മാർ ഒസ്താത്തിയോസ് ജന്മശതാബ്ദി സമ്മേളനവും സ്മാരക പ്രഭാഷണവും
തിരുവല്ല: സ്നേഹത്തിന്റെ അപ്പോസ്തോലനും സാമൂഹികനീതിയുടെ പ്രവാചകനും ആയിരുന്ന സഭാരത്നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ ആ പിതാവ് 36 വർഷക്കാലം അനുഗ്രഹകരമായി നയിച്ച പുരാതനമായ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഡിസംബർ മാസം ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ബഥനി അരമനയിലെ മാർ ബസേലിയോസ് ജൂബിലി സെന്ററിൽ ആരംഭിക്കുന്ന മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം, പ്രശസ്ത വാഗ്മിയും ചിന്തകനുമായ ഡോ. സുനിൽ പി ഇളയിടം നിർവഹിക്കും. തുടർന്ന് നടക്കുന്ന ജന്മശതാബ്ദി സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ശ്രീ. മാത്യു ടി തോമസ് എം.എൽ.എ, തിരുവല്ല മുനിസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറക്കൽ തുടങ്ങിയവർ സംസാരിക്കും. ജന്മശതാബ്ദി ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കും. നിരണം ഭദ്രാസന യുവജനപ്രസ്ഥാനം ക്വയർ ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകും.