OVS - ArticlesOVS - Latest News

പ്രദക്ഷിണ സംസ്‌ക്കാരം

വലത്തോട്ടു ചുറ്റുക എന്നാണ് പ്രദക്ഷിണം എന്ന സംസ്‌കൃതപദത്തിന്‍റെ അര്‍ത്ഥം. മതത്തിന്‍റെ അനുഷ്ഠാനപരമായ ചടങ്ങുകളുടെ ഭാഗമായാണ് പ്രദക്ഷിണങ്ങള്‍ നടത്തപ്പെടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള സംഘടിത മതങ്ങളിലെല്ലാംതന്നെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രദക്ഷിണങ്ങള്‍ ഉണ്ട്. അവയുടെ അര്‍ത്ഥവും ചമയവും ഉദ്ദേശവും വ്യത്യസ്ഥമായിരിക്കുമെന്നുമാത്രം. അവ ദേവസ്ഥാനങ്ങള്‍ക്ക് ഉള്ളിലോ പുറത്തോ, ഹൃസ്വമോ ദീര്‍ഘമോ ആകാം. അത് എല്ലായ്‌പ്പോഴും വലത്തോട്ടായിരക്കണമെന്നുമില്ല. പ്രദക്ഷിണങ്ങളിലെ നിര്‍ബന്ധിതമായ ദേവസാന്നിദ്ധ്യമാണ് അവയെ ഘോഷയാത്രകളില്‍നിന്നും വേര്‍തിരിക്കുന്നത്.

എല്ലാ പുരാതന ക്രൈസ്തവ സഭകള്‍ക്കും മദ്ബഹയ്ക്കുള്ളിലും പള്ളികളിലും പള്ളിക്കുപുറത്തും പ്രദക്ഷിണങ്ങളുണ്ട്. അവ എല്ലാംതന്നെ കൂദാശകളുമായി ബന്ധപ്പെട്ടവയാണ്. മലങ്കര നസ്രാണികള്‍ അങ്ങാടികളിലും ആവാസഭൂമികളിലും നടത്തുന്ന റാസ എന്നു തെറ്റായി പ്രതിപാദിക്കപ്പെടുന്ന പ്രദക്ഷിണമാണ് ഈ ലേഖനത്തിന്‍റെ പരാമര്‍ശന വിഷയം.

ക്രിസ്തുമാര്‍ഗ്ഗം അതിന്‍റെ പ്രാരംഭകാലത്ത് സങ്കീര്‍ണ്ണവും വര്‍ണ്ണോജ്വലവുമായ അനുഷ്ഠാനങ്ങളോന്നും ചിട്ടപ്പെടുത്തിയിരുന്നില്ല. പിന്നീട് ക്രിസ്തുവിശ്വാസം പ്രചരിച്ച വിവിധ ദേശങ്ങളില്‍ ക്രൈസ്തവമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും രൂപപ്പെട്ട് വികസിച്ചുവരികയായിരുന്നു. അവയാകട്ടെ തികച്ചും പ്രാദേശിക സംസ്‌കൃതിയില്‍ നിന്നും ക്രൈസ്തവ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ധാരണം ചെയ്യപ്പെട്ടവയുമായിരുന്നു. സാര്‍വജനീനമായ ക്രിസ്തു വിശ്വാസത്തിന് അത്തരം പ്രാദേശിക വികസനങ്ങള്‍ നിഷിദ്ധമായിരുന്നില്ലതാനും.

നാലാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും അതിനു കേന്ദ്രീകൃതമായ ഒരു ചട്ടക്കൂടും ഭരണ സംവിധാനവും ഉണ്ടാവുകയും ചെയ്തതോടെ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതാചാരങ്ങള്‍ കൊടുക്കല്‍വാങ്ങലിലൂടെ ഐക്യരൂപം പ്രാപിച്ചുതുടങ്ങി. ഹെല്ലനിക് എന്ന ഗ്രീക്കോ-റോമന്‍ മതാനുഷ്ഠാനങ്ങളാണ് ഈ വികസനത്തെ ഏറ്റവുമധികം സ്വാധീനിച്ചത്. പക്ഷേ എങ്കില്‍പോലും ഭാഗികമായെങ്കിലും അവിടെയും പ്രാദേശിക വൈജാത്യങ്ങള്‍ നിലനിന്നിരുന്നു. റോമാസാമ്രാജ്യത്തിനു പുറത്തുള്ള പേര്‍ഷ്യ, എത്യോപ്യ, ഇന്ത്യ മുതലായ സ്ഥലങ്ങളിലാവട്ടെ പ്രാദേശിക സംസ്‌കൃതികളാണ് ക്രിസ്തുമതാചാരങ്ങളുടെ വികസനത്തെ സ്വാധിനിച്ചത്. രാഷ്ട്രീയ-മത സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്ന ദേശങ്ങളില്‍ ദേവാലയ-ബാഹ്യ അനുഷ്ഠാനങ്ങള്‍ പരിമിതമായപ്പോള്‍ മറുവശത്ത് രാഷ്ട്രീയ പ്രോല്‍സാഹനം ലഭിച്ച പ്രദേശങ്ങളില്‍ അവ കൂടുതല്‍ വികസിതവും വര്‍ണ്ണാഭവുമായി. ഈ പശ്ചാത്തലത്തില്‍ വേണം നസ്രാണി പ്രദക്ഷിണങ്ങളെ വിശകലനം ചെയ്യാന്‍.

