OVS - Latest NewsOVS-Kerala News

ബൗദ്ധികതയുടെ ലോകത്ത് ജയം ആത്മീയതയ്ക്ക് : കാതോലിക്ക ബാവ

റാന്നി, പെരുനാട് ∙ ബൗദ്ധികതയുടെ അതിപ്രസരത്തിൽ ലോകത്തെ കീഴടക്കാനാകുന്നത് ആത്മീയതയ്ക്കാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്തനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ ഓർമപ്പെരുന്നാളിന്‍റെ ഭാഗമായ മാർ തേവോദോസിയോസ് എക്സലൻസി അവാർഡ്ദാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യഥാർഥ ആത്മീയതയാണു കാലഘട്ടത്തിനാവശ്യം. പെരുനാട് മുണ്ടൻമല തപസനുഷ്ഠിക്കാൻ പറ്റിയ ഇടമാണ്. തപസിൽ നിന്നുള്ള പ്രകാശരശ്മികൾ ഉള്ളിൽ അനുഭവഭേദ്യമാകണം. പകലത്തെ തിരക്കിൽ നിന്നു വിടുതൽ വാങ്ങി രാത്രി മലയിൽ കയറി യേശു പ്രാർഥിക്കുമായിരുന്നു. എല്ലാ മതങ്ങളിലും പർവതങ്ങൾ ദൈവത്തിന്‍റെ ആസ്ഥാനമാണ്. ഭാരതീയ സംസ്കാരമാണത്. ക്രിസ്തീയ സങ്കൽപത്തിൽ മരുഭൂമിയും ദൈവത്തിന്‍റെ ആസ്ഥാനമാണ്. ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണങ്ങൾക്കു പ്രസക്തിയേറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് സഭയിലെ പിതാക്കന്മാർ വിദേശ ബന്ധം ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ ദേശീയതയെ അംഗീകരിച്ചു രാജ്യത്തെ അവർ സ്നേഹിച്ചു. അന്യമതങ്ങളിൽപ്പെട്ടവരെ സഭയിലേക്കു ആകർഷിക്കാൻ പിതാക്കന്മാർ ശ്രമിച്ചില്ല. ക്രിസ്തുവിന്‍റെ സ്നേഹം എല്ലാവരിലേക്കും പകർന്നു നൽകാനാണ് അവർ ശ്രമിച്ചതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. സിസ്റ്റർ സൂസന് അവാർഡ് അദ്ദേഹം സമ്മാനിച്ചു. ബഥനി മാസികയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു. സഭ ട്രസ്റ്റി ബിജു ഉമ്മൻ മാസിക ഏറ്റുവാങ്ങി.

കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ് വിദ്യാഭ്യാസ സ്കോളർഷിപ്പും രാജു ഏബ്രഹാം എം.എൽ.എ ചികിൽസാ സഹായവും വിതരണം ചെയ്തു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ തേവോദോറസ്, പെരുനാട് ബഥനി ആശ്രമം സുപ്പീരിയർ ഫാ. മത്തായി, ഫാ. ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു.

https://ovsonline.in/articles/malankara-church-news-3/

error: Thank you for visiting : www.ovsonline.in