ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം സുദൃഢമാക്കണം: സഖറിയാസ് മാർ അന്തോനിയോസ്
കൊട്ടാരക്കര :- ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ വിശ്വാസികൾ തയാറാകണമെന്ന് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ്. ഇതിനായി എല്ലാ വീടുകളിലും വേദപുസ്തക വായനയും നമസ്കാരങ്ങളും ഉണ്ടാകണമെന്നും ആധുനിക കാലഘട്ടത്തിൽ ഇത്തരം ബന്ധം ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള കൊട്ടാരക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഓരോ വർഷവും നമ്മളിലുണ്ടാകുന്ന തെറ്റുകളും കുറ്റങ്ങളും കഴുകിക്കളയാൻ പ്രാർഥന കൊണ്ട് കഴിയണം. ദൈവത്തോട് ചേർന്ന് നിന്നാൽ മാത്രമേ നമുക്ക് അന്യരുമായി സൗഹാർദത്തിൽ കഴിയാനാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. സി.ഡി. രാജൻ, ഫാ. അലക്സ് മാത്യു, ഫാ. പി.എം. ജോൺ കോറെപ്പിസ്കോപ്പ, ഫാ. സാജൻ തോമസ്, ഫാ. ടൈറ്റസ് ജോൺ, ഫാ. കോശി ജോൺ, ഫാ. ഡോ. കെ. ഗീവർഗീസ്, ഫാ. ഗീവർഗീസ് കോശി, കെ.ജി. റോയി, പി.എം. ഗീവർഗീസ് കുരാക്കാരൻ, ഒ. അച്ചൻകുഞ്ഞ്, ഹാരിസൻ ലൂക്ക് എന്നിവർ സംബന്ധിച്ചു. ഇന്ന് ഏഴിനു ഫാ. ഗീവർഗീസ് കോശി പ്രസംഗിക്കും.