ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലിൽ മൂറോൻ കൂദാശ; ഭക്തിയോടെ വിശ്വാസികൾ
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പത്താം മൂറോൻ കൂദാശ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലിൽ ആരംഭിച്ചു. ഏഴു മണിക്കൂറോളം ദൈർഘ്യമുള്ള കൂദാശ രാവിലെ ആറരയ്ക്കാണു തുടങ്ങിയത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായാണു പ്രധാന കാർമികത്വം വഹിക്കുന്നത്.
സഖറിയാ മാർ അന്തോണിയോസ് അധ്യക്ഷനായ സമിതിയാണു സുഗന്ധതൈലം നിർമിക്കുന്നതിനായുള്ള ചേരുവകൾ തയാറാക്കിയത്. ശുശ്രൂഷകളുടെ സംവിധാനം ഒരുക്കുന്നതു ഡോ. മാത്യൂസ് മാർ സേവേറിയോസാണ്. ഗായകസംഘത്തെ ഫാ. ഡോ.എം.പി.ജോർജ് നയിക്കുന്നു. ഫാ. ഷാജി മാത്യുവാണ് അർക്കദ്‌യാക്കോൻ (ആർച്ച്ഡീക്കൻ). ഫാ. ജോൺസ് എബ്രഹാം കോനാട്ടാണു കൂദാശ വിശദീകരണം നടത്തുന്നത്.
പ്രത്യേകം നിയോഗിക്കപ്പെട്ട വൈദികർ 40 ദിവസം ഉപവാസവും പ്രാർഥനയും അനുഷ്ഠിച്ചാണു മൂറോൻ തൈലക്കൂട്ട് തയാറാക്കിയത്. ഈ തൈലം കൂദാശാവേളയിൽ ബൽസാം പെറുവുമായി കൂട്ടിക്കലർത്തുകയും തുടർന്നു പ്രാർഥനകളിലൂടെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതോടെ മൂറോൻ കൂദാശ പൂർത്തിയാകുന്നു.
കൂദാശയിലൂടെ മൂറോൻ പരിശുദ്ധാത്മാവിന്റെ പ്രതീകമായി മാറുന്നുവെന്നാണു വിശ്വാസം. മാമോദീസാ നടത്തുന്നതിനുള്ള വെള്ളം വാഴ്ത്തുന്നതിനും മാമോദീസായ്ക്കു ശേഷമുള്ള അഭിഷേകത്തിനും ദേവാലയ കൂദാശ, കുർബാനയർപ്പണ വേളയിൽ ത്രോണോസിൽ പൂജാപാത്രങ്ങൾ വയ്ക്കുന്ന പലകയുടെ (തബ്‌ലൈത്താ) കൂദാശ എന്നിവയ്ക്കുമാണു വിശുദ്ധ മൂറോൻ ഉപയോഗിക്കുന്നത്
https://ovsonline.in/latest-news/mooron-koodasha-live/