OVS - ArticlesOVS - Latest News

എന്താണ് മലങ്കര സഭയിലെ തർക്കം? – ഭാഗം മൂന്ന്

അബ്ദ്ദേദ് മശിഹാ മലങ്കരയിൽCopyright- www.ovsonline.in

മലങ്കരയുടെ മാനേജിംഗ് കമ്മറ്റിയുടെ ഔദ്യോഗികമായ ക്ഷണം സ്വീകരിച്ച് അബ്ദ്ദേദ് മശിഹാ പാത്രിയർക്കീസ് 1087 (1912) ഇടവം 23-ാം തീയതി ബോംബയിൽ എത്തി. തുടർന്ന് 31 -ാം തീയതി കുന്നംകുളങ്ങരയിലും തുടർന്ന് എറണാകുളത്തും എത്തി. വടക്കുള്ള പല പള്ളികളിലും അദ്ദേഹത്തെ പ്രവേശിപ്പിക്കാതിരിക്കാൻ കോനാട്ട് മൽപ്പാൻ്റെ നേതൃത്വത്തിൽ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. കർക്കടകം മൂന്നാം തീയതി അദ്ദേഹം മുളന്തുരുത്തിയിൽ എത്തി ചേർന്നു. 1088 ചിങ്ങം 14-ാം തീയതി വട്ടശേരിൽ മാർ ദീവന്നാസിയോസ് മാനേജിംഗ് കമ്മറ്റി വിളിച്ചു കൂട്ടി. അപ്പോഴേക്കും വട്ടിപ്പണക്കേസ് ഫയൽ ചെയ്തു കഴിഞ്ഞിരുന്നു. ആയതിൻ്റെ ചെലവുകൾ ചെയ്യുന്നതിനു യോഗം അനുമതി നൽകി. തുടർന്ന് കമ്മറ്റി അംഗങ്ങളും മറ്റ് നേതാക്കൻമാരും അബ്ദ്ദേദ് മശിഹാ പാത്രിയർക്കീസിനെ കണ്ട് കണ്ടനാട് ഭദ്രാസനത്തിൻ്റെ മുറിമറ്റത്തിൽ മാർ ഈവാനിയോസിനെ കാതോലിക്കായായി വാഴിക്കണമെന്നു ഔപചാരികമായി ആവശ്യപ്പെട്ടു. തുടർന്ന് 1088 ചിങ്ങം 17-നു പരുമല സെമിനാരിയിൽ നിന്ന് അബ്ദ്ദേദ് മശിഹാ പാത്രിയർക്കീസ് ഒരു സർക്കുലർ പുറപ്പെടുവിച്ചു. ആയതിൽ മലങ്കര സഭയ്ക്ക് ഒരു കാതോലിക്കായെയും നാലോ അഞ്ചോ മെത്രാപ്പോലീത്താമാരെയും സ്ഥാനാഭിഷേകം ചെയ്യണമെന്നുള്ള ബഹുമാനപ്പെട്ട മലങ്കര സമൂഹത്തിൻ്റെ ആഗ്രഹവും ആവശ്യവും അനുസരിച്ച് നാം പ്രവർത്തിക്കുന്നതാണ് എന്നു വ്യക്തമാക്കിയിരുന്നു. അതിൻപ്രകാരം 1088 (1912) ചിങ്ങം 26-ാം തീയതി കല്ലാശേരി പുന്നൂസ് റമ്പാനെ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാനായി വാഴിക്കുകയും ചെയ്തു.

1912 സെപ്തംബർ 15 – ഒരു നൂറ്റാണ്ടോളം തുടർന്ന ശേമ്യ ആധിപത്യത്തിനു മലങ്കര സഭ അന്ത്യം കുറിച്ചു. മൂറോനും പട്ടത്വവും വച്ചുള്ള അറബി കുതന്ത്രങ്ങൾ അറബി കടലിൻ്റെ ആഴത്തിൽ താഴ്ത്തി നസ്രാണികൾ അവരുടെ പൈതൃകമായ സ്വാതന്ത്ര്യം പുന:സ്ഥാപിച്ചു. മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടു. മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് മാർത്തോമായുടെ സിംഹാസനത്തിൽ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ സ്ഥാനാരോഹണം ചെയ്യപ്പെട്ടു. പ. ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയർക്കീസിൻ്റെ പ്രധാന കാർമികത്വത്തിൽ മലങ്കരയുടെ എപ്പിസ്കോപ്പൽ സുന്നഹദോസാണ് മാർ ഈവാനിയോസിനെ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തിയത്. തുടർന്ന് പാത്രിയർക്കീസ് പൊതുവായി രണ്ട് കൽപനകൾ അയച്ചു. 1958-ലും 1995-ലും 2017-ലും ബഹു. സുപ്രീം കോടതി പ്രത്യേകമായി പരിഗണിച്ചതും പാത്രിയർക്കീസിൻ്റെ അധികാരം അസ്തമന ബിന്ദുവിലായി എന്ന സവിശേഷ പരാമർശത്തിലേക്കു നയിച്ചതുമായ ആ രണ്ടു കൽപനകളുടെയും പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.Copyright- www.ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഒന്നാം കല്പന

സാരാംശസംപൂര്‍ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ തനിക്ക് സ്തുതി. അന്ത്യോഖ്യായുടെ ശ്ലൈഹീക സിംഹാസനത്തിന്‍റെ രണ്ടാമത്തെ അബ്ദേദ് മ്ശിഹാ ആകുന്ന ഇഗ്നാത്തിയോസ് പാത്രിയർക്കീസ്.

