OVS - ArticlesOVS - Latest News

ഭിന്നശേഷി ശാക്തീകരണം, ഭരണകൂടത്തോടൊപ്പം പരിശുദ്ധ സഭയ്ക്കും കൈകോര്‍ക്കാം ….

ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന് അവരെ സംരക്ഷിക്കാന്‍ ഭരണ-ഉദ്യോഗസ്ഥാ വിഭാഗം നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖകരം. ഭിന്നശേഷി സമൂഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളും, കണക്കുകളും അനുസരിച്ച് നമ്മുടെ രാജ്യത്ത് ജനിക്കുന്ന ഒരു ലക്ഷം കുട്ടികളില്‍ 249 കുട്ടികളില്‍ ഭിന്നശേഷിക്കാരാണ്‌. കൂടാതെ അപകടം, പ്രകൃതിദുരന്തം, കലാപങ്ങള്‍, പട്ടിണി, രോഗങ്ങള്‍ എന്നിവ മൂലം ഭിന്നശേഷിക്കാരാവുന്നവരുടെ എണ്ണം പിന്നെയും വര്‍ദ്ധിക്കുന്നു. 1995 PWD Act പ്രകാരം കേരളത്തില്‍ 8 ലക്ഷത്തോളം ഭിന്നശേഷി സഹോദരങ്ങളാണ് നിലവിലെ കണക്ക്. 2016 RPWD Act പ്രകാരം സര്‍വ്വേ നടത്തുമ്പോള്‍ കേരളത്തിലെ ഭിന്നശേഷി സഹോദരങ്ങളുടെ എണ്ണത്തില്‍ വളരെ വലിയ വര്‍ദ്ധന വരുവാന്‍ സാധ്യതയുണ്ട്.

വികിസിത രാജ്യങ്ങളിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിന് 9 ഭിന്നശേഷി കുട്ടികള്‍ എന്നതാണ്. ഈ രാജ്യങ്ങളിലെ ഭിന്നശേഷി സമൂഹത്തിന്‍റെ സാമൂഹ്യ, സാമ്പത്തീക, ആരോഗ്യ ജീവിത നിലവാരം വളരെ ഉയര്‍ന്ന് നില്‍ക്കുന്നു. ഇവിടത്തെ പൊതു സമൂഹം ഭിന്നശേഷി സഹോദരങ്ങളെ വളരെ ബഹുമാനത്തോടും സന്തോഷത്തോടും സ്വീകരിക്കുന്നു. ഇതിനെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഭിന്നശേഷി സഹോദരങ്ങള്‍ അവരുടെ കുറ്റം കൊണ്ടോ, കുറവു കൊണ്ടോ അല്ല ഈ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടത്‌ എന്നുള്ള വസ്തുത നമ്മുടെ പൊതുസമൂഹം മനസ്സിലാക്കേണ്ടതാണ്. അങ്ങനെ ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തികൊണ്ടു വരേണ്ടത് ഈ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. ഇതിനുള്ള ചുമതലകള്‍ രാജ്യത്തെ ഭരണ-ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ പോലെ തന്നെ ആത്മീയ രംഗത്തുള്ള സഭകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമുണ്ട്. അതില്‍ ഒരു പങ്കാളിയാണ് നമ്മുടെ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയും എന്നുള്ളത് വിസ്മരിക്കരുത്. ഇതു ഒരു ദീര്‍ഘ വീഷണത്തോടെ നോക്കി കണ്ട് നമ്മുടെ പരിശുദ്ധ സഭയിലെ കുടുംബങ്ങളിലും ചുറ്റുപാടുകളിലും ഉള്ള ഭിന്നശേഷി മക്കളേ കണ്ടെത്തി ഉത്തരവാദത്തോടെ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭക്കും കൂടുതലായി കഴിയണം.

