മലങ്കര സഭയിലെ നോമ്പനുഷ്ഠാനം – ചരിത്രവും പശ്ചാത്തലവും
“നോമ്പനുഷ്ഠിക്കുന്നവന്‍ സദാനേരവും സ്വര്‍ഗത്തിലാകുന്നു. നോമ്പ് നല്ലതാകുന്നു. സ്നേഹം കൂടാതെ ഒരുവന്‍ നോമ്പു നോല്‍ക്കുന്നുവെങ്കില്‍ അവൻ്റെ നോമ്പ് വ്യര്‍ഥമാകുന്നു. പ്രാര്‍ത്ഥന സ്നേഹിക്കപ്പെട്ടതാകുന്നു. സ്നേഹം അതിനെ കരകേറ്റുന്നില്ലെങ്കില്‍ അതിൻ്റെ ചിറക് ബലഹീനമാകുന്നു.” (ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി കളുടെ പ്രഭാത നമസ്കാരത്തില്‍ നിന്നുളള ഉദ്ധരണി). പ്രധാനമായി ആണ്ടില്‍ അഞ്ചു നോമ്പുകളാണ് സഭയിൽ അനുഷ്ഠിക്കപ്പെടുന്നത്.
1). അമ്പതു നോമ്പ് (വലിയ നോമ്പ് )
യേശുക്രിസ്തുവിൻ്റെ പരസ്യ ജീവിതകാലത്തെ പ്രവൃത്തികളും, ജീവിതാന്ത്യത്തില്‍ സംഭവിച്ചതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന കുരിശുമരണവും ഈ നോമ്പിലെ പ്രധാന ധ്യാന വിഷയങ്ങളാണ്. യഹൂദരുടെ പെസഹാചരണത്തിൻ്റെ നവീകരിക്കപ്പെട്ട രൂപമായ ക്രൈസ്തവ പെസഹായും ഈ നോമ്പിൻ്റെ അവസാന ആഴ്ചയിലെ വ്യാഴാഴ്ച ദിവസം ഭക്തിയാദരവുകളോടെ ക്രൈസ്തവ സഭകള്‍ കൊണ്ടാടുന്നു. പെസഹ എന്ന വാക്കിൻ്റെ അര്‍ത്ഥം കടന്നുപോകല്‍ എന്നാണ്. ഈജിപ്തില്‍ അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രയേല്യരുടെ ഭവനങ്ങളുടെ കട്ടിലപ്പടികളില്‍ ആചാരപരമായി അറക്കപ്പെട്ട ആടിൻ്റെ രക്തം അടയാളമായി പതിപ്പിച്ച സംഭവമാണ് പെസഹാ സംഭവത്തിൻ്റെ മുഖ്യ ഇതിവൃത്തം. ദിവസം പട്ടണത്തിലെ ഒരു രഹസ്യ സങ്കേതത്തില്‍ (മര്‍ക്കോസിൻ്റെ മാളിക) ഒത്തുകൂടി. അന്നേ ദിവസം മൃഗങ്ങളുടെ രക്തം ചിന്തിയുള്ള പെസഹാചരണത്തിനന്ത്യം കുറിക്കുകയായി രുന്നു. പകരം മുന്തിരിച്ചാറും ഗോതമ്പപ്പവും അടിസ്ഥാന വിഭവങ്ങളാക്കിയുളള ഒരു പുതിയതരം പെസഹാ ഭക്ഷണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്കകം സംഭവിക്കാനിരിക്കുന്ന തൻ്റെ വധത്തെ പ്രതികാത്മകമായി സൂചിപ്പിച്ചു കൊണ്ട് അപ്പത്തെ തൻ്റെ ശരീരമായും വീഞ്ഞിനെ തൻ്റെ രക്തമായും സങ്കല്‍പിച്ചുകൊണ്ട് യേശു വാഴ്ത്തി വിഭജിച്ചു അത് ശിഷ്യന്മാര്‍ക്കു നല്‍കി. ഒപ്പം ഗുരുവിൻ്റെ കാലു ശിഷ്യന്മാര്‍ കഴുകുക എന്ന സമ്പ്രദായത്തിനു മാറ്റം വരുത്തി. ശിഷ്യന്മാരുടെ കാല് ഗുരു കഴുകുക എന്ന വിപ്ളവകരമായ ഒരു മാതൃകയും യേശു ലോകത്തിനു കാണിച്ചുകൊടുത്തു. നിങ്ങളില്‍ നേതാവായിരിക്കുന്നവന്‍ സേവകനെപ്പോലെയും സേവകന്‍ നേതാവിനെപ്പോലെയും മാറുക എന്ന യേശു സന്ദേശം അന്ന് നിലവിലിരുന്ന ലോകക്രമത്തെ എറെക്കുറെ തല കീഴ്മറിക്കുന്നതായിരുന്നു. ഈ മാതൃക പിന്‍പറ്റി യേശുവിൻ്റെ അനുയായികള്‍ രൂപപ്പെടുത്തിയ സഭാസംവിധാനങ്ങള്‍ പില്‍ക്കാലത്ത് വ്യവസ്ഥാപിത തത്വങ്ങളുടെ ചെളിക്കുണ്ടില്‍ പതിക്കുകയായിരുന്നു.
