OVS - ArticlesOVS - Latest NewsTrue Faith

വി. മൂറോന്‍ തൈലവും കൂദാശയും : ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച് വി. മാമോദീസായുടെ അവിഭാജ്യ ഘടകമാണ് വി. മൂറോന്‍. എന്നാല്‍ മൂറോന്‍ തൈലത്തിന്‍റെ ശുദ്ധീകരണത്തെ ഒരു കൂദാശയായി കാണുന്നതില്‍ തെറ്റില്ല. ഈ വിശിഷ്ട തൈലം പരിശുദ്ധാത്മാവിന്‍റെ മാത്രം പ്രതീകമാണ് എന്ന ധാരണയും തെറ്റാണ്. വി. മാമോദീസായില്‍ മൂറോന്‍ അഭിഷേകം നടത്തുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘മശിഹായുടെ പരിമളവാസനയും, സത്യവിശ്വാസത്തിന്‍റെ അടയാളവും മുദ്രയും വിശുദ്ധാത്മനല്‍വരത്തിന്‍റെ പൂര്‍ത്തീകരണവുമായ വി. മൂറോനാല്‍ ഇന്നയാള്‍… മുദ്രകുത്തപ്പെടുന്നു’. ഇതില്‍ നിന്ന് വളരെ വ്യക്തമാണ് പരിശുദ്ധാത്മാവിനോടൊപ്പം, മശിഹായെയും, സ്നാര്‍ത്ഥി ഏറ്റുപറയുന്ന വിശ്വാസത്തെയും മൂറോന്‍ പ്രതിനിധീകരിക്കുന്നു. മൂറോന്‍ തൈലത്തിന്‍റെ കൂദാശക്രമം പരിശോധിച്ചാല്‍ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ (2 കോരി. 2: 15) അതു മശിഹായുടെ പരിമളവാസനയെ പ്രതിനിധീകരിക്കുന്നു എന്ന ആശയം സുവിദിതമാകും. മാമോദീസ മുങ്ങലിനുശേഷം ഒരു തൈലം പൂശല്‍ സഭയില്‍ ആരംഭിച്ചതുതന്നെ, അന്യവിശ്വാസത്തില്‍ മാമോദീസാ ഏറ്റവര്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗങ്ങളായിതീരുവാന്‍ ആഗ്രഹിക്കുന്നപക്ഷം അവര്‍ക്ക് വീണ്ടും മാമോദീസ നല്‍കാതെ സഭാംഗങ്ങളാക്കുന്നതിനുള്ള ഒരു ശുശ്രൂഷ എന്ന നിലയിലാണ്. അതിനാല്‍ അത് സത്യ വിശ്വാസത്തിന്‍റെ പ്രതീകവുമാണ്. മാമോദീസായില്‍ ഉടനീളം പരിശുദ്ധാത്മ ദാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുണ്ട്. അവയുടെയെല്ലാം പൂര്‍ത്തീകരണമാണ് മൂറോനഭിഷേകത്തിലൂടെ സംഭവിക്കുന്നത്.

