിലില്ലാതിരിക്കെ, ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തിവരികയാണന്നും അതിനാല്‍ കേസ് നീട്ടി വെക്കണമെന്നും അഭ്യര്‍ത്ഥിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ചരിത്രം കേരള സര്‍ക്കാരിനുണ്ട്. അതും സര്‍ക്കാരിന് നോട്ടീസ് പോലും ലഭിയ്ക്കാത്ത കേസില്‍! മന്ത്രിസഭാ ഉപസമതിയെ നിയമിച്ചത് 2019 ജനുവരിയിലാണന്ന വസ്തുതകൂടി പരിഗണിക്കുമ്പോളാണ് ഈ ആരോപണത്തിൻ്റെ ഗൗരവം വര്‍ദ്ധിക്കുന്നത്.
ഇനി വിധിനടത്തിപ്പ് ദൈര്‍ഘിപ്പിക്കാനുള്ള തന്ത്രമാണെങ്കില്‍ അതു തിരിച്ചറിഞ്ഞ് എത്രയും വേഗം സലാം പറഞ്ഞു പിരിയുക. നീതിന്യായകോടതികള്‍ ഇന്നും ഇന്ത്യയില്‍ ശക്തമാണ്. ആ മാര്‍ഗ്ഗത്തില്‍ തന്നെ മുന്നേറാം.
ഡോ. എം. കുര്യന്‍ തോമസ്
OVS Online, 9 January 2019
https://ovsonline.in/articles/malankara-church-dispute/