അനുഗ്രഹ വർഷമായി പാമ്പാടി പെരുന്നാൾ
പാമ്പാടി∙ വിശ്വാസ സഹസ്രങ്ങൾ ഭക്ത്യാദരപൂർവം പങ്കെടുത്ത പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ സമാപിച്ചു. പെരുന്നാളിനു സമാപനം കുറിച്ചു നടന്ന നെയ്യപ്പവും പഴവും നേർച്ചവിളമ്പിൽ ജാതിമതഭേദമന്യേയുള്ള പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ ദിനങ്ങളിൽ പതിവുപോലെ അനുഗ്രഹവർഷമായി മഴ ചൊരിഞ്ഞത് വിശ്വാസികളുടെ മനം കുളിർപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ചരിത്രപ്രസിദ്ധമായ പ്രദക്ഷിണത്തെ തുടർന്നു കബറിങ്കൽ ആരംഭിച്ച അഖണ്ഡപ്രാർഥന ഇന്നലെ പുലർച്ചെ വരെ നീണ്ടു.
തുടർന്നു നടന്ന ആദ്യത്തെ കുർബാനയ്ക്കു സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യ കാർമികത്വം വഹിച്ചു. പെരുന്നാൾ മൂന്നിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജീവിത മൂല്യങ്ങൾ ഏവരും ജീവിതത്തിൽ പകർത്തണമെന്നു കുർബാനയ്ക്കു ശേഷം നടത്തിയ അനുസ്മരണ പ്രസംഗത്തിൽ ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. കബറിങ്കൽ ധൂപപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, പ്രഭാത ഭക്ഷണം എന്നിവയോടെയാണ് പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചത്.
ദയറയിൽ തയാറാക്കിയതിനു പുറമെ വിവിധ പള്ളികളിൽ നിന്നും ഭവനങ്ങളിൽ നിന്നും തയാറാക്കി എത്തിച്ച നെയ്യപ്പവും പഴവുമാണ് നേർച്ചയായി വിളമ്പിയത്. കുന്നംകുളം, പഴഞ്ഞി, കാസർകോട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ വിവിധ ദേശങ്ങളിൽ നിന്നും തീർഥാടകർ പങ്കെടുക്കാനെത്തിയിരുന്നു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പ് സൂഷിച്ചിരിക്കുന്ന പാലക്കാട് വടക്കഞ്ചേരി വാണിയമ്പാറ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിന്നു ഫാ. ഡേവിഡ് തങ്കച്ചന്‍റെ നേതൃത്വത്തിൽ തീർഥാടകർ എത്തിയിരുന്നു.
കെ.എസ്ആ.ർ.ടി.സി പ്രത്യേക സർവീസുകൾ നടത്തിയത് തീർഥാടകർക്കു സൗകര്യമായി, ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, അസി. മാനേജർ ഫാ. സി.എ.വർഗീസ്, ജനറൽ കൺവീനർ ഫാ. അനി കുര്യാക്കോസ് വർഗീസ്, ജോയിന്റ് കൺവീനർ കെ.എ.ഏബ്രഹാം കിഴക്കയിൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
https://ovsonline.in/latest-news/pampady-perunnal-2018-3/