OVS - Latest NewsOVS-Kerala News

അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയെക്കുറിച്ച്‌ സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകള്‍ .

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. അത്താണിക്ക് ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ഏതു സ്ത്രീ തട്ടിയാലും അതിന്‍റെ വാതില്‍ തുറന്നുകൊടുക്കപ്പെടും. പ്രശ്നമുള്ളവരെ താമസിപ്പിക്കാന്‍ അവിടെ പ്രത്യേക സംവിധാനമുണ്ട്. ഈ പെണ്‍കുട്ടി – അവളെ ഞാന്‍ അയിഷയെന്നു വിളിക്കട്ടെ – വീട്ടില്‍ നിന്ന് ഒളിച്ചുപോന്നതാണ്. നാട്ടുമ്പുറത്ത് പാവപ്പെട്ട ഒരു വീട്ടിലെ പെണ്‍കുട്ടി. അതിസുന്ദരി. കാതിലെ മുക്കുപണ്ടക്കമ്മലിന്‍റെ പ്രകാശം മുഖത്തു പ്രതിഫലിക്കുന്നു. അറബിപ്പെണ്‍കൊടികളുടെ മാതിരി വെളുപ്പ്. അധികം നീളമില്ലാത്ത കൊഴുത്ത കറുത്ത മുടി കഴുത്തോടു പറ്റിച്ചേര്‍ന്നു കിടക്കുന്നു. അവള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നു.

പ്രേമമെന്ന പേരില്‍ ഒരാള്‍ ചതിച്ചുണ്ടായ ഗര്‍ഭമാണ്. ആകെ പ്രശ്നമായി. അയിഷയുടെ ബാപ്പയും സഹോദരനും കൂടി ആ ചെറുപ്പക്കാരനെ തല്ലിച്ചതച്ചു. അയാള്‍ മറ്റൊരു മതക്കാരനുമായിരുന്നു. ഒടുവില്‍ കൊല്ലുമെന്ന പേടിയില്‍ അയാള്‍ ഒളിച്ചോടി. അതോടെ ബാപ്പയും സഹോദരനും അവള്‍ക്കുനേരെ തിരിഞ്ഞു. പൊതിരെ തല്ലി വീട്ടുതടങ്കലിലാക്കി. ഇതു കണ്ടാല്‍ ഉമ്മയ്ക്കു സഹിക്കുമോ? മരണ ഭയമുണ്ടായപ്പോള്‍ ഒരു ദിവസം ഉമ്മ കാതിലെ കമ്മല്‍ വിറ്റ് ആ പണം അയിഷയ്ക്കു നല്‍കി. എവിടെയെങ്കിലും പോയി രക്ഷപെടൂന്നായി അവര്‍.

അയിഷയ്ക്കാണെങ്കില്‍ എവിടെപ്പോകണമെന്ന് ഒരു പിടിയുമില്ല. അവള്‍ കൂട്ടുകാരികളുമായി ആലോചിച്ചു. അതിനിടെ ഒരു കൂട്ടുകാരി പത്രത്തില്‍ നിന്നോ മാസികയില്‍നിന്നോ ഒരു മേല്‍വിലാസമെഴുതിയതുമായി എത്തി. സുഗതകുമാരി, അഭയ, തിരുവനന്തപുരം എന്നായിരുന്നു ആ മേല്‍വിലാസം. പെന്‍സില്‍ കൊണ്ട് വടിവില്ലാത്ത അക്ഷരത്തില്‍ സുഗതകുമാരി, അബയ, തിരുവനന്തപുരം എന്നെഴുതിയ കടലാസുതുണ്ടും ഉമ്മ നല്‍കിയ പണവുമായി വണ്ടി കയറിയതാണ് അയിഷ.