സെഹിയോന്‍ മാളികയില്‍ വച്ച് നമ്മുടെ കര്‍ത്താവേശു മ്ശിഹാ തന്‍റെ പരിശുദ്ധ ശിഷ്യന്മാര്‍ക്കു നല്‍കുകയും തന്‍റെ സാന്നിദ്ധ്യത്തില്‍ അവരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തതായ ദൈവികകൃപയും സ്വര്‍ഗ്ഗീയവാഴ്വും പരിശുദ്ധവും ആത്മീയവുമായ സമാധാനവും വിലയേറിയ തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ടവരും വിശുദ്ധ മാമോദീസായാല്‍ മുദ്രകുത്തപ്പെട്ടവരും സത്യവിശ്വാസത്താല്‍ അലംകൃതരും പത്രോസിനടുത്ത പാറമേല്‍ സുസ്ഥിതരും ഏവന്‍ഗേലിയോന്യവും പൈതൃകവുമായ കല്പനകളെ അനുസരിക്കുന്നവരുമായ വാഴ്ത്തപ്പെട്ട പ്രധാനാചാര്യന്മാരും വെടിപ്പുള്ള അഹരോന്യ പുരോഹിതന്മാരും നിര്‍മ്മലരായ അന്തോനിയോസ് ദയറായക്കാരും സമര്‍ത്ഥന്മാരും വിജ്ഞാനികളും ശോഭയുള്ളവരുമായ സ്തേപ്പാനോസ്യ ശെമ്മാശന്മാരും വിശ്വസ്തരായ എപ്പിത്രോപ്പന്മാരും പ്രധാനികളും ശ്രേഷ്ഠരായ വൃദ്ധന്മാരും സുരക്ഷിതരായ ശിശുക്കളും പൈതങ്ങളും പരിപാകതയുള്ള സ്ത്രീകളും പുത്രിമാരും എല്ലാ പ്രായത്തിലും അളവിലും ഇരിക്കുന്ന വിശ്വാസികളുമായി ഇന്ത്യയിലെ മലബാര്‍ ദേശത്ത് പിതാവാംദൈവത്തിന്‍റെ കരുണയുടെ നിഴലിന്‍കീഴില്‍ നിവസിക്കുന്ന നമ്മുടെ അനുഗൃഹീതരും വാഴ്ത്തപ്പെട്ടവരുമായ സ്നേഹിതന്മാരും വത്സലരുമായവരുടെ ശിരസ്സുകള്‍ മേല്‍ വന്നു ആവസിക്കുമാറാകട്ടെ. ദൈവമായ കര്‍ത്താവിന്‍റെ അനുഗ്രഹം ശാരീരികവും മാനസികവുമായ എല്ലാ പരീക്ഷകളില്‍ നിന്നും അവരെ രക്ഷിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ മറിയാമ്മിന്‍റെയും സകല പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതയില്‍ത്തന്നെ ആമ്മീന്‍.

ബഹുമാനമുള്ളവരും ആത്മീയരുമായ പ്രിയപ്പെട്ടവരെ, കണ്ടനാട് ഇടവകയുടെ ബഹുമാനപ്പെട്ട പൗലോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെക്കുറിച്ച് നിങ്ങളുടെ സ്നേഹത്തോട് നാം അറിയിക്കുന്നതെന്തെന്നാല്‍, പരുമല സെഹിയോന്‍ പള്ളിയില്‍ വച്ച് മലങ്കരയുടെ അനുഗൃഹീതയോഗത്തില്‍ നിങ്ങളില്‍ നിന്നും കാതോലിക്കാസ്ഥാനത്തേയ്ക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം നമ്മുടെ പക്കല്‍ സന്നിഹിതനാവുകയും ആത്മദൃഷ്ടിയാല്‍ നാം പരിശോധിച്ചതില്‍ അദ്ദേഹത്തില്‍ നാം അത്യധികം സന്തുഷ്ടനാവുകയും ചെയ്തു. കുറ്റമില്ലാത്ത തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ട ആട്ടിന്‍പറ്റത്തെ മേയിപ്പാന്‍ സത്യവാന്മാരും ചൊവ്വുള്ളവരുമായ ഇടയന്മാര്‍ നിങ്ങള്‍ക്ക് ആവശ്യമാണെന്ന് നാം ഗ്രഹിച്ചു. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോഴുള്ളവര്‍ സഭാപരമായ ശ്രമങ്ങളുടെ സംരക്ഷണത്തിന് നിങ്ങള്‍ക്കു മതിയാകയില്ലെന്ന് നിങ്ങള്‍ പറയുന്നു. ഇപ്രകാരം നിങ്ങളുടെ ആത്മീയ സ്നേഹത്തിന്‍റെ സംസാരത്തില്‍ നിന്നും നമുക്കു ബോദ്ധ്യമായിരിക്കുന്നു. ആയതു സകലവിധത്തിലും സര്‍വദാ ഉദാസീനത കൂടാതെ പാലിക്കുവാന്‍ യുക്തവും വിഹിതവുമാകുന്നു. ദൈവം സഭയില്‍ ആദ്യമെ ശ്ലീഹന്മാരെയും പിന്നീട് ദീര്‍ഘദര്‍ശിമാരെയും അവരുടെശേഷം വ്യാഖ്യാതാക്കളെയും നിയമിച്ചു. എന്നിങ്ങനെ പറഞ്ഞിരിക്കുന്നവണ്ണം തന്നെ. ഇതു സഭയുടെ ക്രമീകരണത്തിനും മഹിമയ്ക്കും അതിന്‍റെ ആത്മീയമക്കളുടെ ക്രമപാലനത്തിനും അത്രേ. നീ എന്‍റെ കുഞ്ഞാടുകളെ മേയിക്ക എന്‍റെ പള്ളാടുകളെ മേയിക്ക; എന്‍റെ പെണ്ണാടുകളെ മേയിക്ക എന്നു നമ്മുടെ കര്‍ത്താവേശുമിശിഹാ ശിമവോന്‍ കീപ്പായോട് മൂന്നു പ്രാവശ്യം അരുളിച്ചെയ്തുകൊണ്ട് ഭരമേല്പിച്ച കര്‍ത്തൃപരമായ ക്രമപ്രകാരം ഇടയസ്ഥാനത്തിന്‍റെ പദവിയില്‍നിന്ന് നിങ്ങളുടെ അപേക്ഷയെ സാധിച്ചുതരേണ്ടത് യുക്തവും ന്യായവുമാകുന്നുവല്ലൊ. ആയതു നന്മയോ തിന്മയോ ആയ പ്രവൃത്തികള്‍ക്കനുസരണമായി ഓരോരുവനേയും ന്യായം വിധിപ്പാന്‍ താന്‍ ഏഴുന്നെള്ളുമ്പോള്‍ മറുപടി കൊടുപ്പാന്‍ കഴിയാതെ സത്യ ഇടയനും എല്ലാ ഇടയന്മാരുടെയും നാഥനുമായവന്‍റെ സന്നിധിയില്‍ നമുക്കും കുറ്റം ഉണ്ടാകാതിരിക്കേണ്ടതിനത്രെ. നീതിമാനായ ഈയൂബ് ‘വിധി ദിവസത്തില്‍ ദൈവം എഴുന്നേല്‍ക്കുമെങ്കില്‍ ഞാന്‍ എന്തു ചെയ്യേണ്ടൂ. ഞാന്‍ എന്തു മറുപടി കൊടുക്കും?’ എന്ന് ചോദിച്ചിരിക്കുന്നു. വീണ്ടും കര്‍ത്താവിന്‍റെ നിരൂപണ ശക്തിയുള്ളതും, മനുഷ്യന്‍റേത് ബലഹീനവുമാകുന്നു എന്ന് ഏശായ ദീര്‍ഘദര്‍ശിയും പറഞ്ഞിരിക്കുന്നു. ഇതു നിമിത്തം നമ്മുടെ കര്‍ത്താവേശുമിശിഹാ ശിമവോന്‍ കീപ്പായെ ഭരമേല്പിച്ച കര്‍ത്തൃപരമായ ക്രമപ്രകാരമുള്ള ഇടയസ്ഥാനത്തിന്‍റെ പദവിയില്‍ നിന്നും ചെയ്തുതരുവാന്‍ നമുക്കു വേണ്ടിയിരിക്കുന്നവണ്ണം നമ്മുടെ സത്യസഭയുടെ വിശ്വാസാനുസരണം പരിശുദ്ധസഭയുടെ ക്രമത്തില്‍ നടത്തിപ്പിന് ആവശ്യമായിരിക്കുന്ന എല്ലാ ആത്മീയാംശങ്ങളെയും ശുശ്രൂഷിപ്പാനായിട്ട് കാതോലിക്കായെ (അഥവാ മപ്രിയാനായെ) നിങ്ങള്‍ക്കു നിലനിര്‍ത്തുവാന്‍ നാം പ്രേരിതനായി. ദൈവത്തിലും പരിശുദ്ധറൂഹായിലും നാം ശരണപ്പെട്ടു. താന്‍ മനസ്സാകുന്നിടത്തു ഊതുകയും ആവസിക്കുകയും തന്‍റെ ആവാസത്തിന്‍ പ്രകാശത്തില്‍ എല്ലാ ബോധങ്ങളെയും പ്രകാശിപ്പിക്കുകയും ആത്മികങ്ങളും രഹസ്യപരങ്ങളുമായ എല്ലാ നല്‍വരങ്ങളെയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ആത്മാവ് ഇഷ്ടപ്പെടുന്നിടത്തു ഊതുന്നു. അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നു എന്നോ എവിടേക്കു പോകുന്നു എന്നോ നീ അറിയുന്നില്ല.

