മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍: ദീനദയപ്രഭു
ആധുനിക മലങ്കരസഭയ്ക്ക് ആത്മീകവും ലൗകീകവുമായ അടിത്തറയിട്ട മഹാനാണ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ. പത്രപ്രവര്‍ത്തനം മുതല്‍ കായല്‍കൃഷിവരെ വ്യാപരിച്ച, എന്നും ദരിദ്രനും എന്നും സമ്പനനുമായിരുന്നിട്ടും 1876-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയപ്രകാരം സമുദായത്തിന് വേറിട്ടും മുതല്‍ ഉണ്ടാക്കിയ, പരിഭാഷയും അച്ചടിയും പ്രസാധനവും മലങ്കരയ്ക്ക് സ്വന്തമായി ആരംഭിച്ച, പ. പരുമല തിരുമേനിയേയും പ. വട്ടശ്ശേരില്‍ തിരുമേനിയേയും മുഖ്യധാരയിലേയ്ക്കു കൊണ്ടുവന്ന് സഭയക്ക് ആദായപ്പെടുത്തിയ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കടന്നുപോയതിൻ്റെ 111-ാം വാര്‍ഷികമാണ് 2019 ജൂലൈ 11. സവ്യസാചിയായ ആ ക്രാന്തദര്‍ശിക്ക് അറിയപ്പെടാത്ത ഒരു മുഖംകൂടി ഉണ്ടായിരുന്നു. തികഞ്ഞ ഒരു ദീനദയാലുവിൻ്റെ ആര്‍ദ്ര ഹൃദയം.
ഒരുപക്ഷേ മലങ്കരസഭയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു 1901-ല്‍ കോട്ടയത്തുവെച്ചുനടത്തിയ മാര്‍ ദീവന്നാസ്യോസ് അഞ്ചാമൻ്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി. അതിലും വിപുലമോ ആയിരുന്നു 1909-ലെ അദ്ദേഹത്തിൻ്റെ 30 അടിയന്തിരം. 1,400 പറ അരിവെച്ച അടിന്തിര സദ്യായിരുന്നു എന്നു പറഞ്ഞാല്‍ത്തന്നെ അതിൻ്റെ വൈപുല്യ ഊഹിയ്ക്കാം. അതിനെപ്പറ്റിയുള്ള 1909 കര്‍ക്കിടകം ലക്കം മലങ്കര ഇടവക പത്രികയിലെ വാര്‍ത്തയുടെ ഒരു ഭാഗം ഇപ്രകാരമാണ്.
...സാധുക്കളെ പോറ്റുന്ന കാര്യത്തില്‍ കാലം ചെയ്ത തിരുമേനിയുടെ ആര്‍ദ്രത അദ്വിതീയമായിരുന്നു എന്നു അറിഞ്ഞിട്ടില്ലാത്തവര്‍ മലങ്കരെ ഇല്ല. ”പാവങ്ങള്‍ ഉണ്ടു പള്ള നിറയട്ടെ” എന്നുള്ളതു സദ്യ സംബന്ധിച്ചു തിരുമേനി പ്രയോഗിക്കുന്ന ഒരു സാധാരണ വാചകമാണ്. അവിടുത്തെ ആഗ്രഹം അവിടുത്തെ അടിയെന്തിരത്തില്‍ ധാരാളം സാധിച്ചു. സാധുക്കളുടെ ”പള്ള നിറക” മാത്രമല്ല കെട്ടിക്കൊണ്ടുപോകയും ചെയ്തു. ഇങ്ങനെ ഈ വലിയ അടിയെന്തിരം വളരെ ഭംഗിയായും അതു ആരുടെ നാമത്തില്‍ കഴിക്കപ്പെട്ടുവൊ ആ മഹാത്മാവിൻ്റെ മനസ്സിനും ആഗ്രഹങ്ങള്‍ക്കും അനുരൂപമായും കഴിഞ്ഞു. എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല…
ഈ പൊതു പരാമര്‍ശത്തേക്കാള്‍ ഉപരിയായി മാര്‍ ദീവന്നാസ്യസ് അഞ്ചാമൻ്റെ ഹൃദയാദ്രതയെക്കുറിച്ച് എം. പി. വര്‍ക്കി എഴുതി, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള 1901-ല്‍ പ്രസിദ്ധകരിച്ച മലങ്കരയിടവകയുടെ മാര്‍ ദീവന്നാസ്യോസ മെത്രാപ്പോലീത്താ എന്ന ജീവചരിത്രത്തില്‍ വ്യക്തമായ രണ്ടു സംഭവങ്ങള്‍ എടുത്തുപറയുന്നുണ്ട്. അവകൂടി ചേര്‍ത്തു വായിച്ചാല്‍ മാത്രമാണ് ഈ പരാമര്‍ശനം കേവലം ഭംഗിവാക്കല്ല എന്നു മനസിലാകുക.