എങ്ങിനെയോ തമ്പാനൂരെത്തിയ അയിഷ അടിയേറ്റതിന്‍റെ ആഘാതത്താലും പട്ടിണികൊണ്ടും ഏറെ ക്ഷീണിതയായിരുന്നു. സമയം സന്ധ്യയായി. കീറക്കടലാസിലെ മേല്‍വിലാസവുമായി അവള്‍ തമ്പാനൂരിലൂടെ കരഞ്ഞുനടന്നു. പല ഓട്ടോക്കാരെയും മേല്‍വിലാസം കാണിച്ചു. ഒടുവില്‍ കാരുണ്യമുള്ള ഏതോ ഒരു ഓട്ടോക്കാരന്‍ പറഞ്ഞു, “എഴുതിയിരിക്കുന്നതു തെറ്റാ, എങ്കിലും സ്ഥലം എനിക്കറിയാം. ഞാന്‍ കൊണ്ടാക്കാം” എന്ന്. അയാളാണ് അന്ന് ശാസ്തമംഗലത്തായിരുന്ന (ഇപ്പോള്‍ വഞ്ചിയൂരില്‍) അത്താണിയുടെ വാടകക്കെട്ടിടത്തില്‍ അയിഷയെ കൊണ്ടാക്കിയത്.

പേടിച്ചു കരഞ്ഞുകൊണ്ട് അയിഷ അത്താണിയില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഏഴരയെങ്കിലുമായിക്കാണും. അത്താണിയുടെ ചുമതലപ്പെട്ടവര്‍ അവളോട് പേരും സ്ഥലവും ചോദിച്ചു. കുട്ടിയുടെ ദൈന്യം കണ്ട് കാലും മുഖവും കഴുകി ഭക്ഷണത്തിനിരിക്കാന്‍ അവളെ ക്ഷണിച്ചു. അവള്‍ വളരെ ക്ഷീണിതയായിരുന്നല്ലോ. ഒപ്പം ഗര്‍ഭിണിയും. ആര്‍ത്തിയോടെ കഞ്ഞികുടിക്കുന്നതിനിടെ അയിഷ കിടന്നുപോയി. അസഹ്യമായ വേദന തുടങ്ങുകയായി. രക്തപ്രവാഹവും ആരംഭിച്ചു. ഈ സമയത്താണ് അത്താണിയില്‍ നിന്ന് എനിക്ക് ഫോണ്‍ വരുന്നത്. ഉടന്‍തന്നെ അയിഷയെ തൊട്ടടുത്തുള്ള ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് രണ്ടാമതും ഫോണ്‍. കുട്ടിയുടെ നില വളരെ സങ്കീര്‍ണ്ണമാണ്. ഉടന്‍ എസ്. ഐ. ടി. യിലേക്ക് കൊണ്ടുപോകൂ എന്നു പറഞ്ഞ്. ടാക്സിയെടുത്തു പറഞ്ഞിടത്തെത്തിക്കാന്‍ ഒട്ടും വൈകിയില്ല. ലളിതയാണ് അന്നവിടെ സൂപ്രണ്ട്. വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞതേയുള്ളു. എനിക്ക് വീണ്ടും ഫോണ്‍. ഉടന്‍ ഓപ്പറേഷന്‍ ചെയ്യേണ്ടതുകൊണ്ട് എ-നെഗറ്റീവ് രക്തം അത്യാവശ്യമുണ്ടെന്നാണ് ഫോണ്‍. എനിക്ക് ആകെ വേവലാതിയായി. സമയം രാത്രി ഒമ്പതുമണിയായി. പോരെങ്കില്‍ ഞായറാഴ്ച ദിവസവും.

എന്‍റെ മകള്‍ക്ക് എസ്. യു. ടി. ആശുപത്രിയിലാണ് ജോലി. ഹൃദയ ശസ്ത്രക്രിയയൊക്കെ നടക്കുന്ന ആശുപത്രിയല്ലേ. അവിടെ രക്തം കാണുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മകള്‍ക്ക് ഫോണ്‍ ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. വീട്ടിലിരുന്ന് അഭയയുടെ ജോയിന്‍റ് സെക്രട്ടറിയും എന്‍ജിനീയറിംഗ് കോളജ് അദ്ധ്യാപകനുമായ നാരായണനെയും ഞാന്‍ ഫോണില്‍ വിളിച്ചു. ഇതിനിടെ എനിക്ക് ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളികള്‍ വന്നുകൊണ്ടേയിരുന്നു.

എന്‍റെ വീട്ടിലെ വെളിച്ചമൊന്നും അണഞ്ഞിട്ടില്ല. വെളിച്ചമൊക്കെക്കണ്ട് അയല്‍ക്കാരൊക്കെ എന്താ സംഭവമെന്ന് ചോദിക്കലായി. സമയം രാത്രി പന്ത്രണ്ടുമണി. എന്‍റെ ആശയറ്റു. കുട്ടി അത്യാസന്ന നിലയിലാണെന്ന് ആശുപത്രിയില്‍ നിന്ന് ഫോണും.