കേരളത്തിലെ അപ്പോസ്ഥോലിക പാരമ്പര്യമുള്ള കൊളോണിയല്‍പൂര്‍വ ക്രൈസ്തവരായ മലങ്കര നസ്രാണികള്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ ഒരിക്കലും വിശ്വാസത്തിന്‍റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയോ പ്രോല്‍സാഹിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല.

അതിനാല്‍ അവരുടെ ആചാര-അനുഷ്ഠാനങ്ങളുടെ വികസനവും സ്വാഭാവികമായ ഒരു പ്രക്രിയ ആയിരുന്നു. പൊതുകേരളസമൂഹത്തിന്‍റെ പവിത്രതാ സങ്കല്‍പ്പത്തിനു വന്ന സ്വാഭാവിക പരിണാമമാണ് നസ്രാണി പ്രദക്ഷിണങ്ങള്‍ക്കും രൂപം നല്‍കി വികസിപ്പിച്ചത്.

പ്രതീകവല്‍ക്കരിക്കപ്പെട്ട ഈശ്വര സാന്നിദ്ധ്യം ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പ്രക്രിയാണ് പ്രദക്ഷിണം. സാമാന്യേന കേരളത്തിലെ എല്ലാ മതങ്ങള്‍ക്കും ഇതു ബാധകമാണ്. പ്രതീകം, പൂജാരി വഹിക്കുന്ന തിടമ്പോ, നസ്രാണി കത്തനാര്‍ വഹിക്കുന്ന കുരിശോ ആകാം. അത് ആനപ്പുറത്തോ, ജീവതയിലോ, നടപന്തലിനു കീഴോ ആകാം. എന്തായാലും തന്‍റെ പ്രജകളുമായി നേരിട്ടു സംവേദിക്കാനെത്തുന്ന ഒരു രാജാധിരാജനാണ് ഇവിടെ ദൈവം എന്ന സങ്കല്പം കേരളത്തില്‍ പൊതുവായതാണ് എന്നതില്‍ രണ്ടു പക്ഷമില്ല. ആ എഴുന്നള്ളത്തിനെ വര്‍ണ്ണോജ്വലമാക്കുന്ന ഘടകങ്ങള്‍ മാത്രമാണ് ഇതരവസ്തുക്കള്‍. അവയാകട്ടെ പ്രാദേശിക സംസ്‌കൃതിയുടെ സംഭാവനകളും.

കേരളത്തില്‍ സുന്ദരമായ ഒരു പ്രദക്ഷിണ രീതി വികസിക്കാന്‍ അനുയോജ്യമായ വളരെ മനോഹരമായ ഒരു സാംസ്‌കാരിക പശ്ചാത്തലവും നിലവിലുണ്ടായിരുന്നു. സൂക്ഷ്മമായി വിശകലംനം ചെയ്താല്‍ കേരളത്തിലെ നസ്രാണികളുടെ പ്രദക്ഷിണം, ക്ഷേത്രങ്ങളിലെ ആറാട്ടും ഊരുവലത്തും, മോസ്‌ക്കുകളിലെ ചന്ദനക്കുട ഘോഷയാത്ര എന്നിവയ്ക്ക് വൈജാത്യങ്ങളേക്കാളേറെ സമാനതകളാണുള്ളത്. ഇവയ്‌ക്കൊന്നിനും മറ്റുള്ളവയുടെ പിതൃത്വം അവകാശപ്പെടാനാവില്ല.