2). യെൽദൊ നോമ്പ്
വലിയ നോമ്പ് കഴിഞ്ഞാല്‍ ഏറെ പ്രാധാന്യത്തോടെ ക്രിസ്ത്യാനികള്‍ ആചരിക്കുന്ന മറ്റൊരു നോമ്പ് യേശുവിൻ്റെ ജനനപ്പെരുന്നാളെന്ന നിലയില്‍ പില്‍ക്കാലത്ത് പാശ്ചാത്യസഭകളില്‍ വലിയ ഒരാഘോഷമായി മാറിയ ക്രിസ്തുമസ്സിൻ്റെ തൊട്ടുപിന്നിലുളള 25 ദിവസങ്ങളില്‍ (Dec: 1-24) ആചരിക്കുന്ന ഇതുപത്തിയഞ്ചു നോമ്പാണ്. ഈ നോമ്പിനും അതിനോടനുബന്ധിച്ചുളള പെരുന്നാളിനും, സെമറ്റിക്ക് പാരമ്പര്യങ്ങളുമായോ ബൈബിള്‍ പാഠങ്ങളുമായോ കാര്യമായ ബന്ധമൊന്നുമില്ല. ക്രിസ്തുമതം റോമാ സാമ്രാജ്യത്തിൻ്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു ദീര്‍ഘകാലം കഴിഞ്ഞപ്പോള്‍ പാശ്ചാത്യനാടുകളില്‍ സൂര്യദേവൻ്റെ പിറന്നാള്‍ ദിനമായി കൊണ്ടാടിയിരുന്ന ഡിസംബര്‍ 25 യേശുക്രിസ്തുവിൻ്റെ ജന്മദിനമായി പരിവര്‍ത്തനപ്പെടുകയായിരുന്നു. ആദ്യത്തെ അഞ്ചുനൂറ്റാണ്ടുകളില്‍ പൌരസ്ത്യ സഭകളില്‍ ഇങ്ങനെ ഒരുത്സവം നിലവിലില്ലായിരുന്നു.
3). മൂന്നു നോമ്പ്
അഞ്ചുനോമ്പുകളില്‍ രണ്ടും യേശുവിനോടു ബന്ധപ്പെടുത്തി ആചരിക്കുമ്പോള്‍, ഒരെണ്ണം പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. അതാണ് മൂന്നു നോമ്പ്, അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. ബൈബിളിലും ഖുര്‍-ആനിലും പരാമര്‍ശിച്ചിട്ടുളള യോനാനബി എന്ന പ്രവാചകന്‍ ദിവസങ്ങള്‍ തുടര്‍ച്ചയായി ഒരു വലിയ മത്സ്യത്തിൻ്റെ ഉദരത്തില്‍ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനവയുടെ (പേര്‍ഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുസ്മരിക്കുന്നത്. ദൈവനിയോഗപ്രകാരം- നിനവയിലേക്കു പോകണ്ടിയിരുന്ന പ്രവാചകന്‍ സ്വന്തം ഇഷ്ടപ്രകാരം സൈപ്രസിലേക്കു കപ്പല്‍ കയറുന്നതും രാത്രി കടല്‍ ഇളകിയപ്പോള്‍ കപ്പല്‍ പ്രമാണി ആരുടെ നിമിത്തമാണ് കടല്‍ക്ഷോഭിച്ചത് എന്നറിയാന്‍ യാത്രക്കാരുടെ പേരെഴുതി നറുക്കിട്ടു. നറുക്കു യോനാപ്രവാചകനു വീഴുകയും അദ്ദേഹത്തെ കടലില്‍ തളളിയിട്ടപ്പോള്‍ കടല്‍ ശാന്തമാകുകയും ചെയ്തു. പക്ഷെ പ്രവാചകനെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഒരു വലിയ മത്സ്യത്തെ ദൈവം കടലില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. മനുഷ്യരുടെ ഈ ലോകജീവിതം ദൈവനിയോഗത്തിനും ദൈവിക ഇച്ഛക്കും വിരുദ്ധമായി തിരിയുന്നതാണ് മനുഷ്യര്‍ക്കനുഭവിക്കേണ്ടി വരുന്ന സര്‍വ ദുരന്തങ്ങള്‍ക്കും കാരണമെന്ന സന്ദേശമാണ് യോനാ പ്രവാചകൻ്റെ അത്ഭുതകരമായ രക്ഷപെടലും അദ്ദേഹം മുഖേന നിനവാ പട്ടത്തിനുണ്ടായ രക്ഷയും എന്ന സന്ദേശം ഉള്‍ക്കൊളളാനാണ് മൂന്നു ദിവസത്തെ ഈ നോമ്പ് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നത്.
4). പതിനഞ്ചു നോമ്പ്
ആഗസ്ത് 1 മുതല്‍ 15 വരെ ദിവസങ്ങളില്‍ യേശുവിൻ്റെ അമ്മയായ മറിയത്തിൻ്റെ സ്മരണയെ മുന്‍നിറുത്തി ആചരിക്കുന്ന നോമ്പാണ് ഇത്.
5). പതിമൂന്നു നോമ്പ് (ശ്ളീഹാ നോമ്പ്)
യേശുവിൻ്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്ളീഹാ നോമ്പാണ് പതിമൂന്നു നോമ്പ്.
ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കണമെന്നും സഭ ശഠിക്കുന്നു.
കെ.സി.വര്‍ഗീസ്.