മാർ അത്താനാസിയോസ് അനശ്വരനായ ഗുരുനാഥൻ
മാർ അത്താനാസിയോസ് – ആ പേരിനുപോലും അനശ്വരൻ എന്നർത്ഥം. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെ തന്നെ. ഈ മരണം ഒന്നിന്റെയും അവസാനമാകുന്നില്ല. ഒരായിരം നല്ല സ്മരണകളുടെ ആരംഭമാണ്. മണ്ണിനെയും മനുഷ്യനെയും സഹജീവികളെയും ഒരുപോലെ പ്രണയിച്ചവൻ. നടന്നു വന്ന എല്ലാ വഴികളിലും ഈ മനുഷ്യൻ വ്യത്യസ്ഥനായിരുന്നു. പ്രവർത്തിയിൽ, വാക്കുകളിൽ, കാഴ്ച്ചപ്പാടുകളിൽ, തീരുമാനങ്ങളിൽ, നിലപാടുകളിൽ, സൗഹൃദങ്ങളിൽ എല്ലാം വ്യത്യസ്ഥൻ. ഒരു ആയുസ്സിൽ മനുഷ്യന് ദൈവീകമായ എന്തെല്ലാം നന്മകളെ സ്വന്തമാക്കാമോ അതെല്ലാം സ്വന്തമാക്കിയിട്ടുണ്ട് മാർ അത്താനാസിയോസ്. മഹാപുരോഹിതൻ, ഗുരു, കർഷകൻ, വാഗ്മി, ചരിത്രകാരൻ തുടങ്ങിയത് അവയിൽ ചിലത് മാത്രം.
അവസാന യാത്ര പോലും പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്ന മനുഷ്യരോട് ചേർന്ന് നിൽക്കുന്നതിനു വേണ്ടിയായിരുന്നു. താൻ പ്രാണന് തുല്യം സ്‌നേഹിച്ച ചെങ്ങന്നൂരിനെ ദുരന്തം കടന്നാക്രമിച്ചപ്പോൾ അവരുടെ മടങ്ങി വരവ് വേഗത്തിലാക്കാൻ ഓടിയെത്തിയ പിതാവിന്റെ വിയോഗ വാർത്ത ആ നാടിനെയും പരിശുദ്ധ സഭയെയും ഒരുപോലെ തളർത്തി. മാർ അത്താനാസിയോസിന്റെ സാന്നിധ്യം എന്നും ബലമായിരുന്നു. ഏതു പ്രതിസന്ധിയിലും ഏതു വേദനയിലും. തന്റെ ചുറ്റിലുമുള്ള എല്ലാ നന്മകളിലും മാർ അത്തനാസിയോസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
പരിശുദ്ധ സഭയെക്കുറിച്ചു എന്നും കരുതൽ ഉണ്ടായിരുന്ന മെത്രാപ്പോലീത്താ. പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടും അതിൽ വാണരുളിയ പിതാക്കന്മാരോടും എന്നും ഭയഭക്തി ബഹുമാനത്തോടെ മാത്രമേ മാർ അത്താനാസിയോസ് നിലനിന്നിട്ടുള്ളൂ. അല്ലെങ്കിൽ തന്നെ പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ സഹോദര പുത്രന് അതിൽ അപ്പുറമായി എന്താണാവുക. തന്റെ ഇളയ സഹോദര മെത്രാപ്പോലീത്തായായ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് പരിശുദ്ധ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകിയതും അഭിവന്ദ്യ തിരുമേനിയായിരുന്നു. സഭാ മക്കളുടെ ഐക്യം ഏറെ ആഗ്രഹിച്ച പിതാവ് അതിന് വേണ്ടി അന്ത്യ കാലങ്ങളിൽ പോലും നോയമ്പിനെ അനുഷ്ഠിച്ചു.
ആർഷഭാരതത്തിന്റെ നന്മയെയും പൈതൃകത്തെയും ലോകത്തിന് മുൻപിൽ അഭിമാനത്തോടെ തുറന്നുകാട്ടുന്നതിൽ തിരുമേനി എന്നും ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ എല്ലാ അനുകൂല സാഹചര്യം ഉണ്ടായിട്ടും തന്റെ പ്രവർത്തനമണ്ഡലമായി തിരഞ്ഞെടുത്തത് ഗുജറാത്തിന്റെ ഗ്രാമങ്ങളെയാണ് ആരും ഇല്ലാത്തവർക്ക് ഒന്നും ഇല്ലാത്തവർക്ക് നല്ല വഴി കാണിച്ചു കൊടുക്കാൻ ദൈവം തിരഞ്ഞെടുത്ത ഗുരുനാഥനാണ് മാർ അത്താനാസിയോസ്. അഭിവന്ദ്യ തിരുമേനിയുടെ വിയർപ്പിൽ നിന്ന് ഉയർന്നു വന്ന സ്ഥാപനങ്ങൾ തന്നെയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്‌മാരകങ്ങൾ. “Good; Go Ahead” എന്ന് ഓരോ സ്‌മാരകകങ്ങളും ഓതറയിലെ ആ കബറും വരും തലമുറകളോട് വിളിച്ചു പറയും
അബി എബ്രഹാം കോശി, കാർത്തികപ്പള്ളി
https://ovsonline.in/articles/h-g-thomas-mar-athanasios-metropolitan/