കാരണം ഇവയെല്ലാം ഒരേ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ നിന്നും രൂപമെടുത്തവയും അതാത് മതവിശ്വാസത്തിനനുയോജ്യമാക്കിയവയുമാണ്. കേരളത്തിന്‍റെ  ഈ പൊതു സംസ്‌കൃതി ചൈനീസ് സഞ്ചാരികള്‍ വിവരിച്ചിട്ടുള്ള ബുദ്ധമത പ്രദക്ഷിണത്തിന്‍റെ സംഭാവനയാണ്. കേരളത്തില്‍ ബുദ്ധമതത്തിന്‍റെ മഹാപ്രസ്ഥാനം ക്ഷേത്രാചാരങ്ങള്‍ക്കു വഴിമാറിയ കാലത്താവണം ഇത്തരം പ്രദക്ഷിണങ്ങള്‍ പുനര്‍വ്യാഖ്യാനം ചെയ്ത് രൂപപ്പെട്ടത്. നസ്രാണി പ്രദക്ഷിണങ്ങളിലെ കുരിശ് ഒഴികെ സമാന ആകൃതിയില്‍ കുരിശില്ലാത്ത കൊടിയും, വെട്ടുകുട എന്ന തഴകുടയും അടക്കമുള്ള ക്ഷേത്ര ഊരുവലത്തുകള്‍ ഇന്നും കേരളത്തിലുണ്ട്. ഇവയുടെയെല്ലാം ക്രമവും അത്ഭുതാമാംവണ്ണം സമാനമാണന്ന വസ്തുത, അവയുടെ പൊതു പൈതൃകത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു.

സമീപകാലത്ത് ചില വൈകൃതങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ നസ്രാണി പ്രദക്ഷിണത്തിന്‍റെ രൂപരേഖ ഇന്നും അപൂര്‍വം ചില പള്ളികളിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. ഏറ്റവും മുമ്പില്‍ പകലാണെങ്കിലും തീവെട്ടി അതിനു പിന്നില്‍ കൊടി, പിന്നീട് വെട്ടുകുട എന്ന തഴകുട, അതിനു പിന്നില്‍ മുത്തുക്കുടകള്‍, മുത്തുക്കുടയ്ക്കു ശേഷം തടിക്കുരിശ്, ഏറ്റവും പിറകില്‍ സ്വര്‍ണ്ണക്കുരിശു വരുന്ന രീതിയില്‍ മറ്റു ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശുകള്‍. അതിനു പിന്നില്‍ കോലുവിളക്ക് എന്ന കുത്തുവിളക്ക്. അതിനു പിന്നില്‍ ധൂപക്കുറ്റിയേന്തിയ ശുശ്രൂഷകന്‍, അതിനു പിന്നില്‍ വേദഗ്രന്ഥം. ഏറ്റവും പിന്നില്‍ മേക്കട്ടി എന്ന നടപന്തല്‍, നടപന്തലിനുള്ളില്‍ മെഴുകുതിരികളാലും മറുബാസകളാലും കിലുക്കുമണികളാലും അകമ്പടി സേവിക്കപ്പെടുന്ന പൂര്‍ണ അംശവസ്ത്രധാരിയായ പട്ടക്കാരന്‍ വെട്ടുതൊപ്പി ധരിച്ച് അരളിക്കയുമായി നടന്നുനീങ്ങും. ഇതാണ് ഒരു പ്രദക്ഷിണത്തിന്‍റെ യഥാര്‍ത്ഥ രൂപം. ഇതിലെ കുരിശിനും വേദഗ്രന്ഥംമുതല്‍ പുറകോട്ടുള്ള ചമയങ്ങള്‍ക്കും പകരം ആനയും അമ്പാരിയും ഉള്‍പ്പെടുത്തിയാല്‍ അത് ക്ഷേത്ര പ്രദക്ഷിണമാകും!

