വിശുദ്ധ മൂറോൻ കൂദാശ; ചരിത്രവും പാരമ്പര്യവും.
”ദൈവമേ ! നിന്‍റെ ദൈവം, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” [എബ്രായർ 1 : 09]
മലങ്കരയുടെ മണ്ണ് വീണ്ടുമൊരു മൂറോൻ കൂദാശയ്ക്ക് കൂടി വേദിയാവുകയാണ്. വി.മൂറോന്‍റെ പരിമളം മലങ്കരയുടെ ഓയാറിനെ ധന്യമാക്കുന്ന ആ സുദിനത്തിനായി മലങ്കര പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്. മൂറോൻ എന്ന ഗ്രീക്ക് പദത്തിന് പരിമളതൈലം എന്നാണ് അർഥം. പാശ്ചാത്യ പൗരസ്ത്യ വ്യത്യാസങ്ങൾ ഇല്ലാതെ കൂദാശകളിൽ അഭിഷേക തൈലം ഉപയോഗിക്കുന്നുണ്ടെങ്കിലും പാശ്ചാത്യ സഭ അതിന്‍റെ കൂദാശയ്ക്ക് പൗരസ്ത്യ സഭ നൽകുന്ന പ്രാധാന്യം നൽകുന്നില്ല. എന്നാൽ പൗരസ്ത്യ സഭ ദീർഘമായ ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടിയാണ് വി.മൂറോൻ കൂദാശ ചെയ്യുന്നത്. വി.മൂറോൻ സഭയുടെ ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും സൂചനയാണ്. ഒരേ മൂറോന്‍റെ അഭിഷേകമാകുന്ന ചങ്ങലയാൽ വിശ്വാസികൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.
മലങ്കരയിലെ വി.മൂറോൻ ഉപയോഗം എന്നാരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ രേഖകളോ ലഭ്യമല്ല. പാശ്ചാത്യ ആരാധന പാരമ്പര്യം മലങ്കര സഭ അംഗീകരിച്ച പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാർദ്ധത്തിനു ശേഷം മാത്രമാണ് വിശുദ്ധ മൂറോൻ കൂദാശ എന്ന ക്രമത്തിന് മലങ്കരയിൽ പ്രസക്തി ഉണ്ടാകുന്നത്. 1665-ഇൽ മാർ ഗ്രീഗോറിയോസ് അബ്ദൽ ജലീലിന്‍റെ സന്ദർശനത്തോടെ അന്ത്യോഖ്യൻ ബന്ധത്തിലേക്ക് മലങ്കര സഭ പ്രവേശിക്കുന്നതിന് മുൻപുള്ള മലങ്കരയിലെ ആരാധനാ പൈതൃകം എന്തായിരുന്നു എന്നതിൽ നമുക്ക് ഒരു ഏകാഭിപ്രായം കണ്ടെത്തുക ക്ഷിപ്രസാധ്യവുമല്ല. പഴയ റോമാ സാമ്രാജ്യത്തിലെ സഭകളെ പറ്റി മലങ്കരയിൽ കാര്യമായ അറിവുണ്ടായിരുന്നു എന്ന് തന്നെ നിശ്ചയമില്ല. ഉദയംപേരൂർ സുന്നഹദോസിനു മുൻപ് മലങ്കരയിൽ പേർഷ്യൻ സഭയുടെ സ്വാധീനം വളരെ അധികമായിരുന്നു. ആ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഏതു പുരോഹിതനും അഭിഷേകതൈലം കൂദാശ ചെയ്യുവാനുള്ള അധികാരമുണ്ട്. അപ്രകാരം ഓരോ മാമ്മോദിസായിക്കും പ്രത്യേകമായി അഭിഷേക തൈലം (മൂറോൻ) വർധിപ്പിച്ചു ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിന്നിരിക്കുക. ഉദയംപേരൂർ സുന്നഹദോസിന്‍റെ തീരുമാങ്ങളിലും അഭിഷേക തൈലത്തിന്‍റെ ഉപയോഗം എങ്ങനെയായിരിക്കണം എന്ന് പറയുന്നില്ല. അബ്ദൽ ജലീൽ ബാവ മലങ്കരയിൽ കുറച്ചു കാലം താമസിച്ചിരുന്നു എങ്കിലും മലങ്കരയിൽ മൂറോൻ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നതിനും തെളിവുകൾ ഇല്ല. അദ്ദേഹം മൂറോൻ ശീമയിൽ നിന്നും കൊണ്ടുവന്നിരിക്കാം. അന്നത്തെ ആകെ ഒരു പ്രത്യേക കുഴഞ്ഞു മറിഞ്ഞു കിടന്ന ആരാധനാ സംസ്കാരത്തിൽ അതിനു കൂടുതൽ ആവശ്യക്കാർ ഉണ്ടായില്ല എന്നതാകാം.
