വേണ്ടത് ചെയ്യാന്‍ സഭാമക്കൾക്ക് അറിയാം; ഇതുവരെ വിധി നടപ്പാക്കിയതിൽ സന്തോഷം: ഓർത്തഡോക്സ് സഭ ചർച്ചയാകുന്നു
ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പരസ്യ നിലപാടില്ലെന്ന് സഭാ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ പ്രസ്താവിച്ചിരുന്നു. ആർക്കും പരസ്യപിന്തുണ നൽകില്ല. എന്തു വേണമെന്ന് വിശ്വാസികൾക്കറിയാം. സഭാപരമായി വിലയിരുത്തിയാൽ ഇടതു ഭരണമാണ് തമ്മിൽ ഭേദം. ഇതിനെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് അഭിവന്ദ്യ മെത്രാപ്പോലീത്തമാരിൽ നിന്നുണ്ടായത്. പിറവം പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വം കഴിഞ്ഞ ദിവസം വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ ‘മാതൃഭൂമി ന്യൂസ്’ പുറത്ത് വിട്ട വാർത്ത തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. സന്ദർശനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വളച്ചൊടിക്കപ്പെട്ടു.
“പിറവം പള്ളി വിഷയമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ല. ചെങ്ങന്നൂരിലെ നിലപാട് അവിടുത്തെ സഭാംഗങ്ങൾ തീരുമാനിക്കും. പള്ളികളുമായി ബന്ധപ്പെട്ട കോടതിവിധികൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്” – സിനഡ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. ഇത് വരെ നീതി ലഭിച്ചു; ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മാർ ദീയസ്കോറോസ് പറഞ്ഞു. “പിറവം പള്ളി വിധിയിൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സർക്കാർ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ പ്രത്യേകിച്ചൊരു നിലപാടിനില്ല. സഭാ മക്കൾക്ക് അറിയാം…!”
എല്ലാം സഭാമക്കൾക്ക് അറിയാം. സർക്കാർ നീതി പൂർവ്വം പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സഭാംഗങ്ങളിൽ നിന്ന് സഹകരണം കൂടുതൽ ഉണ്ടാകാൻ സാധ്യയുണ്ടെന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് അഭിപ്രായപ്പെട്ടു. കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഓർത്തഡോക്സുകാരെ പ്രത്യേകം പരിഗണിക്കമെന്ന ആവശ്യമല്ല ഞങ്ങളുടേത്. നിയമം നടപ്പിലാക്കിയാൽ മതി. മുഖം നോക്കാതെ വിധി പാലിക്കാൻ തന്റേടം ഉള്ള സർക്കാരിനേ സാധിക്കൂവെന്നു ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് അഭിപ്രായപ്പെട്ടു.
സമുദായക്കേസിൽ 1958 ലേയും 1995 ലെ ഭൂരിപക്ഷ ബഞ്ചിന്റേയും വിധിയെ ശരിവച്ചു ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച 2017 ജൂലൈ 3ലെ വിധി പിറവം പള്ളിക്കും ബാധകമാണ്. അത് പ്രാതിനിധ്യ സ്വഭാവമുള്ള കേസ് ആണെന്നും അതിനാല്‍ മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമാണ് എന്നും പിറവം പള്ളി വിധിയിൽ പറയുന്നു. ജൂലൈ 3ലെ വിധിയിൽ പാത്രിയർക്കീസിന്റെ അധികാരം അസ്തമനബിന്ദുവില്‍ എത്തിയെന്നും കണ്ടെത്തിയ കോടതി ഓർത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നും യാക്കോബായ വിഭാഗത്തിന്‍റെ 2002ലെ ഭരണഘടന നിയമവിരുദ്ധമാണെന്നു നിരീക്ഷിച്ച് അസാധുവാക്കുകയും ചെയ്തു.
2017 ജൂലൈ 3ലെ അന്തിമ വിധിക്ക് ശേഷം കോലഞ്ചേരി, വരിക്കോലി, നെച്ചൂർ, ചാത്തമറ്റം പള്ളികൾക്ക് പുറമെ വർഷങ്ങളായി പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി, മുളക്കുളം വലിയപള്ളി എന്നിവിടങ്ങളിൽ വിധി നടപ്പാക്കിയിരുന്നു.
വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് : ഡോ.ഗീവർഗീസ് മാർ യൂലിയോസ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ നടക്കുമ്പോൾ അതിലേക്ക് മലങ്കര ഓർത്തഡോക്സ് സഭയെ വലിച്ചിഴക്കരുത് എന്നും അത്തരം ശ്രമങ്ങൾ തികച്ചും പ്രതിഷേധാർഹമാണെന്നും സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ അഭി.ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ പറഞ്ഞു. സഭക്ക് ഏതെങ്കിലും ഒരു കക്ഷിയോടോ, രാഷ്ട്രീയ പ്രസ്ഥാനത്തോടോ പ്രത്യേക താൽപ്പര്യമോ അടുപ്പമോ ഇല്ല. എല്ലാ പാർട്ടികളുടെയും രാഷ്ട്രീയബോധത്തെ സഭ വിലമതിക്കുന്നു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചുവടു പറ്റിയല്ല സഭയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നാൽ സഭ ഉന്നയിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ നിലപാട് ഉള്ള സർക്കാരുകളുടെയും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സമീപനത്തെ തുറന്ന് അഭിനന്ദിക്കാന്‍ വി.സഭ എക്കാലവും ആർജവം കാട്ടിയിട്ടുണ്ട്. ഈ നയം സഭയുടെ പരമാധ്യക്ഷൻ പരി.ബാവ തിരുമനസ്സുകൊണ്ട് പല പ്രാവശ്യം വൃക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ മറ്റാരുടെയും അഭിപ്രായങ്ങളോ നിർദേശങ്ങളോ സഭക്ക് ആവശ്യമില്ല. ഓർത്തോഡോക്സ് സഭക്ക് രാഷ്ട്രീയം പറഞ്ഞു സ്വാർത്ഥലാഭത്തോടെ പ്രവർത്തിച്ചു പരിചയമില്ല. അതാതു കാലത്തെ സർക്കാരുകളെയും, നീതിന്യായ വിധികളെയും എക്കാലവും ബഹുമാനിച്ചു പോകുന്ന ഒരു സഭയാണിത്. അക്രമ പ്രവർത്തനങ്ങളെയും അസമാധാനത്തെയും സഭ ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നില്ല. എന്നാൽ വി.സഭയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവര്‍ക്കും ചുമതലയുണ്ട് എന്നതും ഓർക്കേണ്ടതാണ്. സഭക്ക് അനുകൂലമായ കോടതി വിധികൾ നടത്തിയെടുക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമാണ്. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രിയെ വി.സഭയുടെ പ്രതിനിധികൾ കണ്ടത് സഭാനേതൃത്വത്തിന്‍റെ പൂർണമായ അറിവോടു കൂടിയാണ്. മലങ്കരസഭക്ക് ലഭിച്ച കോടതി വിധി നടപ്പാക്കിത്തരണമെന്ന നിവേദനം സമർപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള കൂടിക്കാഴ്ച്ച ആയിരുന്നു അത്. അതിനപ്പുറത്തേക്ക് ആ കൂടിക്കാഴ്ച്ചയെ വളച്ചൊടിച്ച് ഒരു വലിയ ചർച്ചക്കും വിവാദത്തിലേക്കും വലിച്ചിഴക്കുന്നത് തികച്ചും അപലപനീയവും ബാലിശവുമാണ് -പിതാവ് കൂട്ടിചേർത്തു.