കുമ്പസാരം നിരോധിക്കണമെന്ന നിർദ്ദേശത്തിനെതിരെ ഓർത്തഡോക്സ് പള്ളികളിൽ പ്രതിഷേധദിനാചരണം
ഓർത്തഡോക്സ് സഭ ആഗസ്റ്റ് 5 ന് പ്രതിഷേധദിനം ആചരിക്കും ക്രൈസ്തവ സഭയുടെ വിശുദ്ധ കൂദാശകളിൽ പ്രധാനപ്പെട്ട ഒന്നായ വിശുദ്ധ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്ദ്ദേശത്തിനെതിരെ മലങ്കര ഓര്ത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായറാഴ്ച്ച പ്രതിഷേധദിനമായി ആചരിക്കും. വേണ്ടത്ര പഠനമോ, വിശകലനമോ, ചര്ച്ചയോ ഇല്ലാതെ ഏകപക്ഷീയവും വികലവുമായ വിധത്തിൽ സമർപ്പിക്കപ്പെട്ട ആ നിർദ്ദേശം തളളിക്കളയണമെന്ന് സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ഗവണ്മെന്റിനോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുളള പ്രമേയം പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഇടവകകൾ പാസാക്കുന്നതാണ്. ക്രൈസ്തവ സഭകൾ പിന്തുടർന്നുവന്ന വിശ്വാസപ്രമാണങ്ങളെയും മൂല്യങ്ങളെയും തത്വസംഹിതകളെയും തികഞ്ഞ ആദരവോടും സഹിഷ്ണതയോടുംകൂടി സമീപിച്ചിരുന്ന സമ്പന്നമായ ഭാരതീയ സംസ്ക്കാരത്തിന് കളങ്കം ചാർത്തുന്നവിധം, സഭയുടെ വിശുദ്ധ കൂദാശകളിൽ പ്രധാനപ്പെട്ട ഒന്നായ വിശുദ്ധ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്ദ്ദേശത്തിൽ ശക്തമായപ്രതിഷേധം രേഖപ്പെടുത്തുന്നു. കൃത്യമായ പഠനമോ, വിശകലനമോ, ചര്ച്ചയോ കൂടാതെ ഏകപക്ഷീയവും അപക്വവുമായവിധത്തിൽ സമർപ്പിക്കപ്പെട്ട ആ നിർദ്ദേശം തളളിക്കളയണമെന്ന് ബഹുമാനപ്പെട്ട കേന്ദ്ര ഗവണ്മെന്റിനോട് അഭ്യർത്ഥിക്കുന്നു.