…കത്തനാരായിരുന്ന കാലത്തു ഒരിക്കല്‍ നമ്മുടെ കഥാനായകന്‍ കോഴിക്കോട്ടുനിന്നു കണ്ണൂര്‍ക്കു കടല്‍വഞ്ചിയില്‍ പോകയായിരുന്നു. മിക്കവാറും മഹമ്മദീയരായിരുന്ന യാത്രക്കാരുടെ കൂട്ടത്തില്‍ ഒരു ശൂദ്രസ്ത്രീയും കുട്ടിയും കൂടിയുണ്ടായിരുന്നു. മാര്‍ഗ്ഗമദ്ധ്യേ ഈ സ്ത്രീക്കു വിഷൂചിക ആരംഭിച്ചു. വഞ്ചിയിലുണ്ടായിരുന്ന മഹമ്മദീയര്‍ ഈ സാധുസ്ത്രീയെ ഒട്ടും തന്നെ സഹായിച്ചില്ലെന്നു മാത്രമല്ല വളരെ നിന്ദ്യമായി പെരുമാറുകയും ചെയ്തു. നമ്മുടെ കഥാനായകനോ ശമറിയക്കാരനെപ്പോലെ തൻ്റെ ഭൃത്യന്മാരെക്കൊണ്ടു കാപ്പി തയ്യാറാക്കുക മുതലായ ശുശ്രൂഷകള്‍ ചെയ്യിക്കയും ഭയഭരിതയായ ആ അബലയെ ഓരോന്നു പറഞ്ഞു ആശ്വസിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ എത്തിയപ്പോള്‍ അദ്ദേഹം തന്നെ ഈ സ്ത്രീയുടെ വഞ്ചിക്കൂലി കൊടുക്കുകയും അവരെ ഒരു ശൂദ്രവീട്ടില്‍ കൊണ്ടുപോയി ആക്കിപ്പോരികയും ചെയ്തു…
ഇതാണ് ഒന്നാമത്തെ സംഭവം.
…ധര്‍മ്മവിഷയത്തില്‍ നമ്മുടെ കഥാനായകനുള്ള താല്പര്യം സുപ്രസിദ്ധമാണ്. അഹോവൃത്തിക്കു നിവൃത്തിയില്ലാത്ത സമയത്തുകൂടി കയ്യിലുള്ളതു ധര്‍മ്മം കൊടുക്കും. ധര്‍മ്മം എത്ര കൊടുത്താലും ആവശ്യങ്ങള്‍ മുട്ടിയെന്നു വന്നിട്ടില്ല. അന്ത്യോക്യായില്‍ നിന്നു വന്ന ഉടനേ നമ്മുടെ കഥാനായകന്‍ ഒരിക്കല്‍ കൊച്ചിയില്‍ താമസിക്കയായിരുന്നു. പള്ളിക്കാര്‍ സ്വാധീനപ്പെടാതെയിരുന്ന ഇക്കാലങ്ങളില്‍ കൈവശം പണം ധാരാളം ഉണ്ടായിരിക്കാന്‍ നിവൃത്തിയില്ലല്ലൊ. നിത്യച്ചിലവിനു മുട്ടിയപ്പോള്‍ ധര്‍മ്മതല്പരത അല്പമൊന്നു കുറയ്ക്കണമെന്നു ഭൃത്യന്മാര്‍ നിര്‍ബന്ധിച്ചതിനെ അധികം ആലോചിക്കാതെ സമ്മതിച്ചുപോയി. ഇതില്‍ പിന്നെ വന്ന ഭിക്ഷക്കാരെയൊക്കെ ഭൃത്യന്മാര്‍ ഓരോ ഉപായം പറഞ്ഞു മടക്കിയയ്ക്കാന്‍ തുടങ്ങി. നമ്മുടെ കഥാനായകനു ഓരോരുത്തര്‍ സൌജന്യമായി കൊടുത്തുവന്നിരുന്ന പണത്തിൻ്റെ വരവു അതോടു കൂടി പെട്ടെന്നു നിന്നു. ഇതു കണ്ടപ്പോള്‍ അദ്ദേഹം പശ്ചാത്തപിച്ചു പള്ളിയകത്തു കേറി ദൈവത്തോടു മാപ്പപേക്ഷിച്ചു പ്രാര്‍ത്ഥിക്കുകയും ഇനിയൊരിക്കലും