നിരണത്തു വിശുദ്ധ ദൈവമാതാവിന്‍റെ പള്ളിയില്‍വച്ചു മലങ്കരയിലെ മെത്രാപ്പോലീത്തന്മാരുടെ തലവനായ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടും ശേഷം മേല്പട്ടക്കാരോടും ദയറാക്കാരോടും ശെമ്മാശന്മാരോടും വിശ്വാസികളുടെ വലിയ ഒരു സമൂഹത്തോടുംകൂടി മിശിഹാകാലം 1912 കന്നി മാസം 2-ാം തീയതി ഞായറാഴ്ച നാം സന്നിഹിതനായി. നിങ്ങളുടെ അപേക്ഷാനുസരണം നമ്മുടെ ആത്മിക വാത്സല്യവാനായ ഈവാനിയോസിനെ ബസ്സേലിയോസ് എന്ന നാമധേയത്തില്‍ (മപ്രിയാനയായി) കിഴക്കിന്‍റെയും ഇന്ത്യയിലും മറ്റുമുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെയും കാതോലിക്കായായി നാം പട്ടം കൊടുത്തിരിക്കുന്നു. തദവസരത്തില്‍ എല്ലാ പിതാക്കന്മാരും ശേഷം ജനങ്ങളും ഒക്സിയോസ്, ഒക്സിയോസ്, ഒക്സിയോസ്, മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാ യോഗ്യനും അര്‍ഹനുമാകുന്നു എന്ന് ഏകസ്വരത്തില്‍ അട്ടഹസിച്ചു പറഞ്ഞു. വിളിക്കു യോഗ്യനായിത്തീര്‍ന്നപ്രകാരം അദ്ദേഹം കാതോലിക്കാ ആയി ആഘോഷിക്കപ്പെടുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. നമ്മുടെ കര്‍ത്താവേശുമിശിഹായാല്‍ പരിശുദ്ധ ശ്ലീഹന്മാര്‍ക്കു ദാനം ചെയ്യപ്പെട്ടതുപോലെ. ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസ്സോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി പരിശുദ്ധ സഭയുടെ ക്രമപാലനത്തിനാവശ്യമായ എല്ലാ ആത്മിക അംശങ്ങളും പൊതുവായി ശുശ്രൂഷിപ്പാന്‍ അദ്ദേഹത്തിനു പരിശുദ്ധ റൂഹായാല്‍ അധികാരം നല്‍കപ്പെട്ടു. അതായത്, മെത്രാപ്പോലീത്തന്മാരെയും എപ്പിസ്കോപ്പന്മാരെയും പട്ടംകെട്ടുവാനും പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്യുവാനും ആത്മികങ്ങളായ ശേഷമുള്ള എല്ലാ അംശങ്ങളെയും ശുശ്രൂഷിക്കുവാനും പ്രത്യേകിച്ചു ഇതുവരെയും ഭരിച്ചിരുന്നതുപോലെ കണ്ടനാട് ഇടവകയെ ഭരിപ്പാനും തന്നെ. ഇതു നിമിത്തം നിങ്ങളുടെ സന്തോഷം ആത്മികവും പരിപൂര്‍ണവും ആകുമാറ് ആത്മികശബ്ദത്തില്‍ നമ്മോടൊന്നിച്ച് അവര്‍ ഉച്ചൈസ്തരം ഘോഷിച്ചു.

വീണ്ടും വാഴ്ത്തപ്പെട്ട നമ്മുടെ ആത്മീയമക്കളെ, നിങ്ങള്‍ എല്ലാവരെയും നാം പ്രബോധിപ്പിക്കുന്നതു എന്തെന്നാല്‍ ഈ ബഹുമാന്യനായ പിതാവിനെ നിങ്ങള്‍ അനുസരിക്കേണ്ടതു നിങ്ങളുടെ മുറയാകുന്നു. നിങ്ങള്‍ അദ്ദേഹത്തെ യുക്തമായും ഉചിതമായും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍ അദ്ദേഹം നിങ്ങളുടെ തലവനും ഇടയനും ആത്മീയപിതാവുമാകുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവന്‍ നമ്മെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ കൈക്കൊള്ളുന്നവന്‍ നമ്മെ കൈക്കൊള്ളുന്നു. അദ്ദേഹത്തിന്‍റെ ചൊവ്വുള്ള വചനങ്ങളെ കൈക്കൊള്ളാതിരിക്കുകയും പരിശുദ്ധസഭയുടെ കാനോനനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്ക് എതിരായി നിന്ന് ധിക്കരിക്കുകയും മത്സരിക്കുകയും ചെയ്യുന്ന എല്ലാവരും കുറ്റക്കാരായിത്തീരുന്നതാണ്. മത്സരത്തില്‍നിന്നും നിയമലംഘനത്തില്‍ നിന്നും സൂക്ഷിച്ചുകൊള്‍വിന്‍. അനുസരിക്കുന്നവരുടെമേല്‍ കര്‍ത്തൃസന്നിധിയില്‍ നിന്നും കൃപയും വാഴ്വും വസിക്കും. അദ്ദേഹം ദൈവകല്പനയെ ലംഘിക്കുകയോ നീതിയുടെ മാര്‍ഗം വെടിഞ്ഞ് നടക്കുകയോ ചെയ്യുകയില്ലെന്ന് ദൈവത്തില്‍ നമുക്കു ശരണമുണ്ട്.

