OVS - ArticlesOVS - Latest News

“ഒന്നായാല്‍ നന്നാകാം; നന്നായാല്‍ ഒന്നാകാം” ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

ചോദ്യം: ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള തിരുമേനിയുടെ പ്രതികരണം എന്താണ്?
ഉത്തരം: ദൈവഹിതം. പ. റൂഹാ ന്യായാധിപന്മാരുടെ പേനാതുമ്പിലൂടെ പ്രവര്‍ത്തിച്ച സമഗ്രമായ വിധി.

ചോദ്യം: ഈ വിധിയുടെ അനന്തരഫലങ്ങള്‍ എന്താവാം?
ഉത്തരം: പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം നേതൃത്വം നല്‍കുന്ന ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ, 1934-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ പാസ്സാക്കിയ ഭരണഘടനയില്‍ അടിസ്ഥിതമായ ഏക സഭ. വിഘടിത വിഭാഗങ്ങള്‍ക്കോ സമാന്തര സംവിധാനങ്ങള്‍ക്കോ നിലനില്‍പ്പ് അസാധ്യം.

ചോദ്യം: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണല്ലോ ശ്രേഷ്ഠബാവാ സാധാരണജനങ്ങളെ ആവേശം കൊള്ളിക്കുന്നത്. അതൊരു വലിയ ഘടകമല്ലേ?
ഉത്തരം: പ. പത്രോസ് ശ്ലീഹായോടും മൂന്നു പൊതു സുന്നഹദോസുകളിലെ സത്യവിശ്വാസത്തോടും മലങ്കരസഭയ്ക്ക് ഏറെ ബന്ധവും ആത്മീയ കടപ്പാടും ഉണ്ട്. അന്നും ഇന്നും ആ ബഹുമാനം സഭ നല്‍കുന്നുമുണ്ട്. എന്നാല്‍ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയെയും, അതിന്‍റെ പ്രധാന മേലദ്ധ്യക്ഷനായ പ. പൗരസ്ത്യ കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും അംഗീകരിക്കാതെയും അനുസരിക്കാതെയും താന്തോന്നിത്തം (തനിക്ക് തോന്നിയത് അഹങ്കാരത്തോടെ ചെയ്യുന്ന അവസ്ഥ) ചെയ്യുവാന്‍ അന്ത്യോഖ്യാ എന്ന സംജ്ഞയെ ആവോളം ദുരുപയോഗം ചെയ്യുന്ന ‘ശ്രേഷ്ഠത’ മലങ്കരസഭാചരിത്രത്തിലെ നികൃഷ്ടമായ അദ്ധ്യായമായി മാറിക്കഴിഞ്ഞു.

മലങ്കരസഭ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന അന്ത്യോഖ്യാ സിംഹാസനത്തെ ജനമനസ്സില്‍ വെറുപ്പിച്ചതിനും വിധിന്യായത്തിലൂടെ ഇല്ലായ്മയില്‍ എത്തിച്ചതിനും പൂര്‍ണ്ണ ഉത്തരവാദിത്വം ‘അന്ത്യോഖ്യാ സിംഹാസന’വാദികള്‍ക്കാണ്. “അമ്മേ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല” എന്ന തെറ്റായ മുദ്രാവാക്യം മുഴക്കുമ്പോള്‍ തന്നെ തലമറന്ന് എണ്ണതേക്കുവാനും അപ്പോള്‍ കണ്ടവനെ, അവന്‍റെ കയ്യില്‍ പണമുണ്ടെങ്കില്‍, അപ്പാ എന്ന് വിളിക്കുന്നതിനും അദ്ദേഹത്തിന് മടിയില്ലെന്ന് നാം കണ്ടിട്ടുള്ളതാണ്. നമ്മുടെ അപ്പന്‍ പ. മാര്‍ത്തോമ്മാ ശ്ലീഹായാണ്; ശ്ലീഹാ മാത്രമാണ്.

