പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
പുണ്യവാളന്‍ എന്ന വിശേഷണം എല്ലാ ക്രിസ്ത്യന്‍ പരിശുദ്ധന്മാര്‍ക്കും അനുയോജ്യമാണ്. എന്നാല്‍ മലങ്കര നസ്രാണികള്‍ക്ക് പുണ്യാളച്ചന്‍ (പുണ്യവാളന്‍ + അച്ചന്‍) എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരൊറ്റ നാമം മാത്രമാണ് മനസ്സിലെത്തുക. അത് മാര്‍ ഗീവര്‍ഗീസ് സഹദാ മാത്രമാണ്.
മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ പടയാളി ക്രൈസ്തവ സഭയിലെ പരിശുദ്ധനായ ചരിത്രം പ്രസിദ്ധമാണ്. ബൈസന്റിയന്‍ രാജ്യങ്ങളില്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പരിശുദ്ധന്മാരുടെ നിരയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. റോമന്‍ കത്തോലിക്കാ സഭ ഇരുപതാം നൂറ്റാണ്ടില്‍ പരിശുദ്ധന്മാരുടെ പട്ടികയില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ സ്ഥാനം താഴേക്കിറക്കിയെങ്കിലും കേരളത്തിലെ റോമന്‍ കത്തോലിക്കരുടെ മനസ്സില്‍ അദ്ദേഹം മുന്‍നിരയില്‍ത്തന്നെയാണ്. ഇന്നും പ്രൊട്ടസ്റ്റന്റ് രാജ്യമായ ഇംഗ്ലണ്ടിന്‍റെ കാവല്‍പിതാവാണ് മാര്‍ ഗീവര്‍ഗീസ് സഹദാ. അവരുടെ നാണയമായ സ്വര്‍ണ പവനില്‍ ഇന്നും അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതിന് കുതിരപ്പവന്‍ എന്ന പേര് മലയാളികളുടെ ഇടയില്‍ ലഭിച്ചതു തന്നെ കുതിരപ്പുറത്തിരിക്കുന്ന സഹദായുടെ ചിത്രത്തില്‍ നിന്നാണ്.
മലങ്കരസഭയ്ക്ക് മാര്‍ ഗീവര്‍ഗീസ് സഹദായെപ്പറ്റിയുള്ള വിവരം ലഭിച്ചത് പേര്‍ഷ്യന്‍ സഭയില്‍ നിന്നാവണം. കാരണം അദ്ദേഹം അവര്‍ക്കും ഒരു പ്രധാന പരിശുദ്ധനാണ്. റോമന്‍ കത്തോലിക്കാ അധിനിവേശത്തിനു മുമ്പുതന്നെ മാര്‍ ഗീവര്‍ഗീസ് സഹദാ മലങ്കര നസ്രാണികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പോര്‍ട്ടുഗീസ് കാലഘട്ടത്തിനു മുമ്പുള്ള നസ്രാണികളുടെ പരിശുദ്ധത്രയം വി. ദൈവ മാതാവ്, മാര്‍ത്തോമ്മാ ശ്ലീഹാ, മാര്‍ ഗീവര്‍ഗീസ് സഹദാ എന്നിവരായിരുന്നു. ഇവര്‍ യഥാക്രമം മുത്തി, മുത്തപ്പന്‍, പുണ്യാളച്ചന്‍ എന്നീ പ്രാദേശിക നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീടുണ്ടായ റോമന്‍ കത്തോലിക്കാ, അന്ത്യോഖ്യന്‍ ബാന്ധവകാലത്തും ആ സഭകള്‍ക്കും അദ്ദേഹം പരിശുദ്ധനായിരുന്നതിനാല്‍ പുണ്യാളച്ചന്‍റെ നിലയ്ക്കു മാറ്റമൊന്നുമുണ്ടായില്ല.
എന്നാല്‍ പൗരസ്ത്യ സുറിയാനി സഭാ പഞ്ചാംഗപ്രകാരം മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മേടം 24-ലും മറ്റു സഭകള്‍ക്ക് മേടം 23-മായിരുന്നു എന്നത് ഒരു പ്രശ്‌നമായി. പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ പ്രശ്‌നം നിലനിന്നിരുന്നു. തല്‍ക്കാലം രണ്ടു ദിവസവും പെരുന്നാളായി ആഘോഷിച്ചാണ് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ നസ്രാണികള്‍ പ്രശ്‌നം പരിഹരിച്ചത്. 1876-നു ശേഷം പെരുന്നാള്‍ പാശ്ചാത്യ സുറിയാനി രീതിയില്‍ മേടം 23-നു മാത്രമായി.