ധര്‍മ്മവിഷയത്തില്‍ ഉപേക്ഷ കാണിക്കുകയില്ലെന്നു ശപഥം ചെയ്യുകയും ചെയ്തു. പള്ളിയില്‍ നിന്നു തിരിച്ചു വന്നപ്പോള്‍ വളരെ ഭിക്ഷക്കാര്‍ തന്നെ കാത്തു നില്‍ക്കുന്നു. കയ്യില്‍ ആകപ്പാടെ രണ്ടു രൂപയെ ഉള്ളൂ. അതു കൊടുത്താല്‍ അത്താഴത്തിനു നിവൃത്തിയൊന്നുമില്ലെന്നു ഭൃത്യന്മാര്‍ ശാഠ്യം പറഞ്ഞു എങ്കിലും അതു വകവയ്ക്കാതെ രൂപ രണ്ടും മാറി ധര്‍മ്മമാര്‍ക്കു വീതിച്ചു കൊടുത്തു. ഉടനേ അത്താഴത്തിനു ഒരുങ്ങേണ്ട സമയമായി. ഒരുമണി അരിയോ ഒരു ചെമ്പുകാശോ കയ്യിലില്ല. സാമാനങ്ങളുടെ കൂട്ടത്തില്‍ ഒരു വെള്ളിക്കൈല്‍ (സ്പൂണ്‍) ഉണ്ടായിരുന്നു. ഇതു കുത്തിയൊടിച്ചു വില്‍ക്കാമെന്നുറച്ചു എടുത്തപ്പോള്‍ ഉണ്ടു ചില പള്ളിപ്രമാണികള്‍ വരുന്നു. ഇവരുടെ കൈവശം പണമുണ്ടായിരുന്നതുകൊണ്ടു വെള്ളിക്കൈല്‍ തല്‍ക്കാലം ഒടിക്കാതെ കഴിഞ്ഞു… ഇതാണ് എം. പി. വര്‍ക്കി വര്‍ണ്ണിക്കുന്ന രണ്ടാമത്തെ സംഭവം.
ഇതിനെക്കാളോക്കെ വികാരഭരിതമാണ് പുലത്തുരുത്തില്‍ ചാക്കോ ചാക്കോ വിവരിക്കുന്ന സ്വന്തം കഥ. ചിങ്ങവനം സ്വദേശിയായ ഒരു ക്‌നാനായ സമുദായാംഗമായിരുന്നു ഇദ്ദേഹം. മൂന്നാം വയസില്‍ അസുഖം മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടു. ഏറെ ചികിത്സ ചെയ്തിട്ടും കാഴ്ചശക്തി തിരികെ ലഭിക്കാത്തതിനാല്‍ അക്ഷരാഭ്യാസം ഉണ്ടായില്ല. സ്വന്ത താല്പര്യപ്രകരം പരുമല സെമിനാരിയിലെ അന്തേവാസിയായ ചാക്കോ പിന്നീട് പഴയ സെമിനാരിയിലായിരുന്നു വാസം.
കവിത്വം ജന്മസിദ്ധമായി ഉണ്ടായിരുന്ന ചാക്കോ ചാക്കോയുടെ മാര്‍ ദീവന്നാസ്യോസ് ചരിത്ര ഗീതം, കീര്‍ത്തനങ്ങള്‍, മാര്‍ ഗ്രീഗോറിയോസ് പാന എന്നീ പദ്യ കൃതികള്‍ പഴയ സെമിനാരിയിലെ മാര്‍ത്തോമ്മ പ്രസില്‍നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. 1909-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കാലം ചെയ്തപ്പോള്‍ ചാക്കോ ചാക്കോ എഴുതിയ മാര്‍ ദീവന്നാസ്യോസ് പാനയിലെ ആത്മകഥാപരമായ ഭാഗം മാര്‍ ദീവന്നാസ്യോസ് അഞ്ചാമൻ്റെ ദീനദയാലുത്വത്തിൻ്റെ ഹൃദയസ്പര്‍ശിയായ പ്രകടനമാണ്.