പ്രദക്ഷിണത്തിനു വാദ്യമേളങ്ങള്‍ നില്‍ക്കുന്നതിനും ക്രമമുണ്ട്. കൊടി മുതല്‍ കുരിശുകള്‍ക്ക് മുമ്പുവശം വരെയാണ് ഇടവിട്ട് വാദ്യമേളങ്ങള്‍ നിലയുറപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ നാടന്‍ചെണ്ട എന്ന അസുര വാദ്യം, പഞ്ചവാദ്യം, ഉരുട്ടുചെണ്ട, തമ്പേറ് എന്നിവ മാത്രമാണ് പ്രദക്ഷിണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഇവരില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കാനും പ്രദക്ഷിണത്തിനു മുമ്പും പിമ്പും നടയ്ക്കല്‍ കൊട്ടാനുള്ള ആദ്യവകാശവും ഇന്നും നാടന്‍ ചെണ്ടയ്ക്കാണ്. ബാന്റുമേളവും ഗായകസംഘവും സമീപകാല കലര്‍പ്പുകളാണ്. അത്തരം അപചയങ്ങള്‍ കേരളത്തിലെ എല്ലാ മതഘോഷയാത്രകളേയും ഇടക്കാലത്ത് ബാധിച്ചിട്ടുണ്ട്.

തികച്ചും കേരളീയമായ ചമങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇത്തരം നസ്രാണി പ്രദക്ഷിണങ്ങളിലെ ഒരോ ഉപകരണത്തിനും ക്രൈസ്തവമായ ഓരോ വ്യാഖ്യാനങ്ങളുണ്ട്. അതനുസരിച്ച് കൊടി മരിച്ചുപോയ വിശ്വാസികള്‍ അഥവാ സാക്ഷികളേയും, മുകള്‍ഭാഗം വെട്ടിയെടുത്തതുപോലുള്ള വെട്ടുകൊട ക്രൈസ്തവ രക്തസാക്ഷികളേയും, മുകളില്‍ അലുക്കുള്ള മുത്തുക്കുട സ്വര്‍ഗീയ കിരീടം ധരിച്ച പരിശുദ്ധന്മാരെയും, കോലുവിളക്ക് മാര്‍ യോഹന്നാന്‍ സ്‌നാപകനേയും പ്രതിനിധീകരിക്കുന്നു. ക്രിസ്തുവിന്‍റെ മുന്നോടി എന്ന നിലയില്‍ യോഹന്നാന്‍ സ്‌നാപകനെ പ്രതിനിധീകരിക്കുന്ന കോലുവിളക്ക് പുറകോട്ടു തിരിച്ചാണ് നസ്രാണി പ്രദക്ഷിണങ്ങളില്‍ പിടിക്കുക.

പൊതു ക്രൈസ്തവ സംസ്‌കൃതി അനുസരിച്ചുതന്നെ ധൂപക്കുറ്റി ദൈവമാതാവ്, പന്ത്രണ്ട് ശ്ലീഹന്മാര്‍, ആദം മുതല്‍ ഇതഃപര്യന്തമുള്ള തലമുറകള്‍ എന്നിവരേയും, മറുബാസാകള്‍ സ്വര്‍ഗ്ഗീയ മാലാഖമാരേയും 72 അറിയിപ്പുകാരേയും സൂചിപ്പിക്കുന്നു. കുരിശും അരളിക്കയും യേശുക്രിസ്തുവിന്‍റെ പ്രതിരൂപമാണ്. ചുരുക്കത്തില്‍, ഇഹത്തിലും പരത്തിലുമുള്ള സര്‍വസഭയും ചേര്‍ന്ന് യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ് ആഘോഷിക്കുന്നു എന്ന് പൊതുവായി നസ്രാണി പ്രദക്ഷിണത്തെ വ്യാഖ്യാനിക്കുന്നു. അതോടൊപ്പം 1 തെസ. 4. 10-ലെ കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും വരും എന്ന വേദവാക്യ സൂചനയാണ് വെടിയും വാദ്യമേളങ്ങളും വലിയ മണിയും കൈമണിയുടെയപും ശബ്ദം സൂചിപ്പിക്കുന്നതെന്നും വ്യാഖ്യാനിക്കുന്നു. കേരളത്തിലെ വിവിധ ക്ഷേത്രപ്രദക്ഷിണങ്ങള്‍ക്കും ഇതേപോലെ വ്യത്യസ്ഥങ്ങളായ ധ്യാനസങ്കല്‍പ്പങ്ങളുണ്ട്.

കേരളീയ സംസ്‌കൃതിപോലെതന്നെ ഹെല്ലനിക്ക് ക്രൈസ്തവ പ്രതിബിംബങ്ങളും അപൂര്‍വമായെങ്കിലും നസ്രാണി പ്രദക്ഷിണത്തില്‍ കടന്നു കൂടിയിട്ടുണ്ട്. അരളിക്കയാണ് അതില്‍ പ്രധാനം. പക്ഷേ അത് നസ്രാണി പരിഷ്‌ക്കാരത്തോടുകൂടിയാണന്നു മാത്രം.

