കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ദിനാഘോഷത്തിനു കൊടിയേറി
കിഴുമുറി :- മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ദിനാഘോഷത്തിനു സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ കൊടിയേറി. നാളെ( 16-01-2016) രാവിലെ 7.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്നു കുടുംബ നവീകരണ ക്ലാസ്.
രാവിലെ 11നു ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ഭദ്രാസനത്തിലെ ദമ്പതിമാരെ ആദരിക്കും. പ്രമോദം അന്നദാന പദ്ധതിയുടെ ദശവാർഷിക സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് ഇതോടനുബന്ധിച്ച് നടക്കും.
ഭദ്രാസന വികസന ഫണ്ട് യോഗത്തിൽ ഏറ്റുവാങ്ങും. ജോസഫ് മാർ പക്കോമിയോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന കർമ്മേൽകുന്ന് സെന്റ് ജോർജ് പള്ളിയിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനു ദീപശിഖാ പ്രയാണവും ഒന്നാം കാതോലിക്കാ ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയിൽ നിന്നു കൊടിമര ഘോഷയാത്രയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ നിന്നു കൊടി ഘോഷയാത്രയും നടത്തി.
കോലഞ്ചേരിയിൽ ഡോ. മാത്യൂസ് മാർ സേവേറിയോസ് കൊടി സഭാ മാനേജിങ് കമ്മിറ്റി അംഗം സണ്ണി വാലയിലിനു കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. സി.എം. കുര്യാക്കോസ്, പള്ളി വികാരി ഫാ.ജേക്കബ് കുര്യൻ, ഫാ.ജോൺ വള്ളിക്കാട്ടിൽ, ബാബു പള്ളിയ്ക്കാക്കുടി, ജെയിംസ് തേനുങ്കൽ, പീറ്റർ അത്തിയ്ക്കാക്കുഴി, തമ്പി പുന്നയ്ക്കൽ, സാജു പടിഞ്ഞാക്കര, അജു മാത്യു, ബേബി നെച്ചിയിൽ തുടങ്ങിയവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി. ദീപശിഖ, കൊടി, കൊടിമര ഘോഷയാത്രകൾ പാമ്പാക്കുട വലിയ പള്ളി അങ്കണത്തിൽ സംഗമിച്ച ശേഷം സമ്മേളന നഗരിയിലെത്തി.