OVS - Latest NewsOVS-Kerala News

16.10.2019 -ൽ ഉണ്ടായ നിർണായക കോടതി വിധികൾ, വിധി നടത്തിപ്പ് എന്നിവയുടെ വിശദാംശങ്ങൾ

മലങ്കര സഭാ തർക്കത്തിൻ്റെ നാൾവഴിയിൽ ഒരു സുപ്രധാന ദിനമായിരുന്നു ഇന്നലെ (16.10.2019). ഭാരതത്തിൻ്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിന്ന് മലങ്കര സഭയ്ക്ക് അനുകൂലമായി 2017 ജൂലൈ 3-നു ലഭിച്ച വിധി, ഇന്നലെ പുത്തൻകുരിശ് സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് പള്ളിയിൽ സമാധാനപരമായി നടപ്പിലായി. കൂടാതെ വെട്ടിത്തറ സെൻറ് മേരീസ് ദേവാലയം, പെരുമ്പാവൂർ ബെഥേൽ സൂലോക്കോ പള്ളി, കോതമംഗലം മാർത്തോമൻ ചെറിയപള്ളി, മുളപ്പുറം പള്ളി എന്നിവയെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളും ബഹുമാനപ്പെട്ട ജില്ലാ കോടതികളിൽ നിന്നുണ്ടായി.

പുത്തൻ കുരിശ് പള്ളിയിൽ വിധി നടത്തിപ്പ് പൂർണ്ണം
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തൻകുരിശ് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോക്സ്‌ സഭാംഗങ്ങൾ വികാരി ഫാ. ഡോ. തോമസ് ചകിരിയിലിൻ്റെ നേതൃത്വത്തിൽ പള്ളിക്കുള്ളിൽ പ്രവേശിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിയമാനുസൃത വികാരിക്ക് യാക്കോബായ വിഭാഗം ട്രസ്റ്റിയും സെക്രട്ടറിയും പള്ളിയുടെ താക്കോൽ കൈമാറി പള്ളിൽ പ്രാർഥിച്ചു മടങ്ങി. തുടർന്ന് ആരാധന നടത്തി ഓർത്തഡോക്സ്‌ സഭ പള്ളിയുടെ ഭരണം ഔദ്യോഗികമായി ഏറ്റെടുത്തു. വിഘടിത യാക്കോബായ വിഭാഗം കാതോലിക്കാ തോമസ് പ്രഥമൻ ബാവായുടെ മാതൃദേവാലയമായ പുത്തെൻകുരിശു പള്ളിയിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ യാക്കോബായ വിഭാഗം പൂർണ്ണമായി സഹകരിച്ചു. 2017 ജൂലൈ 3 -ലെ സുപ്രീം കോടതി ജില്ലാ കോടതി കഴിഞ്ഞ ഒന്നിന് ഓർത്തഡോക്സ്‌ സഭയ്ക്ക് വിധി നടപ്പിലാക്കി നൽകാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. 2011 വരെ ഓർത്തഡോക്സ്‌ സഭയ്ക്ക് തവണ ഉണ്ടായിരുന്ന പള്ളിയിൽ ജില്ലാ കളക്ടറുടെ പേരിൽ വ്യാജ രേഖ ചമച്ചാണ് ഓർത്തഡോക്സ്‌ സഭാംഗങ്ങളെ പള്ളിയിൽ നിന്ന് പറത്താക്കിയത്. ഇതിൻ്റെ പേരിൽ പള്ളിയിലെ വിഘടിത ഭാരവാഹികൾ ഇപ്പോഴും കോടതി കയറി ഇറങ്ങുന്നു.

പെരുമ്പാവൂർ പള്ളിയെ സംബന്ധിച്ച്‌ പറവൂർ കോടതിയിൽ നിന്നുണ്ടായ വിധി
പെരുമ്പാവൂർ ബെഥേൽ സൂലോക്കോ പള്ളിയുമായി ബന്ധപ്പെട്ടു മൂന്നു നിർണ്ണായക വിധികൾ ഇന്നലെ പറവൂർ കോടതിയിൽ നിന്നുണ്ടായി. ഒന്നാമതായി, 1972 -ൽ ഉണ്ടായിരുന്ന ഇടവകയുടെ രജിസ്റ്റർ പുതുക്കി, അതിൻ പ്രകാരം പള്ളിയിൽ ഇലക്ഷൻ നടത്തണമെന്ന് ആരാഞ്ഞു കൊണ്ട് യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി കോടതി തള്ളി. കൂടാതെ പള്ളിയുടെ കീഴിലുള്ള എല്ലാ കുരിശടികളുടെയും താക്കോൽ ഓർത്തഡോക്സ്‌ സഭയുടെ നിയമാനുസൃത വികാരിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസിൽ കൂടുതൽ ആളുകൾക്ക് കക്ഷി ചേരണമെന്ന യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യവും കോടതി നിരാകരിച്ചു.