ചോദ്യം: മലങ്കരസഭയില്‍ സമാധാനത്തിന് എതിരായി നില്‍ക്കുന്നത് ശ്രേഷ്ഠബാവാ ആണെന്ന് എല്ലാവരും പറയുന്നു. തിരുമേനിയുടെ അഭിപ്രായമെന്താണ്?
ഉത്തരം: പൂര്‍ണ്ണ സത്യം. സാത്താന്‍ എന്നും പ. സഭയെ ആക്രമിക്കുന്നു. എല്ലാ കാലത്തും അത് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചതുപോലെ അതിനെ എതിര്‍ത്തു തോല്‍പ്പിക്കണം. 2017 ജൂലൈ 3-ലെ വിധി ഇക്കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. പാപിയെ സ്നേഹിക്കണം, പാപത്തെ കൊല്ലണം. സാത്താനോട് കരുണ കാണിക്കരുത്. ഒന്നിനെ ഇറക്കിവിട്ട് അടിച്ചു തൂത്തു വൃത്തിയാക്കി വാതില്‍ തുറന്നിട്ടാല്‍ ഏഴെണ്ണം ഒന്നിച്ച് കയറി വരും. അതുകൊണ്ട് വിധി പൂര്‍ണ്ണമായും നടപ്പാക്കി സാത്താനെ അവന്‍റെ ലാവണത്തില്‍ വച്ചു തന്നെ നിഗ്രഹിക്കണം.

ചോദ്യം: ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് അപ്രേം ബാവാ ഈ വിധിയുടെ വെളിച്ചത്തില്‍ സമാധാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ?
ഉത്തരം: അദ്ദേഹം ശ്രേഷ്ഠനേയും ഇല്ലാതായ യാക്കോബായ സഭയെയും ശാസിക്കണം, നിയന്ത്രിക്കണം. വിഘടനവാദം അവസാനിപ്പിക്കണം. പ. കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണം. പൂര്‍വ്വികര്‍ ചെയ്തുകൂട്ടിയ തെറ്റിന് മാപ്പു പറഞ്ഞ് മലങ്കരസഭയ്ക്ക് കല്‍പന അയയ്ക്കണം.

ചോദ്യം: ശ്രേഷ്ഠബാവാ ഉണ്ടാക്കിയ ഭരണഘടന അസാധുവും സുപ്രീംകോടതിവിധിയെ മറികടക്കാനുംവേണ്ടി ആണെന്നാണല്ലോ കോടതി പറയുന്നത്?
ഉത്തരം: കോടതി പറഞ്ഞത് പൂര്‍ണ്ണ സത്യം. ആ ഭരണഘടന മലങ്കരസഭാ ചരിത്രത്തിലെ ചരിത്രപരമായ ഏറ്റവും വലിയ മണ്ടത്തരമായി മാറി; അങ്ങനെ തന്നെ ചരിത്രത്തിലും അറിയപ്പെടും.

ചോദ്യം: ഇന്ത്യന്‍ ഭരണഘടനയ്ക്കപ്പുറത്തല്ല സഭയുടെ ഭരണഘടന. അതുകൊണ്ട് സഭാഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതയില്ലെന്ന് ചില നേതാക്കന്മാര്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍വ്വഹണ സമിതികളിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഉപരിസമിതിയാണ് ബ. സുപ്രീംകോടതി. ബ. സുപ്രീംകോടതിയാണ് 1934-ലെ സഭാഭരണഘടനയെ പൂര്‍ണ്ണമായും സാധൂകരിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്നവന്‍ നേതാവല്ല; ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയനുസരിച്ച് ക്രിമിനല്‍ ആണ് എന്ന് ഓര്‍ക്കണം. പ്രസ്താവനകളെ കോടതിയലക്ഷ്യമായി പരിഗണിക്കണം.

ചോദ്യം: സമാധാനത്തിനിരുഭാഗവും ചെയ്യേണ്ടത് എന്താണ് എന്നു പറയാമോ?
ഉത്തരം: 2017 ജൂലൈ 3 പ്രകാരം ഒരു സഭയെ ഉള്ളൂ. രണ്ടു വിഭാഗങ്ങള്‍ ഇല്ല. സഭയെ എതിര്‍ക്കുന്നവനെ വിഘടനവാദിയായി മാത്രമേ കാണുവാന്‍ കഴിയൂ. ‘അവരെ ഭയപ്പെടുത്തി ചിതറിക്കണമെ’ എന്നാണ് വി. കുര്‍ബ്ബാനയില്‍ തന്നെ നാം പ്രാര്‍ത്ഥിക്കുന്നത്.

