ചരിത്രം പ്രാർഥനകളോടെ നിന്നു; വിശുദ്ധ നിമിഷമായി മൂറോൻ കൂദാശ
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ പത്താം മൂറോൻ കൂദാശ സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നടന്നു.
സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ശുശ്രൂഷകൾ ഏഴു മണിക്കൂറോളം നീണ്ടു. ചടങ്ങുകളുടെ അവസാന ഭാഗമായി കാതോലിക്കാ ബാവാ മൂറോൻ കുപ്പിയുമായി പളളിയുടെ മധ്യത്തിലെ ബീമായിൽ (പ്രത്യേക പീഠം) കയറിനിന്ന് മൂറോൻ വാഴ്‌വ് നിർവഹിച്ചു.
ധൂപക്കുറ്റികളേന്തിയ വൈദികരും ശെമ്മാശന്മാരും ഉപശെമ്മാശന്മാരും സഹകാർമികരായി. കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ കുർബാന അർപ്പിച്ചു. മൂറോൻ നിറച്ച കുപ്പി വിശ്വാസികൾ മുത്തിയതോടെയാണ് കൂദാശ സമാപിച്ചത്.
അർക്കദിയോക്കൻ സ്ഥാനം വഹിച്ചത് ഫാ. ഷാജി മാത്യുവാണ്. വൈദികട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ കാതോലിക്കാ ബാവായുടെ അംശവടി വഹിച്ചു. ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് ശുശ്രൂഷാ വിശദീകരണം നടത്തി.
ഇപ്പോഴത്തെ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്‌തതിനു ശേഷമുളള ആദ്യ മൂറോൻ കൂദാശയാണ് ഇന്നലെ നടന്നത്. സഭയിലെ മെത്രാപ്പൊലീത്താമാരും, സഭാസ്ഥാനികളും, സന്യസ്തരും വൈദികരും, ശെമ്മാശന്മാരും അയ്യായിരത്തോളം വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുത്തതായി സഭാ അധികൃതർ അറിയിച്ചു.
വിശുദ്ധ മൂറോൻ എന്ന ഈ വിശുദ്ധ സുഗന്ധതൈലം മാമോദീസയ്ക്കു വെള്ളം വിശുദ്ധീകരിക്കുന്നതിനും മാമോദീസായ്ക്കു ശേഷമുള്ള അഭിഷേകത്തിനുമാണ് ഉപയോഗിക്കുന്നത്. ദേവാലയങ്ങളുടെ കുർബാനയർപ്പണ വേളയിൽ ത്രോണോസിൽ പൂജാപാത്രങ്ങൾ വയ്‌ക്കുന്ന തബലൈത്താ കൂദാശയ്ക്കും ഈ തൈലം ഉപയോഗിക്കും.
സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷനായ സമിതിയാണ് മൂറോൻ ചേരുവകൾ തയാറാക്കിയത്. ശുശ്രൂഷാസംവിധാനം ഡോ. മാത്യൂസ് മാർ സേവേറിയോസ് നിർവഹിച്ചു. ഫാ. ഡോ. ടി.ജെ.ജോഷ്വാ മുഖ്യസന്ദേശം നൽകി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് മംഗളാശംസ വായിച്ചു. ഗായകസംഘത്തെ ഫാ. ഡോ. എം.പി.ജോർജാണു നയിച്ചത്
Videos : Part 1
Part 2
https://ovsonline.in/articles/consecration-of-the-holy-chrism/