വെട്ടിത്തറ പള്ളി- യാക്കോബായ വിഭാഗം നൽകിയ IA തള്ളി
കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ വെട്ടിത്തറ സെൻറ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയെ സംബന്ധിച്ച യാക്കോബായ വിഭാഗം നൽകിയ ഇന്ററിം ആപ്പ്ളികേഷനുകൾ എല്ലാം തന്നെ ബഹുമാനപ്പെട്ട പെരുമ്പാവൂർ സബ് കോടതി തള്ളി. വെട്ടിത്തറ പള്ളി മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നും, യാതൊരു തരത്തിലുമുള്ള സമാന്തര ഭരണം വെട്ടിത്തറ പള്ളിയിൽ അനുവദിക്കാൻ പാടില്ലെന്നുമുള്ള ബഹുമാനപ്പെട്ട പെരുമ്പാവൂർ സബ് കോടതിയുടെ വിധി ഒരിക്കൽ കൂടി ശരിവെച്ചു.

കോതമംഗലം പള്ളി കേസിൽ വികാരി തോമസ് പോൾ റമ്പാൻ നൽകിയ IA കോടതി അംഗീകരിച്ചു
സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലീസ് അമാന്തം കാണിക്കുന്ന സാഹചര്യത്തിൽ CRPF പ്രൊട്ടക്ഷൻ അനുവദിക്കുക, വിഘടിത വിഭാഗം കൈയ്യടക്കി വെച്ചിരിക്കുന്ന പള്ളിയുടെ താക്കോൽ നിയമാനുസൃത വികാരിക്ക് കൈമാറുക, പള്ളിയുടെ വരവ് ചെലവ് കണക്കുകൾ ഉൾപ്പെടുന്ന ലെഡ്ജർ കൈമാറുക എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ആയിരുന്നു IA -യിൽ. കേരള DGP -ക്കുള്ള ഡയറക്ഷനോടെയാണ് ഇന്ററിം ആപ്ളിക്കേഷൻ മൂവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ചിരിക്കുന്നത്. സഭക്കു വേണ്ടി അഡ്വ.തോമസ് അധികാരം ഹാജരായി.

മുളപ്പുറം പള്ളിയുടെ താക്കോൽ നിയമാനുസൃത വികാരിയെ ഏൽപ്പിക്കുവാൻ ഉത്തരവ്
മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽ ഉൾപ്പെട്ട മുളപ്പുറം സെൻറ് ജോർജ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിൽ വരുത്തുവാനുള്ള പള്ളിക്കോടതിയുടെ തീരുമാനം കഴിഞ്ഞ ആഴ്ച ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്ച ആരാധനയ്ക്കായി പള്ളിയിൽ എത്തിയ ഓർത്തഡോക്സ്‌ സഭാവിശ്വാസികളെ യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റിൽ തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഗേറ്റിന്റെ താക്കോൽ കൈവശമില്ലാത്തതിനാൽ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് അധികാരികൾ അറിയിക്കുകയും, അതിൻ്റെ അടിസ്ഥാനത്തിൽ ഓർത്തഡോൿസ് വിശ്വാസികൾ മടങ്ങി പോരുകയും, അതെ തുടർന്ന് പള്ളിക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. പള്ളി കോടതി 16. 10. 2019-ൽ ഈ കേസ് പരിഗണിക്കുകയും, യാക്കോബായ വിഭാഗത്തിൻ്റെ കൈയ്യിൽ നിന്ന് പള്ളിയുടെയും ഗേറ്റിൻ്റെയും താക്കോൽ വാങ്ങി ഓർത്തഡോക്സ്‌ സഭയുടെ നിയമാനുസൃത വികാരിക്ക് കൈമാറണമെന്ന് ഓർഡർ ഇടുകയും ചെയ്തു. DYSP, SHO എന്നിവർക്കാണ് കോടതി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ ഇവർ നവംബർ ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി, ഈ കേസുമായി സംബന്ധിച്ച് കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കുവാനും കോടതി ഉത്തരവിട്ടു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/latest-news/supreme-court-verdict-kandanad-church/

error: Thank you for visiting : www.ovsonline.in