പ്രതികാരം യഹോവയ്ക്കുള്ളതാകുന്നു : ഡോ. എം. കുര്യന്‍ തോമസ്
മാതൃഭൂമി ന്യൂസ് അവറില്‍ പുതിയ മദ്യനയത്തെപ്പറ്റിയുള്ള ചര്‍ച്ചാമദ്ധ്യേ പ. ബസേലിയോസ് മാര്‍ത്താമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മദ്യസല്‍ക്കാരം നടത്തുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്. 2017 ജൂണ്‍ 8-നു സംപ്രേഷണംചെയ്ത ഈ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളും വിവാദത്തിന്റെ നാള്‍വഴിയുമാണ് ഇവിടെ പ്രതിപാദ്യം.
യേശുക്രിസ്തുവിന്റെ പെസഹാഭക്ഷണസമയത്ത് തന്റെ 12 അപ്പോസ്‌തോലന്മാരുടെ കാലുകളെ കഴുകിയതിന്റെ സ്മരണാര്‍ത്ഥമുള്ള ചടങ്ങാണ് എല്ലാ പെസഹാ വ്യാഴാഴ്ചയും നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ. താഴ്മയുടേയും വിനയത്തിന്റെയും ശുശ്രൂഷയുടേയും പ്രതീകമായാണ് പ്രധാന കാര്‍മ്മികന്‍ 12 പേരുടെ കാലുകള്‍ കഴുകി, തുവര്‍ത്തി, തൈലം പുരട്ടി അവരുടെ കാലില്‍ ചുംബിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യപ്രകാരം മെത്രാന്മാര്‍ മാത്രമാണ് ഈ ശുശ്രൂഷ നടത്തുന്നത്. അതിനാല്‍ കാല്‍കഴുകപ്പെടുന്നത് എപ്പോഴും അവരുടെ കീഴ്സ്ഥാനികള്‍ മാത്രമാണ്. അവരില്‍ കുട്ടികള്‍ ഉള്‍പ്പെടുക സര്‍വസാധാരണവും.
കാല്‍കഴുകല്‍ ശുശ്രൂഷയുടെ പരസ്യമായ ഭാഗത്തിനുശേഷം ഒരു സ്‌നേഹവിരുന്ന് – പന്തിഭോജനം – പാരമ്പര്യത്തിലുണ്ട്. അന്ത്യ അത്താഴവേളയില്‍ യേശുക്രിസ്തു പ്രഘോഷിച്ച സമത്വം പ്രതീകവല്‍ക്കരിക്കുന്ന ഈ വിരുന്നില്‍ കാര്‍മ്മികനും കാല്‍കഴുകപ്പെട്ടവരും ഒരേ മേശയ്ക്കുചുറ്റുമിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് കീഴ്‌വഴക്കം. പ്രതിവര്‍ഷം കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിനും ഇത്തരം ഒരു ചടങ്ങിനെപ്പറ്റി അറിവില്ല എന്നതാണ് സത്യം. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു ആഥിത്യമരുളുന്ന പള്ളികളുടെ പ്രൗഡിക്കനുസരിച്ചുള്ള പൊലിമ ഇത്തരം വിരുന്നുകള്‍ക്കുണ്ടാകും. രണ്ടുദിവസങ്ങള്‍ക്കു ശേഷം ഈസ്റ്ററിനു സമാപിക്കുന്ന അമ്പത് നോമ്പിന്റെ പാരമ്യതയില്‍ ആയതിനാല്‍ അത് ലളിതമായ സസ്യാഹാരം ആയിരിക്കുമെന്നു മാത്രം.