തിരുശേഷിപ്പുകളും കുര്‍ബാനയും എഴുന്നള്ളിക്കാന്‍ ഉപയോഗിക്കുന്ന റെലിക്വറിയാണ് മലയാളികള്‍ക്ക് അരളിക്കയായത്. ഇത് റോമന്‍ കത്തോലിക്കരുടെ സംഭാവനയാണ്. തിരുശേഷിപ്പിനും വി. കുര്‍ബാനയ്ക്കും പകരം അതിനുള്ളില്‍ ഒരു കുരിശു സ്ഥാപിച്ച് നസ്രാണി അരളിക്കയെ സ്വന്തമാക്കി.

പ്രദക്ഷിണത്തെ സ്വീകരിക്കുന്നതിനും ചില സവിശേഷ ചടങ്ങുകളുണ്ട്. നസ്രാണികള്‍ ഒരു വര്‍ത്തക സമൂഹമായി അങ്ങാടികളായി മാത്രം താമസിച്ചിരുന്ന കാലത്ത് അങ്ങാടി ചുറ്റിയായിരുന്നു പ്രദക്ഷിണം. അന്ന് പ്രദക്ഷിണം എത്തുമ്പോള്‍ അങ്ങാടിയിലെ പീടികകളുടെ നിരപലക മുമ്പോട്ടു നിവര്‍ത്ത് അതില്‍ നിലവിളക്കു കത്തിച്ചു വയ്ക്കും. മുമ്പില്‍ വെള്ളയും കരിമ്പടവും വിരിച്ച് സമീപത്തായി വെള്ളം നിറച്ച കിണ്ടിയും വെയ്ക്കും. ബഹുമാന്യ അതിഥിയായി സ്വീകരിച്ചാനയിക്കുന്നതിന്‍റെ കേരളീയ സങ്കല്‍പ്പമാണിത്. അങ്ങാടി മുഴുവന്‍ വാഴപ്പിണ്ടികളില്‍ കുത്തി നിര്‍ത്തിയ ചെറിയ എണ്ണവിളക്കുകള്‍ കത്തിച്ചു വച്ചിട്ടുണ്ടാകും. മറ്റിടങ്ങളില്‍ കമ്പില്‍ കുത്തിനിര്‍ത്തിയ ചകിരിത്തൊണ്ടില്‍ ഉമിയിട്ടു കത്തിച്ച് വഴികള്‍ പ്രകാശമാനമാക്കും. ഇന്ന് ഇവയുടെ സ്ഥാനം വൈദ്യുത ദീപാലങ്കാരങ്ങള്‍ ഏറ്റെടുത്തെങ്കിലും വാഴപ്പിണ്ടി വിളക്കുകള്‍ കുന്നംകുളത്ത് സജീവമായും മറ്റു ചിലയിടങ്ങളില്‍ അപൂര്‍വമായും നിലനില്‍ക്കുന്നുണ്ട്. സാരാംശത്തില്‍ ക്ഷേത്രപ്രദക്ഷിണ സ്വീകരണത്തിനും കാര്യമായ വൈജാത്യമില്ല.

ഹെല്ലനിക്ക് ക്രിസ്തുമതത്തിന്‍റെ പരിമാണങ്ങളില്‍ ഒതുങ്ങുന്നതല്ല നസ്രാണി പ്രദക്ഷിണം. അതിനാല്‍ അവയെ നിരാകരിക്കാനോ പരിഷ്‌ക്കരിക്കാനോ ഉള്ള തീവൃശ്രമം 19-20 നൂറ്റാണ്ടുകളില്‍ മാറിമാറിവന്ന അധിനവേശ ശക്തികള്‍ നടത്തിയിരുന്നു. അവര്‍ക്കത് ഉള്‍ക്കൊള്ളുവാനോ തിരിച്ചറിയുവാനോ സാധിക്കുന്നില്ല എന്നതായിരുന്നു അതിന്‍റെ പശ്ചാത്തലം. പക്ഷേ നസ്രാണിയുടെ സഹജമായ പവിത്രതാ സങ്കല്‍പ്പത്തിനു മുമ്പില്‍ ആ ശ്രമങ്ങള്‍ എതാണ്ട് പൂര്‍ണ്ണമായും പരാജയപ്പെട്ടു. എങ്കിലും ഇന്നും നസ്രാണി പ്രദക്ഷിണ ക്രമത്തെ എതിര്‍ക്കുകയാണ് ഹെലനിക്ക് സൈദ്ധാന്തിക പശ്ചാത്തലമുള്ള ചിലര്‍.

