പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ അത്ഭുതപ്രവര്‍ത്തികള്‍
ഇതിൽ പാമ്പാടി തിരുമേനി ഭൂമിയിൽ ജീവിച്ചിരുന്ന സമയം ദൈവത്തോട് മധ്യസ്ഥത യാചിച്ചു ലഭിച്ച പതിനാല് അത്ഭുതങ്ങൾ ആണ് ഉള്ളത്. കാലം ചെയ്തതിനു ശേഷം അദ്ദേഹത്തിന്‍റെ മധ്യസ്ഥത യാചിച്ചു അനേകായിരങ്ങൾക്ക് ലഭിച്ച അത്ഭുതങ്ങള്‍ ഉല്‍പ്പെടുത്തിയിട്ടില്ല
ഒന്ന്
വേനൽ സമയം. കടുത്ത വേനൽ മൂലം കിണറുകളും, കുളങ്ങളുമെല്ലാം വറ്റിയിരിക്കുന്ന സമയം. മനുഷ്യരും, മൃഗങ്ങളും വെള്ളം കിട്ടാതെ വലഞ്ഞു. കുരിയാക്കോസ് അന്ന് ശെമ്മാശന്‍ ആയിരിക്കുന്ന കാലം. വയസ്സ് 14. ശെമ്മാശൻ പാമ്പാടി പള്ളിയിൽ താമസിക്കുന്ന കാലം.
മഴയ്ക്കു വേണ്ടി മുന്ന് ദിവസം ഉപവാസ പ്രാർത്ഥന നടത്തുവാൻ ശെമ്മാശൻ തീരുമാനിക്കുകയും പള്ളിയിൽ വിളിച്ചു പറയുകയും ചെയ്തു. രാവിലെ 8 മുതൽ വൈകുനേരം 3 മണി വരെ പള്ളിയിൽ ഉപവാസ പ്രാർത്ഥന നടത്തും. മൂന്നാം ദിവസം പ്രാർത്ഥനയ്ക്ക് ശേഷം എല്ലാർക്കും കഞ്ഞി കൊടുക്കും. അതിനുള്ള അരിയും മറ്റു സാധനങ്ങളും പ്രാര്ഥനയ്ക്കു വരുന്നവർ നേർച്ചയായി കൊണ്ട് വരണം. ഉപവാസ പ്രാർത്ഥനയിൽ വളരെയധികം ആളുകൾ സംബന്ധിക്കുവാൻ വന്നു. വെള്ളം പോലും കുടിക്കാതെ 3 മണി വരെ ഉപവസിച്ചു, പ്രാർത്ഥിച്ചു. മൂന്നാം ദിവസം പതിവിലും കൂടുതൽ ആളുകൾ ഉപവാസ പ്രാർത്ഥനയ്ക്ക് ആയി വന്നു.
ശെമ്മാശൻ ഉയരങ്ങളിലേക്ക് നോക്കി നിലവിളിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും എന്ന പൂർണ വിശ്വസം ശെമ്മാശന് ഉണ്ടായിരുന്നു. ശെമ്മാശൻ ചൊല്ലി കൊടുത്ത പ്രാർത്ഥന ജനങ്ങൾ ഏറ്റു ചൊല്ലി. മുന്ന് മണിയോട് കൂടി ഉപവാസ പ്രാർത്ഥന സമാപിച്ചു. ശെമ്മാശൻ ജനങ്ങളോട് പറഞ്ഞു. “എല്ലാവർക്കും കഞ്ഞി പള്ളിക്കു താഴെയുള്ള ചെത്തിമറ്റം വയലിൽ തയാറാക്കിയിട്ടുണ്ട്. എല്ലാരും അവിടേയ്ക്കു പോകണം.” ആളുകൾ വയലിൽ വരിവരിയായി ഇരുന്നു കഞ്ഞി കുടിച്ചു തുടങ്ങി.
