വിശ്വാസത്തിന്റെ നേർച്ച ഒരുക്കി പാമ്പാടി
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ദിനത്തിലെ പ്രധാന നേർച്ചയായ നെയ്യപ്പം തയാറാക്കൽ വിശ്വാസനിറവിൽ പാമ്പാടി ദയറയിൽ നടന്നു. വ്രത നിറവിൽ അനുഷ്ഠാനങ്ങളോടെ തയാറാക്കുന്ന നെയ്യപ്പവും പഴവുമാണ് ഓർമപ്പെരുന്നാൾ ദിനത്തിലെ പ്രധാന നേർച്ച. നവോമി പ്രാർഥനാ കൂട്ടായ്മയുടെ നേതൃത്വത്തിലാണു ദയറയിൽ നെയ്യപ്പം ചുടീൽ ആചാരപൂർവം നടത്തിയത്. 65 കിലോ പച്ചരി പൊടിച്ചാണ് ഇത്തവണ നെയ്യപ്പം തയാറാക്കിയത്. ഒരു കിലോ പച്ചരിക്ക് 600 ഗ്രാം കരിപ്പെട്ടി എന്ന കണക്കിൽ ചേർത്തു രണ്ടുദിനം മുൻപേയാണു നെയ്യപ്പത്തിനു പ്രാർഥനാപൂർവമായ കുഴച്ചുവയ്ക്കൽ നടന്നത്.
ഏലക്ക, ജീരകം, എള്ള്, ചുക്കുപൊടി, തേങ്ങാ വറുത്തത്, തേങ്ങാപ്പാൽ എന്നിവയാണു മറ്റു ചേരുവകൾ. 10 ദിവസത്തെ വ്രതമെടുത്താണു നവോമി അംഗങ്ങളുടെ നേതൃത്വത്തിൽ നെയ്യപ്പമൊരുക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിൽ ഐക്കരപ്പടവിൽ തെക്കേക്കര അച്ചാമ്മ(85)യാണു നെയ്യപ്പം ചൂടുന്നതിലെ സീനിയർ. പാടിയിൽ ഏലിയാമ്മ കുര്യാക്കോസും (80) ഉള്ളിയാട്ട് വടക്കേക്കര സാറാമ്മ ജോർജും (76), വെള്ളാനുവേലിക്കൽ അന്നമ്മ ചാക്കോ(77)യുമൊക്കെ പഴയകാലത്തെ കഥകളും പറഞ്ഞു നെയ്യപ്പം ചുടുന്നതിനു മുൻപന്തിയിലുണ്ട്.
നവോമി ഭാരവാഹികളായ പേഴമറ്റം സാലി ജോണും, ഓലിക്കര സാറാമ്മ സിറിയക്കും ക്രമീകരണങ്ങൾക്കു നേതൃത്വംനൽകുന്നു. 6000 നെയ്യപ്പങ്ങളാണു ദയറയിൽ മാത്രമൊരുക്കുന്നത്. വിവിധ ഇടവകകളിൽ നിന്നുള്ള ഭവനങ്ങളിൽ നിന്ന് ആചാരപൂർവം തയാറാക്കി ദയറയിൽ വഴിപാടായി നെയ്യപ്പം സമർപ്പിക്കുന്നു. വാഴക്കുലകളും ദയറയിൽ എത്തിത്തുടങ്ങി. പ്രധാന പെരുന്നാളായ അഞ്ചിനാണു നെയ്യപ്പം വിതരണം ചെയ്യുക.