ശുദ്ധമുള്ള നോമ്പിലൂടെ ആത്മ ശുദ്ധിയുള്ളവരാകാം …..
ധ്യാന വേദി – ലക്കം 2
സമൂഹമായി മാന്യതയോടെ ജീവിക്കുവാന്‍ ഏറെ ഇഷ്ട്ടപെടുന്നവരാണ് മനുഷ്യര്‍, എന്നാല്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും അവഗണിക്കപ്പെടുന്ന, പിന്തള്ളപ്പെടുന്ന എന്നൊക്കെയുള്ള ചിന്തയാണ് ബന്ധങ്ങള്‍ക്കിടയില്‍ പലപ്പോഴും വിള്ളലുകള്‍ വീഴ്ത്തുന്നത്. ഈ പരിശുദ്ധ നോമ്പിലൂടെ നാം തിരികെ പിടിക്കേണ്ട ചില ബന്ധങ്ങളുണ്ട്. മതത്തിന്‍റെയും, കുടുംബ മഹിമയുടെയും, സമ്പത്തിന്റെയും ഒക്കെ പേരില്‍ നാം പാളയത്തിനു പുറത്തു അകറ്റി നിർത്തിയിരിക്കുന്നവരെ ക്രിസ്തു സ്നേഹത്തില്‍ തിരികെ പ്രവേശിപ്പിക്കുവാന്‍ നമ്മുക്ക് സാധിക്കണം. “മതം ആചാരമാകാതെ മൂല്യമായി” ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമ്പോളാണ് നോമ്പും, ഉപവാസവും അതിൻ്റെ പൂര്‍ണതയില്‍ അനുഭവവേദ്യമാകൂ.
പരിശുദ്ധ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലെ വിശുദ്ധ ഏവന്‍ഗേലിയോന്‍ ഭാഗമായി പിതാക്കന്മാര്‍ ക്രമീകരിച്ചിരിക്കുന്നത്, വി. ലൂക്കോസിന്റെ സുവിശേഷം 5 ആം അദ്ധ്യായം 12 മുതല്‍ 16 വരെയുള്ള വാക്യങ്ങളാണ്. ശുദ്ധ – അശുദ്ധിയുടെ കാഴ്ചപ്പാടിൽ തീവ്ര “മതബോധം” പുറത്താക്കിയ ഒരു കുഷ്ഠ രോഗിയെ ക്രിസ്തു വിമോചനപ്പെടുത്തുന്നതാണ് പ്രസ്തുത വേദഭാഗം. പ്രധാനമായും രണ്ടു ചിന്തകളാണ് ഈ വേദഭാഗത്തില്‍ നാം കാണുന്നത്.
1) വീണ്ടെടുപ്പിന്റെ ദൈവ സ്പര്‍ശം.
ഒരു കുഷ്ഠരോഗിയെ സംബന്ധിച്ച സ്പര്‍ശനശേഷി തിരിച്ചറിയാന്‍ കഴിയുക സാധ്യമല്ല. ജീവിതത്തിലെ സര്‍വ സാധ്യതകളും അസ്തമിക്കുകയും, ഒപ്പം സാമൂഹികമായി പുറംതള്ളപ്പെടുത്തിന്റെയും വേദനയും ഈ രോഗിയെ സംബന്ധിച്ച് കൊടിയ വേദനയുടെ അനുഭവമാണ്. തന്‍റെ ശാരീരകവും, മാനസികവുമായ വേദനയെ, പ്രയാസത്തെ ആരും മനസിലാക്കുന്നില്ലെന്നുള്ള ചിന്തയും ഈ രോഗിയെ തളർത്തിയിരിക്കാം. ഇത്തരമൊരു ഇരുളടഞ്ഞ തലത്തിലാണ് ഈ കുഷ്ഠരോഗി മിശിഹാ തമ്പുരാൻ അതുവഴി കടന്നു വരുന്നു എന്ന് മനസിലാക്കി നിലവിളിയോടെ ക്രിസ്തുവിൻ്റെ അടുകലേക്ക് ചെല്ലുന്നതും ദൈവത്തിൻ്റെ ഇടപെടലിനായി വിശ്വാസത്തോടെ പൂർണമായും സമര്‍പ്പിക്കുനതും.