പ്രാർത്ഥനയ്ക്ക് ഫലം ആകാശത്തു കാണുന്നുണ്ടോ എന്ന് ചിലർ മുകളിലേക്കു നോക്കി കൊണ്ടിരുന്നു. എല്ലാവരും കഞ്ഞി കുടിച്ചു തീരാറായി. പെട്ടെന്ന് ആകാശം കറുത്തിരുണ്ട് കാർമേഘം കൊണ്ട് നിറഞ്ഞു. മിന്നലും ഇടിയും ഉണ്ടായി. അതെ തുടർന്ന് മഴ പെയ്തു തുടങ്ങി. ക്രമേണ മഴ കൂടി വന്നു തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്നതിനാൽ വയലിൽ വെള്ളം നിറഞ്ഞു. കഞ്ഞി വയ്ക്കുന്നതിന് ഉപയോഗിച്ച വാർപ്പും മറ്റു പത്രങ്ങളും വെള്ളത്തിൽ ഒഴുകി നടന്നു. മഴ നനഞ്ഞു കൊണ്ട് ജനം ആനന്ദ നൃത്തം ആടി. ശെമ്മാശൻ നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചു. ഈ സംഭവത്തോടെ പേഴമറ്റത്തു കുറിയാക്കോസ് ശെമ്മാശൻ പ്രസിദ്ധനായി തീർന്നു. വട്ടശേരിൽ ഗീവർഗീസ് മല്പാൻ തന്‍റെ ശിഷ്യനെ ആശീർവദിച്ചു.
രണ്ടു
1935-ൽ കുന്നംകുളത്തു ‘പ്ലേഗു രോഗം*’പടർന്നു പിടിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ മണികൂറുകള്‍ക്ക് അകം മരണം സംഭവിക്കാം. പലരും മരണത്തിനു കീഴ്പെട്ടു. രോഗം വളരെ വേഗം വ്യാപിച്ചു കൊണ്ടിരുന്നു. ഡോക്ടർമാർ പ്രതിരോധ കുത്തിവയ്പു നടത്തി തുടങ്ങിയെങ്കിലും വലിയ ഫലം കണ്ടില്ല. വിവരം അറിഞ്ഞു പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ഗീവർഗീസ് ദ്വിതീയൻ ബാവ വലിയ വിഷമത്തിലായിരിക്കുമ്പോൾ പാമ്പാടി തിരുമേനി പഴയ സെമിനാരിയിൽ എത്തി ചേർന്നു.
കുന്നംകുളത്തെ വിവരം ഗീവർഗീസ് ദ്വിതീയൻ ബാവ പാമ്പാടി തിരുമേനിയോട് പറഞ്ഞു. കേട്ടയുടനെ ” ഞാൻ കുന്നംകുളത്തേക്കു പോകുന്നു ” എന്ന് പറഞ്ഞു. മാർത്തോമാ സിംഹാസനത്തിൽ നിന്നുള്ള അനുഗ്രഹവും വാങ്ങി തിരുമേനി പൊത്തൻപുറത്തേക്കു തിരിച്ചു. പ്ളേഗ് ബാധിച്ച കുന്നംകുളത്തേക്കു പോകരുത് എന്ന് പാമ്പാടിക്കാർ തിരുമേനിയോട് അപേക്ഷിച്ചു. തിരുമേനിയെ പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ആർക്കും സാധിച്ചില്ല. അന്ന് ദയറായിൽ താമസിച്ചിരുന്ന സഹോദരപുത്രൻ പി.എ കുര്യാക്കോസ് കത്തനാരെ ദയറായുടെ ചുമതലകൾ ഏല്പിച്ചു. പാമ്പാടിക്കാർ കണ്ണുനീരോടെ തിരുമേനിയെ യാത്രയാക്കി.