പാശ്ചാത്യ ക്രിസ്തുമാര്‍ഗ്ഗവും ഇന്ത്യയിലെ പൗരസ്ത്യ ക്രിസ്തുമാര്‍ഗ്ഗവും തമ്മിലുള്ള അടിസ്ഥാന വേദശാസ്ത്ര വൈജാത്യവും ഇത്തരമൊരു നിരസനത്തിനു ഹേതുവാകുന്നുണ്ട്. പാശ്ചാത്യ വേദശാസ്ത്രം കേന്ദ്രീകരിച്ചിരിക്കുന്നത് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലാണ്. പൗരസ്ത്യ വേദശാസ്ത്രമാകട്ടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലും. സരളമായ ഭാഷയില്‍ പറഞ്ഞാല്‍ പാപത്തിനെതിരായി യുദ്ധം ചെയ്യുന്ന യേശുക്രിസ്തുവാണ് പാശ്ചാത്യരുടെ വേദശാസ്ത്രകേന്ദ്രം. മറിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ യുദ്ധം ജയിച്ച യേശുക്രിസ്തുവാണ് പൗരസ്ത്യ വേദശാസ്ത്രത്തിന്‍റെ കാതല്‍. ഇപ്രകാരം ജയിച്ച് എത്തിച്ചേരുന്ന യേശുക്രിസ്തുവിനെയാണ് പ്രദക്ഷിണത്തില്‍ കുരിശു പ്രതിനിധാനം ചെയ്യുന്നത്. അതിനാലാണ് സ്വീകരിച്ചാനയിക്കുന്നവരുടെ പുറകില്‍ കുരിശ് പിടിക്കുന്നത്.

പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിനുപോകുന്ന ക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ് അവരുടെ വേദശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് യുദ്ധം ജയിക്കാനുള്ള കൊടിയടയാളമാണ് കുരിശ്. ക്രിസ്തു എന്ന കൊടിയടയാളവുമായി യുദ്ധത്തിനു പുറപ്പെടുന്ന സമരസജ്ജമായ ഒരു സമൂഹത്തിന്‍റെ പ്രതിബിംബമാണ് ഈ പ്രകടനം. ഈ പ്രക്രിയയില്‍ വിജയം മുമ്പില്‍ കാണുന്ന ഒരു ലക്ഷ്യം മാത്രമാണ്. മറിച്ച് ഉയിര്‍ത്തെഴുന്നേറ്റ – വിജയിച്ച – യേശുക്രിസ്തുവാണ് പൗരസ്ത്യരുടെ അടിസ്ഥാനം, അവര്‍ക്ക് കുരിശ് യേശുക്രിസ്തുവിന്‍റെ പ്രതിരൂപമാണ്. പൗരസ്ത്യര്‍ വേദശാസ്ത്രപരമായി യുദ്ധത്തിനു പോവുകയല്ല, മറിച്ച് യുദ്ധം ജയിച്ചു വരികയാണ്. അതിനാല്‍ രാജാവ് – ഇവിടെ യേശുക്രിസ്തു തന്‍റെ പ്രതിരൂപമായ കുരിശിലൂടെ – നില്‍ക്കുന്നത് എല്ലാ രാജകീയ എഴുന്നള്ളത്തുകളും പോലെ ഏറ്റവും പുറകിലാണ്. ഈ വേദശാസ്ത്ര വൈജാത്യത്താലാണ് അടിസ്ഥാനപരമായി നസ്രാണി പ്രദക്ഷിണത്തിനെ പാശ്ചാത്യ ക്രിസ്തുമതത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നത്.

സാര്‍വജനീനമായ ക്രിസ്തുമതം ഒരു പാശ്ചാത്യ മതമല്ല. അതിന് ഏതു സംസ്‌ക്കാരത്തിന്‍റെയും രൂപഭാവങ്ങള്‍ സ്വീകരിക്കുന്നതിനു തടസമില്ല. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ മാത്രമേ കേരളീയ സംസ്‌ക്കാരം രൂപപ്പെടുത്തിയ നസ്രാണി പ്രദക്ഷിണത്തിന്‍റെ മാഹാത്മ്യവും പ്രാധാന്യവും മനസിലാക്കാന്‍ സാധിക്കൂ.

ഡോ. എം. കുര്യന്‍ തോമസ്

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in