ഇനി വിവാദചിത്രത്തിന്റെ പിന്നാംപുറത്തേക്ക്. 2012-ല്‍ പ. കാതോലിക്കാ ബാവാ കഷ്ടാനുഭവ ആഴ്ചയും കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തിയത് ബഹ്‌റൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആണ്. പതിവുപോലെ മുഖ്യ കാര്‍മ്മികനായ അദ്ദേഹത്തിനും പങ്കെടുത്ത 12 പേര്‍ക്കും സ്‌നേഹവിരുന്നൊരുക്കി. അവരില്‍ ഭൂരിപക്ഷവും കുട്ടികളായിരുന്നു. ഏതാണ്ട് മുഴുവനായി പഴവര്‍ഗ്ഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ആ വിരുന്നില്‍ വിളമ്പിയത് ബഹ്‌റൈനില്‍ ഏറെ പ്രിയപ്പെട്ട ‘അൽമറായി ‘ എന്ന ആപ്പിള്‍ ജ്യസ് ആയിരുന്നു. സ്ഥലം ബഹ്‌റൈന്‍ ആയതുകൊണ്ടും, സഭാദ്ധ്യക്ഷന്‍ പങ്കെടുക്കുന്നതുകൊണ്ടും കട്ട്ഗ്ലാസുകളിലാണ് മേശയില്‍ ആപ്പിള്‍ ജ്യൂസ് വിളമ്പിയതെന്നുമാത്രം. അനേകരുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായി നടന്ന ഒരു ചടങ്ങായിരുന്നു ഇത്.
പിറ്റെ വര്‍ഷം മുതല്‍ ഈ ചിത്രത്തില്‍നിന്നും ഇരുവശവുമിരിക്കുന്ന കുട്ടികളെ വെട്ടിമാറ്റി പ. ബാവായേയും മുമ്പിലിരിക്കുന്ന ആപ്പിള്‍ജ്യൂസ് നിറച്ച ഗ്ലാസുകളും മാത്രം കാണുന്ന ചിത്രം സൃഷ്ടിച്ചു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങി. പ. കാതോലിക്കായെ അപകീര്‍ത്തിപ്പടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ വെട്ടിമുറിച്ച ചിത്രങ്ങള്‍ അപഹാസ്യമായ തലക്കെട്ടുകളോടും അല്ലാതെയും പ്രചരിപ്പിച്ചിരുന്നത്. മലങ്കരസഭയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും അതിന്റെ അസഹിഷ്ണുതയും മാത്രമായിരുന്നു ഈ ദുഷ്പ്രചാരണത്തിനു പിമ്പില്‍. ചടങ്ങിന്റെ ദൃക്‌സാക്ഷികള്‍ പൂര്‍ണ്ണമായ ചിത്രം സഹിതം യാഥാര്‍ത്ഥ്യം വിശദീകരിച്ചിട്ടും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വ്യക്തിഹത്യ തുടര്‍ന്നുകൊണ്ടിരുന്നു. പരമ്പതാഗതമായി മലങ്കരസഭാദ്ധ്യക്ഷന്‍ മദ്യമോ മാംസമോ ഉപയോഗിക്കില്ലാ എന്നറിയാമായിരുന്ന ഭൂരിപക്ഷവും ഇതു വിശ്വസിച്ചില്ല എന്നുമാത്രം. എന്നു മാത്രമല്ല, പൗരസ്ത്യ കാതോലിക്കായെപ്പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു മതാദ്ധ്യക്ഷന്‍ കേരളീയ സാംസ്‌കാരിക പശ്ചാത്തലത്തില്‍ പരസ്യമായി – അതും കുട്ടികളോടൊപ്പം – മദ്യസല്‍ക്കാരം നടത്തും എന്നു വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഒരു മലയാളിയും തയാറായില്ല. അന്നൊക്കെ ഈ വ്യാജപ്രചരണം ക്രൈസ്തവ നവമാദ്ധ്യമ ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു.
കേരള സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നു എന്ന വാര്‍ത്ത പരന്നതുമുതല്‍ ഈ ചിത്രം വീണ്ടും പ്രചരിച്ചുതുടങ്ങി. മലങ്കര സഭയെയോ സഭാദ്ധ്യക്ഷനേയോ പറ്റി യാതൊരു ജ്ഞാനവുമില്ലാത്തവരാണ് ഇത്തവണ ഈ ചിത്രം പ്രചരിപ്പിച്ചത്. കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭ മദ്യവിഷയത്തില്‍ എടുക്കുന്ന ഇരട്ടത്താപ്പാണ് കേരളത്തിലെ സഭാവിഭാഗങ്ങളെപ്പറ്റി ഗ്രാഹ്യമില്ലാത്തവര്‍ ഇത്തരമൊരു ചിത്രം പ്രചരിപ്പിക്കാന്‍ ഇടയായത് എന്നു ചില മാദ്ധ്യമങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൈസ്തവ മതാദ്ധ്യക്ഷന്മാര്‍ മദ്യപാനികളാണന്നു ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ചില രഹസ്യ അജണ്ടകള്‍ ചിലര്‍ക്കു ഉള്ളതായും പറപ്പെടുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയതോടെ ഭൂരിപക്ഷംപേരും അവരുടെ പോസ്റ്റുകള്‍ പിന്‍വലിച്ചു. ഒരുപടികൂടെ കടന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ക്ഷമ ചോദിക്കുവാന്‍ വരെ അവരില്‍ ചിലര്‍ തയാറായി.