നമ്മുടെ അപേക്ഷ ഇതു മാത്രമാകുന്നു. നമ്മുടെ ഹൃദയ സന്തോഷം പരിപൂര്‍ണമാകുവാന്‍ നിങ്ങള്‍ പരസ്പരം സ്നേഹത്തിലും ഐക്യതയിലും ഇരിപ്പിന്‍.

വീണ്ടും നാം അപേക്ഷിക്കുന്നു. സൈത്തുപര്‍വതത്തില്‍ വച്ച് പരിശുദ്ധ തൃക്കൈകള്‍ നീട്ടി വിശുദ്ധ ശ്ലീഹന്മാരെ വാഴ്ത്തിയവനായ കര്‍ത്താവേശുമിശിഹാ പരിശുദ്ധവും ദൈവികവുമായ അദൃശവലതുകൈ നീട്ടി ദൈവികങ്ങളായ അനുഗ്രഹങ്ങളാല്‍ നിങ്ങളെല്ലാവരെയും വാഴ്ത്തുമാറാകട്ടെ. നിങ്ങളില്‍നിന്നും ശാരീരികവും ആത്മികവുമായ എല്ലാ പരീക്ഷകളെയും കടത്തിക്കളയട്ടെ. നിങ്ങളുടെ സമ്പാദ്യത്തെയും നിങ്ങള്‍ക്കുള്ള സകലത്തെയും താന്‍ വാഴ്ത്തുമാറാകട്ടെ. നിങ്ങളുടെ മുമ്പില്‍ കരുണയുടെ വാതിലിനെ താന്‍ തുറക്കുമാറാകട്ടെ. തന്‍റെ അനുഗ്രഹങ്ങളും കൃപയും നിങ്ങളെല്ലാവരുടെമേലും ചൊരിയുകയും തന്‍റെ വലത്തു തൃക്കൈയാല്‍ നിങ്ങളെ താങ്ങുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ആത്മാക്കളുടെ രക്ഷയ്ക്കായി താന്‍ നിങ്ങളെ സഹായിക്കുകയും എല്ലാ സല്‍പ്രവൃത്തികളിലും നിങ്ങളെ തുണയ്ക്കുകയും എല്ലാ ദുഷ്പ്രവൃത്തികളില്‍ നിന്നും നിങ്ങളെ വീണ്ടുകൊള്ളുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ഇടയിലും നിങ്ങളുടെ ഹൃദയത്തിലും തന്‍റെ സ്നേഹം വിതയ്ക്കുകയും നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനും സുകൃതനടപടികളാല്‍ നിങ്ങളെ നടത്തുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ദേശത്തു ദൈവം നിങ്ങളെ സമാധാനപ്പെടുത്തുകയും ന്യായാധിപന്മാരുടെ ഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ച് കരുണയും ഭയവും തോന്നിക്കുകയും ചെയ്യട്ടെ. സന്തോഷങ്ങളുടെ കാലങ്ങളെ എല്ലായ്പോഴും നിങ്ങള്‍ക്കു നല്‍കുകയും ചെയ്യട്ടെ.

താന്‍ നിങ്ങളുടെമേലും നിങ്ങളുടെ ഭവനങ്ങളുടെമേലും കൃപയും അനുഗ്രഹവും ചൊരിയട്ടെ. നിങ്ങളെയും നിങ്ങളുടെ മരിച്ചവരെയും നീതിമാന്മാരോടും പുണ്യവാന്മാരോടുമൊന്നിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് താന്‍ യോഗ്യരാക്കിത്തീര്‍ക്കട്ടെ. എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ നിങ്ങള്‍ വന്നു പ്രവേശിച്ച് ലോകസ്ഥാപനത്തിനു മുമ്പേ നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗരാജ്യം അവകാശിച്ചുകൊള്‍വിന്‍ എന്നു പറയുന്ന സന്തോഷശബ്ദം നിങ്ങളെയും അവരെയും താന്‍ കേള്‍പ്പിക്കട്ടെ. ആയത് ദൈവമാതാവായ മറിയാമിന്‍റെയും സകല വിശുദ്ധന്മാരുടെയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍ തന്നെ. ആമ്മീന്‍.

(ഒപ്പ്)

ദൈവകൃപയാല്‍ പൂര്‍വ്വിക സുറിയാനിജനതയുടെ പാത്രിയര്‍ക്കീസാകുന്ന അബ്ദേദ്മിശിഹാ. മിശിഹാകാലം 1912 കന്നി 2-ാം തീയതി നിരണംപള്ളിയിൽ വച്ച്Copyright- www.ovsonline.in

രണ്ടാം കൽപ്പന

സര്‍വ്വശക്തനായി, സാരാംശസമ്പൂര്‍ണ്ണനായിരിക്കുന്ന, ആദിയും അന്തവുമില്ലാത്ത നിത്യന്‍റെ നാമത്തില്‍ തനിക്കു സ്തുതി. അന്ത്യോക്യായിലെ ശ്ലൈഹിക സിംഹാസനത്തിന്‍റെ ബലഹീനനായ രണ്ടാമത്തെ അബ്ദേദ് മിശിഹായാകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്.

(മുദ്ര)

ദൈവത്താല്‍ കാക്കപ്പെട്ടിരിക്കുന്ന മലബാര്‍ ദേശവാസികളായ അനുഗ്രഹിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരുമാകുന്ന നമ്മുടെ വാത്സല്യവാന്മാരായ കാതോലിക്കായുടെയും വിശ്വാസികളായ ജനത്തിന്‍റെ തലവന്മാരായ മെത്രാപ്പോലീത്താമാരുടെയും പട്ടക്കാരും ദയറായക്കാരും ശെമ്മാശന്മാരും എപ്പിത്രോപ്പാമാരും വൃദ്ധന്മാരും യൗവനക്കാരും ശിശുക്കളും പൈതങ്ങളും വലിയവരും ചെറിയവരും പുരുഷന്മാരും സ്ത്രീകളുമായി വിശുദ്ധ മാമോദീസായുടെ റൂശ്മായാല്‍ മുദ്രകുത്തപ്പെട്ടിരിക്കുന്നവരുമായ നമ്മുടെ സര്‍വ്വമക്കളുടെയും ശിരസ്സുകളില്‍ ദൈവികസമാധാനവും സ്വര്‍ഗ്ഗീയ വാഴ്വുകളും വന്നാവസിക്കുമാറാകട്ടെ.