ഞാന്‍ മുറ്റത്തിറങ്ങിനിന്ന് ആകാശത്തിലേക്ക് നോക്കി കരയാന്‍ തുടങ്ങി. ഒരുപാട് നക്ഷത്രങ്ങളുള്ള ആകാശം. ഏതോ അന്യ നാട്ടീന്ന് എന്‍റെ മേല്‍വിലാസം തെറ്റിച്ചെഴുതിയ കീറക്കടലാസുമായി വന്ന കുട്ടിക്ക് ഒരു കുപ്പി രക്തം കൊടുക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ ദൈവമേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

ഈ സമയത്ത് നാരായണന്‍റെ ബൈക്ക് വരുന്ന ശബ്ദം ഞാന്‍ കേട്ടു. അതേ നാരായണന്‍ തന്നെ. എ. കെ. ജി. സെന്‍ററിനടുത്തുള്ള ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ എ-നെഗറ്റീവ് രക്തമുള്ള ഒരു ശെമ്മാശ്ശനുണ്ടത്രേ. പേര് ചെറിയാനെന്നോ മറ്റോ. ഇതു കേട്ടപാടെ ഞങ്ങള്‍ ഓട്ടോയുമെടുത്ത് സ്റ്റുഡന്‍റ് സെന്‍ററിലേക്ക് പാഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ കതകില്‍ തട്ടി. വാതില്‍ തുറക്കപ്പെട്ടു.

ചെറിയാന്‍ ശെമ്മാശ്ശനാണോ’?
‘അതേ’

‘എ നെഗറ്റീവ് രക്തമാണോ’

‘അതേ’

എനിക്ക് എന്തോ ഒരാശ്വാസം ഉള്ളിലുദിച്ചപോലെ. ‘മലപ്പുറത്തുനിന്നും ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു. ഏഴുമാസം ഗര്‍ഭിണിയാണ്. അവള്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ എന്തു ചെയ്യണം?’ വിഷമത്തിന്‍റെ ആ മുഹൂര്‍ത്തത്തില്‍ അങ്ങനെ ചോദിക്കാനേ എനിക്കു കഴിഞ്ഞുള്ളു.

‘രണ്ടാഴ്ചയേ ആയിട്ടുള്ളു ഞാന്‍ രക്തം കൊടുത്തിട്ട്. എങ്കിലും എന്‍റെ വരവ് വൃഥാവിലാവില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഞാന്‍ വരാം’ – ശെമ്മാശ്ശന്‍റെ മറുപടി.

ഞങ്ങള്‍ ഉടന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തു. വലിയ പ്രതീക്ഷയ്ക്കു സ്ഥാനമില്ലെങ്കിലും വന്നുകൊള്ളട്ടെ എന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. നാരായണന്‍റെ ബൈക്കില്‍ പുറകിലിരുന്ന് ഇരുവരും ആശുപത്രിയിലേക്ക് നീങ്ങി. താമസിയാതെ തന്നെ ഓപ്പറേഷന്‍ നടന്നു. രണ്ടു പെണ്‍കുട്ടികള്‍ക്ക് അയിഷ ജന്മം കൊടുത്തു. പക്ഷേ, ഒരു കുട്ടി അപ്പോള്‍ത്തന്നെയും മറ്റെയാള്‍ രണ്ടാം ദിവസവും മരിക്കുകയായിരുന്നു. പ്രായം തികയാതെയുള്ള പ്രസവമാണല്ലോ. എങ്കിലും അയിഷയുടെ ജീവന്‍ രക്ഷപെട്ടു. വല്ല വഴിയിലും വെച്ച് ഈ വേദന അനുഭവിച്ചിരുന്നെങ്കില്‍ ഏതെങ്കിലും ചെറിയ ആശുപത്രിയുടെ മുമ്പില്‍ക്കിടന്ന് മരിക്കുകയായിരുന്നില്ലേ ഈ പെണ്‍കുട്ടിയുടെ വിധി. അത്താണിയുണ്ടായിരുന്നതുകൊണ്ട് ആ ദുരന്തം ഒഴിവായി.