പഴയനിയമത്തില്‍ പുരോഹിതന്മാരെയും പ്രവാചകന്മാരെയും രാജാക്കന്മാരെയും തൈലത്താല്‍ അഭിഷേകം ചെയ്തിരുന്നു. ഈ മൂന്നുസ്ഥാനങ്ങളും വി. മൂറോന്‍ അഭിഷേകത്താല്‍ ഓരോ ക്രിസ്ത്യാനിക്കും ലഭിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഇവ മൂന്നും അവനു നല്‍കിയിരുന്നു എങ്കിലും പാപം ചെയ്ത് അവയെല്ലാം അവന്‍ നഷ്ടപ്പെടുത്തി. വി. മാമോദീസായിലൂടെയും മൂറോന്‍ അഭിഷേകത്തിലൂടെയും, സൃഷടിമുഴുവനെയും ഭരിക്കേണ്ട രാജാവായും, സൃഷ്ടിക്കുവേണ്ടി മദ്ധ്യസ്ഥത അണയ്ക്കേണ്ട പുരോഹിതനായും, ദൈവഹിതം മനസിലാക്കി അത് സൃഷ്ടിയിലെ സര്‍വ്വ ചരാചരങ്ങളെയും അറിയിക്കേണ്ട പ്രവാചകനായും അവന്‍ വീണ്ടും അവരോധിക്കപ്പെടുന്നു. അതിനാല്‍ ഇന്ന് സുറിയാനി പാരമ്പര്യത്തില്‍ മാമോദീസായ്ക്കും, മദ്ബഹാ, തബ്ലൈത്താ, പള്ളി എന്നിവയുടെ കൂദാശയ്ക്കും മാത്രമേ മൂറോന്‍ ഉപയോഗിക്കാറുള്ളു. രോഗികളെയും, മാമോദീസാ മുക്കുന്നതിനു മുമ്പ് സ്നാനാര്‍ത്ഥികളെയും അഭിഷേകം ചെയ്യാറുണ്ട് എങ്കിലും അതിന് വി. മൂറോന്‍ അല്ല ഉപയോഗിക്കുന്നത്, പ്രത്യേകമായി കൂദാശ ചെയ്ത സൈത്തെണ്ണമാത്രമാണ്.

മൂറോന്‍ തൈലം തയ്യാറാക്കുന്ന വിധം

അതിവിശിഷ്ട തൈലക്കൂട്ട് തയാറാകുന്നു; വിശ്വാസ പെരുമയിൽ മൂറോൻ കൂദാശ 23ന്ആവശ്യം വരുമ്പോള്‍ മാത്രം ഈ വിശിഷ്ടതൈലം കൂദാശ ചെയ്യുന്നതിനാല്‍ അത്യപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരൂ ചടങ്ങാണിത്. ഏതാണ്ട് പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നമ്മുടെ സഭയില്‍ ഇത് നടത്താറ്. വി. മൂറോന്‍ കൂദാശയെക്കുറിച്ച് നമുക്ക് ആദ്യമായി ലഭ്യമായിരിക്കുന്ന വ്യാഖ്യാനം അതീനയിലെ അരയോപകത്തിലെ ദിവന്നാസ്യോസ്  എന്ന പേരില്‍ അറിയപ്പെടുന്ന 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പിതാവിന്‍റെതാണ്. വിവിധയിനം സുഗന്ധവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ഒലിവെണ്ണയില്‍ തിളപ്പിച്ച് കാച്ചിയെടുക്കുന്ന തൈലവും, ബല്‍സാം എന്ന സുഗന്ധദ്രവ്യവുമാണ് മൂറോന്‍ തൈലത്തിന്‍റെ പ്രധാന ചേരുവകള്‍. എട്ടുതരം സുന്ധവര്‍ഗ്ഗങ്ങളാണ് ഹൂദായകാനോനില്‍ നല്‍കിയിരിക്കുന്നത്. അവ സൈത്ത് എണ്ണയില്‍ വേവിക്കുമ്പോള്‍ പാത്രത്തിന്‍റെ അടിയില്‍ നേരിട്ട് തീ കത്തിക്കാതെ ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അത് തിളപ്പിച്ച് ആ വെള്ളത്തിന്‍റെ അകത്ത് മറ്റൊരു പാത്രത്തില്‍ കെട്ടിത്തൂക്കിയിട്ടാണ് സുഗന്ധ വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത സൈത്തെണ്ണ പാകപ്പെടുത്തുന്നത്. അനേക ദിവസങ്ങളിലെ പ്രയത്നം ഇതിനാവശ്യമാണ്. തയ്യാറാക്കിയ സൈത്തെണ്ണയും, ബല്‍സാം എന്ന സുഗന്ധവും വേവ്വേറെ പാത്രങ്ങളിലാക്കി കൂദാശചെയ്യുന്നതിന് മദ്ബഹായിലേക്ക് കൊണ്ടുപോകുന്നു.