പിന്നീട് 1751 -ൽ മലങ്കരയിൽ എത്തിയ ശക്രള്ള ബാവ മട്ടാഞ്ചേരി സെൻറ് ജോർജ് പള്ളിയിൽ വച്ചു വി. മൂറോൻ കൂദാശ നടത്തിയതായി ഇടവഴിക്കൽ ഗ്രന്ഥവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാലിത് ചരിത്രപരമായി തെളിയിച്ചിട്ടുള്ള വസ്തുതയല്ല. വി.മൂറോന്‍റെ അസംസ്കൃത വസ്തുക്കളിൽ പലതും മലങ്കരയിൽ അക്കാലത്ത് ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ശക്രള്ള ബാവ വി.മൂറോൻ കൂദാശ ചെയ്തു എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. പകരം അദ്ദേഹം മലങ്കരയിലേക്ക് വന്നപ്പോൾ വി. മൂറോൻ കൈയ്യിൽ കരുതിയിരിക്കാനാണ് സാധ്യത. കാനോൻ പ്രകാരം മഫ്രിയാനയ്ക്കും മൂറോൻ കൂദാശ ചെയ്യുവാൻ അനുവാദം ഉണ്ട്. (എല്ലാ മെത്രാപോലിത്തമാർക്കും അനുമതി ഉണ്ട് ) എന്നാൽ വിശുദ്ധ തൈലത്തിന്‍റെ ചില പഴയ കൂദാശാക്രമത്തിൽ ഒലിവെണ്ണ ഉണ്ടാകുവാൻ എടുക്കുന്ന ഒലിവ് കായകളുടെ വലിപ്പവും മൂപ്പും വരെ പറയുന്നുണ്ട്. അത്രയ്ക്കു ബുദ്ധിമുട്ടും ചിലവും അതിനുണ്ടെന്നു ചുരുക്കം. മലങ്കരയിലെ സാഹചര്യവും സ്ഥിതിയും വ്യക്തമായി അറിയാത്ത ശക്രള്ള ബാവാ വി.മൂറോൻ കൊണ്ടുവന്നതിൽ വലിയ അപാകത കാണാൻ കഴിയില്ല; എന്ന് മാത്രമല്ല വി.മൂറോൻ കൊണ്ടുവരുവാനാണ് കൂടുതൽ സാധ്യതയും. പിന്നീട് സാവധാനം മലങ്കര സഭ അന്ത്യോഖ്യൻ ബന്ധത്തിലൂടെ അലെക്സന്ദ്രിയന്‍ വേദശാസ്ത്രത്തിലേക്കും ആരാധനാപാരമ്പര്യങ്ങളിലേക്കും കടക്കുകയായിരുന്നല്ലോ.
1841 -ൽ ഒരു നസ്രാണി അന്ത്യോഖ്യൻ പാത്രിയർക്കീസിൽ നിന്ന് പട്ടമേൽക്കുന്ന സാഹചര്യം കൂടി ഉണ്ടായതോടെ ആ അന്ത്യോഖ്യൻ ബന്ധം വേറൊരു തലത്തിലേക്ക് പ്രവേശിച്ചു. പ. ഇഗ്നാത്തിയോസ് ഏലിയാസ് ദ്വിതീയൻ ബാവായിൽ നിന്നു മലങ്കര സമൂഹത്തിന്‍റെ അനുവാദമോ അംഗീകാരമോ കൂടാതെ പട്ടമേറ്റ പാലക്കുന്നത്ത് മാത്യുസ് മാർ അത്താനാസിയോസ് പട്ടമേറ്റു തിരിച്ചു വന്നപ്പോൾ ഒരു പാത്രം വി.മൂറോനുമായാണ് വന്നതെന്ന് ഒരു പ്രബലമായ പാരമ്പര്യമുണ്ട്. ഇപ്പോഴും അതെ മൂറോൻ വർധിപ്പിച്ചാണ് അവർ ഉപയോഗിക്കുന്നത് എന്ന് ഇടയ്ക്കിടക്ക് പറയാറുണ്ട്. അതിനു പിന്നിലെ രസകരമായ കാരണങ്ങളിലേക്ക് കടക്കേണ്ടതില്ല എന്ന് കരുതുന്നു.