ഈ സംഭവം എന്നെ ഒരുപാടു ചിന്തിപ്പിച്ച ഒന്നാണ്. ഒന്നാമത് ആ ക്രിസ്ത്യന്‍ വൈദികന്‍റെ കാര്യംതന്നെ. വീട്ടില്‍ നിന്നു തിരസ്കരിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് ചെറിയാന്‍ എന്ന ക്രിസ്ത്യാനി പുരോഹിതന്‍റെ രക്തമാണല്ലോ. രാത്രി മുഴുവന്‍ അയിഷ എന്ന മുസ്ലീം പെണ്‍കുട്ടിക്കായി ഓടിയതോ അത്താണിയിലെ വിശ്വംഭരിയും നാരായണനുമൊക്കെയും. അവള്‍ ബോധമുണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് ഹിന്ദുവായ ഈ എന്നെയാണ്.

അയിഷ ഒരു പുനര്‍ജന്മത്തിന്‍റേതായ ഈയവസരത്തില്‍ ഞങ്ങളോട് വല്ലാതങ്ങ് അടുത്തു. വീട്ടിലേക്കു പോവാതെ അത്താണിയില്‍ അവള്‍ രണ്ടുമാസത്തോളം കഴിച്ചുകൂട്ടി.

ഇതിനിടെ ഉമ്മയ്ക്ക് കത്തയച്ചു കഴിഞ്ഞിരുന്നു. മറുപടി വരുമ്പോള്‍ ബാപ്പായുടെ പിണക്കം തീര്‍ന്നെന്നും തിരിച്ചു ചെല്ലുമെന്നുമായിരുന്നു എഴുതിയിരുന്നത്. പോകുന്നതിനു മുമ്പ് എന്‍റെ വീട്ടില്‍ വന്നു നില്ക്കണമെന്ന് അയിഷയ്ക്ക് വലിയ ആഗ്രഹം. അവള്‍ എന്‍റെ വീട്ടില്‍ വന്ന് മൂന്നു നാലു ദിവസം നിന്നു. എനിക്ക് കഴിക്കാന്‍ പത്തിരിയും കറികളുമൊക്കെ വളരെ താത്പര്യത്തോടെ ഉണ്ടാക്കിത്തന്നു.

തിരിച്ചു പോവുന്ന ദിവസം സാരിയും കുപ്പിവളകളുമൊക്കെയായാണ് അവളെ ഞങ്ങള്‍ യാത്രയാക്കിയത്. വീട്ടിലെത്തിക്കഴിഞ്ഞ് അവള്‍ കത്തയയ്ക്കുകയുണ്ടായി. അതിനുശേഷം ഒരിക്കല്‍ക്കൂടി എനിക്ക് അയിഷയുടെ കത്തുകിട്ടി. പിന്നെ അവളെക്കുറിച്ച് കേട്ടിട്ടില്ല.

പക്ഷേ, ചെറിയാന്‍ ഇപ്പോള്‍ മെത്രാപോലീത്തായാണ്. അദ്ദേഹം ഞങ്ങളുടെ രക്തബന്ധുവാണ്. എല്ലാ വര്‍ഷവും ഓണത്തിനും ക്രിസ്മസിനും അച്ചനും ആള്‍ക്കാരും അത്താണിയില്‍ വരാറുണ്ട്. അവിടെ നിന്നു ഭക്ഷണവും കഴിക്കും. അത്താണിയെ സഹായിക്കുന്നതിലും അച്ചന്‍ വലിയ താല്പര്യം കാട്ടുന്നു. ആ മനുഷ്യന്‍റെ മുഖത്ത് നന്മയുടെ പ്രകാശം ഞാന്‍ കാണുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ കത്തിയുരുകുന്ന ഈ രാജ്യത്ത് ഇതുപോലെ നന്മയുടെ പ്രകാശമുള്ള മനുഷ്യര്‍ ഏറെയുണ്ട്. അവരെ തിരിച്ചറിയുക നമ്മുടെ കടമയാണെന്ന് ഓര്‍മ്മയിലിരിക്കട്ടെ.

https://ovsonline.in/latest-news/zachariah_mar_theophilos/

error: Thank you for visiting : www.ovsonline.in