മാരകമായ പകർച്ച വ്യാധിയുടെ നടുവിലേക്ക് പോകുന്ന തിരുമേനിയെ ജീവനോടെ ഇനിയും കാണുവാൻ സാധിക്കുമോ എന്ന് പലരും ഭയപ്പെട്ടു. പോയ വഴിക്കു പലരും പാമ്പാടിയിലേക്കു തിരികെ പോകുവാൻ തിരുമേനിയെ നിർബന്ധിച്ചു. ഇവയെ എലാം അവഗണിച്ചു തിരുമേനി യാത്ര തുടരുകയും കുന്നംകുളത്തു എത്തിച്ചേരുകയും ചെയ്തു. കുന്നംകുളം പട്ടണത്തിൽ പ്രവേശിച്ച തിരുമേനി സ്ലീബാ ഉയർത്തി പട്ടണത്തെ നോക്കി കുരിശടയാളം വരച്ചു പ്രാർത്ഥിച്ചു. കുന്നംകുളം പഴയ പള്ളിയിലേക്ക് ആണ് ആദ്യം പോയത്. പള്ളിയിൽ കയറി പ്രാർത്ഥന നടത്തി. അവിടെ കൂടിയിരിക്കുന്നവരോട് പറഞ്ഞു “നിങ്ങളോടൊപ്പം ജീവിക്കുവാനും, മരിക്കുവാനും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നിങ്ങൾ മുട്ടിപ്പായി ദൈവത്തോട് പ്രാർത്ഥിക്കണം. മുന്ന് ദിവസം ഉപവാസം നടത്തണം. ദൈവം ഈ വ്യാധിയെ നീക്കി തരും “.
പട്ടണത്തെ നോക്കി സ്ലീബാ ഉയർത്തി തിരുമേനി കുരിശടയാളം വരച്ചതിനു ശേഷം അവിടെ ആരും പ്ളേഗ് മൂലം മരിച്ചില്ല. ഓരോ രോഗിയുടെയും വീട് സന്ദർശിച്ചു രോഗിയുടെ തലയിൽ കൈയ് വച്ചു പ്രാർത്ഥിച്ചു. ദൈവത്തിന്‍റെ ആത്മാവ് തിരുമേനിയിൽ കൂടി പ്രവർത്തിച്ചു. സകല മതസ്ഥരുടെയും ഭവനങ്ങളിൽ കയറി പ്രാർത്ഥിക്കുകയും എല്ലായിടത്തും രോഗശാന്തി ലഭിക്കുകയും ചെയ്തു. തിരുമേനിയുടെ സാനിധ്യം അവർക്കു പ്രത്യാശയും, സമാധാനവും നൽകി. ഒന്നര മാസകാലം അവിടെ താമസിച്ചു രോഗശാന്തി ശ്രുശൂഷ നടത്തി. പകർച്ച വ്യാധിയുടെ നടുവിൽ ഇത്രെയും കാലം താമസിച്ചു ശ്രുശൂഷിച്ചിട്ടും തിരുമേനിക്ക് രോഗം ബാധിച്ചില്ല. കുന്നംകുളത്തു നിന്നും പകർച്ചവ്യാധി സംമൂലം നീങ്ങിപോയതിനു ശേഷം തിരുമേനി പാമ്പാടിയിലേക്കു മടങ്ങി പോന്നു.
മുന്ന്
മല്ലപള്ളി വഴി തിരുമേനി വെണ്ണികുളത്തേയ്ക് വില്ലുവണ്ടിയിൽ പോകുകയായിരുന്നു. പോകുന്ന വഴിയിൽ ഒരാൾ വിഷപാമ്പുകടിയേറ്റു കിടക്കുവായിരുന്നു. അയാളെ ചികിത്സയ്ക്കാൻ വൈദ്യർ വന്നു നിൽക്കുന്ന സമയത്തു ആയിരുന്നു തിരുമേനി ആ വഴിയിലൂടെ കടന്നു പോകുന്നത്. പക്ഷെ എന്ത് മരുന്നും ഉപയോഗിച്ചിട്ടും രക്ഷപ്പെടുന്നില്ല എന്ന് കണ്ടിട്ട് വൈദ്യർ രോഗിയെ ഉപേക്ഷിച്ചു പോയി.