ചോദ്യം: ഒന്നാകുന്ന സഭയില്‍ പാത്രിയര്‍ക്കീസിനും ശ്രേഷ്ഠബാവായ്ക്കും മറ്റും ഉള്ള സ്ഥാനമെന്തായിരിക്കും?
ഉത്തരം: പാത്രിയര്‍ക്കീസിന് 1934 ഭരണഘടനപ്രകാരം ന്യായമായിട്ടുള്ള സ്ഥാനം മാത്രം ലഭിക്കും. ശ്രേഷ്ഠ ബാവാ സ്ഥാനത്യാഗം ചെയ്ത് വിശ്രമജീവിതം നയിക്കുന്നതാവും ഉചിതം.

ചോദ്യം: സഭയില്‍ സമാധാനമുണ്ടാകുന്നു എന്ന് സങ്കല്‍പിച്ചാല്‍ ഇത്രയേറെ മെത്രാന്മാരെ എന്തുചെയ്യും?
ഉത്തരം: ശ്രേഷ്ഠ ബാവായുടെ കൂടെ ആശ്രമജീവിതം നയിക്കുന്നതിന് വിരോധമില്ല; ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുവേണ്ടി പശ്ചാത്തപിച്ച് പ്രാര്‍ത്ഥിക്കാം. മലങ്കരസഭയില്‍ ഇനിയും മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അവരെ പരിഗണിക്കുന്നതില്‍ തെറ്റില്ല. ഭരണഘടനപ്രകാരം ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ പ. സുന്നഹദോസും അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയും അംഗീകരിക്കുന്നപക്ഷം മെത്രാസനഭരണം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാമായിരിക്കും.

ചോദ്യം: കേരളത്തിലും മറ്റുമുള്ള ഇതരസഭകള്‍ ഇപ്പോള്‍ മദ്ധ്യസ്ഥം വഹിക്കാന്‍ തയ്യാറായി വരുന്നുണ്ടോ?
ഉത്തരം: അറിയില്ല; ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ചോദ്യം: ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളില്‍ ക്രിസ്തീയ സഭയുടെ ഭാവിയുമായി ഈ കാര്യങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്താം?
ഉത്തരം: അതും ഈ പ്രശ്നവും തമ്മില്‍ നേരിട്ടുള്ള ശക്തമായ ബന്ധമില്ല. കേരളത്തിലെ ഏതാനും ജില്ലകളൊഴിച്ചാല്‍ മറ്റൊരിടത്തതും ഇത് ഒരു പ്രശ്നമല്ല. കേരളത്തിന് പുറത്ത് ഒരിടത്തും തര്‍ക്കമുള്ള പള്ളികള്‍ ഇല്ലെന്നാണ് എന്‍റെ അറിവ്.

ചോദ്യം: ഐക്യം അസാധ്യമെന്നറിഞ്ഞിട്ടും, സഭയുടെ ഐക്യത്തിനുവേണ്ടി വാദിക്കുന്നവര്‍ സ്വപ്നജീവികളാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടല്ലോ?
ഉത്തരം: ഐക്യം അസാദ്ധ്യമല്ല; ക്രിസ്തുവില്‍ അത് സാധ്യമാണ്. പരിശുദ്ധാത്മാവില്‍ ആശ്രയിച്ച് ആയതിനായി സഭയില്‍ നിന്ന് ശ്രമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വ്യക്തിപൂജയ്ക്കുവേണ്ടിയുള്ള വില കുറഞ്ഞ ശ്രമങ്ങളായി അത് മാറരുത്.

ചോദ്യം: ‘പിളരുന്തോറും വളരും, വളരുന്തോറും പിളരും’ എന്ന മൊഴിയനുസരിച്ച്, മലങ്കരസഭ രണ്ടോ നാലോ ആയി പിളര്‍ന്നാല്‍ അത്രയും വളര്‍ച്ച ഉണ്ടാവുകയില്ലേ?
ഉത്തരം: അതൊരു ആശാവഹമായ മാതൃകയല്ല. മലങ്കരസഭയ്ക്ക് ഇനിയും പിളരുവാന്‍ സാധിക്കുകയില്ല; ഇത് തിരിച്ചുവരവിന്‍റെ കാലമാണ്.

ചോദ്യം: മലങ്കരയില്‍ സമാധാനത്തിനും ഐക്യത്തിനും വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നത് യാക്കോബായ വിഭാഗം ആണെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: സുപ്രീംകോടതി പറഞ്ഞത് സത്യം. അത് സത്യമാണെന്ന് സത്യസന്ധമായി ചിന്തിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.