ആയത് ദൈവമാതാവിന്‍റെയും മാര്‍ തോമാശ്ലീഹായുടേയും തന്‍റെ സഖികളാകുന്ന പരിശുദ്ധ ശ്ലീഹന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ, ആമ്മീന്‍.

രണ്ടാം പ്രാവശ്യവും നിങ്ങള്‍ക്ക് നാം ആശീര്‍വാദങ്ങളെ തന്നശേഷം നിങ്ങളുടെ യഥാര്‍ത്ഥ സ്നേഹത്തോട് അറിയിക്കുന്നത്.

മിദിയാത്തില്‍ നമ്മുടെ ബലഹീനതയുടെ അടുക്കല്‍ നിങ്ങളുടെ എഴുത്തുകള്‍ എത്തിയതു മുതല്‍, മലബാറില്‍ നമ്മുടെ ആത്മീയ മക്കളുടെ ഇടയിലും പള്ളികളിലും അബ്ദുള്ളാ അഫന്‍ഡി വിതച്ചിട്ടുള്ള കുഴപ്പത്തെപ്പറ്റി നമുക്കു വളരെ ഖേദമുണ്ടായി. ദൈവിക തീക്ഷ്ണത നമ്മെ നിര്‍ബന്ധിക്കുകയാല്‍ സര്‍വ്വശക്തനായ ദൈവത്തില്‍ ശരണം വച്ചുകൊണ്ട് നാം എഴുന്നേറ്റു; നിങ്ങളുടെ അപേക്ഷപ്രകാരം മലബാറിലേക്കു വരുന്നതിന് ഉടനെ പുറപ്പെട്ടു. കരുണയുള്ള ദൈവം ഉപദ്രവം കൂടാതെയും വിരുദ്ധങ്ങള്‍ കൂടാതെയും നമ്മെ വഴിനടത്തി സമാധാനപൂര്‍വ്വം നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവന്നു. നമ്മുടെ പരിശോധനയില്‍ മലങ്കര മെത്രാപ്പോലീത്തയായ ദിവന്നാസ്യോസും അദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാവരും ചൊവ്വുള്ളവരാകുന്നു എന്നു നാം കണ്ടു. ഇവിടെ പരുമല സെമിനാരിയില്‍ നാം യോഗംകൂടി നിങ്ങളുടെ ആവശ്യത്തെപ്പറ്റിയും അബ്ദുള്ളാ അഫന്‍ഡി ചെയ്തിട്ടുള്ള അകാനോനിക ക്രിയകളെപ്പറ്റിയും നമുക്കു മനസ്സിലായി. മലബാറിലെ പരമാര്‍ത്ഥികളായ ദൈവകുഞ്ഞാടുകളുടെ ഇടയില്‍ ഉണ്ടായിട്ടുള്ള കലഹവും കൊലയും നിമിത്തവും നമ്മുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞു.

നമ്മുടെ ആത്മീയ വാത്സല്യഭാജനങ്ങളേ, അവന്‍റെ ഈ ക്രിയകള്‍ ദൈവത്തില്‍ നിന്നല്ല, പിന്നയോ സാത്താനില്‍ നിന്നത്രേ എന്ന് അറിഞ്ഞുകൊള്ളുവിന്‍. ദൈവിക കര്‍മ്മങ്ങള്‍ അറിയപ്പെട്ടിരിക്കുന്നു. അവ നിരപ്പ്, സമാധാനം, സ്നേഹം മുതലായ ആകുന്നുവല്ലോ. നമ്മുടെ ദൈവമായ മിശിഹാ ഒരുത്തനേയും കൊന്നിട്ടില്ല; കൊല്ലുവാന്‍ കല്പിച്ചിട്ടുമില്ല. എന്നാലോ പരമാര്‍ത്ഥികളായ തന്‍റെ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവന്‍ വയ്ക്കുകയത്രേ ചെയ്തത്. തന്‍റെ ഇടവയയ്ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുവാന്‍ അവിടുന്ന് തന്‍റെ ശിഷ്യരോട് കല്പിക്കുകയും ചെയ്തു. വൃക്ഷം അതിന്‍റെ ഫലങ്ങളാല്‍ അറിയപ്പെടുമെന്ന് അവിടുന്നരുള്‍ചെയ്തിരിക്കുന്നു.

ഇതുനിമിത്തം നമ്മുടെ കര്‍ത്താവിന്‍റെ കല്പനയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നവന്‍ തന്‍റെ സഭയെ പണിയുന്നില്ലെന്നും “അന്ത്യോക്യയിലെ ശ്ലൈഹിക സിംഹാസനത്തെ ഞങ്ങള്‍ സഹായിക്കുന്നു” എന്ന് അവര്‍ പറയുന്നത് പരമാര്‍ത്ഥികളെ വഞ്ചിപ്പാനാകുന്നു എന്നും നിങ്ങള്‍ തിരിച്ചറിഞ്ഞു കൊള്ളുവിന്‍. സിംഹാസനത്തിന്‍റെ നിലനില്പ് കൊലപാതകത്തിലോ, അത്യാഗ്രഹത്തിലോ, വഞ്ചനയിലോ, വ്യാജത്തിലോ, ലൗകികാധികാരത്തിലോ അല്ലെന്ന് അവര്‍ അറിയുന്നില്ല. എന്തെന്നാല്‍ ഇവ ലോകത്തിന്‍റേയും ജഡത്തിന്‍റേയും മോഹത്തില്‍ നിന്നല്ലാതെ ദൈവിക തീക്ഷ്ണതയില്‍ നിന്നു ജനിക്കുന്നവയല്ല എന്നു മനസ്സിലാക്കുവിന്‍.