കൂദാശ ക്രമം

ആദിമ നൂറ്റാണ്ടുകളില്‍ മേല്‍പ്പട്ടക്കാര്‍ക്കെല്ലാം ഈ തൈലം കൂദാശ ചെയ്യുവാന്‍ അനുവാദമുണ്ടായിരുന്നു. ഒരു മെത്രാപ്പോലീത്തായ്ക്ക് മൂറോന്‍ കൂദാശചെയ്യുവാന്‍ അധികാരമുണ്ട് എന്നു ബാര്‍ എബ്രായ ഹൂദായകാനോനില്‍ പറയുന്നുണ്ട് എങ്കിലും ഇന്ന് പാത്രിയര്‍ക്കീസിനും, കാതോലിക്കായ്ക്കും മാത്രമേ മൂറോന്‍ കൂദാശ ചെയ്യുവാന്‍ അവകാശമുള്ളു. എവിടെ വച്ചു വേണമെങ്കിലും കൂദാശ ചെയ്യാം എങ്കിലും സാധാരണഗതിയില്‍ അതിനുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ഥലങ്ങളില്‍, പ്രത്യേകിച്ച് സഭാകേന്ദ്രങ്ങളില്‍ വച്ചാണ് കൂദാശനടത്താറ്. മലങ്കര സഭയുടെ ആസ്ഥാനം പഴയസെമിനാരിയില്‍ ആയിരുന്ന കാലത്ത് അവിടെവച്ച് കൂദാശ നടത്തിയിരുന്നു. അതിനു ശേഷം ദേവലോകത്തേക്ക് ആസ്ഥാനം മാറ്റിയിട്ടും കുറേക്കാലത്തേക്ക് പഴയസെമിനാരിയില്‍തന്നെ കൂദാശ നടത്തുന്ന പതിവ് തുടര്‍ന്നു. പരി. ഔഗേന്‍ ബാവായുടെ കാലത്ത് അവിടെത്തന്നെ കൂദാശനടത്തി. പരി. മാത്യൂസ് പ്രഥമന്‍ ബാവായും ഒരുപ്രാവശ്യ അവിടെവച്ച് ശുശ്രൂഷ നടത്തിയെങ്കിലും പിന്നീട് അദ്ദേഹം തന്നെ ഈ ചടങ്ങ് ദേവലോകത്തേക്ക് മാറ്റി. അതിനുശേഷം സ്ഥിരമായി അവിടെതന്നെ തുടര്‍ന്നു പോരുന്നു.

ഉയിര്‍പ്പ് പെരുന്നാളില്‍ വി. മാമോദീസ നല്‍കുന്ന പാരമ്പര്യമാണ് ആദിമ സഭയില്‍ തുടര്‍ന്നു പോന്നിരുന്നത്. അന്ന് ഉപയോഗിക്കുന്നതിനുവേണ്ടി, പെസഹാ വ്യാഴാഴ്ച തൈലം കൂദാശ ചെയ്തിരുന്നു. പിന്നീട് വലിയ നോമ്പ് ഒഴികെ ഏതൊരു സമയത്തും മാമോദീസ നടത്താം എന്ന അവസ്ഥ വന്നപ്പോള്‍ പെസഹായ്ക്ക് കൂദാശചെയ്യുന്ന പതിവിനും മാറ്റം സംഭവിച്ചു. കൂദാശ ചെയ്യാനുള്ള അവകാശം ഏതാനും പേരിലേക്കു പരിമിതപ്പെടുത്തിപ്പോള്‍ വല്ലപ്പോഴും നടക്കുന്ന ഒരു കൂദാശയായും, വല്ലപ്പോഴും നടക്കുന്നതിനാല്‍ കൂടുതല്‍ തൈലം സജ്ജമാക്കേണ്ടതായും വന്നു. ഈ പരിണാമങ്ങളെല്ലാം ഈ ശുശ്രൂഷയ്ക്ക് അമിത പ്രാധാന്യം ലഭിക്കുവാനും ഇടയാക്കി. വാസ്തവത്തില്‍ വി. കുര്‍ബാനയെക്കാള്‍ ശ്രേഷ്ഠമല്ലല്ലോ മറ്റൊരു കൂദാശയും.