പാമ്പാടി തിരുമേനി ആ വഴിയെ വരുന്നുണ്ട് എന്നറിഞ്ഞ ഒരാൾ ഓടിച്ചെന്നു തിരുമേനിയെ വിവരം അറിയിച്ചു. തിരുമേനി രോഗിയുടെ അടുത്ത് വന്നു അവിടെ നിന്നവരെയെല്ലാം കൂട്ടി രോഗിക്ക് വേണ്ടി പ്രാർത്ഥിച്ചു. രോഗിയുടെ തലയിൽ കയ് വച്ചു മൗനമായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന സമയത്തു അയാൾ കണ്ണ് തുറന്നു. പ്രാർത്ഥനയ്ക്ക് ശേഷം തിരുമേനി അയാളുടെ അടുത്തിരുന്നു ആശ്വസിപ്പിച്ചു. അയാൾ എഴുന്നേറ്റിരുന്നു. തിരുമേനി അയാൾക്കു ഭക്ഷണം കൊടുപ്പിച്ചു. അധികം താമസിയാതെ അയാൾ ഭവനത്തിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
നാല്
പറയ സമുദായത്തിൽപ്പെട്ട ശയരോഗിയായ ഒരു പാവപെട്ട മനുഷ്യൻ നെടും പൊയ്ക എന്ന സ്ഥലത്തു താമസിച്ചിരുന്നു. തിരുമേനിയുടെ പ്രാർത്ഥന ശക്തിയെപറ്റി കേട്ടറിഞ്ഞ ഈ പാവം മനുഷ്യൻ ദയറായിൽ വന്നു. “തമ്പുരാനെ, അടിയൻ തമ്പുരാനെ ഒന്ന് കാണാൻ വന്നതാ “അയാൾ പറഞ്ഞു. “എന്നെ തമ്പുരാൻ എന്ന് വിളിക്കരുത്, എന്‍റെയും നിന്‍റെയും തമ്പുരാൻ സ്വർഗത്തിലാണ് “ തിരുമേനി പറഞ്ഞു. തന്‍റെ രോഗവിവരമൊക്കെ തിരുമേനിയോട് പറഞ്ഞിട്ട് തനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണമെന്നുകൂടി പറഞ്ഞു. തിരുമേനി അയാളുടെ തലയിൽ കയ് വച്ചു പ്രാര്ഥിച്ചിട്ടു 3 ദിവസം പള്ളിയിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ നിർദേശിച്ചു. അയാൾ അതനുസരിച്ചു പള്ളിയിൽ ഇരുന്നു പ്രാർത്ഥിക്കുകയും സൗഖ്യത്തോടെ തിരിച്ചു പോവുകയും ചെയ്തു.
അഞ്ചു
കുന്നംകുളത്തുള്ള ഇളചിയാർ എന്ന സ്ത്രീ രക്തസ്രാവം മൂലം വളരെയധികം കഷ്ടപെട്ടിരുന്നു. പലവിധ ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആയിടയ്ക്ക് പാമ്പാടി തിരുമേനി മാർത്തോമാ സ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് (പാലൂർ -ചാട്ടുകുളങ്ങര ) പള്ളിയിൽ വരികയുണ്ടായി. കുർബാനയ്ക്കു ശേഷം ഈ സ്ത്രീയെ അവളുടെ അമ്മ തിരുമേനിയുടെ അടുത്ത് കൊണ്ട് ചെന്ന് വിവരങ്ങളൊക്കെ പറഞ്ഞു. “മോളെ,ധൈര്യത്തോടെ പോകുക, ഇനിയും നിനക്കു ഈ രോഗം ഉണ്ടാവുകയില്ല ” എന്ന് പറഞ്ഞുകൊണ്ട് തലയിൽ കയ് വച്ചു പ്രാർത്ഥിച്ചു. പിന്നീട് അവൾക്കു ആ രോഗം ഉണ്ടായിട്ടില്ല.