നമ്മുടെ വാത്സല്യമക്കളേ, നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. നിത്യജീവന്‍ സമ്പാദിക്കണമെങ്കില്‍ ഇപ്രകാരമുള്ള മാര്‍ഗ്ഗങ്ങളില്‍ നിന്ന് അകന്നുകൊള്‍വിന്‍. എന്നാല്‍ വലിയ ദുഃഖത്തോടെ നമ്മുടെ കര്‍ത്താവേശുമിശിഹായോട് നാം അപേക്ഷിച്ചപ്പോള്‍ നിങ്ങളുടെ അപേക്ഷയും ആവശ്യവും നിവൃത്തിക്കുന്നതു നല്ലതാകുന്നു എന്നു വിശുദ്ധാത്മാവു മൂലം താന്‍ നമ്മെ അറിയിച്ചു. ഇതു നിമിത്തം ദൈവകൃപയാല്‍ നിങ്ങളുടെ അപേക്ഷപോലെ ബസ്സേലിയോസ് എന്ന നാമത്തില്‍ മഫ്രിയാനായേയും അതായത് കാതോലിക്കായെയും, മൂന്നു പുതിയ മെത്രാന്മാരെയും വാഴിച്ചു. അവരില്‍ ഒന്നാമതായി ഗീവറുഗീസ് ഗ്രീഗോറിയോസും, രണ്ടാമതായി യൂയാക്കീം ഈവാനിയോസും മൂന്നാമതായി ഗീവറുഗീസ് പീലക്സിനോസും ആകുന്നു. നാം കാതോലിക്കായെ വാഴിക്കാതിരുന്നാല്‍ മലബാറിലെ നമ്മുടെ സഭ പല കാരണങ്ങളാല്‍ വെടിപ്പിലും വിശുദ്ധിയിലും നിലനില്‍ക്കയില്ലെന്ന് നമുക്കു മനസ്സിലായി. എന്നാല്‍, ഇപ്പോള്‍ കര്‍ത്താവിന്‍റെ ശക്തിയാല്‍ വെടിപ്പിലും വിശുദ്ധിയിലും എന്നേക്കും അതു നിലനില്‍ക്കുമെന്നും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള സ്നേഹബന്ധത്തിന്‍റെ സംബന്ധത്തില്‍ മുമ്പിലത്തേക്കാള്‍ അധികമായി അതു സ്ഥിരപ്പെടുമെന്നും നാം അറിയുന്നു. ഇതാകുന്നു നമ്മുടെ ഹൃദയത്തിന് സന്തോഷവും.

കണ്ടാലും, ഇപ്പോള്‍ നമ്മുടെ മക്കളെ, നിങ്ങള്‍ സമാധാനത്തോടെ വസിപ്പിന്‍. നാമോ ദൈവതിരുവിഷ്ടപ്രകാരം പോകുന്നു. നാം പോകുന്നു എന്നിരുന്നാലും നിങ്ങളെ ഒരിക്കലും നാം മറക്കുന്നതല്ലെന്ന് നിങ്ങള്‍ വിശ്വസിപ്പിന്‍. എന്നാലോ ഇടവിടാതെ സ്വര്‍ഗത്തിലേക്കു നമ്മുടെ കണ്ണുകളെ ഉയര്‍ത്തി നമ്മുടെ രക്ഷിതാവായ മിശിഹായുടെ വിലയേറിയ രക്തത്താല്‍ വിലയ്ക്കുകൊള്ളപ്പെട്ട പരമാര്‍ത്ഥമുള്ള കുഞ്ഞാടുകളായ നിങ്ങള്‍ക്കുവേണ്ടി അപേക്ഷകളും പ്രാര്‍ത്ഥനകളും കഴിക്കുന്നതാകുന്നു. നമുക്കുവേണ്ടിയും നമ്മുടെ സമൂഹം ഒക്കെക്കുവേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍. സ്നേഹത്തിലും നിരപ്പിലും സമാധാനത്തിലും ഇരിപ്പിന്‍. നിങ്ങളുടെ ശത്രുക്കള്‍ക്കുവേണ്ടിയും വൃഥാ നിങ്ങളെ ശപിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍.

ആ അപഹാരിയുടെ കാനോനികമല്ലാത്തവയും കാരണമില്ലാത്തവയുമായ മുടക്കുകളെയും ശാപങ്ങളെയും നിങ്ങള്‍ ഭയപ്പെടേണ്ട. കലഹമുണ്ടാക്കുന്നവരെ നിങ്ങള്‍ ചെവിക്കൊള്ളരുത്. നന്മയായാലും തിന്മയായാലും അവരുടെ പ്രവൃത്തികള്‍ക്ക് തക്കവണ്ണം ദൈവം അവരോടു പ്രതികാരം ചെയ്യട്ടെ. പ്രധാന ഇടയനാകുന്ന നമ്മുടെ കര്‍ത്താവേശുമിശിഹായുടെ തൃക്കൈകളില്‍ നിങ്ങളെ നാം ഭരമേല്പിക്കുന്നു. താന്‍ നിങ്ങളെ പരിപാലിച്ചുകൊള്ളട്ടെ.

നിങ്ങളുടെ ഇടയന്മാര്‍, അതായതു കാതോലിക്കായും മെത്രാപ്പോലീത്തന്മാരും, നിങ്ങള്‍ക്കുള്ള സകല ആവശ്യങ്ങളെയും നിവൃത്തിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കാതോലിക്കാ, മെത്രാപ്പോലീത്തന്മാരോടുകൂടെ നമ്മുടെ പരിശുദ്ധ പിതാക്കന്മാരുടെ കാനോനാകള്‍ക്ക് അനുസരണമായിട്ടു നിങ്ങള്‍ക്കു മേല്പട്ടക്കാരെ വാഴിക്കുകയും മൂറോന്‍ കൂദാശ ചെയ്യുകയും ചെയ്യും. കാതോലിക്കാ നിര്യാണം പ്രാപിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തില്‍ ഒരു കാതോലിക്കായെ വാഴിക്കാന്‍ നിങ്ങളുടെ മെത്രാന്മാര്‍ക്ക് അംഗീകാരവും അവകാശവും ഉണ്ട്. ഇതില്‍ നിന്നും നിങ്ങളെ വിരോധിപ്പാന്‍ ഒരുത്തനും അധികാരമില്ല. എന്നാല്‍, സകലവും ക്രമമായും പതിവുപോലെയും മലങ്കര മെത്രാപ്പോലീത്തായാകുന്ന ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന കമ്മിറ്റിക്കാരുടെ ആലോചനയോടുകൂടെയും ചെയ്യണം.