എനിക്ക് മനസുണ്ട്, നീ ശുദ്ധനാക്കുക എന്നുള്ള വാക്കും, അശുദ്ധിയെ ശുദ്ധമാക്കിയ സ്പര്‍ശനവും ഈ രോഗിക്ക് ജീവതത്തിൽ ഒരു പുതിയ തലമാണ് തുറന്നു കൊടുത്തത്. അശുദ്ധനാണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് സഞ്ചരിക്കേണ്ടി വരിക, ഉറ്റവരും ഉടയവരും പോലും ആട്ടിയോടിക്കുന്ന അനുഭവത്തില്‍, സ്വാന്തനം നല്‍കുന്ന സ്പര്‍ശനം ഒട്ടും ചെറുതല്ല. മറിച്ച്, നഷ്ടപ്പെട്ടുപോയ, തനിക്കു സമൂഹവും കുടുംബവും നിഷേധിച്ച ചില “സ്പര്‍ശനങ്ങളെ” ജീവിത്തിലേക്ക് തിരിച്ചു കൊടുക്കുകയായിരുന്നു. ഇന്ന് ക്രിസ്തുവിൻ്റെ രക്ഷാകരമായ ജീവിതത്തിലേക്ക് വിളിച്ചടിപ്പിച്ചവരായ നമ്മള്‍ക്ക്, നമ്മുടെ ചുറ്റുപാടില്‍ അകറ്റി നിർത്തിയിരിക്കുന്നവർക്കു ഈ സ്പർശനത്തെ പകർന്നു നല്‌കുവാൻ കഴിയുന്നുണ്ടോ? ഇല്ലായെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ദൈവികപരമായ എല്ലാ കൃപയുടെയും സ്പർശനത്തെ നാം സ്വാർത്ഥതയോടെ നമ്മിലേക്ക് മാത്രം കുഴിച്ചു മൂടിയതിനു ദൈവ സന്നിധിയിൽ നിശ്ചയമായും കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മൾക്ക് പകർന്നു കിട്ടിയ ദൈവിക സ്പർശനം സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്കും നഷ്ടപ്പെട്ടവർക്കുമായും പങ്ക് വെയ്ക്കുവാൻ നമ്മള്‍ക്ക് സാധിക്കണം, എങ്കില്‍ മാത്രമേ ദൈവിക രക്ഷാകര പദ്ധതിയുടെ ഭാഗമാകുവാന്‍ നമ്മൾക്കും സാധിക്കൂ.
2) വിമോചനത്തിന്റെ ദൈവ സ്പര്‍ശം.
രോഗിയെ സംബന്ധിച്ചു കുഷ്ഠം ശാരീരികപരമായ ഒരു ബലഹീനത മാത്രമായിരുന്നില്ല, മറിച്ചു സാമൂഹിക, മതപരമായ വേര്‍തിരിവും അവഗണനയുമായിരുന്നു ജനങ്ങളുടെ സ്വാഭാവിക ജീവിതക്രമത്തിൽ ആ രോഗിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. (സംഖ്യാ പുസ്തകം 5: 1) ഉറ്റവരും ഉടയവരുമുണ്ടായിട്ടും സമൂഹത്തില്‍ നിന്നും, ആലയത്തില്‍ നിന്നും, ആരാധനയില്‍ നിന്നും, കുടുംബത്തില്‍ നിന്നുമൊക്കെ ലഭിക്കേണ്ട കരുതലും, സ്നേഹവും നിഷേധിക്കപെട്ട ജീവിതത്തെയാണ് ദൈവ പുത്രനായ ക്രിസ്തു സ്പര്‍ശനത്തിലൂടെ വിമോചിപ്പിച്ച തിരികെ സാമൂഹിക ജീവിത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നത്. പുരോഹിതന് കാണിച്ചു കൊടുക്കുന്നതില്‍ക്കൂടി സാമൂഹിക മത ജീവിത്തിലേക്ക് ഒരു തിരിച്ചു വരവ് ഈ രോഗിക്ക് സാധ്യമാകുകയാണ്. നിർമലമായ ക്രൈസ്തവ ജീവിത ചുറ്റുപാടുകളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തിയിരിക്കുന്ന മനസിന്റെ കുഷ്ഠത്തിനെ വെടിപ്പാക്കുവാന്‍ ഈ പരിശുദ്ധ നോമ്പിലൂടെ നമ്മൾക്ക് കഴിയണം. എങ്കില്‍ മാത്രമേ കണ്ണറിയാത്ത കുരുടന്റെ ഞായറാഴ്ച എത്തുമ്പോഴേക്കും അക കണ്ണ് തുറന്ന് ദൈവത്തെയും, മനുഷ്യനെയും വ്യക്തമായി കാണാവുന്ന നിലവാരത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ. അതിന് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.
പ്രാര്‍ത്ഥന – പാളയത്തിനു പുറത്താക്കപ്പെട്ട കുഷ്ഠരോഗിയെ അതുഭതകരമായ സ്പർശനത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മിശിഹാ തമ്പുരാനെ, മനസിന്റെ കുഷ്ഠം മൂലം ജീവതത്തിലെ സ്വാർത്ഥതയുടെ തടവറയിൽ കഴിയുന്ന അടിയനെ അവിടുന്ന് മനസ് തോന്നി സ്പർശിക്കണമേ, ആമേന്‍.
ജെ. എന്‍
https://ovsonline.in/true-faith/50-day-lent-week1/