കോട്ടയം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വൈദിക യോഗവും പ്രതിഷേധ സമ്മേളനവും നടത്തി
പാമ്പാടി: കോട്ടയം മെത്രാസന വൈദിക യോഗവും പ്രതിഷേധ സമ്മേളനവും പാമ്പാടി ദയറായിലെ യോഹന്നാൻ റമ്പാൻ മെമ്മോറിയൽ ഹാളിൽ നടന്നു. മൂന്നു മണിക്ക് ചേർന്ന വൈദിക യോഗത്തിൽ കോട്ടയം മെത്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് അധ്യക്ഷത വഹിച്ചു. കോട്ടയം ഭദ്രാസനത്തിൽ ഉണ്ടായ ആക്രമണങ്ങളിൽ വൈദിക യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് നാലു മണിക്ക് ചേർന്ന കോട്ടയം ഭദ്രാസന പ്രതിഷേധയോഗം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വർഗീസ് വർഗീസ് മീനടത്തിൻ്റെ മുഖ്യപ്രഭാഷണത്തിൽ മലങ്കര സഭയുടെ ആരാധന അന്ത്യോക്യയിൽ നിന്ന് മാത്രമല്ല പൊതു സുറിയാനി പാരമ്പര്യത്തിൽ നിന്നും ആണ് എന്ന് ചരിത്ര പശ്ചാത്തലത്തിൽ വിശദീകരിച്ചു. 16-ാം നൂറ്റാണ്ടു വരെ മലങ്കര സഭ പേർഷ്യൻ സഭയുമായുള്ള ബന്ധത്തിൽ ആണ് നിലനിന്നിരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം ഭദ്രാസനത്തിലെ വൈദികരും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും, കൈക്കാരന്മാരും സെക്രട്ടറിമാരും, മാനേജിങ് കമ്മിറ്റി അംഗങ്ങളും, പള്ളി പ്രതിപുരുഷൻമാരും ഉൾപ്പെടുന്ന നൂറുകണക്കിന് വിശ്വാസികൾ പ്രതിഷേധ യോഗത്തിൽ സംബന്ധിച്ചു. മെത്രാസന സെക്രട്ടറി ഫാ. പി കെ കുറിയാക്കോസ് പണ്ടാരകുന്നേൽ, വൈദിക സംഘം സെക്രട്ടറി ഫാ.ജോൺ ജോസഫ് ചാലശ്ശേരിൽ, പാമ്പാടി ദയറാ മാനേജർ ഫാ. മാത്യു കെ ജോൺ, ലീഗൽ സെൽ കൺവീനർ ഫാ.കെ എം സഖറിയ കൂടത്തുങ്കൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജേക്കബ് മാത്യു ചന്ദ്രത്തിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഞായറാഴ്ച കോലഞ്ചേരിയിൽ നടക്കുന്ന വടക്കൻ മേഖല പ്രതിഷേധ സമ്മേളനത്തിൽ കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നും വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ സംബന്ധിക്കാൻ തീരുമാനിച്ചു. കോട്ടയം മെത്രാസനത്തിലെ ഫാ. ഇട്ടി തോമസ്, മണർകാട് സന്തോഷ് ജോർജ് എന്നിവരുടെ നേരെ ഉണ്ടായ ആക്രമണത്തിലും, വടവുകോട് സെൻറ് മേരീസ് പള്ളിയിൽ ഉണ്ടായ ആക്രമണത്തിലും, ദേവലോകം കാതോലിക്കേറ്റ് അരമനയുടെ കുരിശടി തകർത്തതിലും, തൂത്തൂട്ടി മാർ ഗ്രിഗോറിയോസ് ചാപ്പലിന്റെ കുരിശടി തകർത്തതിലും യോഗം ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
https://ovsonline.in/latest-news/kolenchery-sammelanam/