അന്നഭോജനമിനിക്കേകിതന്‍ തൃപ്പാദെതാന്‍
കല്പിച്ചടിയാനെയും പാര്‍പ്പിച്ചതോര്‍ത്തിടുമ്പോള്‍
അപ്പനുപകരം പൊന്നപ്പനെയേല്പിച്ചെന്നെ,
തന്തയും ജനനിയുമെന്നെ പിരിഞ്ഞശേഷം
സന്താപം തീര്‍ത്തിടുവാന്‍ തന്തയായ് പൊന്നുതാതന്‍
ആദ്യമായ് പിതാവെന്നെ കണ്ടൊരുനാള്‍മുതലെ
ആര്‍ദ്രതയാലാഹാരം തന്നുതുടങ്ങിയല്ലൊ
ആദ്യമിനിക്കുകാഴ്ചകിട്ടുവാനാശിച്ചുതാന്‍
ആദ്യമെ മദ്രാസിന്നുപോകുവാന്‍ ദ്രവ്യം നല്‍കി.
പിന്നെയെന്‍പുസ്തകങ്ങള്‍ വേഗം ചിലവാക്കുവാന്‍
എന്നോടുള്ള പ്രിയത്താല്‍ കല്പനകയ്യില്‍തന്നു
കല്പിച്ചൊരുമോതിരം താതനിനിക്കുനല്‍കി
കല്പനമൂലമിനിക്കെത്രയൊ സഹായിച്ചു.
തൻ്റെ സ്വന്തമായുള്ള സിമ്മനാരിയില്‍ നിന്നും
എൻ്റെ മരണത്തോളം അഷ്ടികല്പിച്ചുതാതന്‍
ദൈവമേ! നിൻ്റെ തിരുദാസന്‍മൂലമീയെന്നെ
ആഹാരംതന്നുനിത്യം പാലിച്ചതോര്‍ത്തീടുമ്പോല്‍
നിന്നാലങ്ങഭിഷേകം ചെയ്യപ്പെട്ടൊരുതാതന്‍
എന്നെപ്പിരിഞ്ഞതോര്‍ത്താലെന്നേക്കും താപം തന്നെ.
രാക്ഷകാ നിന്‍ദാസനാം താതൻ്റെ തിരുമുമ്പില്‍
അക്ഷിഹീനനാമടിയാനങ്ങണഞ്ഞിടുമ്പോള്‍
പൊന്നുപിതാവിന്‍തിരുവാതുറന്നെന്നോടായി
പൊന്നുതിരുവചനം തേന്‍പൊഴിയുന്നപോലെ.
മക്കളെ മകനെയെന്നുള്ളം നിറഞ്ഞീടുവാന്‍
തക്കതായുള്ള തിരുകല്പന ചോദ്യങ്ങളും
മൊക്കെയോര്‍ക്കുമ്പോളെന്റെ മനസ്സും കത്തുന്നല്ലോ
ഓമനയേറും തൻ്റെ തക്കത്തിരുമുഖവും
ആനന്ദം കലര്‍ന്നുള്ള തന്റെ തിരുമൊഴിയും
കണ്ടുംകേട്ടും നില്പാനായ് തന്നെമോഹിക്കും മക്കള്‍
അന്ത്യമായി പിതാവിൻ്റെ തൃക്കരം മുത്തിടുവാന്‍
അന്ധനാമടിയാനും ചെന്നങ്ങടുത്തനേരം
എൻ്റെ പേര്‍ക്കായ് മകനെ പ്രാര്‍ത്ഥിക്കുന്നുണ്ടൊയെന്നു
എൻ്റെ പിതാവെന്നോടായ് കല്പിച്ചു ചോദിച്ചെല്ലോ.
ഈ വരികളെ താഴെ പറയുംവിധം പരാവര്‍ത്തനം ചെയ്യാം.
1. മാതാപിതാക്കള്‍ നഷ്ടപ്പെട്ട തനിക്ക് പിതാവായിരുന്നു മാര്‍ ദീവന്നാസ്യോസ്.
2. ആദ്യം കണ്ട ദിവസം മുതല്‍ അദ്ദേഹം കവിക്കു ഭക്ഷണം നല്‍കുമായിരുന്നു.