മലങ്കരയിൽ ആദ്യമായി മൂറോൻ കൂദാശ ചെയ്തത് 1876 ൽ പ.ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രയർക്കീസ് ബാവാ ആണ്. മലങ്കരയിലെ ദേവാലയങ്ങളിൽ ഉണ്ടായിരുന്ന വളരെ കുറച്ചു മൂറോനിൽ പുരോഹിതർ തന്നെ ഒലിവെണ്ണ ഉപയോഗിച്ച് വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വി.മൂറോൻ കൂദാശ ചെയ്തത്. ആ കാലത്തെ മൂറോന്‍റെ ദൗർലഭ്യത്തെ പറ്റി പ. പാത്രിയർക്കീസ് ബാവായുടെ കൊച്ചി കോട്ട പള്ളിയിൽ നിന്ന് പുറപ്പെടുവിച്ച കല്പനയിൽ വിശദമായി പറയുന്നുണ്ട്. അക്കാലത്തും അസംസ്കൃത വസ്തുക്കൾ മലങ്കരയിൽ ലഭ്യമല്ലാതിരുന്നതിനാൽ യെരുശലേമിൽ നിന്ന് വരുത്തുകയാണ് ഉണ്ടായത്. (അന്ന് മൂറോൻ പള്ളികളിൽ വിതരണം ചെയ്യുവാൻ ഏൽപ്പിച്ച അബ്ദുള്ള മാർ ഗ്രീഗോറിയോസ്, പിന്നീട് ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതിയൻ – പണം വാങ്ങി മൂറോൻ വിൽപന ചെയ്തതിനു പാത്രിയർക്കീസ് ബാവാ അദ്ദേഹത്തെ ശകാരിച്ചത് ചരിത്രം). കണ്ടനാട് ഗ്രന്ഥവരിയിൽ ആ മൂറോൻ കൂദാശയുടെ ദൃക്സാക്ഷിയായ കരവട്ടുവീട്ടിൽ ശമവൂൻ മാർ ദീവന്നാസിയോസിന്‍റെ ദീർഘമായ വിവരണം ലഭ്യമാണ്. തികച്ചും അപരിചിതമായ ഒരു കൂദാശയിൽ പങ്കെടുക്കുന്ന ആളുടെ അവസ്ഥ നമുക്ക് ആ വിവരണത്തിലും കാണുവാൻ സാധിക്കും.
1911-ലാണ് മലങ്കരയിൽ രണ്ടാം തവണ മൂറോൻ കൂദാശ നടക്കുന്നത്. മുളന്തുരുത്തി പള്ളിയിൽ വച്ച് തന്നെയാണ് രണ്ടാം തവണയും മൂറോൻ കൂദാശ നടന്നത്. ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതിയൻ ബാവ ചിങ്ങം 6 മറുരൂപ പെരുന്നാൾ ദിവസം മൂറോൻ കൂദാശ നിർവഹിച്ചു.
