OVS - Latest NewsOVS-Kerala News

പെരുനാട് ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ പരിപാടികൾക്കു തുടക്കം

സീതത്തോട് ∙ മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ പരിപാടികൾക്കു തുടക്കം. ആത്മീയ വളർച്ചയ്ക്കൊപ്പം നാടിന്‍റെ സാമൂഹിക – സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായ ബഥനിയുടെ ശതാബ്ദി നാടിന്‍റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പെരുനാട് പൗരാവലി. നിർധന കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകുന്നതടക്കമുള്ള സാമൂഹിക സേവന പദ്ധതികൾ ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ചതായി ആശ്രമം സുപ്പീരിയർ ഫാ. മത്തായി പറഞ്ഞു. തോമസ് റമ്പാൻ, ഫാ. ഗീവർഗീസ്, ഫാ. സഖറിയ, ഫാ. ബഞ്ചമിൻ, ഫാ. യോഹന്നാൻ തുടങ്ങിയവരാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകുന്നത്.

ചരിത്രം
റാന്നി– പെരുനാട് മുണ്ടൻമലയിൽ 1918-ൽ ഫാ. പി.ടി. ഗീവർഗീസ്, ഡീക്കൻ അലക്സിയോസ് എന്നിവരാണ് ആശ്രമം സ്ഥാപിച്ചത്. ഭാരതീയ യോഗിയായി ജീവിച്ച സാധു സുന്ദർസിങ്ങിന്‍റെ ജീവിതദർശനങ്ങൾ ഇരുവരിലും സ്വാധീനിച്ചതാണ് മലമുകളിലെ ആശ്രമത്തെപ്പറ്റിയുള്ള ആശയത്തിലേക്കു നയിച്ചത്. ലാളിത്യത്തിന്‍റെ പ്രതീകമായി തടിക്കുരിശും കാഷായവസ്ത്രവുമാണ് വേഷം. നിരണം ഇലഞ്ഞിക്കൽ അഡ്വ. ജോൺ ദാനമായി നൽകിയ നൂറ് ഏക്കറിലാണ് ആശ്രമം.

കെ.സി. മാമ്മൻ മാപ്പിള, അഡ്വ. ജോൺ തുടങ്ങിയവരുടെ ശ്രമഫലമായി ധർമപ്രവർത്തനങ്ങൾ നടത്തുന്ന ആവശ്യത്തിനായി 300 ഏക്കറോളം പിന്നീട് പതിപ്പിച്ചു കിട്ടി. ശ്രീമൂലം തിരുനാൾ മഹാരാജാവിന്‍റെ പ്രതിനിധിയായിരുന്ന ദിവാൻ എം കൃഷ്ണൻനായരുടെ സഹായവും സ്ഥലം ലഭിക്കുന്നതിനു തുണയായി. ബഥനിയിൽ നിന്നു സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പെരുനാട് ഗവ. ആശുപത്രി ഇന്ന് പ്രവർത്തിക്കുന്നത്. കുടിവെള്ള പദ്ധതികൾക്കുള്ള സ്ഥലവും ആശ്രമമാണ് നൽകിയത്. സഭയിലെ വൈദികവിദ്യാർഥികൾ പട്ടം ഏൽക്കുന്നതിനു മുൻപ് ബഥനിയിൽ എത്തും.

പഠനം പൂർത്തിയാക്കുന്ന വൈദികവിദ്യാർഥികൾ ദിവസങ്ങളോളം ആശ്രമത്തിൽ താമസിച്ച് ആരാധനാക്രമങ്ങൾ ഹൃദ്യസ്തമാക്കും. പുരാതന പുസ്തകങ്ങളുടെയും മാർ തേവോദോസിയോസ് സമ്പാദിച്ച വിദേശ പുസ്തകങ്ങളുടെയും ശേഖരവുമായി ലൈബ്രറിയുണ്ട്.

ബഥനി പഞ്ചാംഗം
മലങ്കര സഭയുടെ ആരാധനാ വർഷത്തെ ഏഴ് കാലമായി തിരിച്ചുള്ള ആരാധന കലണ്ടർ നാളെ പ്രസിദ്ധീകരിക്കും. വിശേഷദിവസങ്ങൾ, ഓർമകൾ, നോമ്പു ദിവസങ്ങൾ, പെരുന്നാൾ ദിനങ്ങൾ, വിവാഹം നടത്താവുന്ന ദിവസങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പക്ഷിസങ്കേതം
പ്രകൃതിയോട് ഇണങ്ങി ആശ്രമം സ്ഥിതിചെയ്യുന്ന മുണ്ടൻമല അപൂർവ പക്ഷികളുടെ സങ്കേതമാണ്. മിക്ക ദിവസവും മയിലുകളെത്തും. ഒട്ടേറെ അപൂർവ സസ്യങ്ങളും ഇവിടെ കാണാം. കടുത്ത വേനലിൽ പോലും വറ്റാത്ത മലമുകളിലെ നീരുറവ നാടിന്‍റെ ദാഹശമനികൂടിയാണ്. ആത്മീയതക്കൊപ്പം കൃഷിമേഖലയിലും ആശ്രമം നൽകുന്ന സേവനങ്ങളും സഹായങ്ങളും ഒട്ടേറെ കുടുംബങ്ങൾക്കു കൈത്താങ്ങാണ്. റബർ തോട്ടത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്‍റെ നല്ലൊരു പങ്കും സാമൂഹിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.

Bethany Ashram

https://ovsonline.in/articles/bethany-and-ivanios/

error: Thank you for visiting : www.ovsonline.in