കൂദാശ നടത്തുന്ന ആളും, സഭ മുഴുവനും നോമ്പോടും പ്രാര്‍ത്ഥനയോടുമാണ് മൂറോന്‍ കൂദാശയ്ക്ക് ഒരുങ്ങുന്നത്. സഭ മുഴുവന്‍ ഉപവസിക്കേണ്ടത് ആവശ്യമായതുകൊണ്ടാണ് വലിയനോമ്പിന്‍റെ അവസാനം, നാല്‍പ്പതാം വെള്ളിയാഴ്ച സാധരണയായി കൂദാശ ക്രമീകരിക്കുന്നത്.

മുഖ്യകാര്‍മ്മികനെയും മറ്റു മേല്‍പ്പട്ടക്കാരെയും കൂടാതെ, കശീശമാര്‍, പൂര്‍ണ്ണശെമ്മാശ്ശന്മാര്‍, ആപ്പ്ദ്യക്ക്നോമാര്‍, തുടങ്ങിയ പട്ടത്വ ശ്രേണിയിലെ സ്ഥാനികളെല്ലാം, 12 പേര്‍വീതം പൂര്‍ണ്ണ അംശവസ്ത്ര ധാരികളായി സന്നിഹിതരായിരിക്കണം. അര്‍ക്കദിയാക്കോന്‍റെ പങ്കാളിത്തവും കൂദാശയില്‍ സുപ്രധാനമാണ്. ഇന്ന് സഭയില്‍ അങ്ങിനെ ഒരു സ്ഥാനം ആര്‍ക്കും നല്‍കുന്നില്ല എങ്കിലും, കൂദാശയുടെ ആവശ്യത്തിനായി ഒരു വൈദികനെ പ്രത്യേകമായി ചുമതലപ്പെടുത്തുന്നു. എല്ലാവരും, പാട്ടുകാരോടൊപ്പം മൂന്നു സംഘങ്ങളായി തിരിഞ്ഞ് മദ്ബഹായിലും, അഴിക്കകത്തും, ബീമായിലുമായി നിന്നുകൊണ്ട് ശുശ്രൂഷ ആരംഭിക്കണം. തയ്യാറാക്കിയ സുഗന്ധ എണ്ണയും, അതില്‍ ചേര്‍ക്കാനുള്ള ബല്‍സാം സുഗന്ധവും മദ്ബഹായ്ക്കുള്ളില്‍ രഹസ്യമായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള മറയ്ക്കുള്ളില്‍ വച്ചിരിക്കണം. കര്‍ത്താവായ യേശുക്രിസ്തു മനുഷ്യാവതാരത്തിനു മുമ്പ്, പഴയനിയമകാലത്ത് മറഞ്ഞിരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രധാനമായും രണ്ടുക്രമങ്ങളാണ് കൂദാശയ്ക്കുള്ളത്. ആദ്യക്രമം അവസാനിക്കുമ്പോള്‍ ഒരു മേല്‍പ്പട്ടക്കാരന്‍ പ്രധാനപുരോഹിതന്‍റെ അംശവടിയുമേന്തി, മദ്ബഹാമുതല്‍ പള്ളിക്കു ചുറ്റും ധൂപാര്‍പ്പണം നടത്തണം. അതേ സമയത്തുതന്നെ മുഖ്യകാര്‍മ്മികന്‍ മറയ്ക്കുള്ളില്‍ കയറി സുഗന്ധഎണ്ണയും ബല്‍സാമും തമ്മില്‍ കൂട്ടിച്ചേര്‍ക്കണം. ഇത് യേശുക്രിസ്തുവില്‍ ദൈവത്വവും മനുഷ്യത്വവും കൂടിച്ചേര്‍ന്നതിന്‍റെ പ്രതീകമാണ്. തുടര്‍ന്ന് മുഖ്യകാര്‍മ്മികന്‍ മൂറോന്‍ വഹിച്ചുകൊണ്ട് പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തുന്നു. ഈ സമയത്ത് മുഖ്യകാര്‍മ്മികനെയും മൂറോന്‍ തൈലവും ആരും കാണാതെ ഒരുകൂടാരംകൊണ്ട് (കുബ്സാ) മറച്ചു പിടിക്കണം. ദൈവവും മനുഷ്യനുമായ കര്‍ത്താവ് തന്‍റെ മാതാവിന്‍റെ ഉദരത്തില്‍ വസിച്ചിരുന്ന കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വൈദികര്‍ ധൂപക്കുറ്റികളും, ശെമ്മാശ്ശന്മാര്‍ മര്‍വഹാസകളും, ആപ്പ്ദ്യക്ക്നോമാര്‍ മെഴുകുതിരികളും ഏന്തി കുബ്സായിക്കു ചുറ്റും നില്‍ക്കണം. പ്രദക്ഷിണം തിരികെ മദ്ബഹായില്‍ പ്രവേശിച്ചാല്‍ രണ്ടാം ക്രമം ആരംഭിക്കുകയായി.