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലെ കുടുംബങ്ങളിലെ ഭിന്നശേഷി മക്കളേ കണ്ടെത്തി അവരുടെ ആരോഗ്യ, സാമൂഹ്യ, സാമ്പത്തീക പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഭ നേരിട്ട് ഇറങ്ങി ചെല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഈ കാലഘട്ടത്തില്‍ “ചെറിയ കുടുംബം സന്തുഷ്ട കുടുംബം ആശയങ്ങളും, മാതാപിതാക്കളുടെ ജോലികള്‍ മൂലം പരിപാലിക്കുവാനുള്ള സമയ കുറവും, ജീവിതച്ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മറ്റ് പ്രവണതകളും, നമ്മുടെ ജീവിത നിലവാരത്തില്‍ വന്ന ഉയര്‍ച്ചകളുമാണ്”. ഇതെല്ലാം സഭയിലെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍ക്കൊണ്ട്‌ ചര്‍ച്ചകളും ആശയങ്ങളും രൂപപ്പെടുത്തി തീരുമാനങ്ങള്‍ എടുക്കണം. നമ്മുടെ സഭാ മക്കളുടെ കുടുംബങ്ങളില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കുന്നവരെയും, ചുറ്റുപാടുള്ളവരെയും കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ട് വരുവാന്‍ വേണ്ടി ഇടവക പള്ളികളില്‍ അടിയന്തര സര്‍വ്വേ നടത്തുവാന്‍ ഭദ്രാസന തലത്തില്‍ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുക. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദീര്‍ഘ വീഷണത്തോടെ ഈ മക്കളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി സഭക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. അങ്ങനെ സഭയിലെ ഭിന്നശേഷി സഹോദരങ്ങളെ ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവരുടെ പുനരധിവാസം പലതലങ്ങളില്‍ നടപ്പിലാക്കുവാന്‍ സഭക്ക് കഴിയുകയും, അത് രാജ്യത്തിന്‌ മാതൃകയായി മാറുകയും ചെയ്യണം. ഇന്നത്തെ കാലഘട്ടത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ സഭയില്‍ വിവിധ മേഖലയില്‍ തുടങ്ങുവാന്‍ കഴിയും.

ദൈവീകമായി ചിന്തിച്ചാല്‍ ഒരു സ്പെഷ്യല്‍ സ്കൂള്‍, സ്വാശ്രയ മേഖലയില്‍ പത്തു കോളേജുകള്‍ തുടുങ്ങുന്നതിന് തുല്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഏയ്‌ഡഡ് പദവിവരെ ലഭിക്കും. അത് വിവിധ മേഖലയിലുള്ള സഭാമക്കള്‍ക്ക്‌ തൊഴില്‍ അവസരങ്ങളും കൂടുതലായി സൃഷ്ടിക്കപ്പെടും. ഈ സ്പെഷ്യല്‍ സ്ക്കൂളുകളില്‍ പഠനത്തോടപ്പം സ്വയം തൊഴില്‍ പരിശീലനവും നടത്തി ഒരു പുത്തന്‍ സാമൂഹ്യ അന്തരീഷം ഭിന്നശേഷി സമൂഹത്തിന്‍റെ ഇടയില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. പഠനത്തിനു ശേഷം പുറത്തു വരുന്ന ഈ കുട്ടികള്‍ക്കായി ഭിന്നശേഷി പകല്‍ വീടുകള്‍ എന്ന ആശയവും നടപ്പിലാക്കി അവിടെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും, ഈ ഉല്‍പ്പന്നങ്ങള്‍ ഭദ്രാസന അടിസ്ഥാനങ്ങളിലും ഇടവക പള്ളികളിലും സ്ഥിരമായി വിപണനം ചെയ്യുവാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍, അത് ഭിന്നശേഷി സഹോദരങ്ങളുടെ സാമൂഹ്യ, സാമ്പത്തീക വളര്‍ച്ചക്ക് സഹായകരമാകുകയും, അതോടൊപ്പം അവരേ സ്വയം പര്യായാപ്ത്തതയില്‍ എത്തിക്കുവാനും കഴിയും. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായങ്ങളും മറ്റും ലഭിക്കും.

