നിരാലംബരായവരോട് താദാത്‌മ്യപ്പെടുമ്പോഴാണ് ജീവിതം അർത്ഥവത്താകുന്നത്. പെരുമ്പടവം ശ്രീധരൻ
റാന്നി: നിരാലംബരായവരോട് താദാത്‌മ്യപ്പെടുമ്പോഴാണ് ജീവിതം അർത്ഥവത്താകുന്നതെന്ന് പെരുമ്പടവം ശ്രീധരൻ. മതാപ്പാറ സെന്റ് തോമസ് വലിയ പള്ളിയിൽ നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിലയ്ക്കൽ ദദ്രാസന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ഒറ്റപ്പടൽ അനുഭവിക്കുന്നവർക്കു വേണ്ടി ജീവിതം സഹനമാക്കി മാറ്റിയ യേശുവിന്റെ മാതൃക യുവാക്കൾ പിൻതുടരണം. സ്നേഹവും കരുണയും നഷ്ടപ്പെടുന്ന ലോകത്തിനു തിരുത്തൽ വരുത്താൻ സഹനത്തിന്റെ വഴികൾ യുവാക്കൾ തേടണം. മിനിട്ടുകൾ കൊണ്ട് ലോകത്തെ ചാമ്പലാക്കുവാൻ കഴിയുന്ന അണുവായുധങ്ങളുമായാണ് രാജ്യങ്ങൾ സമാധാനമുണ്ടാക്കാൻ ശ്രമിക്കുന്നത്. ആയുധപ്പുരയിൽ ചാരിയിരുന്നു കൊണ്ട് സമാധാനത്തെകുറിച്ച് അപക്വമായ വാക്കുകൾ ഉരുവിട്ടാൽ സമാധാനം ഉണ്ടാവുകയില്ല. സഹനപൂർവമായ സ്നേഹം കൊണ്ട് മാത്രമേ ലോകത്തെ പരിവർത്തനപ്പെടുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അന്റോ ആന്റണി എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനം സാധ്യമാകുന്നത് യുവാക്കളുടെ സർഗശേഷി പൂർണമായും വിനിയോഗിക്കപ്പെടുമ്പോഴാണെന്ന് അദ്ധേഹം പറഞ്ഞു.നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടവം ശ്രീധരനെ സമ്മേളനത്തിൽ ആദരിച്ചു.’യേശുവിനെ നോക്കുക’ എന്ന പഠനഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു.
യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി. വർഗീസ്, ട്രഷറാർ ജോജി പി. തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സോബിൻ സാമുവൽ, യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി മിന്റാ മറിയം വറുഗീസ്, കേന്ദ്ര സെക്രട്ടറി സോഹിൽ വി. സൈമൺ, സൺഡേസ്കൂൾ വൈസ് പ്രസിഡന്റ് ഫാ. യൂഹാനോൻ ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, ഫിലിപ്പോസ് തരകൻ കോറെപ്പിസ്കോപ്പാ, ദദ്രാസന MGOCSM വൈസ് പ്രസിഡന്റ് ഫാ. ജോജി ജോർജ് ഫിലിപ്പ്, മാനേജിംഗ് കമ്മറ്റി അംഗം പ്രൊഫ. പി. എ. ഉമ്മൻ എന്നിവർ പ്രസംഗിച്ചു.