ആറു
അപസ്മാരം ബാധിച്ചു സംസാരശേഷി നഷ്ടപ്പെട്ടു ശരീരം തളർന്നു അവശയായ മൂന്നര വയസുള്ള തന്‍റെ കുട്ടിയെ മാതാപിതാക്കളായ എം. എം ചാക്കോയും, ഏലിയാമ്മയും തിരുമേനിയുടെ അടുത്ത് കൊണ്ട് വന്നു. തിരുമേനി കുട്ടിയുടെ തലയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും വെള്ളം വാഴ്ത്തി കുടിക്കുന്നതിനു കൊടുക്കുകയും ചെയ്തു. തിരികെ പോകുന്നതിനായി കുട്ടിയെയും കൊണ്ട് കാറിൽ കയറിയപ്പോഴേക്കും കുട്ടിയുടെ തളർച്ച മാറുകയും കുട്ടി സംസാരിക്കുകയും ചെയ്തു.
ഏഴ്
1949-ൽ തിരുമേനി തിരുമൂലപുരം പള്ളിയിൽ വന്നു വിശുദ്ധ കുർബാന അർപ്പിക്കുകയുണ്ടായി. മക്കൾ ഇല്ലാതിരുന്ന കറ്റോട്ട്മാലിയിൽ പോൾ തോമസിന്‍റെ അപേക്ഷ പ്രകാരം വിശുദ്ധ കുര്‍ബാനയില്‍ പ്രത്യേകം ഓർത്തു പ്രാർത്ഥിച്ചു. ഒരു വർഷത്തിനുള്ളിൽ അയാൾക്കു ഒരു പുത്രൻ ജനിച്ചു.
എട്ടു
കുരിയാക്കോസ് റമ്പാച്ചന്‍റെ സഹോദരാ പുത്രൻ പെഴമറ്റത്തു P.A. ചാക്കോ മസൂരി രോഗ ബാധിതനായി കിടപ്പിലായി. നാട്ടു വൈദ്യന്മാർ പല മരുന്നുകളും കൊടുത്തു നോക്കിയിട്ടും യാതൊരു കുറവും കണ്ടില്ല. രോഗം കൂടുതൽ ആണെന്നും വൈദ്യന്മാർ രോഗിയെ കൈ വെടിഞ്ഞു എന്നും റമ്പാച്ചൻ അറിഞ്ഞ ഉടൻ രോഗിയുടെ വാഴൂരുള്ള ഭവനത്തിൽ എത്തി ചേർന്നു.
രാത്രി മുഴുവൻ രോഗിയുടെ അടുത്തിരുന്നു പ്രാർത്ഥിക്കുകയും ആശ്വാസ വചനങ്ങൾ പറഞ്ഞു രോഗിയെ ധൈര്യപ്പെടുത്തുകയും ചെയ്തു. നേരം വെളുത്തപ്പോൾ മുതൽ രോഗത്തിന് ശമനം കണ്ടു തുടങ്ങി. റമ്പാച്ചൻ ദയറയിലേക്കു മടങ്ങി പോയി. യാതൊരു മരുന്നും പിന്നീട് കഴിക്കാതെ രോഗം ഭേദമായി.