പരിശുദ്ധ സഭ ഭിന്നശേഷിക്കാരേപ്പോലെ, വാര്‍ദ്ധക്യത്തില്‍ ഇരിക്കുന്നവരുടേയും ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിപ്പോള്‍. അതുപോലെ തന്നെ ജീവിതശൈലി രോഗങ്ങള്‍ നമ്മുടെ ഇടയില്‍ കൂടി വരുന്നു. ഈ രോഗങ്ങളെ കുറിച്ചെല്ലാം ഇടവകപള്ളികളില്‍ ബോധവല്‍ക്കരണ, ചര്‍ച്ച ക്ലാസ്സുകള്‍ ആസൂത്രണം ചെയ്യുവാന്‍ സഭയും, സഭയുടെ കീഴിലുള്ള ആശുപതികളും, സംഘടനകളും നേതൃത്വം നല്‍കേണ്ടതാണ്. ഭിന്നശേഷി സമൂഹത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിനായി 2015 ഒക്ടോബര്‍ 2-ന് കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് (സ്വവലംബന്‍) പദ്ധതി നടപ്പിലാക്കി. ഈ പദ്ധതി കത്തോലിക്ക സഭയുടെ അങ്കമാലി-കൊച്ചി അതിരൂപതയുടെ കീഴിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിഭാഗമായ “സഹൃദയ” ഏറ്റെടുത്ത് വളരെ വിജയകരമായി അവരുടെ പള്ളികള്‍ വഴി നടപ്പിലാക്കിവരുന്നു. ഇങ്ങനെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ നമ്മുടെ സഭയും ഏറ്റെടുത്ത് സഭയിലെയും, ചുറ്റുപാടുമുള്ള ഭിന്നശേഷി സഹോദരങ്ങളുടെ ഇടയില്‍ നടപ്പിലാക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പദ്ധതി നിലവില്‍ ചില സാങ്കേതിക തടസം നേരിട്ടിരിക്കുകയാണ്. ഈ തടസം മാറിയാല്‍ സഭയുടെ വേണ്ടപ്പെട്ട തലത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കണം. ആരോഗ്യ മേഖല നല്ലനിലയില്‍ രാജ്യം വികസിച്ചു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ഒരു കുട്ടി ജനിക്കുന്നതിന് മുന്‍പ് തന്നെ ആ കുട്ടിയുടെ ആരോഗ്യ നിലവാരത്തെ കുറിച്ച് പരിശോധിക്കുവാന്‍ ശാസ്ത്രലോകം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് വരെ പോളിയോ ബാധിച്ചവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വളരെ കൂടുതലായിരുന്നു. ലോകാരോഗ്യ സംഘടനയും, രാജ്യത്തെ ആരോഗ്യ മേഖലയും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ട് വളരെ നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ മറ്റ് ഭിന്നശേഷി അസുഖങ്ങള്‍ നമ്മുടെ രാജ്യത്ത് ക്രമാതീതമായി ഉയര്‍ന്ന് വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഒരു പരിധിവരെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ വഴി മറ്റും കുറച്ച് കൊണ്ടുവരാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സഭ നടത്തുന്ന PMC പോലുള്ള കോഴ്സുകളില്‍ ഈ വിഷയം നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി പരിശുദ്ധ സഭ ഉത്തരവാദിത്ത്വം നിര്‍വഹിക്കണം.

മറ്റ് സമൂഹ്യ മേഖലകളിലെ പോലെ ഭിന്നശേഷി സമൂഹത്തിന്‍റെ തൊഴിലില്ലായ്മയിലും ഒരു പരിധിവരെ സഭയുടെ ഇടപെടലുകള്‍ ആവശ്യമാണ്‌. ഉന്നത വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ഭിന്നശേഷികാരനായത് കൊണ്ട് തൊഴില്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്നു. അതുപോലെതന്നെ സര്‍ക്കാര്‍ മേഖലകളില്‍ നിയമപ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ കണ്ടെത്തി നിയമനം നല്‍കുവാന്‍ വേണ്ട ആര്‍ജവം സര്‍ക്കാരുകള്‍ കാണിക്കാതെ കണ്ണ് അടച്ചിരിക്കുന്നതും, കൂടാതെ ഭിന്നശേഷിക്കാരുടെ അവസരങ്ങള്‍ വ്യാജന്മാര്‍ തട്ടിയെടുക്കുന്നതും കുറവല്ല നമ്മുടെ ഇടയില്‍. ഇതിനെല്ലാം ഒരു ചെറിയ പരിഹാരം എന്ന നിലയില്‍ സഭ നടത്തുന്ന ഭിന്നശേഷി സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ അനുസരിച്ച്, പുതിയ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരവും സഭയുടെ നിയന്ത്രണത്തിലുള്ള ഏയ്‌ഡഡ്, സ്വാശ്രയ മേഖലകളില്‍ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ജോലി സംവരണം അടിയന്തരമായി നടപ്പിലാക്കി നിയമനം നല്‍കുകയും. സഭയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളില്‍ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം നിയമനം നല്‍കി സംസ്ഥാനത്ത് മാതൃക കാട്ടുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇപ്രകാരം സഭയിലെ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ള കുറച്ച് ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജീവിത മാര്‍ഗം തുറന്നു കിട്ടും.

ഭദ്രാസന അടിസ്ഥാനത്തിലോ, മേഖല അടിസ്ഥാനത്തിലോ ഭിന്നശേഷി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് സഭാസ്ഥാപനങ്ങളിലും, സഭാമക്കളുടെ സ്വകാര്യസ്ഥാപനങ്ങളിലും, MNC കളിലും ജോലി നേടികൊടുക്കുവാന്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ആശയങ്ങള്‍ രൂപികരിച്ചു പ്രവര്‍ത്തിപദത്തില്‍ എത്തിക്കണം. പള്ളികള്‍, ഭദ്രാസന, മേഖല അടിസ്ഥാനത്തില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളോടൊപ്പം തൊഴില്‍, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന ക്ലാസ്സുക ളും, ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാന്‍ സഭക്ക് കഴിയണം.

