മത്തിക്കരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ചടങ്ങുകൾ ആരംഭിച്ചു.
ബെംഗളൂരു∙ നവീകരിച്ച മത്തിക്കരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി കൂദാശയ്ക്കൊരുങ്ങി. ഗ്രീക്ക്, ബൈസന്റിയൻ, ഗോഥിക് വാസ്തുശൈലികൾ ചേർത്തു മൂന്നുനിലകളിലായാണു നവീകരണം പൂർത്തിയാക്കിയത്. അഷ്ടകോണുകൾക്കു പ്രാധാന്യം നൽകി ഒരുക്കിയ പള്ളി രണ്ടു കോടിരൂപ ചെലവഴിച്ചാണു നവീകരിച്ചത്. താഴെയും മുകളിലുമായി ഒരേസമയം 500 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പള്ളിയിൽ ക്രിസ്തുവിന്റെ ജനനം മുതൽ പന്തക്കുസ്ത വരെയുള്ള കാര്യങ്ങൾ വേറിട്ടരീതിയിലാണു ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്തുശിഷ്യൻമാരുടെ മ്യൂറൽ, ഗ്ലാസ് പെയിന്റിങ്ങുകളാണ് അൾത്താരയെ അലങ്കരിക്കുന്നത്. ആർക്കിടെക്ട് ബിജു ടി.സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണു രൂപകൽപന നിർവഹിച്ചത്. കൂദാശയോടനുബന്ധിച്ചു ഭവനദാന പദ്ധതിയും നടക്കുമെന്ന് ഇടവക വികാരി ഫാ.വർഗീസ് പി.ഇടിച്ചാണ്ടി പറഞ്ഞു.
ചടങ്ങുകൾക്ക് തുടക്കം
മത്തിക്കരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ചടങ്ങുകൾ ആരംഭിച്ചു . ഇന്നലെ വൈകിട്ട് ആറിനു സന്ധ്യാ നമസ്കാരം, തുടർന്നു കൂദാശയുടെ ഒന്നാംഘട്ടത്തിനു കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിച്ചു.
ഇന്ന് (മെയ് 27) രാവിലെ 6.30നു കൂദാശയുടെ രണ്ടാംഘട്ട ചടങ്ങുകൾ ആരംഭിക്കും. ബാംഗ്ലൂർ ഭദ്രാസന ഗോസ്പൽ ടീമിന്റെ അനശ്വര സ്നേഹം സിഡി പ്രകാശനം, സുവനീർ പ്രകാശനം, പാരീഷ് ഡയറക്ടറി പ്രകാശനം എന്നിവയും ഇതിന്റെഭാഗമായി നടക്കും. കുർബാനയ്ക്കുശേഷം പൊതുസമ്മേളനം, ആശീർവാദം, സ്നേഹവിരുന്ന്, വൈകിട്ട് 5.30നു പാരീഷ്ഹാൾ, കുരിശടി കൂദാശ എന്നിവ നടക്കും. 28നു രാവിലെ ഏഴിനു പ്രഭാത പ്രാർഥന, കുർബാന, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കുമെന്നു സെക്രട്ടറി സി.യോഹന്നാൻ, ട്രഷറർ മാത്യു കെ.സാമുവൽ, കോഓർഡിനേറ്റർ എൽ.തങ്കച്ചൻ എന്നിവർ അറിയിച്ചു.
https://ovsonline.in/latest-news/mathikkre_church_consecration/