ഇതിനെല്ലാം മകുടംചാര്‍ത്തിയതായിരുന്നു മാതൃഭൂമിയിലെ ‘ന്യൂസ് അവര്‍’. കേരളസര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ച ദിവസം നടന്ന പാനല്‍ ചര്‍ച്ചയില്‍ മദ്യ വ്യവസായിയായ സുനില്‍കുമാര്‍ നാടകീയമായി അവതരിപ്പിച്ച രണ്ടു ചിത്രങ്ങളില്‍ ഒന്ന് ഈ വ്യാജനിര്‍മതിയായിരുന്നു. ഉടന്‍തന്നെ ശക്തമായ പ്രതിഷേധം രൂപംകൊണ്ടു. ചിത്രം അവതരിപ്പിച്ച വ്യക്തിയേക്കാള്‍ അത് നിയന്ത്രിക്കാതിരുന്ന ചാനല്‍ അവതാരകന്റെ പേരിലാണ് പ്രതിഷേധം രൂക്ഷമായത്.
പതിവിനു വിരുദ്ധമായി ഇത്തവണ സഭായന്ത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രാത്രി ഒന്‍പതു മണിക്ക് ന്യൂസ് അവര്‍ അവസാനിച്ചു ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ സഭയുടെ അത്മായ ട്രസ്റ്റി ജോര്‍ജ്ജ് പോള്‍ പ്രതിഷേധവും വിശദീകരണവും മാതൃഭൂമി ചാനലിനെ വിളിച്ചറിയിച്ചു. അന്നുതന്നെ രാത്രി 10-ന് ഈ പ്രതിഷേധത്തിന്റെ ശബ്ദരേഖ സംപ്രേഷണം ചെയ്യാന്‍ മാതൃഭൂമി ചാനല്‍ നിര്‍ബന്ധിതമായി. പിറ്റേദിവസം ഉച്ചയ്ക്കു മുമ്പായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഔദ്യോഗിക പ്രതിഷേധകുറിപ്പ് പുറപ്പെടുവിക്കുകയും, എം. പി. വീരേന്ദ്രകുമാറിന് പ്രതിഷേധ കത്ത് അയയ്ക്കുകയും പിന്നാലെ മാതൃഭൂമി ചാനലിന് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതേ സമയം സാമൂഹിക മാദ്ധ്യമങ്ങളില്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയായിരുന്നു. ചാനല്‍വഴിതന്നെ പരസ്യമായ ക്ഷമാപണം എന്ന ആവശ്യമായിരുന്നു സഭാംഗങ്ങളുടേത്.
നസ്രാണികളുടെ ജാതിക്കുതലവനെ അപമാനിച്ച നടപടിയില്‍ സമൂഹം രോഷാകുലരായി. നവമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. മാതൃഭൂമിക്കും പ്രതിഷേധത്തിന്റെ ചൂട് ലഭിച്ചുതുടങ്ങി. മാതൃഭൂമിയുടേത് ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള ഹിനതന്ത്രം മാത്രമാണ് എന്നുവരെ ഇതിനിടെ ആരോപണം ഉയര്‍ന്നു. അതോടെ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളടക്കം മാദ്ധ്യമലോകം ഈ വിഷയം ഗൗരവമായി എടുത്തു. അതിനു ഫലവും ഉണ്ടായി.
