ഹൃദയം തുറക്കുന്നതാണ് സുവിശേഷം : വന്ദ്യ ജോസഫ് സാമുവേൽ കോറെപ്പിസ്‌കോപ്പ
മലങ്കര ഓർത്തഡോൿസ് സഭ ബോംബെ ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് വാഷി, സെന്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. പ്രശസ്ത പ്രസംഗീകൻ വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. മനുഷ്യൻ ഇന്ന് എല്ലാം അടച്ചിടുകയാണ്. മനസും ചിന്തകളും അടഞ്ഞു വരുന്നു. ആത്മീയർ തങ്ങളുടെ വിളി മറന്ന് ഓടുകയും, അപകടങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നു. ഭൗതീക സമൃദ്ധി ആത്മീയ ദാരിദ്യം വിളിച്ചു വരുത്തുന്നു. സമൃദ്ധിയുടെ നിറവിൽ മനുഷ്യ സമാധാനം ഇല്ലാതെയാവുന്നു. ബോംബെ ഭദ്രാസന കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകിയ വന്ദ്യ ജോസഫ് ശാമുവേൽ കോർഎപ്പിസ്‌കോപ്പ ഓർമ്മിപ്പിച്ചു.
തുറന്നു വരേണ്ട ജീവിതാനുഭവങ്ങൾ തിരുവചനത്തിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സൂര്യൻ ഉദിച്ചു എന്നും അസ്തമിച്ചു എന്നും മനുഷ്യൻ പറയും. എന്നാൽ സത്യം അതല്ല. സൂര്യൻ എപ്പോഴും പ്രകാശിച്ചു കൊണ്ടിക്കും. ദൈവ സാന്നിദ്ധ്യവും ഇങ്ങനെയാണ്. ദൈവം കടാക്ഷിക്കുന്നില്ല, തള്ളിക്കളയുന്നു എന്നൊക്കെ നാം പറയാറുണ്ട്. എന്നാൽ ദൈവത്തിൽ നിന്നും മനുഷ്യൻ അകലുമ്പോഴാണ് അവനെ അന്ധകാരം കീഴ്പ്പെടുത്തുന്നത്. വെളിച്ചം എപ്പോഴും പ്രകാശിച്ചു കൊണ്ടിക്കും. യഥാർത്ഥ വെളിച്ചമായ ക്രിസ്തുവിൽ നിന്നും സ്വീകരിക്കുന്ന പ്രകാശം യഥാർത്ഥ ക്രിസ്തുവിന്‍റെ അനുയായികളിൽ എപ്പോഴും തെളിഞ്ഞുകൊണ്ടിക്കണം എന്ന് മെത്രാപോലിത്ത പറഞ്ഞു.
ഭദ്രാസന സെക്രട്ടറി ഫാ .കോശി അലക്സ് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ ഫാ ബെഞ്ചമിൻ സ്റ്റീഫൻ സ്പിരിച്യുൽ റിവൈവൽ പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷൻ കൺവീനർ ഫാ. എം എസ് ജോയ് നന്ദി പറഞ്ഞു. ബോംബെ ഭദ്രാസന കൊയർ ഗാനങ്ങൾ ആലപിച്ചു. വൈകുനേരം 4 മണി മുതൽ ടീൻസ്, യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിരിച്ചു. വന്ദ്യ ജോസഫ് ശാമുവേൽ കോർഎപ്പിസ്‌കോപ്പ, ഫാ ജേക്കബ് തോമസ് ,ഫാ ബേസിൽ കുര്യാക്കോസ്, ഫാ ജോർജ് വര്ഗീസ്, ഫാ ഗീവര്ഗീസ് വർഗീസ് എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മഹാരാഷ്ട, ഗുജറാത്ത് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000 -ൽ പരം വിശ്വാസികൾ പങ്കെടുത്തു.
ജനുവരി 25 മുതൽ 28 വരെ വിവിധ മേഖല കൺവെൻഷനുകൾ നടന്നു. ജനുവരി 25 വൈകുന്നേരം വെസ്റ്റേൺ റീജിയൻ കൺവെൻഷൻ വസായ് സെന്റ് തോമസ് ദേവാലയത്തിലും, ജനുവരി 26 ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി സെന്റ് മേരീസ് ദേവാലയത്തിലും, 27 ന് കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും, സെൻട്രൽ റീജിയൻ കൺവെൻഷൻ താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടത്തപ്പെട്ടു.
https://ovsonline.in/latest-news/makkamkunnu-convention/