മലയാളികളെല്ലാം പുണ്യാളച്ചനെ പാമ്പുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. പാമ്പുകളില്‍ നിന്നും ക്ഷുദ്രജീവികളില്‍ നിന്നുമുള്ള സംരക്ഷണം തേടിയാണ് പതിനായിരങ്ങള്‍ അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥതയിലെത്തുന്നത്. ഇത് തികച്ചും ഒരു മലയാളി സങ്കല്‍പ്പമാണ്. കാരണം ഐതിഹ്യങ്ങളിലെങ്ങും മാര്‍ ഗീവര്‍ഗീസ് സഹദായെ പാമ്പുമായി ബന്ധിപ്പിക്കുന്നില്ല. ലോകത്ത് മറ്റൊരിടത്തും അത്തരമൊരു വിശ്വാസവുമില്ല. എന്തിന് കേരളത്തിലുപയോഗിക്കുന്ന ചിത്രങ്ങളിലും രൂപങ്ങളിലുംപോലും ഐതിഹ്യപ്രകാരമുള്ള വ്യാളിയെയാണ് കാണുന്നത്. അവിടെയും പാമ്പില്ല.
മലയാളികളുടെ പൊതുവായ ഒരു പുരാതന സ്വഭാവമാണ് സര്‍പ്പഭയം. ധാരാളം വെള്ളക്കെട്ടുകളും വനപ്രദേശവുമടങ്ങിയ കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യവും അതുവഴിയുള്ള അപകടങ്ങളും വളരെ കൂടുതലായിരുന്നു. കേരളത്തില്‍ കുടിയേറിയ നമ്പൂതിരിമാര്‍ പോലും സര്‍പ്പഭയം മൂലം ആദ്യം പിന്‍മാറിയതായാണ് പാരമ്പര്യം. പിന്നീട് പരശുരാമനാണത്രെ സര്‍പ്പങ്ങളെ ഒഴിച്ച് അവരെ വീണ്ടും കുടിയിരുത്തിയത്.
പാമ്പുകളോടുള്ള മലയാളി സമീപനത്തിന് മതപരമായ ഒരു കാരണവുമുണ്ട്. ജൈനമതത്തില്‍ പാമ്പുകള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ബ്രാഹ്മണ മതം കേരളത്തിലെ ജൈന-ബുദ്ധ മതങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ ദൈവങ്ങളെ അസുരന്മാരും രാക്ഷസന്മാരുമാക്കി ഒതുക്കുകയും ചെയ്തതോടെ സര്‍പ്പങ്ങളും ഭീതിജനകമായ ഒരു വിഭാഗമായി മാറി. ഇത് മലയാളി മനസ്സില്‍ സ്ഥായിയായ ഒരു സര്‍പ്പഭയത്തിനു രൂപം നല്‍കി. ചാതുര്‍വണ്യ വ്യവസ്ഥയുടെ ഭാഗമായി നമ്പൂതിരിമാരോടൊട്ടി നിന്ന നസ്രാണികള്‍ ഈ ഭയത്തില്‍ നിന്നും വിമുക്തരല്ലായിരുന്നു.
നമ്പൂതിരിമതം സര്‍പ്പകാവുകളും സര്‍പ്പക്ഷേത്രങ്ങളുമുണ്ടാക്കി സര്‍പ്പങ്ങളെ കുടിയിരുത്തി ആരാധിച്ചാണ് സര്‍പ്പഭയത്തില്‍ നിന്നും സര്‍പ്പദോഷത്തില്‍ നിന്നും രക്ഷ നേടിയത്. നസ്രാണിക്ക് അങ്ങനെയൊരാരാധന മതപരമായി സാദ്ധ്യമായിരുന്നില്ല. അവര്‍ നേരെ മറുവശത്തേക്കു പോയി സര്‍പ്പത്തെ ഒതുക്കാന്‍ പറ്റിയ ഒരു പരിശുദ്ധനെ കണ്ടെത്തി. സര്‍പ്പങ്ങളില്‍ കെങ്കേമനായ വ്യാളിയെ വധിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ അങ്ങനെ ക്രൈസ്തവ തത്വങ്ങള്‍ക്ക് അനുസൃതമായിത്തന്നെ നസ്രാണിയുടെ സര്‍പ്പഭയം അകറ്റാനുള്ള മാര്‍ഗ്ഗമായി.
