അവസാനമായി ഒരുനോക്കു കാണാൻ വിശ്വാസി സഹസ്രം.
ചെങ്ങന്നൂർ ∙ സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതിപുരുഷനു ജന്മനാടും സഭാമക്കളും ആദരനിർഭരമായ യാത്രാമൊഴിയേകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിൻ്റെ ഭൗതിക ശരീരം ഓതറ സെന്റ് ജോർജ് ദയറായിൽ കബറടക്കി. വിശ്വാസി സമൂഹവും മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാനെത്തി.
ശനിയാഴ്ച ബഥേൽ അരമനയിൽ നിന്നു പുത്തൻകാവ് കത്തീഡ്രലിൽ എത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോഴും ഒട്ടേറെപ്പേർ ആദരം അർപ്പിക്കാനെത്തി. ഇന്നലെ ഉച്ചയ്ക്കു ശേഷം പുത്തൻകാവിൽ നിന്നു നഗരികാണിക്കൽ ആരംഭിച്ചു. തുടർന്നു ചെങ്ങന്നൂർ ടൗൺ, കല്ലിശേരി, മംഗലം വഴി നാലുമണിയോടെ ഭൗതികശരീരം ഓതറ ദയറയിലേക്കെത്തിച്ചു. യാത്രയിലുടനീളം മെത്രാപ്പൊലീത്തയെ ഒരു നോക്കു കാണാൻ നാട്ടുകാരും വിശ്വാസികളും കാത്തുനിന്നു. രണ്ടു മണിക്കൂറോളം നീണ്ടു നിന്നു വിലാപയാത്ര.
തുടർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും സഹോദര മെത്രാപ്പൊലീത്തമാരുടെയും കാർമികത്വത്തിൽ അവസാന ഘട്ടം ശുശ്രൂഷകൾ നടത്തി. പരിശുദ്ധ ബാവാ അനുസ്മരണ പ്രസംഗം നടത്തി. അഞ്ചരയോടെ ദയറ ചാപ്പലിൻ്റെ വടക്കുഭാഗത്തു തയാറാക്കിയ കബറിൽ ഭൗതികശരീരം ഇറക്കി വച്ചതോടെ ശുശ്രൂഷകൾ പൂർത്തിയായി.
അവസാനഘട്ട ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികരായിരുന്നു. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പുത്തൻകാവിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദയറയിലും ആദരാഞ്ജലിയർപ്പിച്ചു.
മന്ത്രിമാരായ ജി.സുധാകരൻ, മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള, എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ക്നാനായ ആർച്ച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ്, ആർച്ച് ബിഷപ്പ് ജോസഫ് പൗവത്തിൽ, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മാർ ഔഗിൻ കുര്യാക്കോസ്, ബിഷപ്പ് ഉമ്മൻ ജോർജ്, ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിയിൽ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മുൻ മന്ത്രി പി.ജെ.ജോസഫ്, ആന്റോ ആന്റണി എംപി, എംഎൽഎമാരായ വീണാ ജോർജ്, രാജു ഏബ്രഹാം, എം.മുകേഷ്, സുരേഷ് കുറുപ്പ്, ആർ.രാജേഷ്, ചിറ്റയം ഗോപകുമാർ, കേരള കോൺഗ്രസ് (ഡി) നേതാവ് ഫ്രാൻസിസ് ജോർജ്, പി.സി.വിഷ്ണുനാഥ്, ഖാദിബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്, പി.സി.തോമസ്, സ്വാമി ഗീതാനന്ദൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ആദരാഞ്ജലി അർപ്പിച്ചു.
മതസാഹോദര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വം: മുഖ്യമന്ത്രി.
ചെങ്ങന്നൂർ: മത സാഹോദര്യത്തിനു വേണ്ടി നില കൊണ്ട വ്യക്തിത്വമായിരുന്നു മാർ അത്തനാസിയോസിന്റേത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. സഭയ്ക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുത്തൻകാവ് കത്തീഡ്രലിൽ മാർ അത്തനാസിയോസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
https://ovsonline.in/articles/h-g-thomas-mar-athanasios/