നിങ്ങളുടെ സ്നേഹത്തോട് നാം അപേക്ഷിക്കുകയും നമ്മുടെ കര്‍ത്താവേശുമിശിഹായുടെ നാമത്തില്‍ നിങ്ങളോട് സല്‍ബുദ്ധി ഉപദേശിക്കുകയും ചെയ്യുന്നു. കാതോലിക്കായ്ക്കും ശ്ലീഹായ്ക്കുമടുത്ത നമ്മുടെ വിശുദ്ധസഭ ഏതിന്മേല്‍ പണിയപ്പെട്ടിരിക്കുന്നവോ ആ പത്രോസിന്നടുത്ത നിങ്ങളുടെ സത്യവിശ്വാസത്തില്‍ നിന്ന് നിങ്ങള്‍ തെറ്റി പോകരുത്. അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനവുമായുള്ള സ്നേഹബന്ധത്തിന്‍റെ ബന്ധത്തില്‍ നിന്ന് അപഹാരിയായ ഒരുവന്‍റെ ന്യായമല്ലാത്ത ക്രിയകള്‍ നിമിത്തം നിങ്ങള്‍ വേര്‍പിരിയരുത് എന്ന് നിങ്ങളുടെ സത്യസ്നേഹത്തോട് നാം കല്പിക്കുന്നു. മുമ്പിലത്തെ നിങ്ങളുടെ പുണ്യവാന്മാരായ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ അനുസരണമുള്ളവരും തിരിച്ചറിവുള്ളവരുമാണെന്നു നാം അറിയുന്നു. നിങ്ങളുടെ ജ്ഞാനത്തിന് ഇതു മതി. അല്പത്തില്‍ നിന്ന് വളരെ നിങ്ങള്‍ മനസ്സിലാക്കും. കര്‍ത്താവില്‍ ശുഭമായിരിപ്പിന്‍.

നമ്മുടെ കര്‍ത്താവീശോമിശിഹായോട് നാം വീണ്ടും അപേക്ഷിക്കുന്നതെന്തെന്നാല്‍, സെഹിയോന്‍ മാളികയില്‍വച്ച് പരിശുദ്ധശ്ലീഹന്മാരുടെ മേല്‍ നീട്ടി അവരെ വാഴ്ത്തിയതും, അനുഗ്രഹങ്ങളും വാഴ്വുകളും നിറഞ്ഞതും, പരിശുദ്ധ കര്‍തൃത്വത്തിനടുത്തതുമായ വലത്തുകൈ നമ്മുടെ ബലഹീനതയുടെ വലത്തുകൈയോടുകൂടി നീട്ടി നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുകയും നിങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുകയും വിശ്വാസികളായ നിങ്ങളുടെ പരേതരെ പുണ്യപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

“എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനത്തിനുമുമ്പ് നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിനകത്തുപ്രവേശിച്ച് അവകാശപ്പെടുത്തിക്കൊള്ളുവിന്‍” എന്ന് വലത്തുഭാഗത്തുള്ളവരോട് അരുളിചെയ്യുന്ന സന്തോഷപ്രദമായ ശബ്ദം കേള്‍ക്കുവാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മരിച്ചുപോയവര്‍ക്കും ഇടയാകട്ടെ.

ആയത് ദൈവമാതാവായ മറിയാമിന്‍റെയും സകല പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും വിശുദ്ധശ്ലീഹന്മാരുടെയും ഇന്ത്യയുടെ കാവല്‍ക്കാരനായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

1913-ാമാണ്ട് ശ്ബോത്ത് മാസം 8-ാം തീയതി പരുമല സെമിനാരിയില്‍ നിന്ന്.

കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക എന്ന് നാടൻ ഭാഷയിൽ പറയുന്നത് ഇതോടെ ആക്ഷരികമായി തന്നെ ശരിയായി. മലങ്കരയുടെ സ്വാതന്ത്ര്യം പതിറ്റാണ്ടുകളായി കൈയടക്കി വച്ചിരുന്നത് ആരാണോ അതേ പാത്രിയർക്കീസ് തന്നെ മലങ്കരക്കു കാതോലിക്കായെ വാഴിച്ച് അത് ഉപേക്ഷിച്ചു.Copyright- www.ovsonline.in

ഒന്നാം കാതോലിക്കായെപ്പറ്റി അൽപം.

മലങ്കര സഭയുടെ സ്വകീയതയ്ക്കു വേണ്ടി തൻ്റെ വൃദ്ധതയിൽ ഒരു വലിയ ഭാരം ഏറ്റെടുക്കുകയായിരുന്നു മുറിമറ്റത്തിൽ മാർ ഈവാനിയോസ്. മാർത്തോമാ ശ്ലീഹായുടെ മലങ്കരയിലെ സിംഹാസനത്തിൻ്റെ ആദ്യ അവകാശിയായ പരിശുദ്ധ പിതാവ് 1836 ജനുവരി 17-നു കോലഞ്ചേരിയിലെ മുറിമറ്റത്തിൽ കുടുംബത്തിൽ ജനിച്ചു. 1852-ൽ ചേപ്പാട് മാർ ദീവന്നാസിയോസിൽ നിന്ന് കശീശ പട്ടം സ്വീകരിച്ചു. 1877-ൽ പരിശുദ്ധ പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായിൽ നിന്ന് പൗലോസ്‌ മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. കണ്ടനാട് ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തായായി. പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചതും ഈ പിതാവാണ്. 1912 സെപ്റ്റംബർ 15-നു നിരണം പള്ളിയിൽ വച്ച് പരിശുദ്ധ അബ്ദേദ് മശിഹ ബാവായുടെ പ്രധാന കാർമികത്വത്തിൽ പരിശുദ്ധ സുന്നഹദോസ് ഈ പിതാവിനെ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. തൻ്റെ ഹ്രസ്വമായ ഭരണത്തിനു ശേഷം 1913 മെയ്‌ 3-നു ഈ പിതാവ് തൻ്റെ ജനത്തോട് ചേർന്നു. പാമ്പാക്കുട ചെറിയപള്ളിയിൽ കബറടക്കി..