ചോദ്യം: ദേവലോകത്തെ കാതോലിക്കാ ബാവാ വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികളെല്ലാം കയറി പിടിച്ചടക്കാന്‍ പോകുന്നുവെന്നും, അതുകൊണ്ട് സംരക്ഷണസേനകളുണ്ടാക്കി ഒരു യുദ്ധത്തിന് തയ്യാറെടുക്കണമെന്നുമാണല്ലോ പുത്തന്‍കുരിശില്‍ നിന്നു വരുന്ന സന്ദേശം?
ഉത്തരം: മലങ്കര മെത്രാപ്പോലീത്താ നിയമാനുസൃതമായി എന്നാല്‍ ക്രൈസ്തവ സ്നേഹത്തില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കും. ഒരു സേനയ്ക്കും സുപ്രീംകോടതിവിധിക്കെതിരെ യുദ്ധം ചെയ്യുവാന്‍ അവകാശമില്ല; അത് നിയമലംഘനമായി രാജ്യം പരിഗണിക്കും.

ചോദ്യം: ഓര്‍ത്തഡോക്സ് സഭ ഭരണഘടന മാറ്റുമെന്നും അന്ത്യോക്യാ പാത്രിയര്‍ക്കീസിന് ഇപ്പോള്‍ ഭരണഘടനാനുസൃതമായി നല്‍കിയിരിക്കുന്ന സ്ഥാനം എടുത്തു കളയുമെന്നും ആണല്ലോ ‘യാക്കോബായ’ വിഭാഗം പ്രചരിപ്പിക്കുന്നത്. അതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഉത്തരം: ഭരണഘടന ആവശ്യമായ രീതികളില്‍ ഭേദഗതി ചെയ്യുന്നതിന് സഭാ ഭരണസംവിധാനത്തിന് അവകാശമുണ്ട്; കോടതി ആയത് എടുത്തുപറഞ്ഞിട്ടുമുണ്ട് (1934-ലെ ഭരണഘടനയില്‍ ‘അന്ത്യോഖ്യാ’ എന്ന പദം ഇല്ല. പിന്നീട് ചേര്‍ത്തതാണത്).

ചോദ്യം: 1958-ലെ വിധിയനുസരിച്ച് ഇരു ഭാഗവും തമ്മില്‍ യോജിച്ചപ്പോള്‍ ഉണ്ടായ നല്ല അനുഭവങ്ങള്‍, പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും യോജിച്ചാല്‍ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
ഉത്തരം: നല്ല ആത്മാവില്‍ എടുത്താല്‍ സാധ്യമാണ്. ഇനിയും വിഘടനം സത്താപരമായും ഘടനാപരമായും അസാധ്യമാണ് എന്നതിനാല്‍ യോജിപ്പിന് സാംഗത്യവും സാധുതയും നിലനില്‍പ്പും കൂടുതല്‍ ഉണ്ട്.

ചോദ്യം: ‘കോട്ടയം മോഡല്‍’ എന്ന പേരില്‍ പ്രശസ്തമായ പരസ്പര സൗഹൃദബന്ധം രണ്ട് കക്ഷികള്‍ തമ്മില്‍ അടുത്തകാലത്ത് ഉണ്ടായല്ലോ. അത് സഭയ്ക്കു മുഴുവനും മാതൃകയാക്കാമോ?
ഉത്തരം: അറിയില്ല. രണ്ട് കക്ഷികള്‍ ഇല്ല.

ചോദ്യം: എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍ സഭാ സമാധാനത്തെക്കുറിച്ച് നിരാശയോ പ്രത്യാശയോ?
ഉത്തരം: പൂര്‍ണ്ണ പ്രത്യാശ മാത്രം. വിധി നടപ്പാക്കിയാല്‍ മലങ്കരസഭ ഒന്നിച്ച് ഒന്നായി നന്നാകും. “ഒന്നായാല്‍ നന്നാകാം; നന്നായാല്‍ ഒന്നാകാം” എന്ന കുഞ്ഞുണ്ണി മാഷിന്‍റെ വരികള്‍ ഓര്‍ക്കാം.

(മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തായും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തായുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസുമായി ജോയ്സ് തോട്ടയ്ക്കാട് നടത്തിയ അഭിമുഖ സംഭാഷണം)

error: Thank you for visiting : www.ovsonline.in