3. അന്ധതാ നിവാരണ ചികിത്സയ്ക്ക് സ്വന്ത ചിലവില്‍ കവിയെ മദ്രാസിലയച്ചു.
4. കവിയുടെ പുസ്തകങ്ങള്‍ വേഗം വില്‍ക്കാന്‍ വില്‍ക്കാന്‍ കല്‍പ്പന നല്‍കി സഹായിച്ചു.
5. കവിയ്ക്ക് ഒരു മോതിരം സമ്മാനമായി നല്‍കി.
6. കവിയുടെ മരണംവരെ പഴയ സെമിനാരിയില്‍ നിന്നും ഭക്ഷണം കൊടുക്കണമെന്നു കല്പിച്ചു ഏര്‍പ്പാടാക്കി.
7. അന്ത്യശയ്യയില്‍ സന്ദര്‍ശിച്ച അന്ധനായ തന്നോട് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്നു ചോദിച്ചു.
ദീനാനുകമ്പ മാത്രമല്ല മാര്‍ ദീവന്നാസ്യോ അഞ്ചാമന് ദീര്‍ഘവിക്ഷണവും ഉണ്ടായിരുന്നു എന്ന് അനാഥനായ അന്ധകവിയക്ക് മരണപര്യന്തം പഴയ സെമിനാരിയില്‍നിന്നും ഭക്ഷണം കൊടുക്കണമെന്നു – സ്വാഭാവികമായും താമസവും സംരക്ഷണവും കൂടി – ശട്ടംകെട്ടിയതില്‍നിന്നും വ്യക്തമാണ്.
മാര്‍ ദീവന്നാസ്യോസ് അഞ്ചാമൻ്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിക്ക് കന്നുകുഴിയില്‍ കുരുവിള എന്‍ജിനിയര്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.
…ഒരു ഉത്തമ രാജര്‍ഷിക്കു ചേര്‍ന്ന ഈ ഉല്‍കൃഷ്ടസ്വഭാവം എന്താകുന്നു. വെളിപാട് പുസ്തകപ്രകാരം നമ്മുടെ നിത്യരാജര്‍ഷിയുടെ വലങ്കയ്യില്‍ ഉള്ള എഴു നക്ഷത്രങ്ങള്‍ പോലെ ഇരിക്കുന്ന ഏഴു നിര്‍ദ്ദേശക വചനങ്ങള്‍ കൊണ്ടു മാത്രം ഈ സ്വഭാവത്തെ സൂചിപ്പിച്ചു എൻ്റെ പ്രഖ്യാപനത്തെ ഞാന്‍ അവസാനിപ്പിപ്പാന്‍ വിചാരിക്കുന്നു. ഒന്നാമത്തെ നക്ഷത്രം പോലെ ഇരിക്കുന്ന ലക്ഷണം പരോപകാരനഗ്നഖം. സാധാരണ മഹാന്മാര്‍ പരോപകാര തല്പരന്മാര്‍ ആകുന്നു. എന്നാല്‍ തിരുമേനി സ്വീകരിച്ചിരിക്കുന്ന അസിധാരവ്രതത്താല്‍ ‘പരോപകാരാര്‍ത്ഥമിദം ശരീരം’ എന്നുള്ള പ്രമാണത്തെ പൂര്‍ണ്ണമായി അനുസരിച്ചിരിക്കുന്നതും മശിഹായുടെ വചനപ്രകാരം സ്വര്‍ഗ്ഗവാസികളുടെ സ്ഥിതിയെ അനുകരിക്കുന്ന ഈ വ്രതത്തോടു ദൈവം ഘടിപ്പിച്ചിരിക്കുന്ന ശക്തികളും അനുഗ്രഹങ്ങളും എത്ര മാഹാത്മ്യം ഉള്ളവ എന്നു തൻ്റെ സഹോദരന്മാര്‍ക്കു പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നതും ആകുന്നു…
അതേ, തീര്‍ച്ചയായും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഉത്തമ രാജര്‍ഷി ആയിരുന്നു. സഭയിലെ നവ തലമുറയ്ക്ക് അത് അറിയില്ലങ്കിലും.
ഡോ. എം. കുര്യന്‍ തോമസ്
(‘OVS Online’, 10 ജൂലൈ 2019)
https://ovsonline.in/articles/pulikkottil-joseph-mar-dionysius/