ഉച്ചഭാഷിണിയിലൂടെയുള്ള പ്രകടനമല്ല മതം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്
മൈലപ്ര:-ഉച്ചഭാഷിണിയിലൂടെയുള്ള പ്രകടനമല്ല മതമെന്നും ജീവിതത്തിന്റെ ആഴമായ അർത്ഥത്തിലേക്ക് നയിക്കുന്ന പാതയാണ് മതമെന്നും ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ നടന്ന മധുര ഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവീകബോധ്യങ്ങൾ മൗനത്തിലൂടെയാണ് വെളിപ്പെടുന്നത്. മൗനം പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരണ നല്കും. ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാനുള്ള വ്യഗ്രത ഇന്നത്തെ സംസ്കാരത്തിലുണ്ട്. എന്നാൽ യഥാർത്ഥ യോഗിമാർ അവരുടെ ദൈവാനുഭവങ്ങളെ മറച്ചുവെയ്ക്കാൻ ശ്രമിക്കും. മൗനധ്യാനത്തിലൂടെ വാചാലമായ വിശുദ്ധനായിരുന്നു മൈലപ്ര മാത്യൂസ് റമ്പാച്ചനെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി റവ ഫാ. ഡോ. റജി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. പൗരസ്ത്യ ആത്മീയ ദർശനത്തിൽ ജീവിതം തന്നെ ആരാധനയാണ് . മൗനം സംസാരത്തെ നവീകരിക്കും. ആരാധനയിലൂടെ ദൈവത്തെ തൊട്ടറിയുന്നവനാണ് പൗരസ്ത്യ ദർശനത്തിൽ ദൈവശാസ്ത്രജ്ഞൻ . മാത്യൂസ് റന്പാച്ചൻ ഇവിധത്തിൽ സഭയുടെ പിതൃ പരന്പരയിലെ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. അപ്രേം റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. നഥാനിയേൽ റന്പാൻ, ഫാ യൂഹോനോൻ ജോൺ എന്നിവർ പ്രസംഗിച്ചു.