OVS - Latest NewsOVS-Kerala News

കണ്ണുനീർപോലും ബാക്കിവയ്ക്കാത്ത പ്രളയം

മലബാർ: മൂകമാണ് കവളപ്പാറയും പുത്തുമലയും, ആകെ കേൾക്കാനുള്ളത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പൽ മാത്രം. തിരച്ചിലും അന്വേഷണവും അവസാനിച്ചാലും വലിയൊരു ചോദ്യം ബാക്കി – ഇനിയെന്ത്? കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മലബാർ. കരയാൻ കണ്ണുനീർ പോലും ബാക്കിയില്ലാത്തവർ.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പോലീസും ദുരന്തനിവാരണ സേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും രാപ്പകലില്ലാതെ ദുരിത ഭൂമിയിലുണ്ട്.

അമ്പിട്ടാൻപൊട്ടി തുരുത്തിൽ ആനാടത്തിൽ ഫിലിപ്പോസ് എന്ന തമ്പിയുടെയും ഭാര്യ മറിയാമ്മ ഫിലിപ്പോസിന്റെയും മകൻ ബിനു ഫിലിപ്പിന്റെയും പേരിലുള്ള ആറേക്കർ തെങ്ങിൻ തോട്ടവും വീടും കണ്ടാൽ നെഞ്ച് തകരും. ഓഗസ്റ്റ് എട്ടിന് വൈകിട്ട് ഉരുൾപൊട്ടി ചാലിയാർ കലിതുള്ളി പാഞ്ഞത് തെങ്ങും കവുങ്ങും മാവും പുളിയും ജാതിയുമൊക്കെ സമൃദ്ധമായി നിന്നിരുന്ന മനോഹരമായ ഈ പറമ്പിലൂടെയായിരുന്നു.

വെള്ളമിറങ്ങിയപ്പോൾ പച്ചപുതച്ച തോട്ടം വിശാലമായ മണൽപ്പരപ്പായി മാറി. മണൽമൂടിയ തെങ്ങിൻ തലപ്പുകളും കവുങ്ങിൻ പട്ടകളും ഇപ്പോൾ ശവപ്പറമ്പിനു സമാനമാണ്. ഒന്നുമറിയാത്ത ഭാവത്തിൽ ചാലിയാർ മെലിഞ്ഞൊഴുകുകയാണ്. തോട്ടത്തിലുണ്ടായിരുന്ന വീട്, ഷെഡ്, 331 കായ്‌ഫലമുള്ള തെങ്ങ്, 2600 കവുങ്ങ്, 2800 നേന്ത്രവാഴ, 200 പൂവൻ വാഴ, 60 ജാതി, 500 ഹൈബ്രിഡ് ഓമ തുടങ്ങിയവയാണ് പുഴയെടുത്തത്. 48 കോഴികളും, രണ്ട് പശുക്കളും രണ്ട് ആടുകളും ചത്തു. വീടിന്റെ മുകളിൽ മരങ്ങൾ വീണ് വീട് മൂടിപ്പോയി. ഷെഡിന്റെ അവശിഷ്ടങ്ങൾ മണലിൽ പുതഞ്ഞു കിടക്കുന്നു. കൃഷിക്ക് ആവശ്യമായ വളം മേടിക്കുന്നതിനു അമ്മയുടെ സ്വർണം പണയം വച്ച് കരുതിയ 86000 രൂപയും വെള്ളം കൊണ്ടുവന്നു.

തോട്ടത്തിന് അരികിലൂടെ ചാലിയാറും മറുവശത്തുകൂടി കാരാടൻ തോടുമാണ് ഒഴുകിയിരുന്നത്. ഇത് രണ്ടും ഗതിമാറി ഒഴുകുകയായിരുന്നു. വെള്ളം പാഞ്ഞുവരുമ്പോൾ തോട്ടത്തിലുണ്ടായിരുന്ന തമ്പി മരത്തിൽ അള്ളിപ്പിടിച്ചാണ് രക്ഷപെട്ടത്. മണലെടുത്ത തെങ്ങിൻ തോപ്പിൽ എന്ത് ചെയ്യണമെന്നറിയാതെ തമ്പിയുടെ മകൻ ബിനു ഇപ്പോഴും ഉണ്ട്.

കർഷകശ്രീ അവാർഡിന് പരിഗണിച്ചിരുന്ന ഈ മനുഷ്യനോട് പ്രകൃതി ചെയ്ത ക്രൂരത കാണുമ്പോൾ നമ്മൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും.

ഇപ്പറഞ്ഞത് ഇത്തവണത്തെ പ്രളയത്തിന്റെ ഒരു വശം മാത്രമാണ്, കവളപ്പാറയിലെയും, പത്തുമലയിലെയും അവസ്ഥ ദാരുണമാണ്. മുൻപോട്ട് എന്ത് എന്നറിയാതെ പകച്ചുനിൽക്കുന്ന കാഴ്ചയാണ് നമുക്കവിടെ കാണുവാൻ സാധിക്കുന്നത്. ഇപ്പോഴും മരിച്ചവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഉറ്റവരുടെ ശരീരമെങ്കിലും ലഭിക്കുമോ എന്നറിയുവാനായി ദിവസങ്ങളായുള്ള കാത്തിരുപ്പ്. ക്ഷണ നേരംകൊണ്ടാണ് പ്രകൃതി കലിതുള്ളിയത്.

ഇത്തവണ പ്രളയത്തിൽ മലബാർ മേഖേല പൂർണമായും വെള്ളത്തിലായി. ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കവളപ്പാറയിൽ മണ്ണിൽ പുതഞ്ഞുപോയ ജീവനുകളും മൃതുദേഹങ്ങളും തിരയുകയാണ് ഒരുപറ്റം സന്നദ്ധപ്രവർത്തകർ. വിവിധ സന്നദ്ധ സംഘടനകൾ ഇപ്പോഴും സഹായ ഹസ്തം നീട്ടിക്കൊണ്ടിരിക്കുകയാണ് മലബാറിന് കൈത്താങ്ങായി.

പ്രളയബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണം വലിയൊരു വെല്ലുവിളിയായി നമ്മുടെ മുന്നിൽ ഉണ്ട്. കേരള ജനത ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നമുക്ക് അസാധ്യമായത് ഒന്നുമില്ല എന്ന നമുക്ക് തെളിയിക്കാനാകും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in