ഒൻപതു
മങ്ങാട്ട് മാർ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ പുരയിടത്തിൽ 13 കിണറുകൾ കുഴിപ്പിച്ചു എങ്കിലും വെള്ളം കണ്ടെത്തിയില്ല. ആയിടയ്ക്ക് തിരുമേനി പഴഞ്ഞി പള്ളിയിൽ വരുന്നതറിഞ്ഞ മങ്ങാട്ട് പള്ളിക്കാർ അവിടെ വന്നു തിരുമേനിയോട് സങ്കടം പറഞ്ഞു. തിരുമേനി അവരോടൊപ്പം മങ്ങാട്ട് എത്തി ചാപ്പലിൽ കയറി പ്രാർത്ഥിച്ചു. ജനങ്ങളോടൊപ്പം പള്ളിക്കു ചുറ്റും പ്രദിക്ഷണം നടത്തി. പുരയിടത്തിൽ ഒരു സ്ഥലത്തു നിന്നു പ്രാർത്ഥിച്ചു. “ഇവടെ കിണർ കുഴിക്കുക. ആവശ്യമുള്ള വെള്ളം ദൈവം ഇവിടെ തരും ” എന്ന് പറഞ്ഞു. അവരെയെല്ലാം അനുഗ്രഹിച്ചിട്ടു പഴഞ്ഞി പള്ളിയിലേക്ക് മടങ്ങി പോയി. അവിടെ കിണർ കുഴികുകയും അധികം താഴുന്നതിനു മുൻപേ വെള്ളം കാണുകയും ചെയ്തു.*
പത്തു
പടിഞ്ഞാറേക്കര അഡ്വക്കേറ്റ് P.C കുര്യന്‍റെ സഹോദരി സൂസി മാത്യുവിന്‍റെ മകനു 3 മാസം പ്രായം ഉള്ളപ്പോൾ പനിയും, ചുമയും, വലിവും വന്നു വിഷമ സ്ഥിതിയിലായി. കോട്ടയത്തെ പ്രഗത്ഭ ഡോക്ടർമാർ മുന്ന് ദിവസം പല മരുന്നുകളും നൽകിയെങ്കിലും യാതൊരു കുറവും കണ്ടില്ല. കോട്ടയത്തെ പ്രശസ്തനായ ഒരു ബാല ചികിത്സകനായ വൈദ്യരെ കാണിച്ചു നോക്കി. അയാളുടെയും മരുന്ന് കൊണ്ടൊന്നും ഫലം കണ്ടില്ല. പാമ്പാടി തിരുമേനി കാരാപ്പുഴ പള്ളിയിൽ വന്നിട്ടുണ്ട് എന്നറിഞ്ഞ വീട്ടുകാർ അവിടെ ചെന്ന് തിരുമേനിയോട് വിവരം പറഞ്ഞു. തിരുമേനി മദ്ബഹയിൽ കയറി പ്രാർത്ഥിച്ചിട്ടു ഒരു കുപ്പിയിൽ കുറച്ചു വെള്ളം എടുത്തു വാഴ്ത്തി അവരുടെ കയ്യിൽ കൊടുത്തു വിട്ടു. ഒരു സ്പൂൺ വെള്ളം കുടിച്ചപ്പോൾ തന്നെ കുട്ടി കണ്ണ് തുറന്നു. അപ്പനെയും, അമ്മയെയും നോക്കി ചിരിച്ചു. വെള്ളം കുറശ്ശേ കൊടുത്തു കൊണ്ടിരുന്നു. രോഗശമനം വളരെ വേഗം കണ്ടു തുടങ്ങി. വാഴ്ത്തിയ വെള്ളത്താലും, തിരുമേനിയുടെ പ്രാർത്ഥനയാലും കുഞ്ഞിന് പരിപൂർണ സൗഖ്യം കിട്ടി. ഇന്ന് ഈ കുട്ടി ഒരു ഡോക്ടർ ആണ്.
