OVS - Latest NewsOVS-Kerala News

വിശ്വാസനിറവില്‍ ഓര്‍ത്തഡോക്സ് സഭ വി. മൂറോന്‍ കൂദാശ നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 7 മണിക്കൂര്‍ ദൈര്‍ഘ്യമുളള വി. മൂറോന്‍ കൂദാശ നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികനായിരുന്നു. ഇപ്പോഴത്തെ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്തതിനു ശേഷമുളള ആദ്യത്തെ മുറോന്‍ കൂദാശയാണിത്. സഭയുടെ സ്വാതന്ത്ര്യത്തിന്‍റെയും സ്വയം ശീര്‍ഷകത്വത്തിന്‍റെയും പ്രതീകമായ ഈ കൂദാശ പാത്രീയര്‍ക്കീസ്, കാതോലിക്കാ എന്നീ സ്ഥാനികള്‍ക്കുളള പ്രത്യേക അവകാശമാണ്.

മൂറോന്‍ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം സുഗന്ധതൈലം എന്നാണ്. മാമോദീസാ നടത്തുന്നതിനായുളള വെളളം വാഴ്ത്തുന്നതിനും മാമോദീസായ്ക്കു ശേഷമുളള അഭിഷേകത്തിനും ദേവാലയ കൂദാശ, കുര്‍ബ്ബാനയര്‍പ്പണ വേളയില്‍ ത്രോണോസില്‍ പൂജാപാത്രങ്ങള്‍ വയ്ക്കുന്ന പലക (തബ്ലൈത്താ)യുടെ കൂദാശ എന്നിവയ്ക്കാണു വിശുദ്ധ മൂറോന്‍ ഉപയോഗിക്കുന്നത്. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയാണ് സുഗന്ധതൈലം നിര്‍മ്മിക്കുന്നതിനായുളള ചേരുവകള്‍ തയ്യാറാക്കി ഒരുക്കിയത്. ശുശ്രൂഷാസംവിധാനം നിര്‍വ്വഹിച്ചത് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. ഫാ. ഡോ. ടി. ജെ. ജോഷ്വാ മുഖ്യസന്ദേശം നല്‍കി. പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ കൂദാശയുടെ ഭാഗമായി മംഗളാശാംസ വായിച്ചു.

സഭയിലെ മെത്രാപ്പോലീത്താമാരും, സഭാ സ്ഥാനികളും, റമ്പാന്മാരും വൈദീകരും, ശെമ്മാശന്മാരും 4500-ല്‍പരം വിശ്വാസികളും സംബന്ധിച്ചു. ഗായകസംഘം നയിച്ചത് ഫാ. ഡോ.എം.പി. ജോര്‍ജ്. പ്രധാന കാര്‍മ്മീകന്‍ മൂറോന്‍ കുപ്പിയുമായി പളളിയുടെ മദ്ധ്യത്തിലെ ബീമായില്‍ (പ്രത്യേക പീഠം) ധൂപക്കുറ്റികളേന്തിയ കശീശന്മാരോടും മറുവഹസാകള്‍ ഏന്തിയ ശെമ്മാശന്മാരോടും മെഴുതിരി വഹിച്ച ഉപശെമ്മാശന്മാരോടുമൊപ്പം കയറി മൂറോന്‍ പാത്രം ഉയര്‍ത്തി കുരിശാകൃതിയില്‍ ആഘോഷിച്ചു. അതിനുശേഷം വി. മൂറോന്‍ പാത്രം വി. ത്രോണോസില്‍ വച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീക ത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വി. മൂറോന്‍ നിറച്ച കുപ്പി വിശ്വാസികള്‍ മുത്തി പിരിഞ്ഞതോടെ മൂറോന്‍ കുദാശയുടെ പരിസമാപ്തിയായി. അര്‍ക്കദിയാക്കോന്‍ സ്ഥാനം വഹിച്ചത് ഫാ. ഷാജി മാത്യൂവാണ്. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഓ ജോണ്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്ഥാനചിഹ്നം വഹിച്ചു. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ശുശ്രൂഷാ വിശദീകരണം നടത്തി.

https://ovsonline.in/latest-news/mooron-koodasha-live/

error: Thank you for visiting : www.ovsonline.in