സമൂഹ ജീർണത അകറ്റാൻ സ്ത്രീകൾ ശക്തർ : പരിശുദ്ധ കാതോലിക്കാ ബാവ
പെരുമ്പാവൂർ : സമൂഹത്തിലെ ജീർണത തുടച്ചുനീക്കാൻ സ്ത്രീകൾക്കു കഴിയുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
അഖില മലങ്കര ഓർത്തഡോക്സ് മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നന്നായാൽ മാത്രമേ സമൂഹം നന്നാകൂ. അതിനാൽ ഓരോരുത്തരും കരുണയുള്ള മനസ്സിന്റെ ഉടമയാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സമാജം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറസ് അനുഗ്രഹ പ്രഭാഷണം നടത്തി.വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഡോ. എം.എസ്. സുനിൽ, ഫാ. ബോബി വർഗീസ്, ഭാരവാഹികളായ ഫാ. മാത്യു വർഗീസ് പുളിമൂട്ടിൽ, പ്രഫ. മേരി മാത്യു, ഓമന ജോൺ, കുട്ടിയമ്മ മാത്യു, മറിയാമ്മ ചാക്കോ, അമ്മിണി റോജി എന്നിവർ പ്രസംഗിച്ചു.ഡോ. തോമസ് മാർ അത്തനാസിയോസ്, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവർ ക്ലാസെടുത്തു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.