പതിനൊന്നു
ദയറാ പള്ളിയുടെ പണി നടക്കുന്ന സമയമായിരുന്നു. വെട്ടു കല്ല് തീർന്നു. കുറച്ചകലെയുള്ള പുരയിടത്തിൽ കല്ല് വെട്ടി കൂട്ടി ഇട്ടിട്ടുണ്ട്. കല്ല് ചുമന്നു പണി സ്ഥലത്തു കൊണ്ട് വരണം. നല്ല മഴക്കാലവുമായിരുന്നു. മീനടത്തേ നായർ പ്രമാണിയായ ചിറയ്ക്കൽ കുഞ്ഞുനാണുചാർ റമ്പാച്ചന്‍റെ അടുത്ത് വന്നു പറഞ്ഞു. “കല്ല് ചുമക്കാൻ ജാതി മത ഭേദമെന്യേ നാളെ 150 ആളുകൾ വരും, കൂലി കൊടുക്കേണ്ട. ഭക്ഷണം കൊടുത്താൽ മതി “. റമ്പാച്ചൻ സമ്മതിച്ചു. നാളെ ഇത് പോലെ മഴ പെയ്താൽ എന്ത് ചെയ്യുമെന്ന് നാണുചാർ സംശയം പ്രകടിപ്പിച്ചു. റമ്പാച്ചൻ അൽപനേരം മൗനമായി പ്രാര്ഥിച്ചിട്ടു പറഞ്ഞു, “നാളെ മഴയുമില്ല, വെയിലുമില്ല. സമാധാനത്തോടെ പോകുക. ” പിറ്റേ ദിവസം കൂലിക്കാരെല്ലാം വന്നു കല്ല് ചുമന്നു കൊണ്ട് വന്നു. മഴയും പെയ്തില്ല, വെയിലും തെളിഞ്ഞില്ല.
പന്ത്രണ്ടു
മല്ലപള്ളി പ്രദേശത്തെ നെൽപ്പാടങ്ങളിൽ കീടബാധമൂലം കൃഷി നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബഥനി പള്ളിയിലെ കൺവെൻഷന് അധ്യക്ഷനായി പാമ്പാടി തിരുമേനി അവിടെയെത്തി. കർഷകർ തിരുമേനിയോട് കീടബാധയെപറ്റി പറഞ്ഞു. തിരുമേനി കർഷകരോടൊപ്പം നെല്പാടത്തെത്തി കീടബാധയേറ്റ നെൽപ്പാടം നടന്നു കണ്ടു. എല്ലാവരെയും അടുത്ത് വിളിച്ചു നിർത്തി അവരോടൊപ്പം പ്രാർത്ഥിച്ചു പാടത്തേക്കു നോക്കി സ്ലീബാ ഉയർത്തി കുരിശടയാളം വരച്ചു. “ബാധ നീങ്ങി പോകും,നല്ല വിള ലഭിക്കും ” എന്ന് പറഞ്ഞിട്ട് പള്ളിയിലേക്ക് മടങ്ങി പോയി. അടുത്ത ദിവസം പാടത്തു ചെന്ന കീടബാധ നിശ്ശേഷം മാറിയതായി കാണുവാൻ ഇടയായി.
പതിമൂന്ന്
ദിവസവും വന്നു ഭക്ഷണം കഴിച്ചിട്ട് പോകുന്ന ഒരു പട്ടി ദയറായിൽ ഉണ്ടായിരുന്നു. കുറച്ചു ദിവസം അത് ഭക്ഷണം കഴിക്കുവാൻ ഒന്നും വന്നില്ല. പിനീട് ഒരു ദിവസം ദയറായുടെ മുറ്റത്തു വന്നു നില്കുന്നത് തിരുമേനി കണ്ടു. ഒട്ടിയ വയറും എല്ലും തോലുമായി നിൽക്കുന്ന പട്ടിയെ കണ്ടപ്പോൾ തിരുമേനിക്ക് സങ്കടം തോന്നി. ഉടനെ അതിനു ഭക്ഷണം നൽകുകയും അത് ആർത്തിയോടെ തിന്നുകയും ചെയുന്നത് കണ്ടു നിന്നു. തിന്നു തൃപ്തിയായ പട്ടി നന്ദിയോടെ തിരുമേനിയെ നോക്കി നിന്നു. “എടി നീ പ്രസവിച്ചിട്ടു നിന്‍റെ കുഞ്ഞിനെ ഞാൻ കണ്ടില്ലലോ” എന്ന് തിരുമേനി പട്ടിയോടു പറഞ്ഞു. പട്ടി ഉടനെ തന്നെ അവിടെ നിന്നും പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പട്ടി കുട്ടിയെ കടിച്ചെടുത്തു കൊണ്ട് വന്നു തിരുമേനിയുടെ മുൻപിൽ വച്ചു. തിരുമേനി പട്ടികുട്ടിയെ കണ്ടു സന്തോഷിക്കുകയും, അതിന്‍റെ പുറത്തു തലോടി അതിനെ ഒമനിക്കുകയും ചെയ്തു. മൃഗങ്ങൾക്കു പോലും തിരുമേനി പറയുന്നത് മനസിലാകുന്നു.