കാതോലിക്കാ വാഴ്ചയോടെ മലങ്കര സഭ അതിൻ്റെ വളർച്ചയുടെ ഒരു ഘട്ടം പിന്നിട്ടെങ്കിലും മലങ്കര മെത്രാപ്പോലീത്താ വട്ടശേരിൽ മാർ ദീവന്നാസിയോസ് തൻ്റെ പോരാട്ടം തുടരുകയായിരുന്നു. സകല ശേമ്യ ബുദ്ധിയേയും തൻ്റെ അചഞ്ചലമായ ദൈവ വിശ്വാസത്താൽ മാർ ദീവന്നാസിയോസ് നേരിട്ടു. 1086 (1910) ചിങ്ങമാസത്തിൽ ആലുവായിൽ കൂടിയ പാത്രിയർക്കീസ് പക്ഷക്കാരുടെ യോഗം പൗലോസ് മാർ കൂറിലോസിനെ മാർ ദീവന്നാസിയോസിനെ മാറ്റി അസോസിയേഷൻ്റെ പ്രസിഡന്റായി നിയമിച്ചു. അതോടെ സമുദായം രണ്ടായി പിളരുക എന്നത് ഏറെകുറെ പൂർത്തിയാവുകയും ചെയ്തു. സെമിനാരിയിൽ നിന്ന് ദീവന്നാസിയോസിനെ ഒഴിപ്പിക്കുവാനുള്ള ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ എങ്ങനെയും വട്ടിപ്പണത്തിൻ്റെ പലിശ കരസ്ഥമാക്കുവാനാണ് ശ്രമം ആരംഭിച്ചത്. അതിനായി കോനാട്ട് മൽപാനും സി. ജെ. കുര്യനും ചേർന്ന് ഒരു അപേക്ഷ ബ്രിട്ടീഷ് റസിഡന്റിനു സമർപ്പിച്ചു. അതിനെ തുടർന്ന് ആ അപേക്ഷ സ്വീകരിച്ച് (ചില കുറുക്കു വഴികളിലൂടെ തന്നെ) മാർ കൂറീലോസും കോനാട്ട് മൽപാനും സി.ജെ. കുര്യനും ചേർന്ന് ഒപ്പിട്ടു കൊടുത്ത രസീതിൻപടി പലിശപ്പണം വാങ്ങി. പലിശ ഇപ്രകാരം വാങ്ങിയെന്നറിഞ്ഞ ഉടനെ തന്നെ മലങ്കരമെത്രാപ്പോലീത്ത മാർ ദീവന്നാസിയോസ് താനാണ് യഥാർഥ അവകാശി എന്നറിയിച്ചു കൊണ്ട് റസിഡന്റിനും മദ്രാസ് ഗവർണർക്കും കത്തയച്ചു. തുടർന്നു നിർദ്ദേശം ലഭിച്ചതിൻപ്രകാരം വാങ്ങിയ പലിശ കൂറീലോസും മൽപ്പാനും കുര്യനും ചേർന്ന് ഗവൺമെന്റിൽ തിരിച്ചടച്ചു. തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റ് മാർ ദീവന്നാസിയോസിനെയും ട്രസ്റ്റികളെയും 1 മുതൽ 3 വരെ പ്രതികളായും മാർ കൂറിലോസിനെയും ട്രസ്റ്റികളെയും 4 മുതൽ 6 വരെ പ്രതികളായും ചേർത്തും തിരുവനന്തപുരം ജില്ലാ കോടതിയിൽ വിട്ടപ്പണപ്പലിശ കെട്ടിവച്ചും ന്യായമായ അവകാശികൾ ആരെന്ന് കോടതി വിധിച്ച് അവർക്ക് സംഖ്യ കൊടുക്കണമെന്നു അപേക്ഷിച്ചു കൊണ്ട് ഒരു വ്യവഹാരം 1088-ൽ (1912) ഫയൽ ചെയ്തു.

പ്രസിദ്ധമായ വട്ടിപ്പണക്കേസ് അങ്ങനെ ആരംഭിച്ചു. വാദങ്ങൾക്ക് ശേഷം സ്പെഷ്യൽ ജഡ്ജി ജി. ശങ്കരപ്പിള്ള 1095 ചിങ്ങം 30 – നു മാർ ദീവന്നാസിയോസിനു പൂർണമായി അനുകൂലമായി കേസ് വിധിച്ചു. മാർ ദീവന്നാസിയോസിൻ്റെ മുടക്ക് സ്വാഭാവിക നീതിക്കും കാനോനും നിരക്കാത്തതാണെന്നു അസന്നിഗ്ദ്ധമായി കോടതി പ്രസ്താവിച്ചു. തുടർന്ന് ഹൈക്കോടതിയിൽ പാത്രിയർക്കീസ് കക്ഷി അപ്പീലിനു പോയി. 1098 മീനം 10-ാം തീയതി ചീഫ് ജസ്റ്റിസ് ആർ. വീരരാഘവയ്യങ്കാർ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ദീവന്നാസിയോസിനു എതിരായി അപ്പീൽ അനുവദിച്ചു കൊണ്ട് ഉത്തരവായി. എങ്കിലും പാത്രിയർക്കീസ് വിഭാഗം കൂറീലോസിൻ്റെ കാലശേഷം തിരഞ്ഞെടുത്ത അത്താനാസിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി കോടതി അംഗീകരിച്ചില്ല. മാത്രമല്ല ദീവന്നാസിയോസ് വിശ്വാസത്തിൽ നിന്നു വ്യതിചലിച്ചില്ലായെന്നും കോടതി കണ്ടെത്തി. …ഈ സമുദായത്തിൻ്റെ ഭാവി ഭരിക്കുന്നത് ഒരു വീര രാഘവയ്യങ്കാരോ ഒരു സി.ജെ. കുര്യനോ ഒരു പാത്രിക്കീസോ അല്ല സർവ്വശക്തനാണ് എന്നത് വിസ്മരിച്ചു കൂടാ… (മനോരമ 1098 മീനം 16) തുടങ്ങിയ മുഖപ്രസംഗങ്ങളിലൂടെ മലയാള മനോരമ ജനങ്ങളുടെ പ്രയാസത്തെയും വിഹ്വലതകളെയും ഒരു വലിയ പരിധി വരെ ഇല്ലാതാക്കി. അതിശക്തമായ വിധിയിൽ ദീവന്നാസിയോസിനെ തകർന്നില്ല. വിഷമഘട്ടം തരണം ചെയ്യാൻ മീനമാസത്തിൽ മാർ ദീവന്നാസിയോസ് തൻ്റെ ഗുരുവിൻ്റെ കബറിലേക്ക് നീങ്ങി; ഒരു മാസം പരുമല സെമിനാരിയിലെ കബറിങ്കൽ ഇരുന്ന് പ്രാർഥിച്ചു. തുടർന്ന് ചെയ്യേണ്ട രൂപരേഖ തയ്യാറാക്കി. അങ്ങനെ മർദീനിൽ പോയി പാത്രിയർക്കീസിനെ കണ്ട് സമാധാനമാലോചിക്കാൻ അദ്ദേഹം തീരുമാനമെടുത്തു. തന്റെ അതിവൃദ്ധതയിൽ സമുദായത്തിൻ്റെ നന്മയെ മാത്രം ലക്ഷ്യമാക്കി ആ സാഹസിക ദൗത്യത്തിലേക്ക് അദ്ദേഹം ഇറങ്ങി പുറപ്പെട്ടു.Copyright- www.ovsonline.in

തുടരും…
അടുത്ത ഭാഗം – മർദ്ദീൻ യാത്രയും റീത്തിൻ്റെ ഉദയവും.

https://ovsonline.in/latest-news/malankara-church-dispute-part2/

error: Thank you for visiting : www.ovsonline.in