മാതൃഭൂമി ന്യൂസ് അവര്‍ അവതാരകനായ വേണു പ. പിതാവിനെ ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി. തനിക്കുപോലും നിയന്ത്രിക്കാനാവാത്തവിധം നാടകീയമായി ആയിരുന്നു സുനില്‍കുമാര്‍ ചിത്രം പ്രദര്‍ശിപ്പിച്ചെതെന്നും തനിക്കു നിയന്ത്രിക്കാവുന്ന സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും പരിപടി കണ്ടവര്‍ക്കു അതു മനസിലാകുമെന്നാണ് വേണുവിന്റെ നിലപാട്. എങ്കില്‍പോലും ഇതു തന്റെ വീഴ്ചയായി താന്‍ അംഗീകരിക്കുന്നുവെന്നും മാപ്പു നല്‍കണമെന്നുമാണ് വേണു അഭ്യര്‍ത്ഥിച്ചത്.
ഇതിനെത്തുടര്‍ന്ന് പ. പിതാവ് ഈ ക്ഷമാപണം അംഗീകരിക്കുകയും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ അസോസിയേഷന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഈ വിവരം വ്യക്തമാക്കി അഡ്വ. ബിജു ഉമ്മന്‍ പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. ഇതൊന്നും ജനരോക്ഷം തണുപ്പിക്കുന്നതിന് ഉപയുക്തമായില്ല. ജൂണ്‍ 9-ന് അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ കത്തിന് എം. പി. വീരേന്ദ്രകുമാര്‍ ജൂണ്‍ പത്തിനുതന്നെ പ്രത്യേക ദൂതന്‍വഴി മറുപടി നല്‍കി. സഭയ്ക്കും പ. കാതോലിക്കാ ബാവായ്ക്കും ഉണ്ടായ മാനഹാനി ഗുരുതരമാണന്നു അംഗീകരിക്കുന്നുവെന്നും അതില്‍ പശ്ചാത്താപം പ്രകടിപ്പിക്കുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണന്ന വാദവുമായി ന്യൂസ് അവറില്‍ ചിത്രം പ്രദര്‍ശിപ്പിച്ച സുനില്‍കുമാറും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് കാതോലിക്കാ ബാവായേയോ കേരളത്തിലെ മറ്റു മെത്രാന്മാരെയോ തിരിച്ചറിയാനാവില്ലന്നും തന്നെ ചര്‍ച്ചയില്‍ തേജോവധം ചെയ്തപ്പോള്‍ സ്വയം പ്രതിരോധത്തിനായി തന്റെ കൈയ്യില്‍ ലഭിച്ച രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമേ താന്‍ ചെയ്‌തൊള്ളു എന്നുമാണ് അദ്ദേഹത്തിന്റെ നിലപട്. ആരോടും ഇക്കാര്യത്തില്‍ നേരിട്ട് ക്ഷമ പറയാന്‍ തയാറാണന്ന നിലപാടാണ് സുനില്‍കുമാറിനുള്ളത്.
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്താമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബന്ധപ്പെട്ടവരുടെ ക്ഷമാപണം സ്വീകരിക്കുകയും തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയും ചെയ്തതോടെ ഈ വിഷയം അവസാനിച്ചു. കാരണം. ജാതിക്കു തലവന്റെ കല്പനയെ അനുസരിക്കുക എന്നതാണ് നസ്രാണി പാരമ്പര്യം. അതുകൊണ്ട് പ്രശ്‌നം തീര്‍ന്നോ; പ. പിതാവിനും പ. സഭയ്ക്കും ഉണ്ടായ മാനനഷ്ടത്തിനു പരിഹാരമായോ എന്ന ചോദ്യത്തിനു ഉത്തരമില്ല. പക്ഷേ ഒന്നുണ്ട്. ക്ഷമ, ക്രൈസ്തവധര്‍മ്മത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്. ഏഴല്ല, ഏഴെഴുപതുവട്ടം ക്ഷമിക്കണമെന്നു കല്‍പ്പിച്ച യേശുക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാരനായ അത്യുന്നത മഹാപുരോഹിതന് ക്ഷമിക്കണം എന്നപേക്ഷിക്കുന്നവരോട് ക്ഷമിക്കുക അല്ലാതെ എന്തു ചെയ്യാനാണ് സാധിക്കുക?
