പരിശുദ്ധ വട്ടശേരിൽ മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാൾ തുടങ്ങി
കോട്ടയം :- പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ 82–ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ചെറിയ പള്ളിയിൽനിന്ന് പഴയ സെമിനാരിയിലേക്ക് റാസ നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തിയ റാസയിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോനിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, യൂഹാനോൻ മാർ പോളികാർപ്പസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരും പങ്കെടുത്തു.
ബെംഗളൂരു മാർ ദിവന്നാസിയോസ് ഓർത്തഡോക്സ് ഇടവകയിൽനിന്നും ഇടുക്കി ഭദ്രാസനത്തിൽനിന്നുമുള്ള വിശ്വാസികൾ ഏലിയാ കത്തീഡ്രലിൽഎത്തിയ ശേഷം പദയാത്രയായി പഴയസെമിനാരിയിലെത്തി. പാമ്പാടി, മല്ലപ്പള്ളി, പുതുപ്പള്ളി, ചിങ്ങവനം, മണലേൽ, കുടശനാട് വലിയപള്ളി എന്നിവിടങ്ങളിൽനിന്നുള്ള പദയാത്രകളും വാഹനതീർഥാടകരും എത്തിയിരുന്നു. തുടർന്ന് ധൂപപ്രാർഥനയും ശ്ലൈഹികവാഴ്‌വും ഉണ്ടായിരുന്നു. സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ഒ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മാനേജർ കെ. സഖറിയാ റമ്പാൻ പ്രസംഗിച്ചു. ഇന്ന് 8.30ന് കാതോലിക്കാബാവായുടെ പ്രധാനകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 11ന് സ്മൃതി ഓഡിറ്റോറിയത്തിൽ മർത്തമറിയം വനിതാ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
ഡോ. യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷതവഹിക്കും. ശ്രുതി മന്ദിരത്തിൽ സന്യാസസംഗമം മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. യാക്കോബ് മാർ ഐറേനിയസ് അധ്യക്ഷത വഹിക്കും. ഫാ. കോശി പി. ജോഷ്വ മുഖ്യസന്ദേശം നൽകും. സോഫിയാ സെന്ററിൽ ഭവനനിർമാണ സഹായ വിതരണം ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാർ തെയോഫിലോസ് അധ്യക്ഷത വഹിക്കും.