OVS - Latest NewsOVS-Kerala News

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു

ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍ ശക്തിപ്പെടുത്തണമെന്ന് അമ്പാസിഡര്‍ അര്‍ച്ചില്‍ ആഗ്രഹം പ്രകടിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രതിനിധിയായി എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്‍റ് സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ, ഫാ. തോമസ് പി. സഖറിയ, ഫാ.പി.എ ഫിലിപ്പ്, ഫാ. അലക്സ് ജോണ്‍, പ്രൊഫ. പി.സി.ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് ജോര്‍ജ്ജിയന്‍ അമ്പാസിഡറെ സ്വീകരിച്ചു. 1982- ല്‍ കാതോലിക്കേറ്റിന്‍റെ സപ്തതി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി പരിശുദ്ധ ഇലിയാ പാത്രിയര്‍ക്കീസ് സംബന്ധിച്ചതും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് ജോര്‍ജിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ് സമ്മാനിച്ചത് അദ്ദേഹം അനുസ്മരിച്ചു. മാര്‍ നിക്കോളാവോസിനോടൊപ്പം അമ്പാസിഡറും പ്രതിനിധികളും അരമന ചാപ്പലില്‍ വി. തോമാശ്ലീഹായുടെ തിരുശേഷിപ്പും പരിശുദ്ധ പിതാക്കന്മാരുടെ കബറുകളും സന്ദര്‍ശിച്ച് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.

error: Thank you for visiting : www.ovsonline.in