നമ്മുടെ സമൂഹത്തിലെ വളരെ പ്രാധ്യാന്യം അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ഭിന്നശേഷി സഹോദരങ്ങളുടെ വിവാഹകാര്യം. ഈ വിഷയത്തില്‍ സഭക്ക് നല്ല നിലയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുവാനാകും. ഇതിനു വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇടവക, ഭദ്രാസന തലത്തില്‍ പ്രവര്‍ത്തിപദത്തില്‍ കൊണ്ടുവരുവാന്‍ സഭാ നേതൃത്വം തയ്യാറാകണം. അതുപോലെ തന്നെ സഭയുടെ മാട്രിമോണിയല്‍ സൈറ്റില്‍ ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേകം വിഭാഗം തന്നെ തുടങ്ങണം. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് സഭ ഇറങ്ങി ചെന്നാല്‍ മാത്രമേ ഭിന്നശേഷിക്കാര്‍ ഉള്ള കുടുംബങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂ. സഭാ മക്കളായ ഭിന്നശേഷി സഹോദരങ്ങളുടെയും മറ്റും ഉന്നമനത്തിനായി സഭാ കേന്ദ്ര നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഭദ്രാസന, മേഖല അടിസ്ഥാനത്തിലും, ഇടവക പള്ളികളുടെയും, ദയറാ പള്ളികള്‍ എന്നിവ എകോപിച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനുള്ള ആവശ്യമായ കമ്മിറ്റികള്‍ സഭയില്‍ ഉണ്ടാകണം. മേല്‍ വിവരിച്ച ഭിന്നശേഷി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലാകാലങ്ങളില്‍ ചര്‍ച്ചാ ക്ലാസ്സുകളും, ബോധവല്‍ക്കരണ ക്ലാസ്സുകളും സഭയുടെ വിവിധ തലങ്ങളില്‍ നടപ്പില്‍വരുത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം വേണ്ട സാമ്പത്തീകം കണ്ടെത്തുവാന്‍ സഭാമക്കളുടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ സാമൂഹ്യ പ്രതിബദ്ധത ഫണ്ട്‌ മറ്റും, കണ്ടെത്തി വളരെ ഭംഗിയായും, രാജ്യത്തിന്‌ മാതൃകയായും നടപ്പില്‍ വരുത്താവുന്നതാണ്.

സമൂഹത്തില്‍ പീഡിത വിഭാഗമായി താഴെത്തട്ടില്‍ ജീവിക്കുന്ന ഭിന്നശേഷി സഹോദരങ്ങളെ കാണുമ്പോളുള്ള അനുകമ്പയും, സ്നേഹവും, വേദിയില്‍ കയറി നിന്നുള്ള സ്നേഹ വചനങ്ങളും അല്ല വേണ്ടത്, അവരുടെ ഇടയിലെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹരിക്കുവാനും നേടി കൊടുക്കുവാനുമുള്ള ആര്‍ജവമാണ് നേതൃത്വത്തിലുള്ളവര്‍ കാണിക്കേണ്ടത്. ഭിന്നശേഷി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭാ വേദികളില്‍ അവതരിപ്പിച്ച് നടപ്പില്‍ വര്‍ത്തുവാന്‍ ഭിന്നശേഷിക്കാരായ സഭാമക്കളെ നേതൃത്വനിരയിലേക്ക് കടന്നു വരണം. എന്നാല്‍ മാത്രമേ മേല്‍ വിഷയങ്ങള്‍ ഗൗരവപൂര്‍ണ്ണമായി ചര്‍ച്ച ചെയ്ത് വിജയത്തില്‍ എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിന് പരിശുദ്ധ സഭാ നല്ല തീരുമാനങ്ങള്‍ എടുക്കണം.

പരിശുദ്ധ സഭയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു തന്‍റെ പരസ്യ ശുശ്രൂഷ കാലയളവില്‍ പലതര ഭിന്നശേഷി അസുഖങ്ങളും സുഖപ്പെടുത്തിയത് വിശുദ്ധ വേദപുസ്തകത്തില്‍ പ്രതിപാദിചിരിക്കുന്നത് നിവര്‍ത്തിയാകുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്ന് നമ്മുക്ക് വിശ്വസിക്കാം.

ഷിജു കൂമുള്ളില്‍, കൊച്ചി ഭദ്രാസനം,
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഇടവകാഗം
9446207056.
(ലേഖകന്‍: സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിഫറന്‍റെലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്, പോളിയോ വന്ന് രണ്ട് കാലുകളും തളര്‍ന്നെങ്കിലും നിശ്ചയ ദാര്‍ഡ്യത്തില്‍ B.Tech Electrical pass ആയ ആള്‍ ആണ്. )

error: Thank you for visiting : www.ovsonline.in