വി. കുര്‍ബാനയിലെപ്പോലെ, ത്രോണോസിന്മേല്‍, തബ്ലൈത്താമേല്‍ മൂറോന്‍ കുപ്പി വച്ചിട്ട് ശോശപ്പാകൊണ്ടു മൂടി ക്രമം ആരംഭിക്കുന്നു. കുര്‍ബാനയിലെപ്പോലെ മൂന്നു പ്രാവശ്യമായി, ഒന്‍പത് കുരിശുകള്‍ ഇട്ട് കൂദാശ പൂര്‍ത്തീകരിക്കുന്നു. അവസാനം മൂറോന്‍കുപ്പി ബീമായില്‍ കൊണ്ടുവന്ന് ആഘോഷം നടത്തുകയും, എല്ലാവരും മൂറോന്‍കുപ്പി ചുംബിച്ച് അനുഗ്രഹം പ്രാപിച്ച് പിരിയുകയും ചെയ്യുന്നു. കൂദാശയ്ക്കു ശേഷം വി. കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല എങ്കിലും, സാധരണയായി കുര്‍ബാന അര്‍പ്പിക്കുന്ന പതിവാണുള്ളത്.

വിവിധ പട്ടത്വശ്രേണികളില്‍പ്പെട്ടവരും, ജനങ്ങളും എല്ലാം കൂടിച്ചേരുന്ന ഒരു ശുശ്രൂഷയായതിനാല്‍ ഐക്യത്തിന്‍റെ കൂദാശയാണിത് എന്നും വ്യാഖ്യാനിക്കാം. ഒരേ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെട്ട് ഒരേ സഭയിലേക്കു ചേരുന്നതും ഐക്യത്തിന്‍റെ പ്രതീകമാണല്ലോ. വി. തൈലത്തിന്‍റെ കൂദാശയാല്‍ പരിശുദ്ധാത്മാവിന്‍റെ നിറവും, കര്‍ത്താവിന്‍റെ കരുണയും സഭയുടെമേല്‍ മുഴുവനായി ചൊരിയപ്പെടുമെന്നതില്‍ സംശയമില്ല. സഭാമക്കളായ നമുക്കെല്ലാം നോമ്പോടും പ്രാര്‍ത്ഥനയോടും ഈ വി. കൂദാശയ്ക്കായി ഒരുങ്ങാം.

https://ovsonline.in/articles/holy-mooron/

 

error: Thank you for visiting : www.ovsonline.in