പതിനാലു
വീട്ടിൽ കഞ്ഞി വയ്ക്കുവാൻ അരിയില്ലെന്നും കുട്ടികളെലാം പട്ടിണിയാണെന്നും ഒരു സ്ത്രീ വന്നു തിരുമേനിയോട് പറഞ്ഞു. വേലക്കാരനായ പൊട്ടനെ വിളിച്ചു അരി കൊടുക്കുവാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു. അന്ന് അത്താഴത്തിനുളള അരി മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ. അത് കൊടുക്കുവാൻ പൊട്ടൻ വിസമ്മതിച്ചു. തിരുമേനി “അത് കൊടുക്ക്. ദൈവം നമുക്ക് തരും എന്ന് പൊട്ടനെ പറഞ്ഞു മനസിലാക്കി. “ മുഴുവൻ അരിയും പൊട്ടൻ ആ സ്ത്രീയ്ക്ക് നൽകിയിട്ടു വിഷണ്ണനായി നോക്കി നിന്നു. പക്ഷെ അധികം താമസിയാതെ ഒരു കാളവണ്ടി ദയറായുടെ മുറ്റത്തു വന്നു നിന്നു. വണ്ടിയിൽ വന്ന ആൾ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഇറക്കി തിരുമേനിക്ക് കാഴ്ച സമർപ്പിച്ചു. പൊട്ടൻ സന്തോഷത്താൽ മുകളിലേയ്ക്കു നോക്കി കുരിശു വരച്ചു കൈകൾ കൂപ്പി ദൈവത്തെ സ്തുതിച്ചു.
ഇതുപോലെ ഭക്ഷണ സാധനങ്ങൾ മുഴുവനായി കൊടുത്ത സന്ദർഭങ്ങളിലെല്ലാം അധികമായി സാധനങ്ങൾ ലഭിച്ച സംഭവങ്ങൾ പല പ്രാവശ്യം നടന്നിട്ടുണ്ട്. പാവങ്ങൾക്ക് കൊടുത്താൽ ദൈവം നമ്മുക്ക് തരും എന്ന് തിരുമേനിയ്ക്കു പൂർണ വിശ്വസം ഉണ്ടായിരുന്നു. കൊടുക്കുന്തോറും കൂടുതലായി ലഭിച്ചു കൊണ്ടിരുന്നു.ലഭികുന്തോറും കൂടുതലായി കൊടുത്തോണ്ടുമിരുന്നു. ഒന്നും നാളേയ്ക്ക് നീക്കി വയ്ക്കുമായിരുന്നില്ല. നാളെയെപ്പറ്റി ചിന്തിച്ചു വേവലാതിപ്പെടാത്ത ആളായിരുന്നു തിരുമേനി.
വിശുദ്ധനായ പാമ്പാടി തിരുമേനിയുടെ ഓർമ്മ വാഴ്‌വിനായി തീരട്ടെ.
വിശുദ്ധ പാമ്പാടി തിരുമേനി…. ഞങ്ങൾക്ക് വേണ്ടിയും സഭയ്ക്കും വേണ്ടിയും ദൈവസന്നിധിയിൽ എന്നും അപേക്ഷിക്കേണമേ.
കടപ്പപാട്: Rino Mathew Raji