മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാകണം ആഘോഷങ്ങൾ: പരിശുദ്ധ കാതോലിക്ക ബാവാ
ചെന്നൈ:- ദൈവികതയ്ക്കും മാനവികതയ്ക്കും തുല്യ പ്രാധാന്യം നൽകിയാണു പ്രവർത്തിക്കേണ്ടതെങ്കിലും ആഘോഷങ്ങളിൽ മാനവികതയ്ക്കു മുൻതൂക്കം നൽകണമെന്നു പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
മറ്റുളളവരെ സഹായിക്കാനുളള അവസരമായി ആഘോഷങ്ങളെ മാറ്റാൻ കഴിഞ്ഞോ എന്നു പരിശോധിക്കണം. പാവപ്പെട്ടവർക്കുള്ള സഹായമാണു ദൈവത്തിന് ഏറ്റവും സന്തോഷകരമായ കാര്യമെന്നും ബ്രോഡ്‌വേ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും ചെറിയവനുവേണ്ടി ചെയ്ത കാര്യം തനിക്കുവേണ്ടിയാണു ചെയ്തതെന്നാണു ക്രിസ്തു പറഞ്ഞത്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ സമൂഹത്തിൽ ഉറപ്പുവരുത്താനുളള കർത്തവ്യം ഒരോരുത്തർക്കുമുണ്ട്.
എന്നാൽ, മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് സ്വാർഥതാൽപര്യങ്ങൾക്കാണു പലപ്പോഴും മുൻ തൂക്കം ലഭിക്കുന്നത്. ഇതിൽനിന്നു വ്യത്യസ്തമായ പ്രവർത്തനം വേണമെന്നും ബാവാ ഓർമിപ്പിച്ചു. മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുമായി ചേർന്നു നടത്തുന്ന ഹൃദയ ശസ്ത്രക്രിയ പദ്ധതിക്കുളള തുക എസ്. ആർ. വിജകുമാർ എംപി, മിഷൻ ഓണററി സെക്രട്ടറി ഡോ. കെ. ജേക്കബിനു കൈമാറി. ടാങ്കർ ഫൗണ്ടേഷനുളള ഡയാലിസിസ് മെഷീന്റെ തുക ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റി ഡോ. ജോർജി ഏബ്രഹാം ഏറ്റുവാങ്ങി
സ്കൂൾ – കോളജ് വിദ്യാർഥികൾക്കുളള നൂറു സ്കോളർഷിപ്പുകളുടെ വിതരണം ചെന്നൈ മേയർ സൈദ എസ്. ദുരൈസ്വാമി നിർവഹിച്ചു.പരുമല കാൻസർ ആശുപത്രിക്കുളള സംഭാവന മദ്രാസ് ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് കൈമാറി. സ്മരണിക പ്രകാശനം മാർത്തോമ്മാ സഭാ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ പീലിക്സിനോസ് നിർവഹിച്ചു. കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡൽഹി ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിംമെത്രയോസ്, കത്തീഡ്രൽ വികാരി ഫാ. ജിജി മാത്യു വാകത്താനം എന്നിവർ പ്രസംഗിച്ചു.
സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ ഭദ്രാസന ഗായകസംഘം സോപ്പ കാദീശേ ഗാനങ്ങൾ ആലപിച്ചു. സംഗീത സംവിധാകൻ ഒൗസേപ്പച്ചനാണ് ശതാബ്ദിഗാനം ചിട്ടപ്പെടുത്തിയത്. ഗായിക കെ. എസ്. ചിത്ര നയിച്ച പ്രത്യേക സംഗീത പരിപാടി ‘സംഗീതാർച്ചന’യും അരങ്ങേറി. പൊതുയോഗത്തിനു മുന്നോടിയായി രാവിലെ കത്തീഡ്രലിൽ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, ഇടവക ഡയറക്ടറി പ്രകാശനം, ശതാബ്ദിയുടെ ഭാഗമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ ശിലാ ആശീർവാദം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.