ഭക്തി സാന്ദ്രമായി ബസേലിയോസ് ദയറാ ഓർമ്മപെരുനാൾ സമാപിച്ചു
കോട്ടയം ഭദ്രാസനത്തിന്‍റെ ഭാഗ്യസ്മരണാർഹനായ ഗീവറുഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ അഞ്ചാമത് ഓർമ്മപെരുന്നാൾ സമാപിച്ചു. വന്ദ്യ പിതാവ് കബറടങ്ങിയിരിക്കുന്ന ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ നടന്ന ഓർമ്മപെരുന്നാൾ ചടങ്ങുകൾക്ക് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
11-04-2018 ബുധനാഴ്ച വൈകുന്നേരം ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് പള്ളിയിൽ നിന്ന് ദയറായിലേക്ക് യേശുനാമ പ്രയാണം (പദയാത്ര) ഉണ്ടായിരുന്നു. തുടർന്നു ദയറായിൽ സസ്യാനമസ്കാരവും അനുസ്മരണപ്രസംഗവും നടത്തപ്പെട്ടു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുസ്മരണപ്രഭാഷണം നിർവഹിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴു മണിയ്ക്കു പ്രഭാത നമസ്കാരവും തുടർന്ന് പ. ബാവാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി.കുർബാനയും നടത്തപ്പെട്ടു. വി. കുർബാനയ്ക്കു ശേഷം ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പെരുന്നാൾ ചടങ്ങുകളിൽ സഖറിയാ മാർ അന്തോണിയോസ്, ഡോ. യാക്കൂബ് മാർ ഐറേനിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, അലക്സിയോസ് മാർ യൗസേബിയോസ് എന്നീ പിതാക്കൻമാരും നിരവധി വൈദികരും നൂറുകണക്കിനു വിശ്വാസികളും സംബന്ധിച്ചു.