പുണ്യാളച്ചനുമായി ബന്ധപ്പെട്ട അടുത്ത മലയാളി സങ്കല്‍പ്പം കോഴിയാണ്. ഇതിനും സര്‍പ്പാരാധനയുമായി ബന്ധമുണ്ട്. സര്‍പ്പപ്രീതിക്ക് സര്‍പ്പങ്ങള്‍ക്ക് കേരളത്തില്‍ നല്‍കുന്ന നേര്‍ച്ചയിലുള്‍പ്പെട്ടതാണ് കോഴിയും കോഴിമുട്ടയും. ഉദാഹരണത്തിന് കണ്ണൂര്‍ ജില്ലയിലെ പിരളശ്ശേരി ക്ഷേത്രത്തില്‍ സര്‍പ്പ പ്രീതിക്കുള്ള പ്രധാന വഴിപാട് കോഴിമുട്ടയാണ്. സര്‍പ്പത്തിനു മുട്ട ഒപ്പിക്കുക എന്നാണ് ഈ വഴിപാടിന്‍റെ പേരുതന്നെ. നസ്രാണി അത് അവരുടെ സര്‍പ്പനാശകനു കാണിക്കയായി നല്‍കി. അതാണ് പുണ്യാളച്ചന്‍റെ പള്ളികളില്‍ ധാരാളം കോഴിയും മുട്ടയും നേര്‍ച്ചയായിയെത്താനുള്ള കാരണം. പെരുന്നാള്‍ സദ്യകള്‍ സര്‍വസാധാരണമായിരുന്ന കാലത്ത് അങ്ങനെ ലഭിക്കുന്ന കോഴികളെ പാകം ചെയ്ത് വെള്ളയപ്പത്തോടൊപ്പം നേര്‍ച്ചയായി നല്‍കിയത് സ്വാഭാവികവും. പുതുപ്പള്ളി പള്ളിയില്‍ കോഴിയെ പള്ളിക്കാര്യത്തില്‍ നിന്നും പാകം ചെയ്ത് വെള്ളയപ്പത്തോടൊപ്പം നേര്‍ച്ചയായി നല്‍കുമ്പോള്‍, ഇടപ്പള്ളി പള്ളിയില്‍ ഭക്തജനങ്ങള്‍ പള്ളിപ്പരിസരത്ത് കോഴിയെ സ്വയം പാകം ചെയ്ത് കഴിക്കുകയാണ്.
സമീപകാലത്ത് ചിലര്‍ കോഴി നേര്‍ച്ചയ്‌ക്കെതിരെ വേദവിപരീതം, സഭാവിരുദ്ധം, ഹൈന്ദവം മുതലായ പദപ്രയോഗങ്ങളോടെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. മലങ്കരസഭയില്‍ പുതുതായി അവതരിപ്പിച്ച, തികച്ചും പാശ്ചാത്യമായ, ഇടവകദിനത്തിന് കോഴിയിറച്ചിയും കോഴി ബിരിയാണിയും വെട്ടിവിഴുങ്ങുന്ന ഏതാനും സായിപ്പു നോക്കികള്‍ അതേറ്റുപാടി. അതോടുകൂടി മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളാഘോഷിക്കുന്ന ചെറിയ പള്ളികളില്‍പ്പോലും വെള്ളയപ്പത്തോടൊപ്പം കോഴിയിറച്ചി കൂടി നേര്‍ച്ചയായി നല്‍കാന്‍ തുടങ്ങി എന്നത് ഈ ഹാലിളക്കത്തിന്റെ ഗുണവശം. അപ്പോഴും വിശ്വാസികള്‍ പറഞ്ഞു പുണ്യാളച്ചനോട് കളിക്കരുത്.
കോഴിയിറച്ചി നേര്‍ച്ച നല്‍കിയതുകൊണ്ടും രണ്ടു വെടി വെച്ചതുകൊണ്ടും പുണ്യാളച്ചനോ സ്തുതിചൊവ്വാകപ്പെട്ട ഓര്‍ത്തഡോക്‌സ് വിശ്വാസത്തിനോ യാതൊരു കോട്ടവും സംഭവിക്കാനില്ല. മറിച്ച് പ്രാദേശിക പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്നാല്‍ നസ്രാണി സമൂഹം അന്യവല്ക്കരിക്കപ്പെടുകയും സഭയുടെ ഓര്‍ത്തഡോക്‌സി നഷ്ടപ്പെടുകയും ചെയ്യും.
ഡോ. എം. കുര്യൻ തോമസ്
https://ovsonline.in/latest-news/valiya-sahada-st-george/