മൂന്നാം തവണ മൂറോൻ കൂദാശ നിർവഹിച്ചത് പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയനാണ്. പൗരസ്ത്യ കാതോലിക്കാ ആദ്യമായി നിർവഹിച്ച മൂറോൻ കൂദാശയും അത് തന്നെയാണ്. 1932 ഏപ്രിൽ 22-നു പഴയ സെമിനാരിയിൽ വച്ചാണ് അദ്ദേഹം മൂറോൻ കൂദാശ നിർവഹിച്ചത്. 1951 ഏപ്രിൽ 22-നു പഴയ സെമിനാരിയിൽ വച്ചു ഗീവറുഗീസ് ദ്വിതിയൻ ബാവാ തന്നെയാണ് നാലാമത്തെ മൂറോൻ കൂദാശ നിർവഹിച്ചത്. മലങ്കരയിലെ അഞ്ചാമത്തെ മൂറോൻ കൂദാശ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനത്തിൽ പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ നിർവഹിച്ചു. 21-12-1967, പഴയ സെമിനാരി തന്നെ വേദിയായി. 1-4-1977-ൽ പഴയസെമിനാരിയിൽ വച്ച് പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ വി. മൂറോൻ കൂദാശ നിർവഹിച്ചു. പഴയ സെമിനാരി വേദിയായ അവസാന മൂറോൻ കൂദാശ ഇതായിരുന്നു. മലങ്കരയിലെ ഏഴാമത്തെ മൂറോൻ കൂദാശ പ. മാത്യൂസ് പ്രഥമൻ ബാവാ തന്നെയാണ് നിർവഹിച്ചത്. ദേവലോകം അരമന ചാപ്പലിൽ വച്ച് 1988 മാർച്ച് മൂന്നാം തീയതി പ. പിതാവ് മൂറോൻ കൂദാശ നിർവഹിച്ചു. മലങ്കരയുടെ ആറാം കാതോലിക്ക പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ 1999 മാർച്ച് 23-നു ദേവലോകം അരമന ചാപ്പലിൽ മൂറോൻ കൂദാശ നിർവഹിച്ചു. 2009 ഏപ്രിൽ മൂന്നാം തീയതി പ. ബസേലിയാസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ ദേവലോകം അരമന ചാപ്പലിൽ വച്ച് മലങ്കരയിലെ എട്ടാമത്തെ മൂറോൻ കൂദാശ നിർവഹിച്ചു.
കാനോനിൽ വി. മൂറോനെ പറ്റി പറയുന്നത് കൂടി ചേർത്തുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്. ബാർ എബ്രായ ക്രോഡീകരിച്ചു 1906- ഇൽ കോനാട്ട് മാത്തൻ മല്പാൻ പരിഭാഷപ്പെടുത്തിയ ഹൂദായ കാനോനിൽ വ്യക്തമായി പറയുന്നത് കാതോലിക്കയ്ക്കും പാത്രിയർക്കീസിനും മെത്രാപ്പോലീത്തായ്ക്കും വി.മൂറോൻ കൂദാശ ചെയ്യുവാനുള്ള അധികാരമുണ്ടെന്നാണ്. (ഹൂദായ കാനോൻ പേജ് 28) . (എന്തുകൊണ്ടാണ് സഭയിൽ വി. മൂറോൻ കൂദാശ കാതോലിക്കാ അല്ലെങ്കിൽ പാത്രിയർകീസ് മാത്രം ചെയ്യുന്നതെന്നു ചോദിക്കാം. അത് പൊതുവായ ക്രമീകരണത്തിനും അച്ചടക്കത്തിനും വേണ്ടി മാത്രമാണ്.) ഈ പൂർവിക കാനോൻ നിശ്ചയത്തെ തിരുത്തി വ്യാജമായി ഉണ്ടാക്കിയ 18 അക്കം കാനോനിൽ പാത്രിയർക്കീസിനു മാത്രം മൂറോൻ കൂദാശ ചെയുവാൻ അനുവാദം ഉള്ളു എന്നാക്കി. ഇതിനെ കോടതി തന്നെ വ്യാജപ്രമാണമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നമ്മുടെ പല സഹോദരങ്ങൾക്കും ഇപ്പോഴും ഇതൊക്കെയാണ് പ്രമാണങ്ങളും ആധാരങ്ങളും. അവരോട് വിനയപൂർവ്വം ഒരു വാചകം പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു. ”അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.”(മത്തായി 12 : 31)
“സ്വർഗീയ മണവാളനാകുന്ന മശിഹാ തമ്പുരാനെ, യഥാർത്ഥമായ അഭിഷേകത്താൽ നിന്‍റെ പരിശുദ്ധ സഭയുടെ ഐക്യതയിലേക്ക് ഞങ്ങളെ ഒന്നിപ്പിക്കേണമേ. ഞങ്ങൾ പരിപാകതയിലും വിശുദ്ധിയിലും ആത്മീയ മനുഷ്യന്‍റെ പൂർണതയിലേക്ക് ഒന്നായി തീർന്നു കൊണ്ട് നിന്നെയും നിന്‍റെ പിതാവിനെയും വിശുദ്ധ റൂഹായെയും സ്തുതിക്കുമാറാകേണമേ” (ഹൂത്തോമോ- വി. മൂറോൻ കൂദാശ).
:- റിസർച്ച് ഡസ്ക് – ഓർത്തഡോക്സ് വിശ്വാസസംരക്ഷകൻ
https://ovsonline.in/articles/consecration-of-the-holy-chrism/