മലങ്കരസഭ എന്നും മദ്യത്തിനും ഇതര ലഹരികള്‍ക്കും എതിരാണ്. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു എന്ന തിരുവചനം തന്നെയാണ് സഭയുടെ നയം. പക്ഷേ അതിനു കുഞ്ഞാടുകളെ തെരുവിലിറക്കുകയും സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നസ്രാണി പാരമ്പര്യമല്ല. പകരം കേരളത്തിലെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ പാറയ്ക്കല്‍ കുറിയാക്കോസ് കോര്‍എപ്പിസ്‌ക്കോപ്പായേയും, മദ്യത്തിനും മയക്കുമരുന്നിനും എതിരായി സ്‌കൂളുകള്‍തോറും കയറിയിറങ്ങി പ്രചരണം നടത്തിയ നി.വ.ദി.ശ്രി. മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായേയും പോലെ ബോധവല്‍ക്കരണവും പ്രചരണവും നടത്തുന്നതാണ് എന്നും മലങ്കരസഭയുടെ രീതി. അതിന്നും തുടരുന്നുമുണ്ട്. കാരണം വിലപേശി പകരം ഒന്നും മലങ്കരസഭയ്ക്ക് നേടാനില്ല.
തങ്ങളുടെ ജാതിക്കുതലവനെ ആക്രമിച്ചാല്‍ നസ്രാണി അത്യുഗ്രമായി പ്രതികരിക്കും. പക്ഷേ അദ്ദേഹം ക്ഷമിച്ചാല്‍ ദൈവം ക്ഷമിക്കും. കാരണം കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം അത്യുന്നത മഹാപുരോഹിതനു ദൈവം നല്‍കിയിട്ടുണ്ട്. അദ്ദേഹം കല്പിച്ചാല്‍ നസ്രാണി ക്ഷമിക്കും. അതു നസ്രാണിയുടെ സംസ്‌കാരം. പക്ഷേ തങ്ങളുടെ ഭൗതീകതാല്പര്യങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ നസ്രാണി തനി സ്വഭാവം കാണിക്കും. സ്വന്തം മന്തുകാല്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ഇരട്ടത്താപ്പുകാര്‍ ഇത് മനസിലാക്കുന്നത് അവര്‍ക്ക് നന്ന്.
പക്ഷേ അപ്പോഴും ഒരു ചോദ്യം അവശേക്ഷിക്കുന്നു. ഇപ്പോഴാണ് ഈ വ്യാജചിത്രം മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. അതും മറ്റാരുടേയോ ഇരട്ടത്താപ്പിന്റെ ബലിയാടായി. ചിത്രം പ്രദര്‍ശിപ്പിച്ച വ്യക്തിക്കും ചാനലിനും അജ്ഞതയുടെ ആനുകൂല്യം ലഭിച്ചേക്കാം. പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷം വെറും അധമവിചാരത്തോടെ ബോധപൂര്‍വം ഈ വ്യാജപ്രചരണം നടത്തിയവര്‍ക്കോ? ഇപ്പോള്‍ ഈ ചിത്രം ചാനലിനും തല്പരകക്ഷികള്‍ക്കും ബോധപൂര്‍വം ചോര്‍ത്തിക്കൊടുത്തവര്‍ക്കോ? ഇതൊക്കെ കഴിഞ്ഞിട്ടും നാളെയും ലജ്ജാരഹിതമായി ഇതേ ചിത്രം പ്രചരിപ്പിക്കാന്‍ പോകുന്ന അടിമ വംശജര്‍ക്കോ?
അതിനുള്ള മറുപടി ലളിതമാണ്. അറിയാതെ ചെയ്ത തെറ്റ് ക്ഷമിക്കപ്പെടും. പാപങ്ങള്‍ ക്ഷമിക്കാന്‍ അധികാരമുള്ള മഹാപുരോഹിതന്‍ അവ ക്ഷമിച്ചു. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ്? അതും യഹോവയുടെ അഭിഷിക്തനെ അപകീര്‍ത്തിപ്പെടുത്തുന്നത്? അതിനുള്ള മറുപടി യഹോവ പണ്ടേ പറഞ്ഞിട്ടുണ്ട്: ‘പ്രതികാരം എനിയ്ക്കുള്ളത്.’ (ആവര്‍ത്തനം 32: 35, റോമര്‍ 12: 19, എബ്രായര്‍ 10: 30)
ഡോ. എം. കുര്യന്‍ തോമസ്